തര്‍ജ്ജനി

ക്ഷീരപഥങ്ങള്‍ തേടിപ്പോയ ഒരു സഞ്ചാരി

മുഹമ്മദലി മരിച്ചിട്ടു് മൂന്നു വര്‍ഷമായി. അടിയന്തരാവസ്ഥയിലെ മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ ശരീരത്തിലും മനസ്സിലും പേറി, അമ്പതു വയസ്സിനിടെ ആരുമറിയാത്ത വഴികളിലൂടെ അദ്ദേഹം ഏറെ ദൂരങ്ങള്‍ നടന്നു. ഉരുട്ടേറ്റു് തകര്‍ന്ന തുടകള്‍ ; ഷോക്കേറ്റു തകര്‍ന്ന തലച്ചോറു്‌. പൊടുന്നനവെ ഒരു വൈകുന്നേരം മുഹമ്മദലി വന്നെത്തുമ്പോള്‍ മറക്കാനാഗ്രഹിച്ചവയൊക്കെ മഴയായി പെയ്യാന്‍ തുടങ്ങും. നിശ്ശബ്ദനായി കിടന്നുറങ്ങി, അലങ്കോലപ്പെട്ടു് രാവിലെ പടിയിറങ്ങി പോകും. അപൂര്‍വ്വമായി സംസാരിക്കാന്‍ തുടങ്ങും, രാത്രി മുഴുവന്‍ . അഗ്നി പടര്‍ത്താന്‍ തേടിപ്പോയ ഗ്രാമാന്തരങ്ങള്‍ , വാത്മീകം പണിത ജയിലഴികളുടെ കാരുണ്യം, സ്മൃതിയില്‍ പച്ചപ്പു് തേടി മടങ്ങിയെത്തുന്ന സഖാക്കള്‍ . നക്സലിസത്തിന്റെ ജ്വാലകളുമായി ആ പഴയ മുഹമ്മദലി മുന്നിലിരിക്കുന്നതായി തോന്നും. തത്ത്വചിന്തയുടെയും യുക്തിവിചാരത്തിന്റെയും തീക്ഷ്ണതകള്‍ , പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും അജ്ഞേയതകള്‍ തേടിയുള്ള അലച്ചില്‍ ... അകംലോകത്തിന്റെ ഇരുളും നിഴലും കൂട്ടുകാര്‍ക്കുമുമ്പില്‍ അദ്ദേഹം നിലാവു പോലെ തുറന്നു.

സുഹൃത്തുക്കള്‍ക്കെന്നും നിരാശയായിരുന്നു. അനേകം ലോകങ്ങള്‍ കീഴടക്കാന്‍ പിറന്ന പ്രതിഭാധനനായ വിദ്യാര്‍ത്ഥി എന്നു കരുതിയ ഗുരുക്കന്‍മാര്‍ക്കും നിരാശയായിരുന്നു. ആത്മാവു് വിങ്ങുമ്പോഴും പൊട്ടിച്ചിരികള്‍ വിതറിയവന്‍ , സംഭാഷണങ്ങളില്‍ വര്‍ണ്ണമഴ പെയ്യിച്ചവന്‍ , ആര്‍ദ്രതീരങ്ങള്‍ തേടിയലഞ്ഞവന്‍ ‍, മാര്‍ക്സിനെയും നീഷെയെയും നെഞ്ചിലേറ്റി താലോലിച്ചവന്‍ , ദൈവത്തേയും ചെകുത്താനേയും തള്ളിപ്പറഞ്ഞവന്‍ , സ്തുതിച്ചവന്‍ - എന്തെങ്കിലുമൊക്കെയൊന്നു് പേനയെടുത്തു് കോറിയിരുന്നെങ്കില്‍ എന്നു് സുഹൃത്തുക്കള്‍ വിഫലമായി ആശിച്ചു. ജീവിതങ്ങള്‍ ഒടുങ്ങാറാകുന്നു എന്നു് ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഹമ്മദലി പറയും: "തലച്ചോറില്‍ അനേകം മരണങ്ങള്‍ സംഭവിച്ച എനിക്കു് ഇനിയൊരു മരണമില്ല". അദ്ദേഹം ആകെ അവശേഷിപ്പിച്ചു പോയതു് രണ്ടു കവിതകള്‍ മാത്രം. അടിയന്തരാവസ്ഥക്കാലത്തു് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയവ - 'നഗരങ്ങള്‍ ‍', 'യുദ്ധാനന്തര തലമുറക്കാരോടു് ‌'.

ജോലിക്കായി ജില്ല വിട്ടു് പുറത്തേക്കു് യാത്രയായപ്പോഴും കൊടുങ്ങല്ലൂരില്‍ എറിയാടിലെ കൊച്ചു സുഹൃദ് വലയത്തിനുള്ളിലേക്കു് മുഹമ്മദലി എപ്പോഴും മടങ്ങിയെത്തി. ഇന്ത്യ മുഴുവന്‍ കാല്‍നടയായി പോകണമെന്ന ആഗ്രഹം പല പ്രാവശ്യം ഉപേക്ഷിച്ചപ്പോഴൊക്കെ ഹൈദിഗറെ ഉദ്ധരിക്കുമായിരുന്നു: "എന്റെ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചു് ഞാന്‍ ലോകത്തെ കണ്ടെടുക്കും".
അടിയന്തരാവസ്ഥാപ്രഖ്യാപനത്തിനും ഒരു വര്‍ഷംമുമ്പേ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഒളിവില്‍ പോയപ്പോള്‍ മാത്രമായിരിക്കണം മുഹമ്മദലി ലോകം കണ്ടതു്‌. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടവുകളെയും തന്ത്രങ്ങളെയും കുറിച്ചു് വാചാലനാകുമ്പോഴും ജീവിതത്തിലൊരു നിമിഷംപോലും തന്ത്രജ്ഞനാകാന്‍ അദ്ദേഹത്തിനായില്ല. വട്ടംകൂടിനിന്നു് പോലീസുകാര്‍ മര്‍ദ്ദിക്കുമ്പോഴും സഖാക്കളെ വഞ്ചിക്കില്ലെന്നു പറഞ്ഞു് ഇങ്ക്വിലാബ്‌ വിളിച്ച വിഡ്ഢി. ശക്തന്‍തമ്പുരാന്റെ ഊട്ടുപുരയില്‍ കെട്ടിയിട്ടു് മര്‍ദ്ദിച്ചതു് പോരെന്നു് വന്നപ്പോള്‍ ഇടപ്പള്ളിയില്‍ ജയറാം പടിക്കലിന്റെ മുമ്പില്‍ കൊണ്ടുപോയി ഉരുട്ടു് തുടര്‍ന്നു. നൂറിലേറെ ദിനരാത്രങ്ങള്‍ നുറുങ്ങിപ്പോയ ലോക്കപ്പ്‌ ജീവിതം. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു് മറ്റു സഖാക്കള്‍ സ്വതന്ത്രരായപ്പോഴും കള്ളക്കേസില്‍ കുടുങ്ങി മുഹമ്മദലി കുറച്ചുകാലം കൂടി ജയിലില്‍ തങ്ങി. ഞളുങ്ങിയ തുടകളുമായി പുറത്തിറങ്ങുമ്പോഴേയ്ക്കും മുഹമ്മദലിയുടെ ലോകങ്ങള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു. 'ചുവന്ന നഗരം' പുതുക്കിപ്പണിയണമെന്ന പ്രത്യാശ അകലെ ഒരു മറവിയായി ചുരുങ്ങി.

പൊടി നിറഞ്ഞ, ചിലന്തികളെമ്പാടും വലനെയ്ത, കരിനാഗങ്ങള്‍ തിമിര്‍ത്ത അകത്തളങ്ങളില്‍ അശരീരികള്‍ക്കായി അദ്ദേഹം കാതോര്‍ത്തു. തീക്ഷ്ണങ്ങളായ യുക്തിശീലങ്ങള്‍ ഷോക്കേറ്റ്‌ തളര്‍ന്നു. പ്രളയങ്ങളുടെ കാലങ്ങളില്‍ തട്ടിന്‍പുറത്തു കയറി ആര്യവേപ്പില തിന്നു് ധ്യാനിച്ചു. കൂര്‍മ്മാവതാരമായി ഇറങ്ങി വന്നു് കുളത്തില്‍ ഊളിയിട്ടു. മനുഷ്യവംശം നിലനിര്‍ത്താനായി പാടത്തെ ചെളി തിന്നു. വിഭ്രമങ്ങളടങ്ങുമ്പോള്‍ ഏകനായി മാവോയുടെയും ലോര്‍ക്കയുടെയും കവിതകള്‍ രാത്രി മുഴുക്കെ പാടി. പിറന്ന നാള്‍ മുതലേ അശാന്തമായ മനസ്സു് സ്വാസ്ഥ്യം എന്തെന്നറിഞ്ഞതു് നിലാവു് നിഴല്‍ വീഴ്ത്തിയ കുളത്തില്‍ ജലസമാധിയായപ്പോള്‍ മാത്രമായിരുന്നിരിക്കണം. ഖബറടക്കിയതിനുശേഷം ചേര്‍ന്ന ചരമയോഗത്തില്‍ കെ. എ. മോഹന്‍ദാസ്‌ പറഞ്ഞു: "അനേകം കമ്പനങ്ങളേറ്റു വാങ്ങിയ വലിഞ്ഞു മുറുകിയ ലോഹച്ചരടായിരുന്നു മുഹമ്മദലി".

മാര്‍ക്സിസം പഠിച്ചും പറഞ്ഞും നടന്ന നാളുകളിലെ മുഹമ്മദലിയെ ഒരു തീക്കനല്‍പോലെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. തര്‍ക്കങ്ങളുടെയും ശാഠ്യങ്ങളുടെയും വെളിപാടുകളുടെയും അക്കാലത്തു് ഒരു തുണ്ടു് അറിവുപോലും കോസ്മിക്‌ റിയാലിറ്റിയുമായി ബന്ധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉത്സാഹങ്ങള്‍ . ദൈവവും ആത്മാവും 'ഞാനും' മാര്‍ക്സിസത്തിന്റെ പ്രധാന അന്വേഷണവിഷയങ്ങളാകണമെന്ന വാദങ്ങള്‍ സഖാക്കളില്‍ പലരെയും ഭയപ്പെടുത്തി. ക്ഷീരപഥത്തില്‍ കണ്ണുംനട്ടു് ചേരമാന്‍ മൈതാനത്തു് ഉറങ്ങാതെ കിടന്ന എത്ര രാത്രികള്‍ ‍. പ്രപഞ്ചത്തിന്റെ ഒടുങ്ങാത്ത ഉല്‍പത്തിവിശേഷങ്ങള്‍ , സ്ഥലകാലങ്ങള്‍ക്കും മുമ്പേ പിറവിപൂണ്ട ചരിത്രത്തിന്റെ അനാഥത്വം, പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തിരുന്നു് തേങ്ങിക്കരഞ്ഞ നക്ഷത്രം... മുഹമ്മദലി കൂട്ടുകാര്‍ക്കായി പല ലോകങ്ങളും തുറന്നിട്ടു. തീയും പൂക്കളും വിതറി, വര്‍ഷങ്ങള്‍ക്കു ശേഷം ശൂന്യതയും ഇരുട്ടും പൊതിഞ്ഞ നാളുകളില്‍ അന്തിമയങ്ങി ആദ്യനക്ഷത്രം ഉദിക്കുന്നതു കാണുമ്പോള്‍ മുഹമ്മദലി പറയുമായിരുന്നു: 'പരിഹാസികള്‍ ഉണരുകയായി".

(എ.കെ. മുഹമ്മദലി. 1950 ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. 1973 ല്‍ നക്സലൈറ്റ് പ്രസ്ഥാനം സംഘടിപ്പിക്കാനായി ഒളിവില്‍ . 1975 ല്‍ അടിയന്തരാവസ്ഥയില്‍ പിടിക്കപ്പെട്ടു. നൂറിലേറെ ദിവസങ്ങള്‍ ലോക്കപ്പില്‍ . ഭീകര മര്‍ദ്ദനം. അടിയന്തരാവസ്ഥ തീര്‍ന്നിട്ടും കുറേനാള്‍ വിയ്യൂര്‍ ജയിലില്‍ . 2002 ജനുവരി 21 നു് അര്‍ദ്ധരാത്രിയില്‍ വീടിന്നടുത്തെ കുളത്തില്‍ വീണു് മരിച്ചു.
ഈയിടെ മുഹമ്മദലിയുടെ എണ്ണമറ്റ സുഹൃത്തുക്കളും നാട്ടുകാരും ഒത്തുചേര്‍ന്നു് അദ്ദേഹത്തിന്റെ സ്മരണ പുതുക്കി.)

കെ. എച്ച്‌. ഹുസൈന്‍, hussain@kfri.org