തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

സുഡോക്കു

അക്കങ്ങളായിരുന്നു എന്നും
അവന്റെ ലഹരി.
ചതുരക്കളങ്ങളില്‍ എഴുതിയും വെട്ടിയെഴുതിയും
കൂട്ടിയും കുറച്ചും
ഇരുളും വെളിച്ചവും മറുകര കാണുന്നത്
എന്നും ഞാന്‍ കണ്ടുനിന്നു.
ഏതു വാര്‍ത്തയേയും വെല്ലുമാറൊരു ദിനപ്പത്രത്തില്‍,
ഏതു വിളിയൊച്ചയെയും മറികടക്കുമാറൊരു മൊബൈല്‍ ഫോണില്‍,
ഇറങ്ങേണ്ടയിടം വിസ്മരിച്ചുകൊണ്ടൊരു ബസ്സ് യാത്രയില്‍,
കാപ്പിക്കടയില്‍
എവിടെയുമെപ്പോഴും
അക്കങ്ങള്‍ നൃത്തംവെച്ചു.

എല്ലാ കണക്കുപുസ്തകങ്ങളുടെയും
ഏടുകള്‍
സാഷ്ടാംഗം അവനു മുന്നില്‍.
എന്നാല്‍,
എന്റെ കണക്കെടുപ്പിന്റെ കണ്ണാടിപ്പാത്രം
എന്നും ശൂന്യം!

എത്ര കൂട്ടിയാലും
ശരിയുത്തരമെത്താത്ത ചതുരങ്ങള്‍
എനിയ്ക്കുമുന്നില്‍
എന്നും ആര്‍ത്തുചിരിച്ചു.
എത്ര വട്ടം മായ്ചെഴുതിയാലും
പഴയ താളിന്റെ ശേഷിപ്പുകള്‍ കറുത്തു.
എന്നിട്ടും
വേണ്ടെന്നു വച്ചില്ല

ഒരിയ്ക്കലെങ്കിലും...
ഒരൊറ്റ തവണയെങ്കിലും.
എന്റെ ജീവന്റെ കണക്കുപട്ടികയില്‍...
ജീവനേ..
നിന്റെ
ശരിയുത്തരം പതിയുമോ...???

Subscribe Tharjani |