തര്‍ജ്ജനി

ഡി.യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

മടുപ്പ്

വേഗത മടുക്കുമ്പോള്‍
നടപ്പ് വരുന്നു
വെയിലേറ്റു മടുക്കുമ്പോള്‍
കൊന്നകള്‍ പൂക്കുന്നു.

പെയ്തുപെയ്തു മടുക്കുമ്പോള്‍
മഴവില്ലുദിക്കുന്നു.

ജീവിതം മടുക്കുമ്പോള്‍
കുഞ്ഞുങ്ങള്‍
കളിക്കുവാന്‍ വരുന്നു
അവള്‍ ചിണുങ്ങാന്‍ വരുന്നു
വിസ്മയംപോലൊരു രതി സംഭവിക്കുന്നു
ഉറക്കം കിട്ടാതലയുമ്പോള്‍
വെളുപ്പാങ്കോഴി കൂകിയുറക്കുന്നു
ഉറക്കം മടുക്കുമ്പോള്‍
ഒരു നിലവിളിഞെട്ടി ഉണരുന്നു

മടുപ്പ് അതിന്റെ മരുഭൂമികളില്‍
ഒരു ഉറവയെ ഉള്ളടക്കുന്നു
വൈകിട്ടെന്താ പരിപാടിയെന്നു ചോദിക്കുന്നു
അപ്പുറത്തേക്കുള്ള നേരംപോക്കുകളാകുന്നു

മടുപ്പ് ആഴമേറിയ മുറിവുകളാണ്
അത് മരുന്നുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു

മടുപ്പ് തൊട്ടതില്‍പ്പിന്നെയാണ്
ഗൗതമന്‍ ബുദ്ധനായത്
ക്രിസ്തു മനുഷ്യനായത്
ഗാന്ധി ഗാന്ധിജിയായത്

മടുപ്പ് നമ്മെക്കുറിച്ചുള്ള വലിയ തോന്നലുകളാവാം

Subscribe Tharjani |