തര്‍ജ്ജനി

ഷബ്ന സുമയ്യ ചാലക്കല്‍

കീഴ്തോട്ടത്തില്‍
തോട്ടുമുഖം .പി.ഒ.
ആലുവ. 683105.
മെയില്‍ :shabu.sumi9@gmail.com
ബ്ലോഗ്‌: മെഴുകുസ്വപ്നങ്ങള്‍ http://sumayanam.blogspot.in/

Visit Home Page ...

കവിത

റിക്ഷകളുടെ നിശ്ശബ്ദത

റിക്ഷകള്‍ പണ്ടേ
അത്ഭുതപ്പെടുത്തുന്ന എന്തോ ആണ്.
റിക്ഷാവാലകള്‍;
ചുറ്റും അലറിവിളിച്ചും മുരണ്ടും
പാഞ്ഞുനീങ്ങുന്ന ലോകത്തില്‍
അവയൊന്നും അറിയാതെ
മെലിഞ്ഞ ചിന്തയില്‍ മുഴുകി
പിറകില്‍ ഞെളിഞ്ഞിരിക്കുന്ന
ഭാരങ്ങളെ മുഴുവന്‍
വലിച്ചുകൊണ്ട് സഞ്ചരിക്കും.
ദേഹമൊട്ടാകെ അരിച്ചുകേറുന്ന
കഴുത്തെല്ലില്‍ തുടങ്ങിയ
പഴയ വേദനയാവില്ല,
നിര്‍ത്താതെ പരിശ്രമിക്കുന്ന
ശോഷിച്ച കാലുകള്‍
കഴച്ചു തുടങ്ങിയതിന്റെ
പ്രയാസവുമാവില്ല,
ജീവിതമിങ്ങനെയീ റിക്ഷയില്‍
ചവിട്ടിത്തീര്‍ക്കുന്ന
ഓരോ നിമിഷത്തിലും
എത്ര ആഞ്ഞു ചവിട്ടിയിട്ടും
എവിടെയുമെത്താത്തതിനെപ്പറ്റി
ഓര്‍ത്തോര്‍ത്ത് മാത്രമാവാം
റിക്ഷാവാലയുടെ വിയര്‍പ്പ്
തുള്ളികളായി വീഴുന്നത്.
കണ്ണുകളില്‍ നിന്നല്ലല്ലോ
നനവിറ്റുന്നത്,
അതുകൊണ്ടാ റിക്ഷാക്കാരന്‍
കരയുകയാവില്ലാ,
അല്ലെങ്കിലും
കരയുന്നവര്‍ക്കെങ്ങിനെയാണ്
മൂകരാവാന്‍ കഴിയുക.

Subscribe Tharjani |