തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

പട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം

‘സിംഘാ’ എന്ന വിദേശമദ്യം ആദ്യമായും ഒരുപക്ഷെ അവസാനമായും കുടിച്ചിറക്കിക്കൊണ്ട് ഞാന്‍ ഉറക്കെ കരഞ്ഞു..... ജീവിതത്തില്‍ ആദ്യമായി കഴിച്ച ആ ബീയറിന്റെ ലഹരിയാണോ അതുവരെ വിങ്ങിനിന്നിരുന്ന സങ്കടത്തിന്റെ പൊട്ടിപ്പുറപ്പെടലായിരുന്നോ അതെന്ന് എനിക്കറിയില്ല...” എന്തിനാ ദൈവം ഇവരെയൊക്കെ ഇങ്ങനെ ആക്കിയത്... അവരൊക്കെ എന്ത് തെറ്റാണ് ചെയ്തത്..” രണ്ടുദിവസംകൊണ്ട് പരിചിതയായ,’തോന്ഗ് ചായ്’ എന്ന ആ പ്രാദേശികറെസ്റ്റോറന്റിലെ, തിളങ്ങുന്ന ലോലമായ തൊലിയുള്ള പതിനെട്ടുവയസ്സോളം വരുന്ന ആ പെണ്കുട്ടിയെ ഞാന്‍ വേദനയോടെ നോക്കി.. അവള്‍ അര്ദ്ധനഗ്നയായി നിന്ന് അതിഥികള്ക്ക് മദ്യം വിളമ്പുകയായിരുന്നു.. അവളുടെ മുഖത്തുകണ്ട പ്രായത്തിനു ചേരാത്ത ആ ഭാവം എന്നെ അസ്വസ്ഥയാക്കി... ഞാന്‍ എന്തിനോ തേങ്ങിക്കൊണ്ടിരുന്നു.

സ്വപ്നതുല്യമായ ഒരു യാത്രയുടെ അവസാനദിവസമായിരുന്നു അത്... ബാങ്കോക്ക് എന്ന രാജ്യത്തിന്റെ കടല്‍ത്തീരനഗരമായ, സെക്സ്-ബീച്ച് ടൂറിസത്തിന്റെ ആസ്ഥാനമായ പട്ടായയിലെയ്ക്ക്... കടല്‍ കടന്നുള്ള ആദ്യത്തെ യാത്ര, വിവാഹശേഷമുള്ള ആദ്യത്തെ ദീര്ഘദൂരയാത്ര, ആദ്യത്തെ വിമാനയാത്ര.... അങ്ങനെ എന്തുകൊണ്ടും പ്രത്യേകതകള്‍ ഉള്ളതായിരുന്നു ആ യാത്ര... യാത്ര എന്നുപറഞ്ഞാല്‍, അത് പുതിയ ഒരു കാഴ്ചയും അനുഭവവുമാകണം.. മുന്‍നിശ്ചയപ്രകാരം ഹോട്ടല്‍മുറിയില്‍നിന്ന് ഒരു ഗൈഡ് നിശ്ചിതസ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനേക്കാള്‍, നാടിന്റെ ആത്മാവിലേക്ക് ഇറങ്ങാനാണ് ഞാന്‍ ആഗ്രഹിച്ചത്... അവിടുത്തെ കാഴ്ചകളെ കണ്ണില്‍ നിറച്ച്, ആ വായു ശ്വസിച്ച് ആ നാടിന്റെ നിറങ്ങളിലും ചലനങ്ങളിലും ഇടകലര്ന്ന് നടക്കണം.. ആ നാടിന്റെ നിറവും രുചിയും മണവും പിന്നീട് എത്രകാലം കഴിഞ്ഞാലും ഓര്മ്മയില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കഴിയണം. അതുകൊണ്ടാണ് ഗൈഡിനെ ഒഴിവാക്കി തനിയേ നഗരം കാണാനിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചത്..

ആദ്യദിവസം രസങ്ങളുടെതായിരുന്നു... കേരളത്തിലെ ഒരു പത്തുവര്ഷം മുമ്പത്തെ അവസ്ഥയോട്‌ കിടപിടിക്കുന്ന സുഖകരമായ കാലാവസ്ഥ... വൃത്തിയുള്ള വീഥികള്‍. മനോഹരമായ കടല്‍ത്തീരം... പാരാസൈലിംഗ് ഉള്പ്പെടെയുള്ള രസകരമായ വിനോദങ്ങള്‍.... വഴിയോരക്കച്ചവടക്കാര്‍... വ്യത്യസ്തമായ രുചികരമായ പ്രാദേശിക മത്സ്യവിഭവങ്ങള്‍... അറപ്പിക്കുന്ന നോട്ടങ്ങളോ അശ്ലീലകമന്റുകളോ ഇല്ലാത്ത സഞ്ചാരസ്വാതന്ത്ര്യം... മിക്കവര്ക്കും അവരുടെ മാതൃഭാഷയല്ലാതെ മറ്റൊന്നും അറിയില്ല... പക്ഷെ, ആംഗ്യഭാഷകൊണ്ട് ഏതൊരു സായിപ്പിനെയും വീഴിക്കാനുള്ള അവരുടെ ചാതുര്യംകണ്ട് നമ്മള്‍ അന്തംവിട്ടുപോകും..

പക്ഷെ സന്ധ്യയായിത്തുടങ്ങിയതോടെ പട്ടായയുടെ നിറംമാറിത്തുടങ്ങി. രാത്രിയില്‍ ഉണരുന്ന നഗരമാണ് പട്ടായ. പ്രായം മറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ചുണ്ടില്‍ കടും നിറങ്ങളണിഞ്ഞ, അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഒരു വൃദ്ധവേശ്യയാണ് ആ നഗരം എന്ന് എനിയ്ക്ക് തോന്നിത്തുടങ്ങി. മദ്യവും മദിരാക്ഷിയും അവിടെ നിയമാനുസൃതമായ കച്ചവടച്ചരക്കുകളാണ്. വഴിയോരങ്ങളില്‍ സുലഭമായ ബാറുകളില്‍ സംഗീതവും ലഹരിയും നുരയും. വിദ്യാഭ്യാസവും സംസ്കാരവും അവകാശപ്പെടാനില്ലാത്ത ആ ജനതയ്ക്ക് ശരീരമാണ് അവരുടെ പ്രധാനവില്പനവസ്തു.... വഴിയിലുടനീളം മസാജിംഗ് പാര്‍ലറുകള്‍... അവയ്ക്ക് മുന്നില്‍ ശരീരം പ്രദര്ശിപ്പിച്ച് നില്ക്കു ന്ന പ്ലാസ്റ്റിക് പാവകളേപ്പോലെയുള്ള പല പ്രായത്തിലും തരത്തിലുംപെട്ട പെണ്കുട്ടികള്‍.. ചുറ്റും തിളങ്ങുന്ന നിറങ്ങള്‍.. പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എല്ലാ അര്ത്ഥത്തിലും സുഖിക്കാന്‍ വന്നിറങ്ങുന്ന സ്ഥലം. അതാണ്‌ പട്ടായ.പട്ടായയുടെ എല്ലാ ടൂറിസംമനോഭാവവും പ്രകടമാക്കുന്ന ഒന്നാണ് അല്കസാര്‍ എന്ന അവരുടെ ശരീരപ്രദര്ശനഷോ. ഒരു ദിവസംകൊണ്ട് തന്നെ പട്ടായ എന്നെ മനംമടുപ്പിച്ചു തുടങ്ങിയിരുന്നു. ആദ്യം കണ്ട നല്ല നിറങ്ങള്‍ പിന്നീട് നരച്ചതും ഇരുണ്ടതുമായി എനിക്ക് തോന്നിത്തുടങ്ങി.

പക്ഷെ, നമ്മുടെ നാട്ടില്‍ പരിചിതരായ, കുടുംബത്തിനു വേണ്ടി ശരീരംവിറ്റ പെണ്ണിന്റെയോ കാമുകനോ ഭര്ത്താവോ വിറ്റുകളഞ്ഞ ഹതഭാഗ്യയുടെയോ മുഖമായിരുന്നില്ല അവര്ക്കൊന്നും. അവരുടെ കണ്ണുകളില്‍,ചലനങ്ങളില്‍ ജീവിതത്തോടുള്ള ത്വരയും ഉണര്‍വ്വും കാണാനുണ്ടായിരുന്നു. കണ്ണില്‍ക്കുത്തുന്ന വെളിച്ചവും ലഹരിയും നിറഞ്ഞ ആ മായികലോകത്തില്‍ ജീവിതത്തിന്റെ താളവും അര്ത്ഥവും കണ്ടെത്താന്‍ അവര്‍ ശീലിച്ചു കഴിഞ്ഞതുപോലെ തോന്നി. നമ്മുടെ നാട്ടിലെ സമീപകാലപീഡനസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേശ്യാവൃത്തി നിയമാനുസൃതമാക്കെണ്ട് അതിനെക്കുറിച്ച് എന്റെ ഭര്ത്താവ് സംസാരിച്ചു കൊണ്ടിരുന്നു. തുറിച്ചുനോട്ടങ്ങളോ വൃത്തികെട്ട കമന്റിടികളോ ഇല്ലാതെ അവിടെ സ്ത്രീകള്ക്ക് വഴി നടക്കാന്‍ പറ്റുന്നത് അത് കൊണ്ടാണെന്ന് അദ്ദേഹം സമര്ത്ഥിച്ചു. പക്ഷെ അപ്പോഴും ശരീരം, ചരക്ക് എന്നൊക്കെയുള്ള പദങ്ങള്‍ എന്റെ മനസ്സില്‍ ദഹിക്കാതെ, ചേരാതെ കിടന്നു. എവിടെ നോക്കിയാലും പ്രദര്ശനത്തിന് വച്ചിരിക്കുന്ന സ്ത്രീശരീരങ്ങള്‍ എന്റെ കാഴ്ചകളെ മഞ്ഞളിപ്പിച്ചു. ആ നാട് എനിക്ക് അന്യമാണെന്നും ഞാനൊരു താല്ക്കാലിക അതിഥി മാത്രമാണെന്നുമുള്ള ഒരു സഞ്ചാരിയുടെ മനസ്സും മനസ്സാന്നിദ്ധ്യവുംനേടാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു. ആ അസ്വസ്ഥതകളാണ് അന്ന് തോന്ഗ് ചായ് റസ്റ്റോറന്റിലെ ആ അവസാനരാത്രിയില്‍ അറിയാതെ തുളുമ്പിപ്പോയത്... ആ വേദനയുടെ ലഹരിയില്‍ ഞാന്‍ അന്നുറങ്ങിപ്പോയി.. പിറ്റേന്ന് യാത്രപറയാന്‍ ഞങ്ങള്‍ തോന്ഗ് ചായിലെത്തുമ്പോള്‍ ആ പെണ്കുയട്ടികള്‍ നമ്മുടെ നാട്ടിലെ ഒരു സാധാരണകുടുംബത്തിലെ വീട്ടമ്മമാരെപ്പോലെ പച്ചക്കറികള്‍ അരിയുകയായിരുന്നു.... സന്ധ്യയ്ക്ക് വീണ്ടും ഉണരുന്ന നഗരത്തിനു വിരുന്നു വിളമ്പാന്‍ അവര്‍ റസ്റ്റോറന്റിനെയും തങ്ങളേത്തന്നെയും ഒരുക്കുന്നത് കണ്ടിട്ടാണ് ഞങ്ങള്‍ തോന്ഗ് ചായോടും പട്ടായയോടും വിടപറഞ്ഞത്... അന്ന് വൈകുന്നേരം പട്ടായയില്‍ നിന്ന് ബാന്കോക്കിലേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ നല്ല മഴ പെയ്തിരുന്നു.. ആ മഴ കണ്ടിരുന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ആ സ്വപ്നനഗരത്തിന്റെയും അതിലെ മനുഷ്യരുടെയും അനിവാര്യവും സങ്കീര്ണ്ണവുമായ ജീവിതവഴികളോട് എനിക്ക് സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.

ബാന്കോക്ക് രാജനഗരമാണ്.. പ്രൌഢിയും അന്തസ്സും വിളിച്ചോതുന്ന നഗരം.. ഒരേ രാജ്യമാണെങ്കിലും പട്ടായയില്‍ ഒരിക്കലും കാണാത്ത കാഴ്ചകള്‍ അവിടെ കാണാം... സ്കൂളില്‍ പോകുന്ന കുട്ടികള്‍, പരമ്പരാഗതമായ വസ്ത്രധാരണംചെയ്ത വൃദ്ധജനങ്ങള്‍, പരിഷ്കൃതരായ യുവതീയുവാക്കള്‍... വഴിയോരക്കച്ചവടക്കാര്‍ നന്നേ കുറവ്... നിരനിരയായി ടാക്സികള്‍.. വൃത്തിയുള്ള റോഡുകള്‍.. പട്ടായയിലെപ്പോലെ തുറന്നബാറുകളോ മസ്സാജിംഗ് പാര്‍ലറുകളോ അവിടെ കണ്ടില്ല.. പകരം രാജകൊട്ടാരങ്ങള്‍,സ്കൂളുകള്‍, പാര്ക്കുകള്‍, മൈതാനങ്ങള്‍, ഗവര്‍ണ്‍മെന്റ് ഓഫീസുകള്‍... എല്ലാത്തിലും എല്ലായിടത്തും ആകെയൊരു അച്ചടക്കം.. നിയന്ത്രണം.. പട്ടായ എന്ന കടലോരനഗരം സഞ്ചാരികള്ക്ക് വ്യഭിചരിക്കാന്‍ തീറെഴുതിക്കൊടുത്തു നേടിയതാണ് ഈ പ്രൌഢിയെല്ലാം എന്ന് എന്റെ മനസ്സ് പറഞ്ഞു..

“കണ്ടില്ലേ എത്ര ബുദ്ധിപരമായിട്ടാണ് അവര്‍ കാര്യങ്ങള്‍ മാനേജ് ചെയ്തിരിക്കുന്നതെന്ന്... നമ്മുടെ നാട്ടിലുംവേണം ഇങ്ങനെയൊക്കെ..” മടങ്ങുന്നവഴി ഞങ്ങളുടെ സംസാരം വീണ്ടും പഴയ വിഷയത്തിലേക്ക് കടന്നു.. പക്ഷെ, ഏതൊക്കെ കുഞ്ഞുങ്ങള്‍ ശരീരം വില്ക്കണമെന്നും ആരൊക്കെ സ്കൂളില്‍പോയി പഠിക്കണമെന്നും എങ്ങനെ തീരുമാനിക്കും? ആര് തീരുമാനിക്കും? ഉത്തരം ഇല്ലാത്തതുകൊണ്ടായിരിക്കാം പിന്നെ ആരും സംസാരിച്ചില്ല. ഞങ്ങള്ക്കുപിന്നില്‍ അസ്വസ്ഥതകളോടെ ബാന്കോക്ക് മറഞ്ഞുകൊണ്ടിരുന്നു...

Subscribe Tharjani |