തര്‍ജ്ജനി

പുസ്തകം

ചരിത്രം, ദേശം, പുരാവൃത്തം പിന്നെ വ്യക്തിയും

വിക്രം സാരാഭായ് സ്പെയിസ് സെന്ററില്‍ എഞ്ചിനിയറായിരുന്ന പി. ചന്ദ്രശേഖരന്റെ താല്പര്യമേഖലകളിലൊന്ന് ചരിത്രമാണ്. പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം എഴുതിയ ചരിത്രസംബന്ധിയായ അഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അതില്‍ രണ്ടെണ്ണം ആനുകാലികങ്ങളില്‍ പ്രസിദ്ധികരിക്കപ്പെട്ട അഭിമുഖത്തോടും കുറിപ്പിനോടും ഉള്ള പ്രതികരണങ്ങളാണ്. മറ്റുള്ളവ ചരിത്രവിജ്ഞാനത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടുകളുടെ വിശദീകരണമാണ്. പട്ടണങ്ങള്‍ അനാവരണം ചെയ്യേണ്ടത്, എഴുത്ത് വന്ന വഴി, ചരിത്രത്തിനും പൈതൃകങ്ങള്‍ക്കും തമ്മിലെന്ത്?, ചരിത്രത്തിന്റെ ഇച്ഛാശക്തി, നാം ചരിത്രം പറയുമ്പോള്‍ എന്നിവയാണ് ലേഖനങ്ങള്‍. ഇവയില്‍ പലതും തര്‍ജ്ജനിയിലൂടെ പ്രകാശിതമായവയാണ്. ചരിത്രകാരന്മാരുടേയും ഗവേഷകരുടേയും ശ്രദ്ധപതിഞ്ഞവയാണ് ഈ ലേഖനങ്ങള്‍. ചരിത്രപഠനത്തില്‍ തത്പരരായവര്‍ വായിച്ചിരിക്കേണ്ട പുസ്തകം.

നാം ചരിത്രം പറയുമ്പോള്‍
ചന്ദ്രശേഖരന്‍.പി.
80 പേജുകള്‍
വില : 65 രൂപ
പ്രസാധനം : പരിധി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം.695 014.

ഓര്‍മ്മപ്പുസ്തകങ്ങള്‍ എന്ന പരമ്പരയില്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച കൃതിയാണ് നോവലിസ്റ്റ് സി. അഷറഫിന്റെ ഈ ലേഖനസമാഹാരം. അദ്ദേഹത്തിന്റെ രണ്ട് നോവലുകളിലും നദി സജീവസാന്നിദ്ധ്യമാണ്.ഭാരതപ്പുഴയുടെ ചരിത്രവും വര്‍ത്തമാനവും ഭാവാത്മകമായ ഭാഷയില്‍ ആവിഷ്കരിക്കുന്നതില്‍ അഷറഫ് കൃതഹസ്തത പുലര്‍ത്തുന്നു. ധ്യാനാത്മകവും കാവ്യാത്മകവുമായ ഇദ്ദേഹത്തിന്റെ ഭാഷ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന് അപ്പുറമുള്ള ആത്മീയമാനത്തിലാണ് വിലയം പ്രാപിക്കുന്നത്. നദീതീരത്തെ വ്യക്തിജീവിതത്തെ കണ്ടെത്തുകയാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. സ്വന്തം ശൈശവവും ബാല്യവും മാത്രമല്ല, നദീതീരത്തെ നിരവധി മനുഷ്യരുടെ ജീവിതവും ഇതില്‍ പരാമൃഷ്ടമാകുന്നു. കൃതികള്‍ മാത്രമല്ല നദികളും മനുഷ്യകഥാനുഗായികളാണ് എന്ന് ഈ എഴുത്തുകാരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പേറ്റുജലത്തില്‍ നിന്നും നദീജലത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി ആത്മഭാഷണത്തിന് അതീതരസമുള്ള കഥകള്‍ പറഞ്ഞുതന്ന നദീതീരത്ത് മരിച്ചു മണ്ണടിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്ക് അദ്ദേഹം ഈ പുസ്തകം സമര്‍പ്പിക്കുന്നു.
നദികള്‍ മനുഷ്യകഥാനുഗായികള്‍
സി. അഷറഫ്
191 പേജുകള്‍
വില : 120 രൂപ
പ്രസാധനം: ഡി. സി.ബുക്സ്, കോട്ടയം
മലബാറിലെ സാംസ്കാരികരംഗത്തും അക്കാദമികമേഖലയിലും നിറഞ്ഞുനിന്ന സാര്‍ത്ഥകവും സഫലവുമായ സാന്നിദ്ധ്യമായിരുന്നു ഡോ.ടി.പി.സുകുമാരന്‍. പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച ഇദ്ദേഹം സര്‍വ്വകലാശാലകളില്‍ ഗവേഷണമാര്‍ഗ്ഗദര്‍ശിയായിരിക്കെയാണ് വിട്ടുപിരിയുന്നത്. എഴുത്തുകാരന്‍, നാടകകൃത്ത്, ചിത്രകാരന്‍, മൃദംഗവാദകന്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന തലങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുണ്ടായിരുന്നു. ആഴത്തിലുള്ള ചിന്തയും നവീതയ്ക്കവേണ്ടിയുള്ള അവസാനിക്കാത്ത അന്വേഷണങ്ങളുമാണ് ടി.പി.സുകുമാരനെ തന്റെ സമകാലികരായ അക്കാദമിക്കുകളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പരിസ്ഥിതിവിജ്ഞാനീയത്തെ സംഗീതവുമായി ചേര്‍ത്ത് നടത്തിയ അദ്ദേഹത്തിന്റെ പഠനം മൌലികചിന്തയുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ്.

ടി.പി.സുകുമാരന്റെ സന്തതസഹചാരിയായിരുന്ന കഥാകൃത്ത് ടി.എന്‍.പ്രകാശ് ബഹുമുഖമായ ആ വ്യക്തിത്വത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നു.
ഡോ. ടി. പി. സുകുമാരന്‍ - പേരിന്റെ പൊരുള്‍
ടി. എന്‍. പ്രകാശ്
154 പേജുകള്‍
വില : 100 രൂപ
പ്രസാധനം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍.

ദേശപുരാവൃത്തത്ത ആധാരമാക്കി ഹംസക്കുട്ടി എഴുതിയ നോവല്‍. ഭാവപരമായി ഈ കൃതി പുലര്‍ത്തുന്ന മൌലികത ശ്രദ്ധേയമാണ്. വടക്കന്‍ കേരളത്തിലെ അറക്കല്‍ രാജവംശവും സെന്റ് ആഞ്ചലോ കോട്ടയും പരിസരപ്രദേശവും അവിടുത്തെ ജീവിതവും ഓര്‍മ്മകളും ഭാവനകളും കാമനകളും ഇഴചേര്‍ന്നു നില്ക്കുന്ന രചനയാണ് ഈ നോവല്‍.മലയാളത്തിലെ ദേശകഥകളുടെ കൂട്ടത്തില്‍ നാം പരിചയപ്പെട്ടിട്ടില്ലാത്ത അനുഭവലോകം അവതരിപ്പിക്കുന്നുവെന്നത് ഈ നോവലിന്റെ സവിശേഷതയാണ്. പുരാവൃത്തം ചരിത്രത്തില്‍ നിന്നും അനുഭവങ്ങള്‍ ഭാവനയില്‍ നിന്നും എവിടെ വേര്‍പിരിയുന്നുവെന്ന് തിരിച്ചറിയാനാവില്ല. ദേശസ്വത്വത്തിന്റെ ഭാവനാത്മകമായ അന്വേഷണമാണ് ഈ നോവല്‍.ചരിത്രത്തിന്റെയും പുരാവൃത്തത്തിന്റെയും പുനര്‍വിന്യാസമാണ് ഈ കൃതിയെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വിലയിരുത്തുന്നു.
ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍
ഹംസക്കുട്ടി
320 പേജുകള്‍
വില : 275 രൂപ
പ്രസാധനം : ഗ്രീന്‍ ബുക്സ്, അയ്യന്തോള്‍, തൃശ്ശൂര്‍.
Subscribe Tharjani |