തര്‍ജ്ജനി

രാജീവ് സോമശേഖരന്‍

അംബികാലയം,
TVRA 94, പുന്നയ്ക്കാമുകള്‍,
ആറമട പി. ഒ .
തിരുവനന്തപുരം 32.
ഇ മെയില്‍ : rajeevsomashekar@gmail.com

Visit Home Page ...

കഥ

ചിത്രഗുപ്താ, നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

പേരില്ലാത്ത നഗരം അശാന്തമാണ്. ഒരു നാമം, അതൊന്നുകൊണ്ട് നഗരത്തിന് അതിര്‍വരമ്പുകള്‍ ഉണ്ടായിക്കൂട. ഇത്തരമൊരു ചിന്തയില്‍ നിന്നായിരിക്കണം സ്രഷ്ടാവ് ആര്‍ജ്ജവം ഉള്‍ക്കൊണ്ടത്, അല്ലാതെ ഒരു സ്രഷ്ടാവും തന്റെ സൃഷ്ടിക്ക് പേരിടാന്‍ മറക്കാറില്ല.

പേരില്ലാത്ത നഗരം അശാന്തമാണ്. സ്വാഭാവികം. നിരത്തിലൂടെ സാവധാനം നീങ്ങുന്ന വാഹനങ്ങളെക്കാള്‍ ഏറെയും നടപ്പാതയിലൂടെ വേഗത്തില്‍ തിക്കിത്തിരക്കി നടന്ന് ഓടുന്ന ആളുകളാണ്. ഉച്ചവെയില്‍ ചൂട് ഒരു ദീര്‍ഘനിശ്വാസം തിരയുന്നു, ശക്തികള്‍ ചോര്‍ന്നുതുടങ്ങുന്നവന്റെ ബാക്കിപത്രം. ഓടിയൊളിക്കും മുന്‍പ് മുഖം മിനുക്കാന്‍, തിളങ്ങാന്‍ അയാള്‍ സിന്ദൂരരേഖകള്‍ തിരയുന്നു.

കറുത്ത മേലങ്കി അണിയുംമുന്‍പ് നഗരം പ്രകാശമുഖരിതമായി. ശാസ്ത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്‍ കാലത്തിന്റെ മാറ്റം അറിയാതെ, അല്ലെങ്കില്‍ അവഗണിച്ചുകൊണ്ട് നിരത്തിലൂടെയും നടപ്പാതയിലൂടെയും പലതും പലരും ഒഴുകിക്കൊണ്ടിരുന്നു.

കാഴ്ചകള്‍ക്കപ്പുറം വിദൂരതയില്‍ എവിടെയോ മറകള്‍ സ്വയം മെനഞ്ഞ് ചിത്രഗുപ്തന്‍ അയാളെ തിരയുന്നു, അച്യുതനെ.

അനുസ്യൂതം ജനസാഗരം ഒഴുകികൊണ്ടിരുന്നു. അവരില്‍ ഒരാളാകാന്‍ ശ്രമിക്കാതെ അച്യുതന്‍ തനിക്ക് കഴിയുംവിധം പരമാവധി വേഗക്കുറവില്‍ നടന്നു. മറ്റുള്ളവരുടെ വേഗക്കൂടുതല്‍ ഏറ്റെടുത്തത് അയാളുടെ ചിന്തകളായിരുന്നു. തന്റെ ചിന്തകള്‍ക്കൊപ്പം എത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ തനിക്ക് അതിന് കഴിയില്ല എന്ന വിശ്വാസത്തില്‍ അയാള്‍ പിന്‍വലിയുന്നു.

പകുതിയും നരകയറിയ തലമുടി അച്യുതന്‍ ചീകി ഒതുക്കിയിരുന്നു. ചുളിവുകള്‍ നിവര്‍ത്തിയ തൂവെള്ളഷര്‍ട്ടും, ചുവന്ന കരയുള്ള മുണ്ടും. ജീവിതത്തില്‍ ഇതാദ്യം, ഇങ്ങനെയൊരു വേഷം കെട്ടല്‍. കൈവല്യലബ്ധിക്കുവേണ്ടിയുള്ള ഈ യാത്രയില്‍, പരിഭ്രമവും ഭയവും കാരണം അച്യുതന്‍ അയാളിലേക്കുതന്നെ ഓരോ നിമിഷവും ചുരുങ്ങിക്കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്റെ സാഹിത്യസൃഷ്ടികള്‍ വായിച്ചിട്ടുണ്ടാകുമോ എന്ന പരിഭ്രമം, അനന്തരം അവര്‍ തന്നെ തിരിച്ചറിയുമോ എന്ന ഭയം. അങ്ങനെ സംഭവിച്ചാല്‍ അത് തന്റെ യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുമെന്ന് അയാള്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്ത് സാഹിത്യസൃഷ്ടികള്‍? എനിക്ക് ചുറ്റും തിരക്കിട്ടോടുന്നവരാണ്. അവര്‍ ഒരിക്കലും കണ്ണും കണ്ണുനീരും തേടിപ്പോകാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ വറ്റാത്ത ഒരു ഉറവ അവരെത്തേടി എത്തുമെന്ന് അവര്‍ മറക്കുന്നു; അച്യുതന്‍ വീര്‍പ്പടക്കി.

സമാനഹൃദയര്‍ ഞങ്ങള്‍ രണ്ട് പേര്‍ക്ക് മാത്രമേ എന്റെ കഥകളും കവിതകളും അതിന്റെ പരിപൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിന്നുള്ളൂ എന്നാണ് എന്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എന്റെ കണ്ണുനീര്‍ ആശ്വാസത്തിന്റെ സന്തോഷം പകര്‍ന്നുതരുന്നു; അച്യുതന്‍ അനശ്വരതയിലേക്ക് ഉന്നംവച്ചു.

യാത്രയ്ക്കൊരുങ്ങും മുന്‍പ് ചിത്രഗുപ്തന്‍ തമാശയൊേണം ഗൗരവത്തില്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി. 'ബിന്ദുവില്‍ ജനിച്ച് ഇന്ദുവില്‍ മരിക്കുക, അതാണ് നിന്റെ കര്‍മ്മം'.

കണക്കുകൂട്ടലുകള്‍ പിഴയ്ക്കാത്തവന്റെ വാക്കുകള്‍ പിഴയ്ക്കാന്‍ പഴുതില്ല; അച്യുതന്‍ ചിന്താമഗ്നനായി.അച്യുതനും ബിന്ദുവും. തങ്ങളുടെ ഹൃദയബന്ധത്തിന്റെ ആര്‍ദ്രത അയാള്‍ തന്റെ എല്ലാ കഥകളിലും കവിതകളിലും തീവ്രത ഒട്ടും കൈവിടാതെ ഉരുക്കിച്ചേര്‍ത്തിരുന്നു. കളിക്കൂട്ടുകാരിയുടെ ശ്വാസനിശ്വാസങ്ങള്‍പോലും അയാള്‍ കവിതയാക്കി.
അതെ, അളവില്‍ ജനിക്കുകയായിരുന്നു ഞാന്‍. ബിന്ദു, എന്റെ ബാല്യകൗമാരപ്രാരംഭയൗവ്വനത്തിന് വിരുന്നൂട്ടിയ കുട്ടി, പെണ്‍കുട്ടി, സ്ത്രീ. ഞാന്‍ എന്നെ തിരിച്ചറിഞ്ഞത് (ശരിയായോ, തെറ്റായോ. രണ്ടായാലും സന്തോഷം) അവളിലൂടെ ആയിരുന്നു. പ്രണയവും സ്നേഹവും ഇഴപിരിച്ചെടുക്കാന്‍ കഴിയാതെപോയ ദിനരാത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകാരി. പക്ഷെ.....

ജീവവായുവിനുവേണ്ടി ഞാന്‍ വെമ്പുന്നു,
നീയാ മുടിക്കെട്ടഴിച്ചിടണം
എന്റെ മുഖമൊളിപ്പിക്കണം
ശ്വസിക്കണം, എനിക്ക് ശ്വസിക്കണം

ഈ നാലുവരികള്‍ ചോദ്യചിഹ്നങ്ങളായി പരിണമിക്കുന്നതായി അച്യുതന് തോന്നിയിരിക്കണം, അനന്തരം ചോദ്യചിഹ്നങ്ങള്‍ കുരുക്കഴിക്കാന്‍ കഴിയാത്ത കയറായും അയാള്‍ക്ക് തോന്നിയിരിക്കണം. തന്നിലെ കവിയെ അയാള്‍ ആത്മഹൂതിക്കയച്ചു. അരയോളം പടര്‍ന്നുകിടിരുന്ന അവളുടെ കേശഭാരത്തെക്കുറിച്ച് കവിതയെഴുതാന്‍ അച്യുതന് കഴിഞ്ഞത്, ബിന്ദു തന്റെ തോളോട് ചേര്‍ത്ത് മുടി മുറിച്ചതിന് ശേഷമായിരുന്നു എന്ന കുറ്റബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രായശ്ചിത്തം.

'അതെ ഞങ്ങള്‍ രണ്ടുപേരും ഭാരങ്ങള്‍ ഇറക്കിവയ്ക്കുകയായിരുന്നു' അച്യുതന്‍ അപരാധസ്വരത്തില്‍ മന്ത്രിച്ചു.

കല്യാണത്തലേന്ന്, നട്ടുച്ചയ്ക്ക്, അവര്‍ ഒരു മഞ്ചാടിമരത്തിന്റെ തണലുപറ്റി. അച്യുതന്‍ തന്റെ മുഖം ബിന്ദുവിന്റെ മടിയില്‍ അമര്‍ത്തവേ അവള്‍ ചോദിച്ചു.

'നിന്റെ മൂക്ക് തൊട്ട് നില്ക്കുന്നിടത്ത് ഒരു മറുകുണ്ട്, ഓര്‍മ്മയുണ്ടോ?'

അയാള്‍ മറുപടി പറഞ്ഞില്ല. ഒന്നും ഓര്‍മ്മയിലേക്കാവാഹിക്കാന്‍ താല്പര്യമില്ലാത്തതുപോലെ നിലക്കൊണ്ടു. ഒരു നീര്‍ത്തുള്ളി അച്യുതന്റെ മുഖത്ത് എവിടെയോ വീണ് ചുണ്ടുകളിലേക്ക് ഒലിച്ചിറങ്ങി. ഉപ്പിന്റെ സ്വാദായിരുന്നു അയാള്‍ തിരിച്ചറിഞ്ഞത്.

'നീ തീക്കൊള്ളി വച്ച് പൊള്ളിച്ചതിന്റെ....' ബിന്ദു ഓര്‍മ്മിപ്പിച്ചു.

'എന്റെ കറുത്ത ഓര്‍മ്മയ്ക്ക്... നാളെ രാത്രി നിന്റെ ഭര്‍ത്താവിന് അത് അലോസരമുണ്ടാക്കുമോ....?' അച്യുതന്‍ വാക്കുകള്‍ വിഴുങ്ങി, ഉപ്പിന്‍തുള്ളിക്കൊപ്പം.

കുട്ടിക്കാലത്ത് എപ്പൊഴോ സംഭവിച്ച തീക്കൊള്ളിവിപ്ലവം, അച്യുതന്റെ ഉള്ളില്‍ നിറഞ്ഞത്. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. തല്ലും ശകാരവും മൂര്‍ച്ഛിക്കുമ്പോള്‍ എങ്ങനെയെങ്കിലും പെട്ടെന്ന് വളര്‍ന്ന് വലുതാകാനുള്ള ആഗ്രഹം ജനിക്കും. ആഗ്രഹിച്ച അവസ്ഥയിലെത്തിയപ്പോള്‍ ആ തല്ലും ശകാരവും ഒരിക്കല്‍ കൂടിയെങ്കിലും ഏറ്റുവാങ്ങാന്‍ കൊതിക്കുന്നു. 'ദുരാഗ്രഹി' അച്യുതന്‍ സ്വയം പഴിച്ചു.

'സ്ത്രീകള്‍ അങ്ങനെയാണ് അച്യുതാ... എല്ലായ്പോഴും അവര്‍ എല്ലാം മറക്കുന്നത് ഓര്‍മ്മിക്കാന്‍ തക്കതായ കാരണങ്ങള്‍ നിങ്ങള്‍ കൊടുക്കാത്തതുകൊണ്ടാണ്. അഥവാ നിങ്ങള്‍ അങ്ങനെ വല്ലതും കൊടുത്താലോ, അവര്‍ ഓര്‍മ്മിക്കുക മാത്രമല്ല നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും'. ചിത്രഗുപ്തന്‍ തെല്ലിടനേരം മൗനം ഭക്ഷിച്ചു.

ചിന്തകള്‍ അലസമായി പുറത്തേയ്ക്ക് വമിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും ആധാരം കാര്യകാരണങ്ങളാണ്.

'നിന്റെ ലക്ഷ്യത്തിലേയ്ക്ക് ഇനിയും സമയവും ദൂരവും ഉണ്ട്...' ചിത്രഗുപ്തന്‍ നിര്‍വ്വികാരനായി നിലക്കൊണ്ടു.

സമയവും ദൂരവും തമ്മിലുള്ള ബന്ധമെന്തെ് എത്ര ആലോചിച്ചിട്ടും അച്യുതന് ഒട്ടും വ്യക്തമായി മനസ്സിലായില്ല. രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ അയാള്‍ മടിക്കുന്നു.സമയത്തെ മുന്‍നിര്‍ത്തി ദൂരമളക്കുമ്പോള്‍, ദൂരം പിന്നിലാവില്ലേ? യഥാക്രമം തിരിച്ചും സംഭവിക്കാം. 'ഭ്രാന്ത്, അല്ലാതെന്ത്....? 'തന്റെ തലയ്ക്കകത്തെ പിരിമുറുക്കം അച്യുതന്‍ അറിയുന്നു.

'സമയം ശാസ്ത്രമായും ദൂരം കലയായും സങ്കല്പിക്കൂ അച്യുതാ.....' ചിത്രഗുപ്തന്‍ ഞെരിപിരികൊണ്ടു.

'താങ്കള്‍ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല!' അച്യുതന്‍ അമര്‍ഷം പരാതിയാക്കി.

'ഒരു മതില്‍ക്കെട്ടിന്റെ വ്യത്യാസത്തില്‍ വളര്‍ന്ന നിങ്ങള്‍ എങ്ങനെ കണ്ണെത്താ ദൂരം അകലെയായി അച്യുതാ..........?' പരിഹാസത്തോടെ ചിത്രഗുപ്തന്‍.

തര്‍ക്കശാസ്ത്രം ഒരു മതില്‍ക്കെട്ടുപോലെ ഉയര്‍ന്നു നില്ക്കുന്നതായി അച്യുതന് തോന്നി. ഓരോ നിമിഷവും വളരുന്ന മതില്‍. അല്ല ഓരോ നിമിഷവും ചെറുതാകുന്ന മതില്‍, വലുതാകുന്നു ചെറുതാകുന്നു; അച്യുതന്‍ പ്രൊക്രസ്റ്റീസ് ആകാന്‍ കൊതിച്ചു.

ജനം സാഗരം, ചിന്തകള്‍ നീരാവി, അച്യുതന്‍ നീര്‍ത്തുള്ളി. നീര്‍ത്തുള്ളി സാഗരത്തില്‍ ലയിച്ചു, നീരാവി സ്വാതന്ത്ര്യം തേടി. പരിഭ്രമ-ഭയ വികാരങ്ങളേതുമില്ലാതെ നീര്‍ത്തുള്ളി തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുന്നു.

വഴിയോരങ്ങളില്‍ നിന്നും വര്‍ണ്ണക്കടലാസുകളും, വളപ്പൊട്ടുകളും മഞ്ചാടിക്കുരുവും, കണ്ണിന് കൗതുകം തോന്നുന്നതെന്തും ബിന്ദു ശേഖരിച്ച് സൂക്ഷിക്കും. അനാഥര്‍ക്ക് അമരത്വം കൈവരുന്നു. നിറങ്ങള്‍ എന്നും അവള്‍ക്ക് ഭ്രാന്തായിരുന്നു. അച്യുതന്‍ അതിന്റെ ആരാധകനും.

ചായുന്ന വെയിലില്‍ തിളങ്ങിക്കിടന്ന പുഴക്കരയിലെ മണല്‍ വാരിക്കൂട്ടി ഒരു കൊച്ചുവീട് പണികഴിപ്പിച്ചുകൊണ്ട് ബിന്ദു അച്യുതനോട് പറഞ്ഞു: 'വലുതാകുമ്പോള്‍ ഞാന്‍ ഇഞ്ചിനീയറാകും' ആ രമ്യഹര്‍മ്യത്തിലിരുന്ന് താന്‍ കഥകളും കവിതകളും എഴുതുന്നതായി അയാളും സ്വപ്നംകണ്ടു. കടലാസുകഷണങ്ങള്‍ മടക്കി പായ്ക്കപ്പലുകളാക്കി അവള്‍ അച്യുതന് കൊടുക്കും. അയാള്‍ അതിനെ ഒഴുക്കിനൊപ്പം പറഞ്ഞയക്കും. നോക്കി രസിക്കും.ഈ സമയം ബിന്ദു മറ്റൊരെണ്ണം ഉണ്ടാക്കുകയായിരിക്കും.

'സ്വാര്‍ത്ഥമോഹങ്ങളും പേറി അവ മറുകര അണഞ്ഞിരിക്കുന്നു.' ആശ്വാസത്തിന്റെയോ അല്ലാത്തതോ ആയ അക്ഷരങ്ങള്‍ അച്യുതന്‍ വാക്കുകളാക്കി.

'എല്ലാം ശരി, ഒരാള്‍ ഇഞ്ചിനീയര്‍ ആയിട്ടും എന്തുകൊണ്ട് മറ്റൊരാള്‍ സാഹിത്യസൃഷ്ടാവായില്ല അച്യുതാ?' ഉത്തരം പ്രതീക്ഷിക്കാത്ത ചിത്രഗുപ്തന്റെ ചോദ്യം.

'താങ്കളെന്നെ പരിഹസിക്കുകയാണോ?'' അവാങ്-ഗാദി'നെകുറിച്ച് ഒരു പ്രസംഗം നടത്താന്‍ അച്യുതന് തോന്നി.

ഭൂതകാലത്തില്‍ എത്രതവണ പരിഹാസ്യനായാലും, വര്‍ത്തമാനത്തില്‍ പരിഹസിക്കപ്പെടുമ്പോള്‍ ഏതൊരുവനും സഹിക്കുകയില്ല. ഭാവിയില്‍ അങ്ങനൊരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍കൂടി കഴിയില്ല.

'ഞാനൊരു സാഹിത്യകാരന്‍ അല്ലേ, തോല്‍വി താങ്കള്‍ക്കുണ്ടാകാന്‍ കാരണമെന്താണ് ചിത്രഗുപ്താ?' അച്യുതന്‍ അതൃപ്തി രേഖപ്പെടുത്തി.

'കാര്യകാരണങ്ങള്‍ തേടിപ്പോകുന്നത് നിങ്ങള്‍ മനുഷ്യരല്ലേ അച്യുതാ.....;' ചിത്രഗുപ്തന്‍ തടിതപ്പി.

'താങ്കളെന്തിനാണ് എന്നെ പേര് വിളിച്ച് സംബോധന ചെയ്യുത്, മനുഷ്യനെന്ന് വിളിച്ച് സംബോധന ചെയ്യുന്നത് ?' അച്യുതന്‍ ദീര്‍ഘനിശ്വാസം തിരയുന്നു.

'നീ നിന്റെ മരണം രേഖപ്പെടുത്തി വരൂ അച്യുതാ, ശേഷം ഞാന്‍ നിന്നെ ആത്മാവെന്ന് സംബോധന ചെയ്യുന്നതായിരിക്കും. ആള്‍ക്കൂട്ടത്തില്‍ എവിടെയാണ് നീ, എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല' ചിത്രഗുപ്തന്‍ പരിഭ്രാന്തനായി.

'നല്ലത് ചിത്രഗുപ്താ, എന്റെ ലക്ഷ്യം, അതില്‍ എത്തിച്ചേരുന്നതുവരെ നമ്മളിനി കാണില്ല, സംസാരിക്കില്ല' അച്യുതന്‍ സിന്ദൂരരേഖ തിരയുന്നു..

അച്യുതന്‍ ഇനി അയാളുടെ ലക്ഷ്യത്തിനു മാത്രമേ ദര്‍ശനം കൊടുക്കുകയുള്ളൂ. കാലുകള്‍ക്ക് അയാളറിയാതെ വേഗത കൂടിയിരിക്കുന്നു. ചിന്തകളെയും പിന്നിലാക്കുംവിധം അയാള്‍ മുേറുകയാണ്. ജനസാഗരം നയിക്കപ്പെടുന്നു. നിരത്തിലോടുന്ന വാഹനങ്ങളുടെ മിന്നല്‍വേഗത അയാള്‍ അറിയുന്നില്ല.

ചിത്രഗുപ്തനെ എങ്ങനെയും വാദിച്ച് തോല്പിക്കണം. കണക്കുകൂട്ടലുകളില്‍ അയാള്‍ കേമനായിരിക്കാം. ഇങ്ങനെ പോയാല്‍ കണക്കും ഒരു കലയാണെ് അയാള്‍ സമര്‍ത്ഥിച്ചെടുക്കും. അങ്ങനെ വിട്ടുകൊടുക്കാന്‍ വയ്യ. എന്നില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടെന്നിരിക്കെ ഞാന്‍ അജയ്യനാണ്; തോല്ക്കാന്‍ മനസ്സില്ലാത്തവനായി അച്യുതന്‍ മാറുന്നു.

ഒപ്പമെത്താന്‍ കഴിയാതെ ചിന്തകള്‍ അയാള്‍ക്ക് പുറകെ ചക്രശ്വാസം വലിക്കുന്നു. ആരെയും കണ്ടില്ലെന്ന് നടിക്കുകയും തന്റെ പുതിയ ചിന്തകളെ പുറന്തള്ളിയും അച്യുതന്‍ മുന്നേറുന്നു.

'മരണം, അതൊന്ന് മാത്രമല്ലേ യാഥാര്‍ത്ഥ്യം, ചിത്രഗുപ്താ? താങ്കള്‍ വെറും സങ്കല്പമാത്രമായ വിദൂഷകനല്ലേ?' അച്യുതന്‍ യുദ്ധസജ്ജനാവുകയാണ്.

മരണം രേഖപ്പെടുത്തി മടങ്ങുമ്പോഴെങ്കിലും അയാള്‍ക്ക് ചിത്രഗുപ്തനെ വാദിച്ച് തോല്പിക്കണം. കാര്യകാരണങ്ങള്‍ ചിത്രഗുപ്തന്‍ അന്വേഷിക്കില്ല. മാത്രമല്ല തന്നെ ആത്മാവെന്ന് സംബോധന ചെയ്യും; അച്യുതന്റെ ചിന്താവിപ്ലവങ്ങള്‍ അയാള്‍ക്കുചുറ്റും നിഷ്പ്രയാസം തകര്‍ക്കപ്പെടാവുന്ന ചക്രവ്യൂഹങ്ങള്‍ മെനയുന്നു.

അനന്തതയില്‍ നിന്ന് തന്നെ പ്രണയിക്കുന്ന ഒന്നിലേക്കുള്ള യാത്രയില്‍ മുഖംമൂടികള്‍ ഉപേക്ഷിക്കലാണ് അച്യുതന്‍ ആദ്യം ചെയ്തത്. അനന്തതയില്‍ നിന്ന് അത് അച്യുതനിലേക്കും, അയാള്‍ അതിലേക്കും എത്തിപ്പെടാനുള്ള വ്യഗ്രത കാണിക്കുന്നു. ഒരു തുടര്‍ച്ചയാണ് അയാള്‍ ആഗ്രഹിക്കുന്നത്. എവിടെയോ നഷ്ടപ്പെട്ട പ്രണയം അച്യുതനെ തേടി വരുന്നത് അയാള്‍ അറിയുന്നു, അച്യുതന്‍ അതിനെത്തേടി പോകുന്നതും അയാള്‍ അറിയുന്നു.

അച്യുതന്‍ ആ തുടര്‍ച്ചയിലേക്ക് നടന്നുനീങ്ങുമ്പോള്‍ നമുക്ക് ചിത്രഗുപ്തനില്‍ നിന്ന് ചില സംശയനിവാരണങ്ങള്‍ തേടാം.

'ചിത്രഗുപ്താ, ആരാണയാള്‍?'

'അച്യുതന്‍, അച്ചു എന്ന് ബിന്ദു വിളിക്കും.'ചിത്രഗുപ്തന്‍ അച്യുതനെ തിരയുന്നു.

'എന്റെ ചോദ്യം അര്‍ത്ഥശൂന്യം ആണെന്ന് തോന്നുന്നുണ്ടോ താങ്കള്‍ക്ക്?'

'അര്‍ത്ഥശൂന്യമായ ഒന്നും പ്രപഞ്ചത്തില്‍ നിലകൊള്ളുന്നില്ല. ജനനം രേഖപ്പെടുത്തിയതുകൊണ്ട് മരണം രേഖപ്പെടുത്താന്‍ വെമ്പുന്ന ഒരുവന്‍, അതിലുപരി അച്യുതന്‍ ആരുമല്ല' ചിത്രഗുപ്തന്‍ അച്യുതന് വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നു.

'അപ്പോള്‍ അയാള്‍ ഇതുവരെ താങ്കളുമായി നടത്തിയ വാദപ്രതിവാദങ്ങള്‍......? എല്ലാം പൊള്ളയായിരുന്നോ?'

'എല്ലാറ്റിനും ആധാരം കാര്യകാരണങ്ങളാണ്, അതിനെപൊള്ളയെന്ന് പറഞ്ഞ് അധിക്ഷേപിക്കരുത്. നാം വീണ്ടും സംസാരിക്കും, മറ്റൊരവസരത്തില്‍' ചിത്രഗുപ്തന്‍ അച്യുതന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു.

എതിര്‍ദിശയില്‍ തന്റെ കാരണവും പേറി വരുന്ന ലക്ഷ്യത്തെ അച്യുതന്‍ തിരിച്ചറിഞ്ഞു. അയാള്‍ക്ക് അഭിമുഖമായി എത്തിയപ്പോള്‍ ബിന്ദുവും അയാളെ തിരിച്ചറിഞ്ഞു.അവളുടെ മാറില്‍ നിറഞ്ഞ് അമര്‍ന്നുകിടന്ന് ഒരു കുഞ്ഞ് വെറുതെ നൊണ്ണകാട്ടി ചിരിക്കുന്നു.നഗരം നിശ്ചലമാകുന്നത് അച്യുതന്‍ അറിയുന്നു.അനന്തരം നിശബ്ദത.

നിമിഷങ്ങളോളം അവര്‍ മുഖാമുഖം നോക്കിനിന്നു.പലപ്പോഴും ആവശ്യങ്ങളില്‍ അനാവശ്യമായി മൗനംപൂണ്ട് നില്ക്കുന്നവനാണ് മനുഷ്യന്‍.

നിശബ്ദതയ്ക്ക് അവള്‍ വിരാമമിട്ടു.

'മകളാണ്'

'നമ്മള്‍ ഒരുമിച്ച് കണ്ടിരുന്ന സ്വപ്നം…' അച്യുതന്‍ വാക്കുകള്‍ ചുരുക്കുന്നു.

'ഇന്ദു'

'ഞാന്‍ ഊഹിച്ചു. നമ്മള്‍ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന പേര്'ഫ്രോയിഡിന്റെ ചിന്തകള്‍ അച്യുതനെ അലട്ടുന്നു.

അച്യുതന്റെ കൈകള്‍ കുഞ്ഞിന്റെ .ഇന്നുവരെ അയാള്‍ അറിഞ്ഞിട്ടില്ലാത്ത ഒരനുഭൂതി അച്യുതനെ അനന്തതയിലേക്ക് നയിക്കുന്നു. കൂരിരുട്ടുപോലെ പടര്‍ന്നുകിടക്കുന്ന നിശ്ശബ്ദതയില്‍ അയാള്‍ തന്റെ സഹജീവികളെ തിരഞ്ഞു. അച്യുതന്‍ ബഫറ്റിനെ ഓര്‍മ്മിച്ചു. ബഫറ്റിന്റെ പെയിന്റിങ്ങുകള്‍ കണ്ടു.

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയെ തൊട്ടറിഞ്ഞ ശാന്തതയില്‍ അയാള്‍ തന്റെ തുടര്‍ച്ചയിലേക്ക് ഒഴുകി.

'ചിത്രഗുപ്താ, പ്രപഞ്ചമാണോ ആ ശക്തിയെ സൃഷ്ടിച്ചത്, അതോ ആ ശക്തിയാണോ പ്രഞ്ചത്തെ സൃഷ്ടിച്ചത്......?'

കാഴ്ചകള്‍ക്കപ്പുറം വിദൂരതയില്‍ എവിടെയോ മറകള്‍ സ്വയം മെനഞ്ഞ് ചിത്രഗുപ്തന്‍ ആരെയോ തിരയുന്നു.

'ചിത്രഗുപ്താ, നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?'

Subscribe Tharjani |