തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ബന്ദി

ജീവിച്ചിരിപ്പിന്റെ അത്യാഹിതങ്ങള്‍!
നോക്കൂ,
റോഡിന്നതിരുകളില്‍
ഏതോ പേടികള്‍ പതിച്ചുവച്ചിരിക്കുന്നു.
വീടിന്റെ ഭിത്തികളാകട്ടെ
ഏതോ ബന്ധനമായി പന്തലിക്കുന്നു
തൊഴിലിടങ്ങളിലുള്ളത്
പണ്ടേയുള്ള തടവുകള്‍ തന്നെ
ചാരക്കണ്ണുകള്‍
എപ്പോഴും കൂടെയിരിക്കുന്നു.
നദികളന്യം,
കടലന്യം,
പൂഴിമണലന്യം.
പാട്ടുകള്‍
തൊണ്ടയില്‍ വെച്ചേ ചാകുന്നു.
ഉടലില്‍ കുടുങ്ങിക്കിടപ്പാണ്
നൃത്തച്ചുവടുകള്‍.
ഉറക്കെക്കരയാനു-
മെന്തിനോ വിലക്കം.
ചിരിക്കുമ്പോഴൊക്കെ
ഒരു വളിപ്പ്.
കുളിമുറിയിലുമില്ല
നഗ്നതയ്ക്കിടം
നിലാവില്‍
ഇറങ്ങി അലയാന്‍ വയ്യ.
മഴയില്‍
നനഞ്ഞു കുതിരാന്‍ വയ്യ.
ഇരുട്ടില്‍ മുങ്ങിമുങ്ങി
അദൃശ്യത നുകരാന്‍ വയ്യ.
ഈ ദേഹത്തെ
കാറ്റിലേയ്ക്കൊന്നെറിയാന്‍ വയ്യ
മുറിയില്‍ കറങ്ങും
ഭയത്തില്‍ നിന്നിറങ്ങാനും വയ്യ.
ഉറക്കം ഞെട്ടും പ്രാണനില്‍
നിന്നെങ്ങും പോകാനുമില്ല.

Subscribe Tharjani |