തര്‍ജ്ജനി

മുഖമൊഴി

മദ്യം, ചൂതാട്ടം പിന്നെ ഭരണവും

ജനാധിപത്യസമൂഹത്തില്‍ ഭരണകൂടം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ ചൂതാട്ടവും മദ്യക്കച്ചവടവും കടന്നുവരുന്നത് നല്ല ലക്ഷണങ്ങളാണോ? ജനങ്ങളുടെ ദൌര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ഇവയോടൊപ്പം വേശ്യാലയങ്ങള്‍ സര്‍ക്കാരുകള്‍ ആരംഭിക്കാത്തത് സാന്മാര്‍ഗികപരിഗണ ഇപ്പോഴും ബാക്കി നില്ക്കുന്നുവെന്നതിനാലാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കുവാനുള്ള ആഗ്രഹമാണ് ലോട്ടറി ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. വലിയ സമ്മാനങ്ങള്‍ കിട്ടാതെ നിരാശനായി പിന്‍വാങ്ങാന്‍ ഇടയുള്ളവനെ ആകര്‍ഷിച്ചു നിറുത്താന്‍ ടിക്കറ്റ് വിലയ്ക്കുള്ള ചെറിയ സമ്മാനങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചാണ് സര്‍ക്കാറുകള്‍ ലോട്ടറികള്‍ നടത്തുന്നത്. ഭാഗ്യപരീക്ഷണവും പണം നേടാനുള്ള ആഗ്രഹവും മാറി ലോട്ടറിലഹരിയിലേക്ക് ജനങ്ങള്‍ വഴിമാറുന്നു. സാധാരണക്കാരായ ആളുകളാണ് ഇത്തരം ലഹരിക്ക് അടിപ്പെടുന്നത്. ഒറ്റ നമ്പര്‍ ലോട്ടറിയായാലും മറ്റേത് തരം ചൂതാട്ടമായാലും അവിടെ കൂട്ടംകൂടിയിരിക്കുന്നത് തൊഴിലാളികളും ചെറിയ വരുമാനം നേടുന്നവരുമാണ്. അവരുടെ അദ്ധ്വാനഫലമാണ് ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നത്. പണമുണ്ടാക്കാന്‍ ഇന്ന് നമ്മുടെ നാട്ടില്‍ എളുപ്പത്തില്‍ സാധിക്കുന്ന വഴികളായ രാഷ്ട്രീയമോ പലതരം തട്ടിപ്പുകളോ നടത്തുവാന്‍ ധൈര്യമോ കഴിവോ ഇല്ലാത്തവരാണ് സര്‍ക്കാരിന്റെ ലോട്ടറിക്കെണിയില്‍ വീഴുന്നത്.

സര്‍ക്കാരിന്റെ ധനാഗമമാര്‍ഗ്ഗമായി ലോട്ടറി കേരളത്തില്‍ നടപ്പിലാക്കിയത് ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുലര്‍ത്തുന്ന രാഷ്ടീയസദാചാരത്തിന് എതിരായ ഈ പ്രവര്‍ത്തനം സാധൂകരിക്കപ്പെട്ടത്, തങ്ങളുടേത് കമ്യൂണിസ്റ്റ് ഭരണമല്ല എന്ന യുക്തിയിലാണ്. ആശയങ്ങളും മൂല്യങ്ങളും മാറ്റിവെച്ച് നടത്തപ്പെടുന്ന അധാര്‍മ്മികമായ അഭ്യാസമാണ് ഭരണം. അക്കാരണത്താല്‍ത്തന്നെയാണ് മഹാത്മജിയെ രാഷ്ട്രപിതാവായി കൊണ്ടാടുന്ന സര്‍ക്കാര്‍ നേരിട്ട് മദ്യക്കച്ചവടം നടത്തുന്നത്. ഗാന്ധിജിയുടെ ആശയങ്ങളില്‍ മദ്യവര്‍ജ്ജനത്തിനുള്ള സ്ഥാനം അവഗണിക്കപ്പെടാനാവാത്തതാണ് എന്നതിനാല്‍, മദ്യം ഘട്ടം ഘട്ടമായി നിറുത്തലാക്കി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍ വരുത്തുകയെന്നതാണ് നയമെന്ന് സര്‍ക്കാര്‍ പറയും. ഘട്ടം ഘട്ടമായി നടപ്പിലാക്കുകയെന്ന് സര്‍ക്കാര്‍ പറയുന്നത്, അവര്‍ നടപ്പിലാക്കേണ്ടതും, എന്നാല്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് താല്പര്യമില്ലാത്തതുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. ഒരിക്കലും അവര്‍ അത് നടപ്പിലാക്കില്ല. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കുള്ള പ്രശ്നം ആ മേഖലയിലെ തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെടും എന്നതിനാലാണ്. ബീഡിയും സിഗരറ്റും പ്രചാരത്തിലായപ്പോള്‍ ചുരുട്ടുണ്ടാക്കുന്നവര്‍ക്ക് തൊഴില്‍ ഇല്ലാതായിട്ടുണ്ട്. പവര്‍ലൂമുകള്‍ വന്നപ്പോള്‍ കൈത്തറിക്കാരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ വരുന്ന ഒരോ മാറ്റവും സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുകയെന്നതാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. കമ്പ്യൂട്ടറിനെതിരെ സമരങ്ങള്‍ നടത്തിയ പ്രബുദ്ധതുയുടെ ചരിത്രമുള്ളവരാണ് മലയാളികള്‍ എന്ന കാര്യം ഇതോടൊപ്പം ഓര്‍മ്മിക്കേണ്ടതാണ്.

കേരളത്തില്‍ നടത്തപ്പെടുന്ന ബാറുകള്‍ പലതും നിലവാരമില്ലാത്തതാണെന്നതിനാല്‍ അവയുടെ ലൈസന്‍സ് പുതുക്കി നല്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണല്ലോ. സുപ്രീം കോടതിയുടെ ഒരു വിധിയാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണം. ബാറുകളുടെ നിലവാരം ഇല്ലായ്കയെന്നത് ഒറ്റ ദിവസം കൊണ്ട് സംഭവിച്ച കാര്യമാണോ? ബാറുകള്‍ നടത്താന്‍ ലൈസന്‍സ് നല്കുമ്പോള്‍ മുതല്‍ നടക്കുന്ന അഴിമതിയുടെ ഫലമാണ് നിലവാരമില്ലായ്മ. വാസ്തവത്തില്‍ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനം എന്നാണ് ഇതിനെ വിളിക്കേണ്ടത്. ഏത് സ്ഥാപനം നടത്തുമ്പോഴും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന കുറേ കാര്യങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. പണത്തിലുള്ള ആര്‍ത്തി കാരണം കൈക്കൂലി നല്കിയും ഗുണ്ടകളെ പോറ്റിയും കൊഴുപ്പിച്ചെടുക്കുന്ന മദ്യക്കച്ചവടം എല്ലാ വ്യവസ്ഥകളും ലംഘിക്കും എന്നതില്‍ ഒരു അത്ഭുതവുമില്ല. നമ്മുടെ നാട്ടില്‍ ഇന്ന് പ്രചാരത്തിലുള്ള കൊട്ടേഷന്‍ സംഘങ്ങള്‍ എന്ന വാക്ക് സൂചിപ്പിക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ സഹായം തേടാതെ ആരാണ് ഇക്കാലത്ത് വാണിജ്യരംഗത്തുള്ളത്? എന്തിന് പാര്‍ട്ടികള്‍ പോലും കൊട്ടേഷന്‍ സംഘത്തിന്റെ സഹായിത്തോടെയാണ് നരഹത്യ നടത്തുന്നതെന്ന് തൃശ്ശൂരില്‍ ഈയിടെ നടന്ന സംഭവം വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടേഷന്‍ സംഘക്കാര്‍ ആളെ മാറി പണി ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. രാഷ്ട്രീയം, വ്യവസായം, വാണിജ്യം എന്നിവയിലെല്ലാം നിയമലംഘനവും ക്രിമിനല്‍വത്കരണവും എന്ന പ്രശ്നമാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.

മുംബെയിലെ ചുവന്നതെരുവുകള്‍ നാം പലതവണ സിനിമകളില്‍ കണ്ടിട്ടുണ്ട്. ക്രിമിനലുകളുടെ നിയന്ത്രണത്തിലാണ് ആ സ്ഥലം. പലേടങ്ങളില്‍ തട്ടിക്കൊണ്ടുവരുന്ന പെണ്കുട്ടികളെ തടവിലാക്കി ലൈംഗികചൂഷണം നടത്തുകയും ചെയ്യുന്ന ഇത്തരം വേശ്യാലയങ്ങള്‍ പലേടങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന് പലപ്പോഴായി പലരും ആവശ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈംഗികസിനിമാ പ്രവര്‍ത്തനശാലകളും സ്ഥാപനങ്ങളും ഉണ്ട്. ലൈംഗികപട്ടിണി അനുഭവിക്കുന്നവര്‍ക്ക് ഉപശാന്തി തേടാനുള്ള ഇടങ്ങളാണ് അവ. സമൂഹത്തിന്റെ സന്മാര്‍ഗവും സമാധാനവും നിലനിറുത്തുന്നതില്‍ അവ വഹിക്കുന്ന സേവനം വളരെ വലുതാണ്. എന്തുകൊണ്ടാണ് ഭരണത്തിന്റെ എല്ലാ കാര്യങ്ങളിലും പാശ്ചാത്യലോകത്തെ അനുകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന നമ്മുടെ സര്‍ക്കാര്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാത്തത്? കാരണം ലളിതമാണ്, ഭരണം ജനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്, ജനങ്ങളുടെ സന്മാര്‍ഗ്ഗസങ്കല്പത്തെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. ചൂതാട്ടത്തിന്റെയും മദ്യത്തിന്റെയും കാര്യത്തില്‍ ഏറെക്കാലംകൊണ്ട് സര്‍ക്കാരുകള്‍ അവ സന്മാര്‍ഗ്ഗത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞിട്ടുണ്ട്.വേശ്യാലയളുടെ കാര്യത്തില്‍ അത് എപ്പോഴാണ് സംഭവിക്കുയെന്നേ നോക്കേണ്ടതുള്ളൂ.

Subscribe Tharjani |