തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

വൈസ് ചാന്‍സലറാകാന്‍ ആരെയാണ് കാണേണ്ടത്?


കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

നേരെ ചോദിക്കാമല്ലോ, വൈസ് ചാന്‍സലറാകാന്‍ ആരെയാണ് കാണേണ്ടത്? സ്വകാര്യസ്കൂളില്‍ ജോലികിട്ടാന്‍ അതിന്റെ മുതലാളിയെ അല്ലെങ്കില്‍ അതിന്റെ ഉടമയെ കാണണം. നിയമനം കിട്ടാനുള്ള വ്യവസ്ഥ എന്തെല്ലാമെന്ന് അയാള്‍ പറയും. പലരും അദ്ദേഹത്തെ സമീപിച്ചിരിക്കും. അവരെല്ലാം വ്യവസ്ഥകള്‍ എന്തായാലും പാലിച്ച് ജോലിനേടാന്‍ ശ്രമിക്കുകയായിരിക്കും.മിനിമം വിദ്യാഭ്യാസയോഗ്യതവേണം. പിന്നെ കാശുകൊടുക്കണം. പ്രൈമറി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നിവയെക്കെല്ലാം വെവ്വേറെ റേറ്റുകളാണ്. ഒരോ നിമിഷവും ആകാശം ലക്ഷ്യമാക്കി കുതിച്ചുകയറുന്നതാണ് ആ നിരക്കുകള്‍.ഒഴിവ് പരിമിതവും ആവശ്യക്കാര്‍ ധാരാളവുമാണ് എന്നതിനാല്‍ പറയുന്ന കാശ് കൊടുത്തു പണിനേടാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ ധാരാളമായുണ്ട്. ഇത് നാട്ടുനടപ്പാവുന്നത് മാനേജ്മെന്റുകള്‍ നടത്തുന്ന സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കിത്തുടങ്ങിയതോടെയാണ്. കൃത്യമായി പറഞ്ഞാല്‍ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്റെ ഒരു അനാശാസ്യ ഉപഫലമായാണ് ഈ പരിപാടി തുടങ്ങിയത്. അതിനുമുമ്പ് സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റ് മാനേജര്‍ തനിക്ക് തോന്നുന്ന രീതിയില്‍ പങ്കിട്ടുകിട്ടുന്നതായിരുന്നു സ്കൂള്‍ അദ്ധ്യാപകന്റെ വേതനം. കാരൂരിന്റെ കഥകളില്‍ കാണുന്ന ദൈന്യത്തിന്റെ മൂര്‍ത്തരൂപങ്ങളായ അത്തരം അദ്ധ്യാപകരുടെ കാലം എന്നോ കഴിഞ്ഞുപോയി. പതിറ്റാണ്ടുകള്‍ തന്നെ നാം പിന്നിട്ടുകഴിഞ്ഞു.

സര്‍ക്കാര്‍ ശമ്പളം നല്കുന്ന ജോലിക്ക് മാനേജര്‍ കൈക്കൂലി വാങ്ങുന്ന സമ്പ്രദായം സ്കൂളുകളില്‍ മാത്രമല്ല കോളേജുകളിലും പണ്ടേ നിലവില്‍ വന്നതാണ്. അടിസ്ഥാനയോഗ്യത വല്ല വിധേനയും ഒപ്പിച്ചെടുത്താല്‍ ബാക്കിയെല്ലാ അയോഗ്യതകളും പണം പരിഹരിച്ചുകൊള്ളും. യോഗ്യതയുള്ളവര്‍ പുറത്തുനില്ക്കുമ്പോള്‍ നടത്തുന്ന ഈ തൊഴില്‍കച്ചവടം അധാര്‍മ്മികമാണെന്ന് മാത്രമല്ല നിയമവിരുദ്ധവുമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികതയുടെ പേരിലുള്ള സന്ദേഹങ്ങള്‍ മലയാളിസമൂഹത്തെ അലട്ടാറില്ല. ഇത്തരം അധാര്‍മ്മമികതകളുടെയും നിയമലംഘനങ്ങളുടെയും ഗുണഭോക്താവാകാനുള്ള സുവര്‍ണ്ണാവസരമായാണ് മലയാളികള്‍ ഇതിനെ കാണുന്നത്. കൈക്കൂലികൊടുത്ത് ജോലിനേടിക്കഴിഞ്ഞാല്‍ വിപ്ലവമോ ഗാന്ധിസമോ വലിയവായില്‍ വിളിച്ചുകൂവുന്ന സര്‍വ്വീസ് സംഘടനകളിലൊന്നില്‍ അംഗമാവും. അതോടെ എല്ലാ നിയമലംഘനങ്ങള്‍ക്കും പരിപൂര്‍ണ്ണമായ സംരക്ഷണം ഉറപ്പാവുന്നു. ഇങ്ങനെയൊരു തൊഴില്‍സംസ്കാരം നിലനില്ക്കുന്നിടത്ത് സര്‍വ്വകലാശാലകള്‍ക്ക് അതില്‍ നിന്നും മാറി നില്ക്കാനാവുമോ?

സ്വയംഭരണസ്ഥാപനങ്ങളാണ് സര്‍വ്വകലാശാലകള്‍ എന്നാണ് സങ്കല്പം. അക്കാദമികവും ഭരണപരവുമായ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ഉന്നതവിദ്യാഭ്യാസത്തിന്റെ സമുന്നതലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സര്‍വ്വകലാശാലകളെ പ്രാപ്തമാക്കുകയെന്നതുമാണ് സ്വയംഭരണപദവി സര്‍വ്വകലാശാലകള്‍ക്ക് നല്‍കിയതിന്റെ ഉദ്ദേശ്യം. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ കാലാകാലം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുകയാണ് ഇതിനായി സര്‍വ്വകലാശാലകള്‍ ചെയ്യേണ്ടത്. മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലയാണ് കേരളസംസ്ഥാനം നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. പീന്നീട് ഉത്തരകേരളത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടു. പേരില്‍ കോഴിക്കോടാണ് ഉള്ളതെങ്കിലും സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ടത് മലപ്പുറത്താണ്. മുസ്ലിം പ്രീണനത്തിനായി ഉണ്ടാക്കിയതെന്ന് കുപ്രശസ്തമായ ജില്ലയാണല്ലോ മലപ്പുറം. അവിടത്തെ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കുമ്പോള്‍ മതപരിഗണനവേണം എന്ന തീരുമാനം ഉണ്ടാവുന്നതോടെയാണ് വൈസ് ചാന്‍സലര്‍ പദവി ഒരു വെറും തസ്തികയായി തരംതാഴാന്‍ തുടങ്ങിയത്.

കൃഷിക്കും സാങ്കേതികവിദ്യയ്ക്കും സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തും കണ്ണൂരും സര്‍വ്വകലാശാലകളുണ്ടായി. ആദിശങ്കരന്റെ പേരില്‍ സംസ്കൃതത്തിനും ഭാഷാപിതാവിന്റെ പേരില്‍ മലയാളത്തിനും സര്‍വ്വകലാശാലകളുണ്ടായി. ഭരണം മാറുമ്പോള്‍ കോര്‍പ്പറേഷനുകള്‍ ഭരണകക്ഷിക്കാര്‍ പങ്കിടുന്നതുപോലെ അക്കാദമികളും സര്‍വ്വകലാശാലകളും പാര്‍ട്ടിക്കാരും ജാതി-മതലോബികളും പങ്കിടുവാന്‍ അവസരമൊരുങ്ങി. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ തസ്തികകളില്‍ നിശ്ചിതകാലപരിധിയിലാണ് നിയമനം. ഓരോ സര്‍ക്കാരും ഒഴിവുവരുന്ന ഇത്തരം തസ്തികകളില്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ നിയമിക്കും. സര്‍വ്വകലാശാലപോലെ ഉന്നതവിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാപനത്തിന്റെ അധിപനായിരിക്കാനുള്ള യോഗ്യതയോ അര്‍ഹതയോ ഉള്ളവരെയല്ല തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയാണ് കാലാകാലങ്ങളില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നിയമിച്ചിരുന്നത്. അക്കാദമികരംഗത്ത് ഒരു സംഭാവനയും നല്കിയിട്ടില്ലാത്തവരും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് യാതൊരു കാഴ്പപ്പാടുമില്ലാത്തവരും പാര്‍ട്ടിക്കാരുടെയും ജാതി-മതലോബികളുടേയും ഇഷ്ടന്മാര്‍ എന്ന യോഗ്യതയില്‍ വൈസ് ചാന്‍സലര്‍മാരായി. ഇതില്‍ നിന്നും ഒരു ചുവടുകൂടി മുന്നോട്ട് പോവുന്നത് കഴിഞ്ഞ ഇടതുപക്ഷമുന്നണി സര്‍ക്കാരാണ്. തങ്ങളുടെ സര്‍വ്വീസ് സംഘടനാ നേതാക്കളെ അവര്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലാ ഭരണസ്ഥാനങ്ങളില്‍ അവര്‍ നിയമിച്ചു. തെറ്റായ കാര്യങ്ങള്‍ കീഴ്വഴക്കമാക്കിയും മാതൃകയാക്കിയും അടുത്ത സര്‍ക്കാര്‍ കുതിച്ചുകേറാന്‍ തന്നെ തീരുമാനിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായി ഇപ്പോഴത്തെ സര്‍ക്കാരിലെ മുസ്ലിം ലീഗ് വിദ്യാഭ്യാസമന്ത്രി കണ്ടെത്തിയത് സര്‍വ്വകലാശാലാ അദ്ധ്യപനപരിചയം അശേഷമില്ലാത്ത ഒരു സ്വജനത്തെയാണ്. അദ്ദേഹത്തിന് വിദൂരവിദ്യാഭ്യാസപരിപാടിയിലൂടെ പോസ്റ്റ് ഗ്രാജുവേഷന്‍ ഉള്‍പ്പെടെ ബിരുദങ്ങള്‍ ഉണ്ടെന്നതാണ് അതിനായി കണ്ടെത്തിയ യോഗ്യത. സര്‍വ്വകലാശാലകളെക്കുറിച്ചും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും ഇത്രത്തോളം പ്രാകൃതധാരണകള്‍ പുലര്‍ത്തുന്ന ഒരു സംഘം ആളുകളാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളവര്‍. തങ്ങളുടെ കല്പനകള്‍ അനുസരിക്കുന്നവരും തങ്ങളുടെ താല്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരും പാദദാസന്മാരുമാണ് വൈസ് ചാന്‍സലര്‍മാരായിരിക്കേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. ഇക്കാര്യത്തില്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ നല്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് സ്വീകാര്യമല്ല. യു.ജി.സി നല്കുന്ന പണം വേണം. എന്നാല്‍ ആ പണം സ്വീകരിച്ച് ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനായി നല്കുന്ന നിര്‍ദ്ദേശങ്ങളൊന്നും സ്വീകരിക്കാനാവില്ല!!! തങ്ങള്‍ കണ്ടെത്തിയ ഹയര്‍ സെക്കന്ററി അദ്ധ്യാപകനെ നിയമിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് മറ്റൊരാളെ കണ്ടെത്തി. അദ്ദേഹമാവട്ടെ നിയമലംഘനവും കൃത്രിമവും നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ വിവാദത്തില്‍ അകുപ്പെട്ടിരിക്കയാണ്. വൈസ് ചാന്‍സലറെ പുറത്താക്കാന്‍ എസ.എഫ് .ഐ സമരത്തിനിറങ്ങിയിരിക്കയാണ്. താന്‍പ്രമാണിത്തത്തോടെ പ്രവര്‍ത്തിച്ച വൈസ് ചാന്‍സിലര്‍ക്കെതിരെ യുഡിഎഫുകാരായ സിണ്ടിക്കേറ്റ് അംഗങ്ങള്‍ വരെ കുറെക്കാലമായി പ്രതിഷേധിക്കുകയായിരുന്നു!!!!

കോട്ടയത്തെ സര്‍വ്വകലാശാല മഹാത്മാഗാന്ധിയുടെ പേരിലാണ്. അവിടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടയാള്‍ പുറത്താക്കപ്പെട്ടിരിക്കയാണ്. സ്വന്തം ബയോഡാറ്റയില്‍ കൃത്രിമം കാണിച്ചു, ശരിയല്ലാത്ത വിവരങ്ങള്‍ എഴുതിപ്പിടിപ്പിച്ചുവെന്നതായിരുന്നു പുറത്താക്കപ്പെടാനുണ്ടായ കാരണം. ബയോഡാറ്റയിലെ കൃത്രിമം പുറത്താവുകയും വിവാദമാവുകയും ചെയ്തപ്പോള്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട വൈസ് ചാന്‍സലര്‍ രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെ യോഗ്യതയും വ്യവസ്ഥയും നോക്കുകയാണെങ്കില്‍ കേരളത്തിലെ എത്ര വൈസ് ചാന്‍സലര്‍മാര്‍ ആ പദവികളില്‍ കാണും എന്ന ചോദ്യമാണത്. ആ ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രിയോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസവിചക്ഷണവേഷങ്ങളോ മറുപടി പറഞ്ഞിട്ടില്ല. പറയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറുടെ കൃത്രിമത്തെക്കുറിച്ച് വിവാദമുയരുകയും പ്രശ്നമാവുകയും ചെയ്തതിനു പിന്നാലെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറും യോഗ്യതയെക്കുറിച്ചുള്ള വിവാദത്തില്‍ അകപ്പെട്ടിരിക്കയാണ്. എം.ഫിലും പിഎച്ചഡിയും ഒരുമിച്ച് ചെയ്തുവെന്നതും ഗവേഷണപ്രബന്ധം സമര്‍പ്പിക്കാനുള്ള സമയപരിധിക്കു മുന്നെ അത് സമര്‍പ്പിച്ച് ബിരുദം നേടിയെന്നതല്ലാമാണ് ആരോപണങ്ങള്‍. അവ ശരിയാണെങ്കില്‍ ഒരു സര്‍വ്വകലാശാലയുടെ അടിസ്ഥാനപരമായ വ്യവസ്ഥകള്‍ പോലും ലംഘിച്ചയാളാണ് ആരോപണവിധേയനായ ഈ വൈസ് ചാന്‍സലര്‍. അത്തരം ആളുകളെയാണല്ലോ വൈസ് ചാന്‍സലറാക്കേണ്ടത്!!! സ്വകാര്യകോളേജില്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം സര്‍വ്വീസ് സംഘടനാനേതാവും പാര്‍ട്ടിനേതാവുമായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇതെല്ലാമാണ് ഉന്നതമായ അക്കാദമികസ്ഥാപനത്തെ നയിക്കുവാനുള്ള ഇദ്ദേഹത്തിന്റെ യോഗ്യതകള്‍.

ആദിശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാല സംസ്കൃതത്തിനുള്ളതാണ്. അവിടത്തെ വൈസ് ചാന്‍സലര്‍ക്ക് സംസ്കൃതഭാഷാപരിജ്ഞാനം വേണ്ടെന്നു മാത്രമല്ല പാര്‍ട്ടിസംസ്കാരമല്ലാത്തതൊന്നും ആവശ്യമില്ലെന്ന് തെളിയിച്ചത് കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരാണ്. അങ്ങനെയെങ്കില്‍ ഭാഷാപിതാവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട മലയാളസര്‍വ്വകലാശാലയില്‍ മലയാളം അറിയാത്ത ആളെ വൈസ് ചാന്‍സലറാക്കിയാലും തെറ്റില്ല. പത്തു വര്‍ഷം സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലിചെയ്തവരായിരിക്കണം വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ പരിഗണിക്കപ്പെടേണ്ടതെന്നാണ് യു.ജി.സിയുടെ വ്യവസ്ഥ. എന്നാല്‍ മലയാള സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് ഒരു ഐ.എ.എസ് കാരനാണ്. കേരളത്തിലെ നിരവധി ഐഎസുകാരില്‍ ഒരാള്‍ മാത്രം എന്നേ ഇദ്ദേഹത്തെക്കുറിച്ച് പറയാവൂ. ഭരണമികവിന്റെ ഒരു ചരിത്രവും ഇദ്ദേഹവുമായി ബന്ധപ്പെട്ട് കേട്ടിട്ടില്ല. ഏതാനും ചലച്ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്,സാഹിത്യസംബന്ധിയായി ചില പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതായുമാണ് യോഗ്യതയെങ്കില്‍ ബിച്ചു തിരുമല, യൂസഫലി കേച്ചേരി, റഫീക് അഹമ്മദ് എന്നിവരെ പരിഗണിച്ചാല്‍ മതിയാകുമായിരുന്നു.

മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍, സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. മറ്റ് സര്‍വ്വകലാശാലകള്‍ മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധഭാഷകളില്‍ ബിഎയും എം എയും നല്കുമ്പോള്‍ മലയാള സര്‍വ്വകലാശാല മലയാള നോവല്‍, കവിത,നാടകം,നിരൂപണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ബിരുദം നല്കുകയെന്നതാണ് അതിലൊന്ന്. സര്‍വ്വകലാശാല പ്രവര്‍ത്തിച്ചുതുടങ്ങി. അവിടെ അങ്ങനെയാണോ പഠനവും ബിരുദദാനവുമെന്ന് ജിജ്ഞാസുക്കള്‍ക്ക് അന്വേഷിക്കാവുന്നതാണ്. വൈസ് ചാന്‍സലറുടെ മറ്റൊരു തമാശ മലയാളത്തെ കമ്പ്യൂട്ടര്‍ഭാഷയാക്കാനുള്ള നടപടി കൈക്കൊള്ളുമെന്നാണ്. ഇക്കാലത്തിനിടയില്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടതെന്ന് അന്വേഷിക്കാവുന്നതാണ്. ഭാഷാപിതാവിന്റെ പേരിലുള്ള സര്‍വ്വകലാശാലയേക്കാള്‍ ഇദ്ദേഹത്തിന് ചേരുക കുഞ്ചന്‍നമ്പ്യാരുടെ പേരില്‍ ഒരു ഹാസ്യസര്‍വ്വകലാശാല ഉണ്ടാക്കി അതിന്റെ ആജീവനാന്ത വൈസ് ചാന്‍സര്‍പദവിയാണ്.

വൈസ് ചാന്‍സലറാകാന്‍ ആരെയാണ് കാണേണ്ടതെന്ന് ഇനി പ്രത്യേകം പറയേണ്ടതുണ്ടോ?

Subscribe Tharjani |