തര്‍ജ്ജനി

സിയാഫ് അബ്ദുള്‍ഖാദര്‍

ബ്ലോഗ് : http://aamiyudechithrapusthakam.blogspot.in/,
http://karivandukal.blogspot.in/
മെയില്‍ : siyaf.k.a@gmail.com

Visit Home Page ...

കഥ

പുല്‍ച്ചാടിയുടെ പ്രാര്ത്ഥനാഗീതങ്ങള്‍

ഓഡിഷന്‍ഫ്ലോറിന്റെ വാതില്‍ കടക്കുമ്പോള്ത്തന്നെ സില്‍വിയ വല്ലാതെ പരിഭ്രമിച്ചുപോയിരുന്നു. അവള്‍ വല്ലാതെ വിയര്ത്തു. ചുറ്റും വെളിച്ചത്തിന്റെ കാട്. എസിയുടെ തണുപ്പ്. ക്യാമറമാന്റെ റണ്ണിംഗ് വിളികള്‍.... നിറയെ കല്ലുകളും സീക്വന്സുകളും മുത്തുകളും തുന്നിച്ചേര്ത്ത, ധാരാളം ഞൊറികളുള്ള അവളുടെ വെള്ളഫ്രോക്ക് വിയര്പ്പില്‍ കുതിര്ന്നു.

"ആ ഫ്രോക്ക് ആ കുട്ടിക്ക് ആര് വാങ്ങിക്കൊടുത്തോ ആവോ? പൊതുവേ ക്യാമറാമാന്‍മാര്ക്ക് വെള്ളനിറത്തോട് താല്പര്യമില്ലെന്ന് ഈ കുട്ടിയുടെ രക്ഷാകര്ത്താ്ക്കള്ക്ക് അറിഞ്ഞുകൂടെ. അതുംപോരാഞ്ഞ് ആ കുട്ടി നന്നായി കറുത്തിട്ടുമാണ്. സ്ക്രീനില്‍ അത് വല്ലാതെ എടുത്തുകാണിക്കും". മോണിട്ടറില്‍ കുട്ടിയുടെ കടന്നുവരവ് ശ്രദ്ധിച്ചുകൊണ്ടുനിന്ന വെളുത്തുചൊമന്ന തടിയന്‍ അഭിപ്രായപ്പെട്ടു.

സില്‍വിയയുടെ അപ്പന്‍ ളൂയീസ് നഖം കടിച്ചുകൊണ്ട് അയാളുടെ ചാരെത്തന്നെ നില്പുണ്ടായിരുന്നു. ളൂയീസിന് അയാളുടെ പറച്ചില്‍ ഇഷ്ടപ്പെട്ടില്ല. "ഇയാള്ക്ക് അസൂയയാ, എന്റെ കുഞ്ഞിനെ കാണാന്‍ മാലാഖയെ പോലൊണ്ട് ". അയാള്‍ മനസ്സില്‍ കരുതി. സില്‍വിയയ്ക്ക് ഉള്ളതില്‍ ഏറ്റവും വിലകൂടിയ ഫ്രോക്കാണത്. അതിന്റെു കാശുപോലും അയാള്‍ കൊടുത്തുതീര്ത്തിരുന്നില്ല.

"മോള്‍ ഡാന്സ് ചെയ്തുകൊണ്ട് കടന്നുവരൂ" ജഡ്ജിമാരിലൊരാള്‍ ആവശ്യപ്പെട്ടു.
സില്‍വിയ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചു.

"ഹോ, ഈ കുട്ടി ഇങ്ങനെ ദേഹംമുഴുവന്‍ ഇളക്കുന്നതെന്തിനാണ്? ഡാന്സ് ചെയ്യാന്‍ പറഞ്ഞാല്‍ ഗ്രേസോടെ കുറച്ചു മൂവ്മെന്റ്സ്, ഹിപ്പ്ഹോപ്‌ അത്രയേ വേണ്ടൂ. "നേരത്തെ അഭിപ്രായം പറഞ്ഞ തടിയന്‍ പറഞ്ഞു. ളൂയീസ് "മിണ്ടാതിരി" എന്നുപറഞ്ഞ് അസഹിഷ്ണുതയോടെ കുറച്ചു മാറിനിന്നു. അതിനു മറ്റ് നാല് കാരണങ്ങള്‍കൂടി ഉണ്ടായിരുന്നു. അവിടെ
1. അയാള്‍ മാത്രമേ മുണ്ടുടുത്ത് വന്നിരുന്നുള്ളൂ.
2.അയാള്‍ മാത്രമായിരുന്നു വള്ളിച്ചെരുപ്പ് ധരിച്ച ഒരേയൊരാള്‍.
3.അയാള്‍ മാത്രമേ വില കുറഞ്ഞ മദ്യം കഴിച്ചിരുന്നുള്ളൂ.
4.അയാളുടെ ഷര്ട്ടിയന്റെ മാത്രമേ ഒരു ബട്ടണ്‍ പൊട്ടിയിരുന്നുള്ളൂ.
അതുകൊണ്ട് അയാള്‍ അല്പം ഒഴിഞ്ഞ, എന്നാല്‍ മോണിട്ടറില്‍ സില്‍വിയയുടെ നേരിയചലനങ്ങള്‍പോലും നന്നായി കാണാന്‍കഴിയുന്ന വിധത്തില്‍ ഒരിടത്തേക്ക് മാറിനിന്നു.

"കുട്ടിയുടെ പേരെന്താ?" സില്‍വിയ പേരുപറഞ്ഞു.

"സില്‍വിയ പ്ലാത്തിനെ അറിയാമോ?''

കുട്ടി ആകെ അന്തംവിട്ടുനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ളൂയീസിനും അതാരാണെന്ന് അറിയില്ലായിരുന്നു. "ഇതൊക്കെ ചോദിക്കുന്നതെന്തിനാണ്?". അയാള്‍ അമര്ഷത്തോടെ കൈകള്‍ കൂട്ടിത്തിരുമ്മി.

"സാരമില്ല". ആണ്കുട്ടികളെപ്പോലെ മുടിമുറിച്ച വനിതാ ജഡ്ജ് പറഞ്ഞു. "മോള്‍ പാടിക്കോളൂ"

ളൂയീസും അതുതന്നെയാണ് കാത്തുകൊണ്ടിരുന്നത് .

കുറച്ചുദിവസം മുമ്പ് ഷാപ്പില്‍നിന്നിറങ്ങുംപടി ബ്ലേഡുകാരന്‍ സുര ളൂയീസിനെ മടിക്കുത്തില്‍ പിടിച്ചു" എന്റെ കാശ് താടാ നായെ" എന്നലറിയപ്പോള്‍മുതല്‍ ളൂയീസ് കാത്തിരിക്കുന്ന നിമിഷമായിരുന്നു അത്." പലിശതരാന്‍ അവന്റെ കയ്യില്‍ കാശില്ല, ഷാപ്പില്‍ കൊടുക്കാനും ലോട്ടറി എടുക്കാനും ഈ പട്ടിയുടെ കയ്യില്‍ എമ്പാടും കാശുണ്ട്. കുറച്ചുദിവസമായി തപ്പിനടക്ക്വാരുന്നു ഞാന്‍" എന്നുംകൂടി സുര അലറി. സമയത്ത് പെയിന്റുപണിക്ക് മൂപ്പന്‍ ആയിരുന്ന മനോഹരന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ളൂയീസിന്റെ മാനംപോയേനെ. അങ്ങാടിയില്‍ കുറച്ചേറെ ആളുകള്‍ ഉണ്ടായിരുന്നു. എല്ലാര്ക്കും വീതിക്കാന്‍വെച്ചിരുന്ന അന്നത്തെ പണിക്കാശ് ചുരുട്ടി സുരയുടെ പോക്കറ്റില്‍ തിരുകി മനോഹരന്‍, അമര്ത്തിയ ഭീഷണമായ ശബ്ദത്തില്‍ പറഞ്ഞു "ഡാ സുരേ, നിന്റെ ഈ വിരട്ട് എന്റെ പിള്ളാര്ടലടുക്കെ വേണ്ടാ, കയ്യെടടാ"

പോകാന്‍ നേരത്തും ഒരിക്കലും കണ്ടിട്ടില്ലാത്ത ക്രൂരഭാവത്തോടെ സുര ളൂയീസ് മാത്രം കേള്ക്കാന്‍പാകത്തില്‍ പറഞ്ഞു. "ഈ നക്കാപ്പിച്ച ഒരാഴ്ചത്തെ പലിശപോലും ആയില്ല ,, ഇന്ന് നീ പോ.. അടുത്ത ആഴ്ച എന്റെ കാശ് കിട്ടിയില്ലെങ്കില്‍ പിന്നെ നായിന്റെമോനെ... "സുര ആ വാചകം പൂര്ത്തിയാക്കിയില്ല.

ളൂയീസ് ആശ്വാസത്തോടെ കോളറും മടിക്കുത്തും ശരിയാക്കി. നേരിയ ഇരുട്ടില്‍ ഷര്ട്ടിന്റെ ഒരു ബട്ടണ്‍ പൊട്ടിയതൊന്നും ളൂയീസ് ശ്രദ്ധിച്ചിരുന്നില്ല. അല്ലെങ്കിലും ളൂയീസ് അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അയാള്ക്ക് പെയിന്റി‍ങ്ങ്പണിതന്നെ ഈയിടെയായി നേരാംവണ്ണം ശ്രദ്ധിക്കാന്‍ കഴിയാറില്ല. പിന്നെയാണല്ലോ ഇമ്മാതിരി ചെറിയ ചെറിയ കാര്യങ്ങള്‍!

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി മനോഹരന്‍ ചേട്ടന്റെ പിറകെ നടക്കുമ്പോള്‍ അങ്ങേരാണ്‌ പറഞ്ഞത്.

"കടം വാങ്ങുമ്പോള്‍ തിരിച്ചുകൊടുക്കണം എന്നറിയത്തില്ലാരുന്നോ? ലോട്ടറി എടുത്തു സമ്മാനമടിക്കുമ്പോള്‍ തിരിച്ചുകൊടുക്കാന്നാണോ നീ വിചാരിച്ചത്?"

"അത് ചേട്ടാ, ഇതിപ്പം അപ്പനായിട്ട്‌ ഉണ്ടാക്കിയ കടമാണ്, പണ്ട് അവരുടെ കുടിയാന്മാര്‍ ആയിരുന്നല്ലോ ഞങ്ങള്. വീടിന്റെ ആധാരം എങ്കിലും തിരിച്ചുകിട്ടാന്‍ വേണ്ടീട്ടാണ് അപ്പന്‍ മതംപോലും മാറിയത്, എന്നിട്ടെന്തായി? ഇനിയിപ്പോള്‍ ഞാന്‍ ചത്താലും ഈ കടം വീടും എന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞതവണ ഒരു നമ്പരിനാ ഒന്നാം സമ്മാനം പോയത്. ദൈവംതമ്പുരാന്‍ എപ്പോഴാണ് നമുക്കുനേരെ കണ്ണെറിയുന്നത് എന്നാര്ക്കറിയാം?"

"ഡാ, നീ ഈ ലോട്ടറി ഒക്കെ എടുത്ത് കാശ് പാഴാക്കുന്ന സമയത്ത് നിന്റെ പെണ്കൊച്ചിനെയുംകൊണ്ട് ടിവിയിലെ ആ പാട്ടുമത്സരത്തിനു ഒന്ന് പോയിനോക്കിക്കൂടായോ?" അതും ഭാഗ്യം, ഇതും ഭാഗ്യം. നല്ലോണം പാടുവല്ലോ നിന്റെ മോള്. ഒത്താല്‍ ഒരു കോടിയുടെ വീട് കിട്ടും. അവസാനത്തെ സമ്മാനം ആണെങ്കിപ്പോലും ലക്ഷങ്ങള്‍ കിട്ടും. നിനക്കൊന്നു പോയി നോക്കാന്‍ മേലെ?"

സന്ധ്യാപ്രാര്ത്ഥനയ്ക്ക് സില്‍വിയ മാതാവിന്റെ പ്രാര്ത്ഥന ചൊല്ലുമ്പോഴും കൊന്ത തിരിക്കുമ്പോഴും ഒക്കെ ളൂയീസ് മനോഹരന്‍ചേട്ടന്‍ പറഞ്ഞകാര്യം മാത്രമാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സുര കാശ് കിട്ടാന്‍വേണ്ടി എന്തുംചെയ്യും. അത് അയാള്ക്ക് അറിയാമായിരുന്നു.

സില്‍വിയ പാടിത്തുടങ്ങി. നഖം കടിച്ചുകൊണ്ട് ളൂയീസ് മോണിട്ടറില്‍ ശ്രദ്ധിച്ചു. തടിയന്റെ‍ ചുണ്ടില്‍ പരിഹാസംപുരണ്ട ചിരിപരന്നു. സില്‍വിയ സന്ധ്യാപ്രാര്ത്ഥനയ്ക്ക് പാടാറുള്ള പാട്ടാണ് പാടിയത്. അവള്ക്ക് അത് നല്ലോണം അറിയാമായിരുന്നു. ആ പാട്ട് പാടിയാണ് അവള്‍ സ്കൂളിലും പള്ളിയിലും ക്ലബ്ബിലും ഒക്കെ സമ്മാനങ്ങളും ട്രോഫികളും ഒക്കെ വാങ്ങിക്കൂട്ടിയത്. ആ പാട്ട് കേട്ടാണ് തെക്കെതിലച്ചന്‍ സില്‍വിയ ളൂയീസ് കേവലം ളൂയീസിന്റെ മാത്രം കുഞ്ഞല്ല, ഈ ഇടവകയുടെ തന്നെ അഭിമാനപുത്രിയാണ് എന്ന് പ്രസംഗത്തിനിടെ പറഞ്ഞത്.

"ശ്രുതി പോയി" തടിയന്‍ ആശ്വാസവും സന്തോഷവും നിറഞ്ഞസ്വരത്തില്‍ പറഞ്ഞു. അയാളുടെ അടുത്തിരുന്ന കണ്ണടവെച്ച ചുരുളന്‍മുടിയുള്ള അയാളുടെ ഫോട്ടോകോപ്പി എന്ന്‍ തോന്നിക്കുന്ന അയാളുടെ മകള്ക്ക് സെലെക്ഷന്‍കിട്ടാന്‍ മറ്റാരും പാടാന്‍പാടില്ല എന്ന് നിര്ബ്ബന്ധം അയാള്ക്കുണ്ടായിരുന്നെന്ന് തോന്നുന്നു. ജഡ്ജുമാരാകട്ടെ സില്‍വിയ പാടുന്നത് ശ്രദ്ധിക്കാതെ വേറെന്തോ ചര്ച്ചുയില്‍ ആയിരുന്നു. ളൂയീസിനു കടുത്ത അമര്ഷം തോന്നി. പാട്ടുപാടുന്നത് ശ്രദ്ധിക്കാതെ ഇവരിവിടെ വര്ത്താനം പറയാനാണോ വന്നത്?

"മോളിനി വേറെ ഒരു പാട്ട് പാടിക്കേ"

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
ഇലകള്‍ മൂളിയ മര്മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയിന്നു നിലച്ചു കേള്പ്പതു ഭൂമിതന്നുടെ നിലവിളി.
നിറങ്ങള്‍മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം."

സില്‍വിയ ആ പാട്ട് പൂര്ത്തിയാക്കുംമുന്നേ തന്നെ ചില സിനിമയിലൊക്കെ ളൂയീസ് കണ്ടിട്ടുള്ള ഒരു ജഡ്ജ് ഇടപെട്ടു. "മോള്‍ അടുത്തപ്രാവശ്യം നന്നായി പാട്ട്പഠിച്ചിട്ടു വരണം കേട്ടോ. നന്നായി പാടുന്നുണ്ട് മോള്‍. പക്ഷെ അടുത്തപ്രാവശ്യം കുറച്ചുകൂടി ക്ലാരിറ്റി ഒക്കെ ആകും വോയിസിന്. അപ്പോള്‍ വീണ്ടുംവരണം, കേട്ടോ.. വരില്ലേ?"

തലയാട്ടി സില്‍വിയ പുറത്തുകടക്കുമ്പോള്‍ തടിയന്റെ മകള്‍ അകത്തേക്ക് പോകുന്നുണ്ടായിരുന്നു.നാടകത്തില്‍ അഭിനയിക്കുന്നവരെപ്പോലെ നന്നായി മേക്കപ്പിട്ട അവതാരിക അവരുടെ അടുത്തേക്ക് ക്യാമറക്കാരനെയും കൂട്ടിവന്നു.

"നന്നായി പാടാന്‍ പറ്റാഞ്ഞതില്‍ വിഷമമുണ്ടോ?" തൊണ്ടയില്‍ മുള്ള് കുടുങ്ങിയത് മാതിരിയാണ് ആ കുട്ടിയുടെ സംസാരം.

"ഓ.. എനിക്ക് വിഷമമൊന്നുമില്ല. അടുത്ത വര്ഷം വീണ്ടും ഞാന്‍ ശ്രമിക്കും"

"അങ്കിളിനോ?"

ളൂയീസ് കരഞ്ഞുപോയി. ടെന്ഷന്‍ മാറ്റാന്‍വേണ്ടി അകത്താക്കിയ മദ്യമോ, തടിയന്റെ പരിഹാസമോ, സുരയോട് താനിനി എന്ത് പറയും എന്നതോ എന്താണ് തന്നെ അങ്ങനെ നിസ്സഹായനാക്കിയത് എന്നയാള്ക്ക് അറിഞ്ഞുകൂടായിരുന്നു. അയാള്ക്ക് കരച്ചില്‍വന്നു. അത്രതന്നെ.. "അവര്‍ കേട്ടില്ല ... എന്റെ മോള്ടെ പാട്ടവര്‍ കേട്ടില്ല" അയാള്‍ വിതുമ്പി

"അങ്കിള്‍... കുറച്ചുകൂടി സ്പോര്ട്ടിവ് സ്പിരിറ്റില്‍ ഇതെല്ലാം എടുക്കൂ... അള്ട്ടിമേറ്റ്ലി ഇതൊരു മത്സരമല്ലേ അങ്കിള്‍?"

ളൂയീസിന്റെ അപ്രതീക്ഷിതമായ കരച്ചിലില്‍ അന്ധാളിച്ചുപോയിരുന്ന അവതാരിക തന്ത്രത്തില്‍ അടുത്ത മത്സരാര്ത്ഥിയുടെ അടുത്തേക്ക് നീങ്ങി .

"നമ്മള്‍ പാവങ്ങളായതുകൊണ്ടാ അവര് മോള്ടെ പാട്ട് കേട്ടുപോലും നോക്കാതിരുന്നത് "

പൊട്ടിപ്പൊളിഞ്ഞു അധികം തിരക്കില്ലാത്ത പാത. നിറയെ ചുവപ്പുപൂക്കള്‍. ഗുല്‍മോഹര്‍ കുടഞ്ഞിട്ടത്. റെയില്‍വെ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ളൂയീസ് സാന്ത്വനസ്വരത്തില്‍ പറഞ്ഞു.

"ഓ, അത് കൊണ്ടൊന്നുമല്ല ചാച്ചാ, എനിക്ക് നന്നായിട്ട് പാടാന്‍ പറ്റിയില്ല. എന്നേക്കാള്‍ നന്നായി പാടിയവരെ അവര്‍ എടുത്തു. അത്രേള്ളൂ"

ഒന്നും പറഞ്ഞില്ലെങ്കിലും ളൂയീസിന് ആ വിചാരം മനസ്സില്‍ കല്ലിച്ചുകിടന്നു. റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.വണ്ടിസമയങ്ങള്‍ അറിയിക്കുന്ന വലിയ ബോര്ഡില്‍ അവരുടെ വണ്ടിവരാന്‍ ഇനിയും മൂന്നുമണിക്കൂര്‍ ബാക്കിയുണ്ട് എന്ന് കാണിച്ചു. സമയംപോകാന്‍ എന്ത് വഴി?

"നമുക്ക് മാനാഞ്ചിറയില്‍ പോയാലോ ചാച്ചാ?" സില്‍വിയയുടെ കൂട്ടുകാര്‍ പലപ്പോഴും നഗരത്തില്‍ വരുമ്പോള്‍ അവിടെപ്പോയ കഥ വര്ണ്ണിച്ചുകേള്പ്പിക്കാറുണ്ട്. അവള്ക്കും കുറച്ചു ബഡായി അടിക്കാന്‍ മോഹമുണ്ടായിരുന്നു. മിഠായിത്തെരുവിലെ വൈകുന്നേരത്തിരക്കും എസ് കെ പൊറ്റെക്കാടിന്റെ പ്രതിമയും കടന്നു അവര്‍ മാനാഞ്ചിറയിലെത്തി .

"മോള്ക്ക് നെല്ലിക്ക വേണോ?''

ഉപ്പുനെല്ലിക്കയും പൈനാപ്പിളും ഒക്കെ വില്ക്കുന്ന ഉന്തുവണ്ടിക്കാരന്റെ അടുത്തെത്തിയപ്പോള്‍ ളൂയീസ് ചോദിച്ചു.

"എനിക്ക് കിണ്ടര്ജോയി മതി ചാച്ചാ"

ഈസ്റ്റര്‍മുട്ടപോലെ തോന്നിക്കുന്ന കിണ്ടെര്ജോയി വാങ്ങുന്നതിനായി അയാള്‍ പോക്കറ്റില്‍ പണം പരതുന്നത് കാണ്കെ സില്‍വിയ തെറ്റുപറ്റിയതുപോലെ പറഞ്ഞു

"സോറി ചാച്ചാ, എനിക്ക് ജെംസ് മതി"

ളൂയീസ് അത്ഭുതത്തോടെ അവളെ നോക്കി. "മാറിപ്പോയതാ". ശരിക്കും ചാച്ചന്റെ കയ്യില്‍ ആവശ്യത്തിനു പൈസ ഉണ്ടാവുമോ എന്ന് സംശയം തോന്നിയതുകൊണ്ടാണ് അവള്‍ മാറ്റിപ്പറഞ്ഞത്.

ജെംസ് ഒന്നൊന്നായി കൊറിച്ചുകൊണ്ട് സില്‍വിയയും, വിഷാദത്തോടെ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് ളൂയീസും പുല്‍ത്തകിടിയില്‍ ഇരുന്നു. മൈതാനത്ത് നിറയെ ആളുണ്ടായിരുന്നു. ഉല്ലാസത്തോടെ പന്ത് തട്ടിക്കളിക്കുന്ന കുട്ടികള്‍. ചുറുചുറുക്കോടെ സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്രായക്കാരുടെ കൂട്ടങ്ങളും, രഹസ്യമൊന്നുമല്ലാതിരുന്നിട്ടും അങ്ങനെ ആണെന്ന ഭാവത്തില്‍ വളരെ ചേര്ന്നിരുന്ന് പരസ്പരം മന്ത്രിച്ചുകൊണ്ടിരുന്ന കൌമാരജോഡികളും ഒക്കെ അവിടം ആഹ്ലാദഭരിതമാക്കി. സന്ധ്യയാവുകയായിരുന്നു.

അവര്‍ ഇരുന്നതിനു കുറച്ചകലെയായി ഒരു മദ്ധ്യവയസ്കന്‍ വന്നിരുന്നു, അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്‌ എന്ന് ഒറ്റനോട്ടത്തില്‍ അറിയാമായിരുന്നു. അയാളുടെ പാന്റില്‍ നിറയെ അഴുക്കുപറ്റിയിരുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായ അയാളുടെ താടിരോമങ്ങളില്‍ ഭക്ഷണത്തിന്റെ് അവശിഷ്ടങ്ങള്‍ പറ്റിയിരുന്നു. അയാള്‍ നിലത്ത് ഇരുന്നതുപോലും കുഴഞ്ഞുവീഴുന്നതുപോലെയാണ്. ഒരു ചെറിയ ആട്ടത്തിന് ശേഷമാണ് അയാള്ക്ക് നിലകിട്ടിയത്. ആയാസത്തോടെ തല ഉയര്ത്തി അയാള്‍ ചുറ്റുംനോക്കി. ളൂയീസിനെയും സില്‍വിയയെയും കണ്ട് അയാള്‍ പരിചയഭാവത്തില്‍ ചിരിച്ചു. അവരയാളെ ആദ്യമായി കാണുകയായിരുന്നതിനാല്‍ അത് കണ്ടില്ലെന്ന മട്ടിലിരുന്നു.

മൈതാനത്ത് നിറയെ സോഡിയം ആവിവിളക്കുകള്‍ തെളിഞ്ഞു. അവ അവിടെയിരുന്ന മനുഷ്യരില്‍ ഓറഞ്ചുവെളിച്ചം വിതറി.

"ചാച്ചാ, ചാച്ചനു നിറയെ പൈസ കിട്ടും" ളൂയീസിന്റെ ഷര്ട്ടിന്റെ കൈമടക്കില്‍ വന്നിരുന്ന വലിയ പച്ചത്തുള്ളനെ ചൂണ്ടി സില്‍വിയ വിളിച്ചുപറഞ്ഞു. അവളുടെ മട്ടുകണ്ടാല്‍ അത് സ്വര്ണ്ണംകൊണ്ടുള്ള പുല്‍ച്ചാടിയാണെന്ന് തോന്നുമായിരുന്നു. അറപ്പോടെ അതിനെ തട്ടിക്കളയാന്‍ ശ്രമിച്ച ളൂയീസിനെ സില്‍വിയ വിലക്കി.

"അതവിടെ ഇരുന്നോട്ടെ ചാച്ചാ, അത് ചാച്ചനുവേണ്ടി പ്രാര്ത്ഥിക്കുകയാ"

"നമുക്കും പ്രാര്ത്ഥിച്ചാലോ?" അയാള്‍ ആലോചനയോടെ ചോദിച്ചു.

"ഇവിടെയോ? അതിനിവിടെ തിരുരൂപം ഇല്ലാലോ, ചാച്ചാ"

ളൂയീസ് റോഡിനു മറുവശത്ത് ആകാശത്തേക്ക് ഉയര്ന്നു നില്ക്കുന്ന ക്രൂശിലേക്ക് വിരല്‍ചൂണ്ടി. "അവിടെയുണ്ടല്ലോ "

രണ്ടു പേരും മുട്ടുകുത്തിനിന്ന് പ്രാര്ത്ഥിച്ചുതുടങ്ങി. സില്‍വിയ താഴ്ന്നശബ്ദത്തില്‍ "സ്വര്ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍" എന്നുതുടങ്ങുന്ന പ്രാര്ത്ഥനാഗീതം പാടി. നേരത്തെ കണ്ട മദ്യപന്‍ അവരുടെ അരികിലേക്ക് അല്പം നീങ്ങിയിരുന്നു. അവര്‍ മൂന്നുപേരും ചേര്ന്ന് ഒരു വൃത്തം രൂപപ്പെട്ടു. ളൂയീസ് അയാളെ വെറുതെ ഒന്ന് നോക്കി, വീണ്ടും പ്രാര്ത്ഥനയില്‍ മുഴുകി. സില്‍വിയ ഒന്നൊന്നായി പ്രാര്ത്ഥനാഗീതങ്ങള്‍ ആലപിച്ചുകൊണ്ടുമിരുന്നു. ആ മനുഷ്യന്‍ ചുറ്റിനും തന്റെ ഉള്ളിലെ മദ്യത്തിന്റെ അസഹനീയമായ ചൂര് വമിപ്പിച്ചു. എങ്കിലും അയാള്‍ ഭക്തിയോടെ തലയിളക്കിക്കൊണ്ടിരുന്നു. ഒരു രോഗശാന്തി ശുശ്രൂഷയിലെന്നപോലെ ആയിരുന്നു അയാളുടെ അംഗചലനങ്ങള്‍.

പ്രാര്ത്ഥന കഴിഞ്ഞപ്പോള്‍ ളൂയീസിനു വല്ലാത്ത ആശ്വാസം തോന്നി, വണ്ടി വരാന്‍ ഒരു മണിക്കൂര്‍കൂടി ഉണ്ടാവും. "നീ ഒരു പാട്ടുപാട് മോളെ "അയാള്‍ പറഞ്ഞു.

സില്‍വിയ താഴ്ന്നശ്രുതിയില്‍ പാടിക്കൊണ്ടേയിരുന്നു. കുടിയനായ മനുഷ്യന്‍ കുറച്ചുകൂടി അവരോടു ചേര്ന്നിരുന്നതല്ലാതെ ഒന്നും ശബ്ദിച്ചില്ല. ളൂയീസും സില്‍വിയയും അയാളെ പരിഗണിച്ചതുമില്ല. അങ്ങനെയൊരാള്‍ അവിടെ ഇരിപ്പുണ്ട് എന്നത് അവര്‍ അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. പാട്ടുപാടുമ്പോള്‍ സില്‍വിയയ്ക്കും കേള്ക്കുമ്പോള്‍ ളൂയീസിനും സമയം പോകുന്നത് അറിയാറില്ല. മൈതാനം പതിയെ പതിയെ ശൂന്യമായിത്തുടങ്ങുകയായിരുന്നു. ഓരോരുത്തരായി മെല്ലെ മെല്ലെ അവിടം വിട്ടുപോയി.

"വണ്ടി വരാറായിക്കാണുമോ ചാച്ചാ?"

"ഉം, നമുക്ക് പോകാം" അവര്‍ വസ്ത്രങ്ങളിലെ പൊടിതട്ടി എഴുന്നേറ്റു.

"ഒരു നിമിഷം, ഒരു നിമിഷം നില്ക്കുണേ, "അകത്താക്കിയ മദ്യം ആ മനുഷ്യന്റെ തൊണ്ടയില്‍ കുത്തിപ്പിടിച്ചിട്ടുണ്ട്. പേടി തോന്നിക്കുന്ന ശബ്ദം!

അയാള്‍ തന്റെ പാന്റിന്റെ കീശതപ്പി കുറെ പച്ചനോട്ടുകള്‍ പുറത്തെടുത്ത് അവര്ക്ക് നേരെ നീട്ടി. അത് നല്ലൊരു തുകയുണ്ടായിരിക്കണം. അയാള്‍ ആ പണം സില്‍വിയയുടെ കയ്യില്‍ പിടിപ്പിച്ചു.

"ഈ കുട്ടിയുണ്ടല്ലോ സാര്‍, ഒരു വാനമ്പാടിയാണ്, സാര്‍ ഈ കുട്ടിയെ പാട്ട് പഠിപ്പിക്കണം"

അയാളുടെ ശബ്ദത്തിലെ കുഴച്ചിലല്ല തന്നെ "സാര്‍" എന്ന് വിളിച്ചതാണ് ളൂയീസിനെ അമ്പരപ്പിച്ചത്. ളൂയീസിനെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ആരെങ്കിലും സാര്‍ എന്ന് വിളിക്കുന്നത്.

"ഞങ്ങള്‍ പ്രാര്ത്ഥിക്കുകയായിരുന്നു" ളൂയീസ് സില്‍വിയയുടെ കയ്യിലിരുന്നു വിറച്ചിരുന്ന നോട്ടുകെട്ട് അയാളെ തിരിച്ചേല്പിച്ചു. "അതിനീ കാശ് ഒന്നും വേണ്ട".

"എന്റെ ഒരു സന്തോഷത്തിനാ... ഇത് വെച്ചോ സാര്‍" അയാള്‍ കെഞ്ചി. നിഷേധാര്ത്ഥത്തില്‍ ളൂയീസ് തലയാട്ടി. നിരാശനായ കുടിയന്‍ അപ്രതീക്ഷിതമായി കുനിഞ്ഞു സില്‍വിയയുടെ കവിളില്‍ ഉമ്മവെച്ചു.

"വലിയ പാട്ടുകാരി ആകും... വലിയ പാട്ടുകാരി ആകും". അയാള്‍ പിറുപിറുത്തു. അയാളുടെ താടിരോമങ്ങളില്‍ പറ്റിയിരുന്ന ഭക്ഷണത്തിന്റെ തരികള്‍ സില്‍വിയുടെ കവിളില്‍ പറ്റിയിരുന്നു. അവളത് തട്ടിക്കളഞ്ഞില്ല.

"വണ്ടി വന്നുകാണുമോ ചാച്ചാ?"

"ഉം, ബാ" നിശ്വാസത്തോടെ ളൂയീസ് കവാടത്തിനരികിലേക്ക് നീങ്ങി. അയാളുടെ വിരലില്‍ തൂങ്ങി സില്‍വിയയും. സുരയോട് എന്താണ് പറയേണ്ടത് എന്നൊന്നും അപ്പോള്‍ ളൂയീസ് ആലോചിച്ചില്ല. മുന്നില്‍ക്കണ്ട വലിയ കെട്ടിടങ്ങളും ആ നഗരംപോലും തന്റെയാണ് എന്നുപോലും അയാള്ക്ക് തോന്നി. അപ്പോഴും ഇരുളില്‍നിന്ന് കുഴഞ്ഞ സ്വരത്തില്‍ സ്വര്ഗ്ഗവാതില്‍ തുറന്നു ഫൂമിയില്‍" എന്ന് കുടിയന്‍ പാടുന്നത് അവര്ക്ക് കേള്ക്കാമായിരുന്നു.

Subscribe Tharjani |