തര്‍ജ്ജനി

മുഖമൊഴി

മരുന്നുപരീക്ഷണത്തിന്റെ‌ രാഷ്ട്രീയം

ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലെ ജനകീയആരോഗ്യപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും നിരന്തരം പൊതുസമൂഹത്തിനുമുന്നില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വിഷയമാണ് ആരോഗ്യരംഗത്തെ അധാര്‍മ്മികമായ മരുന്നുപരീക്ഷണങ്ങളും അനധികൃതഗവേഷണങ്ങളും. വൈകിയാണെങ്കിലും ഇന്ത്യയിലെ പരമോന്നതനീതിപീഠം നടത്തിയ പരാമര്‍ശവും കഴി‍ഞ്ഞ പാര്‍ലമെന്റിലെ ആരോഗ്യ-കുടുംബക്ഷേമസ്റ്റാന്റിങ് കമ്മിറ്റി സഭയില്‍വച്ച അന്വേഷണറിപ്പോര്‍ട്ടും പുതിയചില ചലനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സേവനത്തിന്റെയും ശാസ്ത്രത്തിന്റെയും പേരില്‍ ആതുരസേവനമേഖലയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലേക്ക് പരിമിതമായെങ്കിലും വെളിച്ചം വീശുന്നതാണിത്. കേരളത്തില്‍പ്പോലും 80ഓളം സ്ഥാപനങ്ങളില്‍ വിവിധ മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡോ.രാജശേഖരന്‍പിള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹികവും സാംസ്കാരികവുമായി ഏറെ മുന്നിലെന്നു മിഥ്യാഭിമാനം കൊള്ളുന്ന മലയാളിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നുണ്ട് ഈ റിപ്പോര്‍ട്ട്.

സമൂഹമെന്ന നിലയില്‍ കേരളം എത്രമാത്രം അരാഷ്ട്രിയവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും നിഷ്ക്രിയമാക്കപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവായിവേണം തുടര്‍ന്നുനടക്കേണ്ടിയിരുന്ന ചര്‍ച്ചകളും ഭരണകൂടഇടപെടലും പൊതുജനജാഗ്രതയും ഇല്ലാതായതിനെ കാണാന്‍. മാദ്ധ്യമങ്ങളും വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. ഇത് കേവലം കമ്പോളതാത്പര്യത്തിനും അപ്പുറം ഇത്തരം നൈതികവിഷയങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയെകുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ സ്ഥാപനവത്കരിക്കപ്പെട്ട അജ്ഞതകൂടിയാണ്.

മനുഷ്യസമൂഹത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ ചുറ്റുപാടുകള്‍ നിരന്തരം മാറികൊണ്ടിരിക്കുന്നതുപോലെതന്നെ അവനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളും നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പുതിയ പുതിയ രോഗങ്ങള്‍ അവന്റെതന്നെ തെറ്റായ ജീവിതശൈലിയുടെയും വികസനസങ്കല്പത്തിന്റെയും ഉല്പന്നങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് ശരിയായ ദിശയിലുള്ള അന്വേഷണങ്ങളും തിരുത്തലുകളും നടത്തുന്നതിനു പകരം മറ്റു ശാസ്ത്രങ്ങളെപ്പോലെതന്നെ ആരോഗ്യശാസ്ത്രത്തിനെയും കമ്പോളസമവാക്യത്തിന് അനുകൂലമായിപരുവപ്പെടുത്തി മറ്റെല്ലാ നീതിബോധങ്ങളെയും കരിച്ചുകളയുന്നു. മനുഷ്യനെന്ന ജീവിവര്‍ഗ്ഗത്തിന്റെ ജീവിത-സാമൂഹികപരിസരങ്ങള്‍ അനുദിനം സങ്കീര്‍ണമാകുന്നതിനാല്‍ ആരോഗ്യരംഗത്ത് പുതിയ പുതിയ അന്വേഷണങ്ങളും ഗവേഷണങ്ങളും അത്യന്താപേക്ഷിതമാണ്. ലോകത്താകമാനമുള്ള മനുഷ്യര്‍ക്കിടയില്‍ അസമത്വങ്ങള്‍ കൂടിവരികയും ഒരു ചെറുവിഭാഗത്തിന്റെ കൈയ്യില്‍ അറിവും സമ്പത്തും അധികാരവും കുമിഞ്ഞുകൂടുകയും ബഹുഭൂരിപക്ഷംവരുന്ന ദരിദ്രരും അജ്ഞരുമായ സാധരണക്കാര്‍ ആദ്യവിഭാഗത്തിന്റെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കും കച്ചവടതാത്പര്യങ്ങള്‍ക്കും ഇരകളാക്കപ്പെടുകയുംചെയ്യുന്നു. ആരോഗ്യമേഖലയില്‍ ഇത്തരം ചൂഷണങ്ങളുടെ സാദ്ധ്യതയും നിരക്കും വളരെ കൂടുതലാണ്. കാലങ്ങളായി പലരാജ്യങ്ങളിലും വിവിധ സമൂഹങ്ങള്‍ക്കിടയിലും നിലനിന്നിരുന്ന നാട്ടറിവുകളും ചികിത്സാരീതികളും തള്ളികളഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു വൈദ്യശാസ്ത്രം ആധുനികമെന്ന നിലയില്‍ സ്വയം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. കമ്പോളത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും പൂരകമായ ഗവേഷണങ്ങളും സമ്പ്രദായങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടിയാണ് വൈദ്യശാസ്ത്രത്തിന്റെ നാളിതുവരെയുള്ള വികാസചരിത്രം. രോഗകാരണത്തെ രോഗാണുവിലേക്കും രോഗപ്രതിരോധശേഷിയിലേക്കും ചുരുക്കി ഔഷധഗവേഷണവും നിര്‍മ്മാണവും ഒരുവലിയ വ്യവസായശൃംഖലയാക്കി ലോകംമുഴുവന്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് മൂന്നാം ലോകരാജ്യങ്ങളിലെ 'വിലകുറഞ്ഞജീവിതങ്ങളെ'ക്കൂടി കണ്ടുകൊണ്ടാണ്.

ഒരു രാജ്യത്തെ ഭരണകൂടം, സ്വന്തം പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങളില്‍നിന്നു പിന്മാറുകയും ആഗോളകുത്തകകളുടെ നഖങ്ങളിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണ് സുപ്രീംകോടതി പരാമര്‍ശത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ നടത്തിയ അപകടകരമായ മരുന്നുപരീക്ഷണവും ആന്ധ്രയിലേയും ഗുജറാത്തിലേയും ആദിവാസികുട്ടികളി‍ല്‍ നടത്തിയ ക്യാന്‍സര്‍ പ്രതിരോധമരുന്നുപരീക്ഷണവും തുടര്‍ന്നുണ്ടായ മരണങ്ങളും ആരെയും ആശങ്കകുലരാക്കുന്നില്ല. പെന്റാവാലന്റ്, റൂബെല്ല തുടങ്ങി തീര്‍ത്തും സുരക്ഷിതമല്ലാത്ത പുതുതലമുറ വാക്സിനുകള്‍ പൊതുപ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും അതിനുവേണ്ടി മരുന്നുകമ്പനികളും അന്താരാഷ്ട്ര ഏജന്‍സികളും പ്രയോഗിച്ച സമ്മര്‍ദ്ദങ്ങള്‍, ഇരകളാക്കപ്പെട്ട കുട്ടികള്‍ ഇവയൊക്കെ തന്നെ ഈ മേഖലയിലെ ഗുരുതരമായ മനുഷ്യാവകാശ-നൈതികപ്രശ്നങ്ങളുടെ ചൂണ്ടുപലകകൂടിയാണ്.

ലോകരാജ്യങ്ങളിലെ മിക്ക മാദ്ധ്യമങ്ങളിലും ഇത് പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുകയും കൂടുതല്‍ ജാഗ്രതയോടെ ഇതിനെ സമീപിക്കാന്‍ പൊതുസമൂഹത്തോട് ആവശ്യപ്പെടുകയുമുണ്ടായി എന്നാല്‍ ഇത് നമ്മളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന രീതിയില്‍ ആയിരുന്നു കേരളീയപൊതുസമൂഹവും മാദ്ധ്യമങ്ങളും പ്രതികരിച്ചത്. ചൂഷണവും ലാഭവും മാത്രം ആദര്‍ശമാക്കിയ ആഗോള മുതലാളിത്തവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ലാഭവും മൂലധനചലനവും സാദ്ധ്യമായ മേഖലയാണ് ഔഷധനിര്‍മാണ-ഗവേഷണരംഗം. അതുകൊണ്ടുതന്നെ ആതുരസേവനരംഗത്തെ പരീക്ഷണങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതില്‍ കമ്പോളതാത്പര്യങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു. പുതിയ പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും വൈദ്യശാസ്ത്രരംഗത്തെ അമിതനിഗൂഢവത്കരണവും ജീവിതശൈലിമാറ്റങ്ങളും ഗവേ‍ഷണങ്ങളെ വഴിതെറ്റിച്ചതില്‍ പങ്കുവഹിച്ചിരിക്കുന്നു.

ജര്‍മ്മനിയില്‍ ഹിറ്റ് ലറിന്റെ ഭരണകാലത്ത് പിടിക്കപ്പെട്ട യുദ്ധത്തടവുകാരില്‍ വ്യാപകമായി മരുന്നുകള്‍ കുത്തിവക്കുകയും രോഗാണുക്കളെ കടത്തിവിടുകയുമൊക്കെ ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥിക്യാമ്പുകള്‍, ആദിവാസികള്‍, ദളിതര്‍,അനാഥാലയങ്ങളിലെയും മറ്റും അശരണര്‍ തുടങ്ങിയവരില്‍ നടത്തിയിട്ടുള്ള പരീക്ഷണ മരുന്നു‌‌/പ്രതിരോധമരുന്നു പ്രയോഗങ്ങള്‍ പലപ്പോഴും ലോകസമൂഹത്തില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

ആധുനികയുഗത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അതീവഗുരുതരമായ പലരോഗങ്ങളുടെയും യഥാര്‍ത്ഥകാരണങ്ങളുടെ അന്വേഷണം എത്തിനില്ക്കുക ഇത്തരത്തിലുള്ള അശാസ്ത്രിയവും അലക്ഷ്യവുമായ മരുന്നുപ്രയോഗത്തിലാണെന്ന് കാണാം. ദക്ഷിണാഫ്രിക്കയിലെ ഹരിത വാനരന്മാരില്‍ മാത്രം കണ്ടിരുന്ന വൈറസുകള്‍ മനുഷ്യരില്‍ പ്രവേശിച്ചു എയ്‍ഡ്സ് എന്ന മഹാവിപത്തായി മാറുന്നത് ആവശ്യമായ സുരക്ഷകളില്ലാതെ നടത്തിയ ഹെപ്പറ്ററ്റീസ്-ബി പ്രതിരോധമരുന്നു പരീക്ഷണത്തിലൂടെയാണ്. മാന്‍ഹട്ടന്‍ എന്ന സ്ഥലത്ത് സ്വവര്‍ഗരതിക്കാരായ പത്ത് ചെറുപ്പക്കാരാണ് വൈദ്യശാസ്ത്രലോകത്ത് അതുവരെ പരിചയമില്ലാതിരുന്ന ഒരു പുതിയ വൈറസ് രോഗം മൂലം മരിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ പത്തു പേരും ഹെപ്പറ്റൈറ്റിസ് -ബി വാക്സിന്റെ പരീക്ഷണപ്രയോഗത്തിനു സ്വമേധയ തയ്യാറായി വന്നവരാണെന്ന വിവരം ബോധപൂര്‍വ്വം മറച്ചുവയ്കകയും എയ്‍ഡ്‍സിന്റെ കാരണം ലൈംഗികഅച്ചടക്കമില്ലായ്മയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എ‍ഡ്‍വേഡ്‍ ഹൂപ്പര്‍ അദ്ദേഹത്തിന്റെ ദി റിവര്‍ എന്ന പുസ്തകത്തില്‍ തെളിവുകള്‍ നിരത്തുന്നു. എയ്‍ഡ്‍സിനു പുതിയ കാരണം ചാര്‍ത്തിക്കൊടുക്കുകവഴി തുറന്നെടുത്തത് വലിയൊരു കമ്പോളസാദ്ധ്യതയാണ്. മരുന്നു, പ്രതിരോധമരുന്നു, സുരക്ഷിത സെക്സിന് ആവശ്യമായ അനുബന്ധവസ്തുക്കള്‍, ഗവേഷണങ്ങള്‍, വിവരശേഖരണം, ബോധവത്കരണം - അങ്ങനെ നീളുന്നു കോടികള്‍ മറിയുന്ന സാദ്ധ്യതകള്‍. 'മാന്‍ഹട്ടന്‍ ട്രയല്‍' എന്നപേരില്‍ കുപ്രസിദ്ധമായ സംഭവം മെഡിക്കല്‍ചരിത്രത്തില്‍ ഒരു ഒറ്റപ്പെട്ട കൈപ്പിഴയല്ല. ബോധപൂര്‍വമായ മനുഷ്യാവകാശലംഘനങ്ങളുടെയും ഇരകളാക്കപ്പെടലിന്റെയും നിരയിലൊന്നു മാത്രം. ഇതിനെതിരെ ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടുകൂടി അന്താരാഷ്ട്രസംഘടനകള്‍ ഈ മേഖലയില്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും രൂപീകരിച്ചു. മരുന്നുപരീക്ഷണത്തില്‍ പങ്കാളികളാകുന്നവരുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ്‍ വരുത്തേണ്ടത് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്.

കേരളത്തില്‍ സാമൂഹികസേവനത്തിന്റെ മറവില്‍ ആള്‍ദൈവങ്ങളടക്കം നടത്തുന്ന സൂപ്പര്‍സ്പെഷ്യലിറ്റി ആശുപത്രികളിലെ വ്യാപകമായ മരുന്നുപരീക്ഷണത്തെക്കുറിച്ച്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും, ഇത്തരം അധാര്‍മ്മികത പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് നയങ്ങളേയും താത്പര്യങ്ങളെയും മറ്റ് കാരണങ്ങളെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. മനുഷ്യരില്‍ നടത്തപ്പെടുന്ന മരുന്നുപരിക്ഷണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് വൈദ്യശാസ്ത്രത്തിനു അല്പംപോലും മുന്നോട്ടുപോകാന്‍ കഴിയില്ല. മരുന്നുപരീക്ഷണരീതിശാസ്ത്രം നട‍‍പ്പിലാക്കുമ്പോള്‍ പാലിക്കപ്പെടേണ്ട വ്യവസ്ഥകളും നിയമങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ശക്തമായ നിയമനിര്‍മ്മാണം ഇന്ത്യടക്കമുള്ള പല വികസ്വര-അവികസിതരാജ്യങ്ങളിലും നടപ്പിലാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നത് നിരീക്ഷിക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്‍ജ്ജവവും ആദര്‍ശധീരതയുമുള്ള ഭരണസംവിധാനങ്ങളുടെ അഭാവവും ഇത്തരത്തിലുള്ള അധാര്‍മികപ്രവണതയെ പോഷിപ്പിക്കുന്നു.

1947ല്‍ പുറത്തിറങ്ങിയ നൂറംബെര്‍ഗ് രേഖയാണ് ഈമേഖലയിലെ ആദ്യത്തെ അന്താരാഷ്ട്രമാര്‍ഗ്ഗനിര്‍ദ്ദേശം. 1965 ല്‍ ഹെല്‍സിങ്കി സമ്മേളനം നിര്‍ദ്ദേശങ്ങളും മാനദ്ദണ്ഡങ്ങളും കൂടുതല്‍ ശക്തമാക്കി. ഇന്ത്യയില്‍ WHO-യുടെ മരുന്നുപരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. നിലവിലുള്ള നിയമങ്ങളെ നീതിയുക്തമായി നടപ്പിലാക്കാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും കഴിയാത്ത അവസ്ഥയില്‍ കൂടുതല്‍ ശക്തമായ നിയമങ്ങളെക്കുറിച്ചുമാത്രം ചര്‍ച്ചചെയ്യപ്പെടുന്നത് പരിഹാസ്യമാണ്.

ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് വിധേയത്വം എതിര്‍ക്കപ്പെടേണ്ടതുണ്ട്. ആരോഗ്യ വിദ്യാഭ്യാസരംഗം ഒരു സവിശേഷവിജ്ഞാനശാഖയെന്ന നിലയില്‍ സൂക്ഷിക്കുന്ന സുതാര്യതയില്ലായ്മ, മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥി മുതല്‍ വകുപ്പ് ‍ഡയറക്ടര്‍വരെ സൂക്ഷിക്കുന്ന മേധാവിത്ത മനോഭാവം, പൊതുജനങ്ങളില്‍നിന്നുള്ള അകലം, സാമൂഹിക-രാഷ്ട്രീയവിഷയങ്ങളിലുളള അജ്ഞത, രോഗങ്ങളുടെ സാമൂഹികകാരണങ്ങളെ പരിഗണിക്കാതിരിക്കല്‍, സേവനമെന്നതില്‍ നിന്നുമാറി ആരോഗ്യമേഖല വ്യവസായം ആയതു വഴി ഡോക്‍ടര്‍മാരുടെ മനോഭാവത്തിലുണ്ടായ മാറ്റം. അമിതവൈദ്യവത്ക്കരണം. പാഠ്യപദ്ധതി, പഠനരീതി ഒക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

കുടിവെള്ളം, ശുദ്ധവായു, ആഹാരം, ഇവയുടെ ലഭ്യത ഉറപ്പാക്കുന്ന,രോഗിയായ് മുന്നിലെത്തുന്നവരുടെ വ്യക്തിത്വം അംഗീകരിച്ചു, രോഗങ്ങളുടെ സാമൂഹികകാരണങ്ങള്‍കൂടി പരിഗണിക്കുന്ന സമഗ്രമായ ഒരു ആരോഗ്യനയം. പ്രതിരോധമരുന്നിനും അപ്പുറം ജനപക്ഷത്ത് നില്ക്കുന്ന രോഗപ്രതിരോധപദ്ധതി. ഇതിനൊക്കെ വേണ്ടിയുള്ള ആത്മാര്‍ത്ഥവും നിരന്തരവുമായ ശ്രമത്തിലൂടെ മാത്രമേ ആരോഗ്യരംഗത്ത് നാം എത്തിനില്ക്കുന്ന പ്രതിസന്ധിയെ മറിക്കടക്കാന്‍ കഴിയുകയുള്ളു.

Subscribe Tharjani |
Submitted by Suresh Potteckat (not verified) on Thu, 2014-06-19 18:09.

മാദ്ധ്യമങ്ങളും പാര്‍ട്ടികളും ലാഘവത്തില്‍ കാണുന്ന ഈ പ്രശ്നം വിഷയമാക്കിയതിന് ചിന്ത. കോമിന് അബിവാദ്യങ്ങള്‍.