തര്‍ജ്ജനി

സൌമ്യ ഭൂഷണ്‍

Visit Home Page ...

സിനിമ

ആരാണ് അവളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങിടുന്നത്?

തീര്‍ത്തും പാട്രിയാര്‍ക്കലായ ഒരു കുടുംബസ്ഥിതിയില്‍ സ്ത്രീയ്ക്കു ലഭിക്കുന്ന സ്ഥാനം, മാനം എന്നിവ വളരെ സോഫ്റ്റ് ആയി അവതരിപ്പിക്കുന്ന ചിത്രമാണ് ബോബി സഞ്ജയ് തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജു വാര്യര്‍ എന്ന നടി അഭിനയത്തിലേക്ക് തിരിച്ചുവന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകത തന്നെ. പുരുഷകേന്ദ്രീകൃതമായ ഒരു കുടുംബവ്യവസ്ഥയില്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിതംകൊണ്ട് അവള്‍ ചെയ്യുന്ന ത്യാഗങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. കുടുംബത്തിനുള്ളില്‍ ഒതുങ്ങിപ്പോയ ഒരു സ്ത്രീ തന്റെ ഇഷ്ടങ്ങളുടെ ലോകം തിരിച്ചുപിടിക്കുന്നതും അതിലൂടെ അവളുടെ ജീവിതം അതിശയിപ്പിക്കുന്ന രീതിയില്‍ മാറുന്നതുമാണ് ഹൗ ഓള്‍ഡ് ആര്‍ യു.

കലക്ട്രേറ്റില്‍ യു.ഡി ക്ലര്‍ക്കായ 36കാരി നിരുപമ രാജീവ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കൗമാരകാലത്ത് പഠനത്തിലും പാഠ്യേതരകാര്യങ്ങളിലും മിടുക്കിയായിരുന്ന നിരുപമ പിന്നീട് കുടുംബിനി ആകുന്നതിലൂടെ തന്റെ സ്വപ്നങ്ങളും ആശകളും വെടിഞ്ഞ് കുടുംബവുമായി ഒതുങ്ങിക്കൂടുന്നവളാണ്. സര്‍വ്വീസിലെ പ്രമോഷന്‍പോലും അവള്‍ വേണ്ടെന്ന് വയ്ക്കുന്നത് കുടുംബപ്രാരാബ്ധം കൊണ്ടൊന്നുമല്ല. കുടുംബജീവിതം സമ്മാനിച്ച മടുപ്പുകളില്‍ നിന്നുവന്ന മടികൊണ്ടാണ്. കാലത്ത് എഴുന്നേല്ക്കാനും, ചായയിടാനും, പച്ചക്കറിച്ചെടികള്‍ക്ക് ഒരുതുള്ളി വെള്ളം ഒഴിക്കാന്‍പോലും മടിയുള്ള വീട്ടമ്മയായാണ് നിരുപമയെ ആദ്യപകുതിയില്‍ അവതരിപ്പിക്കുന്നത്. ഓഫീസിലെ ജോലിയും വീട്ടിലെ മറ്റു പണികളും കഴിഞ്ഞ് കിട്ടുന്ന ഇത്തിരിനേരം സീരിയല്‍ കാണാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്. പത്രവായന പോലുമില്ലായെന്ന് പറയുന്നത് അല്പം കൂടിപ്പോയില്ലേ എന്ന് സംശയം തോന്നുമെങ്കിലും നമുക്കു ചുറ്റിലുമുള്ള അനേകം ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് ഇതിനൊന്നും സമയം കിട്ടാറില്ല എന്ന് അറിയാവുന്നതുകൊണ്ട് നിരുപമയെ മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.

നിരുപമയുടെ ഭര്‍ത്താവ് രാജീവ് ആകാശവാണി പ്രോഗ്രാമറാണ്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഈ കഥാപാത്രം തികഞ്ഞ മെയില്‍ ഷോവനിസ്റ്റാണ്. പച്ചക്കറിയുടെയും ഭക്ഷണത്തിന്റെയും മാത്രം കാര്യങ്ങള്‍ പറയുന്ന ഭാര്യയോട് തന്റെ ഔദ്യോഗികകാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് പറയുമ്പോള്‍ അയാള്‍ പുരോഗമനചിന്തഗതിക്കാരനാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും സ്മാര്‍ട്ടായ ഭാര്യയെ ഒരു സ്റ്റാറ്റസ് സിംബലായി കാണുന്ന ഭര്‍ത്താക്കന്മാരുടെ ഗണത്തിലേ രാജീവിനെ പെടുത്താനാകൂ. അയര്‍ലണ്ടിലേക്കുള്ള പറിച്ചുനടല്‍ സ്വപ്നം കണ്ടുകഴിയുന്ന ടിപ്പിക്കല്‍ മിഡില്‍ ക്ലാസ്സ് മിഡില്‍ ലൈഫ് മാനായാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഈ കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് അയര്‍ലണ്ടിലേക്കുള്ള പറക്കല്‍ എന്ന് അയാള്‍ പറയുമ്പോള്‍ അത്തരം ഒരു സ്വപ്നമില്ലാത്തതിന്റെ പേരില്‍ ഭാര്യയെ പരിഹസിക്കുന്നുമുണ്ട്. ഇവിടെയും നിരുപമയെ സ്വപ്നം കാണുന്നതില്‍ നിന്ന് ഭര്‍ത്താവടക്കമുള്ളവര്‍ വിലക്കുന്നില്ല. പക്ഷെ സ്ത്രീ എപ്പോഴും തന്റെ സാഹചര്യങ്ങള്‍ നോക്കിയേ സ്വപ്നം കാണാറുള്ളു എന്ന് ചിത്രം പറയാതെ പറയുകയാണ്. അവളുടെ തീരുമാനങ്ങളില്‍ എപ്പോഴും മുന്‍തുക്കം ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന അവള്‍ക്കു ചുറ്റിലുമുള്ളവര്‍ക്കായിരിക്കും എന്നും ഹൗ ഓള്‍ഡ് ആര്‍ യു വില്‍ നിന്ന് വായിച്ചെടുക്കാം. എന്നാല്‍ സ്വന്തം ഇഷ്ടങ്ങളെ മറന്ന് ജീവിക്കുന്നത് ഒരു ത്യാഗമായി ഒരിടത്തും ചിത്രത്തില്‍ പറയുന്നുമില്ല. അത് സ്വാഭാവികമായും ജീവിതത്തില്‍ വന്നുചേരുന്ന ഒന്നായാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എത്ര ഇന്‍ഡിപ്പെന്‍ഡന്റാണെന്ന് മക്കള്‍ എന്ന് പറഞ്ഞാലും അവരുടെ അഡോലസന്റ് കാലത്ത് അമ്മയ്ക്കുള്ള പങ്ക് വലുതാണെന്ന് പറയുന്നിടത്തും സിനിമ അര്‍ത്ഥവത്താകുന്നു.

അവളുടെ സ്വപ്നങ്ങള്‍ക്ക് കാലപരിധി നിശ്ചയിക്കുന്നത് ആര് ?

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചോദ്യത്തില്‍ നിന്നുതന്നെയാണ് സിനിമ തുടങ്ങുന്നത്. ഒരു സായ്പടക്കം മൂന്നുപേരുള്ള ഇന്റര്‍വ്യൂബോര്‍ഡിനെ അഭിമുഖീകരിച്ചിരിക്കുന്ന നിരുപമ. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചോദ്യത്തിന് മുപ്പത്താറ് എന്ന് പതറലോടെയാണ് അവള്‍ ഉത്തരം നല്കുന്നത്. ഭര്‍ത്താവിനൊപ്പം അയര്‍ലണ്ടിലേക്ക് പോകാന്‍വേണ്ടി ജോലിയ്ക്കുള്ള ഇന്റര്‍വ്യൂവില്‍ ഇരിക്കുന്ന നിരുപമയുടെ മുഖത്ത് നിസ്സഹായതയാണ് കാണാനാവുക. സ്വന്തം ഇഷ്ടമാണോ അല്ലയോ എന്ന ചിന്തപോലുമില്ലാതെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മറുനാട്ടലേക്ക് പോകാനായി ശ്രമിക്കുന്ന സ്ത്രീ. അവിടെ ജോലി സമ്പാദിച്ചില്ലെങ്കില്‍ തന്നെ തഴയുമെന്നുള്ളത് അവള്‍ക്കുറപ്പാണ്. അതിനായുള്ള തത്രപ്പാടും തന്റെ നല്ലപ്രായം കഴിഞ്ഞുപോയി എന്ന തോന്നലുമാണ് ചിത്രത്തില്‍ ഉടനീളം കാണാനാകുക. ഒരുപക്ഷെ കേരളത്തിലെ നല്ലൊരുഭാഗം സ്ത്രീകളും നിരുപമയെപ്പോലെ സ്വന്തം ഇഷ്ടങ്ങള്‍ മറന്ന് ജീവിക്കുന്നവരാണ്. ഒരു കുട്ടിയായാല്‍ തന്റെ ജീവിതം അവിടെ അവസാനിച്ചു എന്നും ഇനിയുള്ള കാലം മക്കളെ വളര്‍ത്തുക, കുടുംബം നോക്കുക എന്നതിലേക്ക് ചുരുങ്ങണം എന്നും ചിന്തിക്കുന്നവരോ അത്തരത്തില്‍ ചിന്തിക്കാന്‍ നിയോഗിക്കപ്പെട്ടവരോ ആണ് അവര്‍.

സ്ത്രീയുടെ വിദ്യാഭ്യാസം, സാമ്പത്തികസ്വതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്ള സിനിമകള്‍ മലയാളത്തില്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ കേവലം ഇക്കണോമിക്ക് ഇന്‍ഡിപ്പെന്‍ഡന്‍സ് മാത്രം പോര ഒരു സ്ത്രീയ്ക്ക് എതാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസവും ജോലിയുംപോലെ, അല്ലെങ്കില്‍ അതിലുമേറെ പ്രധാനമാണ് കുടുംബത്തിലും സമൂഹത്തിലും അവള്‍ക്ക് ലഭിക്കേണ്ട അംഗീകാരമെന്നും ചിത്രം അടിവരയിടുന്നു. മിടുക്കികളായി സ്കൂള്‍-കോളജ്കാലം പൂര്‍ത്തിയാക്കിയ പല സ്ത്രീകളും ഒരു ജോലികിട്ടുന്നതോടെയും വിവാഹംകഴിച്ച് കുട്ടികളാകുതോടെയും ചൊടിയും ചുണയും നഷ്ടപ്പെട്ട് കുടുംബത്തില്‍ ഒതുങ്ങിത്തീരുന്നതാണ് നമുക്കു ചുറ്റിലും കണ്ടുവരുന്നത്. സമ്പന്നമായ ആ കഴിഞ്ഞ കാലത്തിന്റെ രേഖപ്പെടുത്തലായി, ശിഷ്ടകാലം അവര്‍ക്ക് കൈമുതലായുണ്ടാകുക പഴയകാല ഒര്‍മ്മകള്‍ ഒപ്പിവച്ച കുറച്ച് പടങ്ങളും കിട്ടിയ സമ്മാനങ്ങളും മാത്രമാകും. ഒരു സുഹൃത്തിനെ കാണുമ്പോഴോ പഠിപ്പിച്ച അദ്ധ്യാപകരെ കണ്ടുമുട്ടുമ്പോഴോ ആകും തങ്ങളുടെ ആ നല്ല കാലത്തെക്കുറിച്ച് അവര്‍ ഓര്‍ക്കുക തന്നെ. ഇത് സിനിമയില്‍ കൃത്യമായി രേഖപ്പെടുത്താന്‍ തിരക്കഥാകൃത്തുക്കള്‍ക്കായിട്ടുണ്ട്. സിനിമ കാണുമ്പോള്‍ ഇതുപോലെ നമുക്കു ചുറ്റിലുമുള്ള അനേകം സ്ത്രീകളുടെ വാടിയമുഖം മനസ്സിലൂടെ മിന്നിമായുമ്പോള്‍ സിനിമ യഥാര്‍ത്ഥലോകംപോലെ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.

നിരുപമയും മഞ്ജുവും

പതിനാലുവര്‍ഷത്തിനുശേഷം മഞ്ജു വാര്യര്‍ എന്ന നടി അഭിനയത്തിലേക്കു തിരിച്ചുവരുന്നു എന്നു കേട്ടപ്പോഴേ ആകാംക്ഷയിലായ പ്രേക്ഷകര്‍ക്കു മുന്നിലേക്കാണ് തന്റെ വ്യക്തിജീവിതവുമായി ഏറെ സാമ്യമുള്ള നിരുപമ രാജീവ് എന്ന സര്‍ക്കാര്‍ജീവനക്കാരി വീട്ടമ്മയായി മഞ്ജു എത്തുന്നത്. അഭിമുഖങ്ങളിലൂടെയും അല്ലാതെയും മഞ്ജു വില്‍ നിന്ന് കേള്‍ക്കാനാഗ്രഹിച്ച പല ചോദ്യങ്ങളുടെയും ഉത്തരമായിമാറി സിനിമയിലെ പല സംഭാഷണങ്ങളും. ഇത് തീര്‍ത്തും യാദൃച്ഛികം എന്ന് ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ പറയുമെങ്കിലും അങ്ങനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളം ഏറെ കാത്തിരുന്ന (മറ്റൊരു നടിയേയും ഇത്രയും കാത്തിരുന്നില്ല എന്നുതന്നെയേ പറയാവു) മഞ്ജു തിരിച്ചു വരുമ്പോള്‍ അവരെ ഏതു രീതിയില്‍ അവതരിപ്പിക്കണം എന്നത് അണിയറപ്രവര്‍ത്തകര്‍ ഗൗരവമായി എടുത്തിട്ടുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അപ്പോള്‍ ഇത്രയും കാലത്തെ മൗനത്തിനു പിന്നിലെ കാര്യങ്ങളും അതിനു കാരണക്കാരായവര്‍ക്കുള്ള മറുപടിയും ഉള്‍ക്കൊള്ളിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തി കൈയ്യടിനേടുക എന്ന കച്ചവടതന്ത്രമാണ് ചിത്രം തയ്യാറാക്കിയവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമാണ്. അത് ഏറെക്കുറെ വിജയം കാണുകയും ചെയ്തു എന്നുവേണം കരുതാന്‍. പതിനാലുവര്‍ഷമായി ഒതുങ്ങിക്കൂടുന്നു എന്നതും, മകളും ഭര്‍ത്താവും ഒറ്റപ്പെടുത്തുന്നുവെന്നതും, പ്രമുഖ വ്യവസായിയുടെ പ്രോത്സാഹനത്തിലൂടെ സ്വന്തം ഇഷ്ടത്തിലേക്ക് തിരിച്ചു വരുന്നുവെന്നതുമെല്ലാം നിരുപമയുടെ ജീവിതത്തെ മഞ്ജുവിന്റെ ജീവിതവുമായി കൂട്ടിവായിക്കാന്‍ പ്രേരണ നല്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജു എന്തിന് തിരിച്ചുവരണം എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ സിനിമ.

ഇത് സ്ത്രീപക്ഷസിനിമയോ

പുരുഷതാരങ്ങള്‍ ദീര്‍ഘകാലം കൈയ്യടക്കിവച്ച മലയാളസിനിമയില്‍ ഇത് ഏറെ ഹൃദ്യമായ മാറ്റത്തിന്റെ തുടക്കം തന്നെയാണ്. പുരുഷന്റെ തമാശകളും ആട്ടവും പാട്ടും ഇടിയും വെടിപറയലും കൊണ്ടുനിറഞ്ഞ സിനിമാകൊട്ടകള്‍ ഒരു സ്ത്രീയുടെ ശബ്ദവും ചലനവും ആസ്വദിച്ചു നില്ക്കുന്ന കാഴ്ച കാണാന്‍ ഇമ്പമുള്ളതു തന്നെ. കാലങ്ങളായി പുരുഷശബ്ദം മാത്രം മുഴങ്ങി കേട്ടുകൊണ്ടിരുന്ന തിയേറ്റുകളില്‍ സ്ത്രീശബ്ദമുണ്ടാക്കുന്ന ചലനങ്ങള്‍ തീര്‍ത്തും സ്വാഗതാര്‍ഹവുമാണ്. നിറഞ്ഞ തിയേറ്ററുകളില്‍ സ്ത്രീകളുടെ തിളങ്ങുന്ന കണ്ണുകളാണ് എവിടേയും കാണാനായത്. തന്റെ സ്വപ്നത്തിനും പിറകെ പോകുന്ന നിരുപമയ്ക്കൊപ്പം പ്രേക്ഷകരും സ്വന്തം സ്വപ്നമെന്തെന്ന് ഒരുവേള ചിന്തിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അതിശയമൊന്നുമില്ല. അത് സിനിമയുടെ വിജയമാണ്.

കുടുംബത്തിനകത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പറയുന്ന സിനിമകള്‍ ഇതിനുമുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. 'ചിന്താവിഷ്ടയായ ശ്യാമള'യും 'വെറുതെയൊരു ഭാര്യ'യും അതില്‍പ്പെടുന്നവയാണ്. എന്നാല്‍ ഈ സിനിമകളില്ലെലാം സ്ത്രീ കഥാപാത്രങ്ങള്‍ ഭര്‍ത്താവിന്റെ നിരുത്തരവാദിത്തത്തിലോ അസുഖത്തിലോ മനംനൊന്ത് കഴിയുന്നവളോ അടുക്കളയുടെ നാലുചുവരിനുള്ളില്‍ ജീവിതം തളച്ചിട്ടവളോ ആണ്. സിനിമ കഴിയുമ്പോഴും അവളുടെ ജീവിത്തതില്‍ പ്രത്യേകിച്ച് പുരോഗതിയൊന്നും ഇല്ലതന്നെ. അവളുടെ സന്തോഷത്തെ ഭര്‍ത്താവിന്റെ തിരിച്ചുവരവില്‍ ഒതുക്കിനിര്‍ത്തുകയാണ് ഈ സിനിമകള്‍ ചെയ്തത്. സ്വന്തം ഇഷ്ടങ്ങളുള്ളവളായി മലയാളസിനിമ സ്ത്രീയെ കണ്ടിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. അത്തരത്തില്‍ നോക്കുന്ന ബോബി-സഞ്ജയ് ടീം ഒരു പുരോഗമനചിന്തയ്ക്ക് തുടക്കം കുറിച്ചിരിക്കയാണ്.

കേരളത്തിലെ ഒരു ശരാശരി കുടുബത്തിനുള്ളിലെ അവസ്ഥകളാണ് ഹൗ ഓള്‍ഡ് ആര്‍ യു. ജീവിതകാലത്തെ അദ്ധ്വാനം മുഴുവന്‍ വീടുവയ്ക്കാനും കാറുവാങ്ങാനുമായി ഓടിനടക്കുന്ന ശരാശരി മലയാളിയുടെ പ്രതീകം തന്നെയാണ് രാജീവും നിരുപമയും. ജീവിതത്തിലെ ഓട്ടങ്ങള്‍ക്കിടയില്‍ ഒരുമിച്ച് ജീവിക്കാന്‍ മറക്കുന്നവരാണവര്‍. പരസ്പരമുള്ള പഴിചാരലുകള്‍ക്കിടയില്‍ ഒരു വാക്കുകൊണ്ടുപോലും അവര്‍ അന്യോന്യം പ്രചോദനമാകുന്നില്ല. എന്നാല്‍ കുടുംബത്തിനുപുറത്തുനിന്നുള്ള പ്രചോദനപരമായ സമീപനങ്ങള്‍ സിനിമയില്‍ നിരുപമയ്ക്ക് ഊര്‍ജ്ജവും ഉന്മേഷവുമാകുന്നുണ്ട്. ഒരു പഴയകാലസുഹൃത്ത് നല്കുന്ന ധൈര്യത്തിലും ഒരു പുരുഷസുഹൃത്തിന്റെ സഹായത്തോടെയുമാണ് അവള്‍ സ്വപ്നങ്ങളിലേക്ക് പിടിച്ചുകയറുന്നത്. അതിനായി അവള്‍ക്ക് ചുറ്റിലുമുള്ള മറ്റുള്ളവര്‍ എല്ലാ പിന്തുണയും നല്കുന്നുമുണ്ട്. ഇത്തരം പോസിറ്റീവായ കഥാഗതികള്‍ നമുക്ക് സന്തോഷം നല്കുന്നതു തന്നെയാണ്. അത് പ്രതീക്ഷയും ഊര്‍ജ്ജവുമാണ്. And, when you want something, all the universe conspires in helping you to achieve it എന്ന പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റിന്റെ തുടക്കത്തിലെ പ്രസിദ്ധമായ വരികള്‍ നമ്മള്‍ ഇവിടെ ഓര്‍ത്തുപോകുന്നു. ഈ സിനിമ ഇഷ്ടപ്പെടാന്‍ സ്ത്രീയാകണമെന്നില്ല. മനുഷ്യനായാല്‍ മതിയാകും.

വിമര്‍ശനങ്ങള്‍ പ്രസക്തമോ
സ്ത്രീപക്ഷസിനിമകള്‍ എന്ന ബാനറില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമകളായ 'ക്വീന്‍', 'ഇംഗ്ലീഷ് വിംഗ്ലീഷ്, 2009 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയായ 'ജൂലി ജൂലിയ' എന്നിവയുടെ ചുവടുപിടിച്ചാണ് ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തിരക്കഥ രൂപപ്പെടുത്തിയതെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കില്‍ തെറ്റൊന്നും പറയാനില്ല. ഗൗരി ശിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷുമായി പ്രത്യക്ഷത്തില്‍ത്തന്നെ നല്ല സാമ്യവും സിനിമയ്ക്കുണ്ട്. കുടുംബജീവിതത്തിലെ വിരസതയും ഭര്‍ത്താവില്‍നിന്നും മകളില്‍ നിന്നുമുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തലും അനുഭവിക്കുന്ന ശശി എന്ന മിഡില്‍ക്ലാസ്സ് വീട്ടമ്മയുടെ കഥയാണ് ഇംഗ്ലീഷ് വിംഗ്ലീഷ് കൈകാര്യംചെയ്യുന്നത്. എന്നാല്‍ മലയാളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് കരുതി നമുക്കാശ്വസിക്കാം. നല്ല ശക്തമായ ഒരു ത്രെഡ്ഡാണ് സിനിമയ്ക്കുള്ളതെങ്കിലും അതിന്റെ ഗൗരവം ഇടയിലെവിടെയോ ചോര്‍ന്നുപോയതായി അനുഭവപ്പെടുന്നുണ്ട്. സ്വപ്നത്തിനു പിന്നാലെ പോകണമെന്ന് പറയുമ്പോഴും എന്താണ് സ്വപ്നം എന്നത് ഫലിപ്പിക്കാന്‍ തിരക്കഥക്കാകുന്നില്ല. കുടുംബജീവിത്തതില്‍ സ്വപ്നങ്ങള്‍ കെട്ടുപോകുന്ന സ്ത്രീയുടെ ഉയിര്‍ത്തെഴുല്പ് എന്ന പ്രമേയം പറഞ്ഞുഫലിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുക്കളും സംവിധായകനും പരാജയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സിനിമയുടെ കേന്ദ്രപ്രമേയമായ സ്ത്രീയുടെ സ്വപ്നം നിരുപമയുടെ കാര്യത്തില്‍ എന്താണെ് നിര്‍ണ്ണയിക്കാന്‍ കഴിയാതെ പോയത്. അതുകൊണ്ടുതന്നെ രണ്ടാംപകുതിയില്‍ ഹൗ ഓള്‍ഡ് ആര്‍ യു ഒരു ഗുണപാഠസിനിമയുടെ വിരസതയിലേക്ക് തരം താഴുന്നുണ്ട്. ഇടയില്‍ ചില വലിച്ചിലുകളും എടുത്താല്‍ പൊന്താത്ത സംഭാഷണങ്ങളും കല്ലുകടിയുമായി.

സ്ത്രീയുടെ ഇഷ്ടങ്ങളും അവളുടെ സ്വപ്നവും വിജയവും പറയുന്ന ഒരു സിനിമ നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. 'വിജനതയില്‍' എന്ന റഫീക്ക് അഹമ്മദ്, ഗോപീസുന്ദര്‍ കൂട്ടുകെട്ടിലെ പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതും സന്ദര്‍ഭോചിതവുമാണ്. ശ്രേയയുടെ ശബ്ദത്തില്‍ അത് മനോഹരവുമാണ്. എന്നാല്‍ ചിത്രം കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം നിരുപമയുടെ മേക്കപ്പാണ്. മേക്കപ്പ് കൊണ്ട് നിരുപമ മുപ്പത്താറ് വയസ്സിലും അധികം വയസ്സായി തോന്നിക്കുന്നുണ്ട് എന്ന് അഭിപ്രായമുണ്ട്. എന്നാല്‍ മാരത്തണില്‍ പങ്കെടുക്കുന്ന രംഗത്ത് അവര്‍ ചെറുപ്പമായി തോന്നുകയും ചെയ്തു. എന്നാല്‍ അതില്‍ അതിശയമൊന്നുമില്ല. കാരണം മാരത്തണ്‍ രംഗത്ത് മേക്കപ്പ് ഇട്ട ആളല്ല മഞ്ജുവിന് സിനിമയില്‍ ഉടനീളം മേക്കപ്പിട്ടത്. മേക്കപ്പിലെ ആ വ്യത്യാസം പക്ഷെ നന്നേ മുഴച്ചുകാണിക്കുന്നുണ്ട് എന്നതും പറയാതെ വയ്യ. വസ്ത്രാലങ്കാരം ഒരുക്കിയ സമീറ സനീഷിനോട് പറയാനുള്ളത് നിരുപമയ്ക്ക് ഒരു ലൂസ് ചുരിദാറെങ്കിലും നല്കാമായിരുന്നു എന്നതുമാത്രമാണ്. ഓഫീസിലേക്കുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ അലക്കി ഇസ്തിരിയിട്ട സാരി ഉടുക്കുന്നവര്‍ (പ്രത്യേകിച്ച് മടിച്ചിയായ നിരുപമ) എത്രപേര്‍ നമുക്കിടയില്‍ ഉണ്ടെന്നതെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.

ഇത്തരം വിമര്‍ശനങ്ങളൊക്കെ പറയാമെങ്കിലും ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ വളരെ പോസിറ്റീവായി നീങ്ങുന്ന കഥാഗതി ആരിലും പുത്തനൂര്‍ജ്ജം പകരുന്നതാണ്. ന്യൂജെന്‍ സിനിമകള്‍ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ആലോകവും സംഘംചേരലും അവിഹിതവും അശ്ലീലസംഭാഷണങ്ങളും 22 ഫീമെയില്‍ പോലുള്ളവ തരുന്ന സ്യൂഡോ ഫെമിനിസവും വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയ മലയാളി ഈ സിനിമ തരുന്ന നന്മയ്ക്ക് നേരെ എന്തിന് കണ്ണടച്ചു നില്ക്കണം?

Subscribe Tharjani |
Submitted by Suresh Potteckat (not verified) on Fri, 2014-06-20 19:33.

ജാഡയില്ലാത്ത നിരൂപണം. ഈ സിനിമയെക്കുറിച്ച് സൈദ്ധാന്തികജാഡയും സിനിമാവാരികപ്പരുവത്തിലെ പ്രമോ ലേഖനങ്ങളുമേ കണ്ടുള്ളൂ.

ഈ ലേഖനം നന്നായി. തര്‍ജ്ജനിക്കും സൌമ്യയ്ക്കും നന്ദി.