തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

ബീവറേജസിനു മുന്നിലെ മനുഷ്യാവകാശപ്രശ്നങ്ങള്‍

നിലവാരമില്ലാത്ത ബാറുകളുടെ പ്രവര്‍ത്തനാനുമതി റദ്ദുചെയ്യാന്‍ സുപ്രീം കോടതി പറഞ്ഞപ്പോഴാണ് കേരളത്തില്‍ ബാറുകളില്‍ പലതിന്റെയും വാതില്‍ അടഞ്ഞത്. എന്നുവെച്ചാല്‍ ബാറുകള്‍, മറ്റ് ഏത് സ്ഥാപനവും എന്നതുപോലെ പ്രവര്‍ത്തനാനുമതി നേടുന്നത്, നിശ്ചിതമായ രീതിയില്‍ പ്രവര്‍ത്തിക്കുവാനാണ്. അതിന്റെ ഭാഗമായി പലതരം സൌകര്യങ്ങളും ഒരുക്കിയിരിക്കണം. എന്നുമാത്രമല്ല, അവയെല്ലാം പ്രവര്‍ത്തനക്ഷമവും ആയിരിക്കണം. ലൈസന്‍സ് നേടാനായി ഒരുക്കിവെച്ച് പിന്നീട് ഒഴിവാക്കാവുന്നതല്ലെന്ന് സാരം. എന്നാല്‍ അങ്ങനെയല്ലാതെയായിരുന്നു കേരളത്തിലെ ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാറുകള്‍ക്ക് ലൈസന്‍സ് നല്കുവാന്‍ സര്‍ക്കാരിന്റെ സംവിധാനം ഉള്ളതുപോലെ, ലൈസന്‍സ് നേടി പ്രവര്‍ത്തിക്കുന്നവര്‍, അതിന്റെ വ്യവസ്ഥ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാനും വീഴ്ച വരുത്തുന്നവരെ ശിക്ഷിക്കാനും സര്‍ക്കാരിന് സംവിധാനം ഉണ്ട്. ഇതെല്ലാം ശമ്പളംകൊടുത്ത് പോറ്റിവളര്‍ത്തുന്ന സംവിധാനമാണ്. എന്നിട്ടും സുപ്രീം കോടതി പറയേണ്ടിവന്നു ബാറുകളുടെ പ്രവര്‍ത്തനം നിലവാരമില്ലാത്ത നിലയിലാണെന്നും അങ്ങനെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാന്‍ പാടില്ലെന്നും. ഇതില്‍ ആരാണ് വീഴ്ച വരുത്തിയത്, ബാര്‍ മുതലാളിമാരും നടത്തിപ്പുകാരും മാത്രമാണോ? അവരെ സഹായിക്കുകയും അവരുടെ താല്പര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയക്കാര്‍ കുറ്റവാളികളല്ലേ? ഈ സംവിധാനം, നിയമവിധേയമായും വ്യവസ്ഥകള്‍ അനുസരിച്ചുമാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ കുറ്റവാളികളല്ലേ? ലൈസന്‍സ് പുതുക്കി നല്കാത്തതില്‍ അവസാനിക്കേണ്ടതാണോ ഈ നടപടികള്‍?

കേരളത്തില്‍ ആകെ 752 ബാര്‍ ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്കിയത്. അതായത് നിശ്ചിതവ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്. ലൈസന്‍സിനുള്ള ഫീസ്, നികുതി എന്നിവ മാത്രമല്ല, ബാറുകള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെന്ന് ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടും. എന്തെല്ലാം സൌകര്യം ഉണ്ടായിരിക്കണം, മുറികള്‍ക്ക് എത്ര വലുപ്പം വേണം എന്നിങ്ങനെയെല്ലാം വ്യവസ്ഥചെയ്തിരിക്കും. ഈ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കുന്നത്. ഇങ്ങനെ ലൈസന്‍സ് നേടിയതില്‍ 418 ബാറുകള്‍ നിലവാരമില്ലാത്തതാണെന്ന്‌ കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. ഇത് ഒരു തര്‍ക്കവിഷയമായി വരുന്നത് നിലവാരമില്ലായ്മയുടെ പേരില്‍ ലൈസന്‍സ് പുതുക്കിനല്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ്. പതിവുപോലെ ലൈസന്‍സ് കിട്ടാതെപോയവര്‍ കോടതിയെ സമീപിച്ചു. വിഷയം സുപ്രീം കോടതിവരെയെത്തി. ബാറുകളുടെ നിലവാരമില്ലായ്മ എന്ന കാര്യം സുപ്രീംകോടതിയും ശരിവച്ചിരുന്നു. ലൈസന്‍സ് പുതുക്കിക്കിട്ടിയവരെക്കാള്‍ നിലവാരം തങ്ങള്‍ക്കുണ്ടെന്നായിരുന്നു കിട്ടാതിരുന്നവരുടെ വാദം. 334 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കിനല്കിയപ്പോള്‍ കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണം പ്രതിപക്ഷത്തുനിന്നും ഉണ്ടായി. കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന്‌ 25 കോടിരൂപ ബാറുടമകളില്‍നിന്നും കൈപ്പറ്റിയെന്നാണ്‌ ആരോപണം. കോഴ കൊടുത്തവര്‍ക്ക് നിലവാരമുണ്ടെന്ന് കണക്കാക്കി ലൈസന്‍സ് നല്കിയെന്നും, ചോദിച്ച പണം കൊടുക്കാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്കാതിരിക്കുന്നുവെന്നായിരുന്നു ആരോപണം. ബാര്‍ ലൈസന്‍സ് നല്‍കുമ്പോഴും തടഞ്ഞുവയ്ക്കുമ്പോഴും എങ്ങനെയൊക്കെ കാശുവരും എന്ന്‌ ഇടതുമുന്നണി ഭരണം നയിച്ച കോടിയേരിക്ക്‌ നന്നായി അറിയാമായിരിക്കും. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ബാറുകള്‍ പുതുതായി തുടങ്ങാന്‍ അനുമതി നല്കുകയും കാലഹരണപ്പെട്ട ലൈസന്‍സ്‌ പുതുക്കുകയും ചെയ്തിരുന്നു. അന്നത്തെ മാമൂലുകള്‍ അറിയുന്നതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഇടപാടില്‍ എത്ര കാശ് ഉണ്ടായിരിക്കമെന്ന് കണക്കുകൂട്ടാന്‍ വിഷമമില്ല.

മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നിയമവിരുദ്ധമായ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നില്ല. ഈ ഉദ്യോഗസ്ഥരാണല്ലോ ലൈസന്‍സ് ഒപ്പിട്ടുനല്കുന്നത്. അതു നിയമവിധേയമല്ലെങ്കില്‍, വ്യവസ്ഥകള്‍ പാലിച്ചുള്ളതല്ലെങ്കില്‍ അവര്‍ കുറ്റവാളികളാണ്. എക്സിക്യൂട്ടീവിനെ തങ്ങളുടെ അഴിമതി നടത്തുവാന്‍ ലെജിസ്ലേച്ചര്‍ ഉപയോഗപ്പെടുത്തുന്ന കീഴ്വഴക്കം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ജനാധിപത്യഭരണം അത് വ്യാപകമാക്കിയെന്ന് മാത്രം.വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരന്റെ താല്പര്യസംരക്ഷകരായി, അഴിമതിയുടെ പങ്ക് കൈപ്പറ്റുന്ന നിലയില്‍ അധഃപതിച്ചത് അറിയാത്തവര്‍ ആരും ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാവില്ല. ഇക്കാരണത്താലാണ്, അഴിമതിക്കെതിരെ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയിലെ ജനങ്ങള്‍ വോട്ടുനല്കിയത്. ലൈസന്‍സ് നല്കിയതിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് അവരുടെ നീതിബോധം കാരണമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ആ കാശ് ഞങ്ങള്‍ക്ക് വാങ്ങാനായില്ലല്ലോ എന്ന സങ്കടത്തിന്റെ ആവിഷ്കരണം മാത്രമാണ് അത്.

കേരളത്തിലെ മദ്യാസക്തി ഓരോ വിശേഷദിവസങ്ങള്‍ക്കുശേഷവും മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ വഴി നമ്മള്‍ അറിയുന്നതാണ്. ജില്ല തിരിച്ച്, താലൂക്ക് തിരിച്ച് കണക്കുകള്‍ വിസ്തരിച്ച് ഒന്നാം സ്ഥാനത്ത് ആരെന്നും രണ്ടാം സ്ഥാനത്ത് ആരെന്നുമെല്ലാം നമ്മെ അവര്‍ അറിയിക്കും. ഓരോ തവണയും എത്ര വര്‍ദ്ധനവ് ഉണ്ടായെന്നും അറിയാം. ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ മദ്യവില്പന ശൃംഖലയില്‍ കേരളത്തില്‍ ഇടനീളമുള്ള വിറ്റുവരവിന്റെ കണക്കാണ് നമ്മള്‍ ഇങ്ങനെ അറിയുന്നത്. അവിടെ നീണ്ട ക്യൂകളില്‍ ക്ഷമാപൂര്‍വ്വം കാത്തു നിന്ന് മദ്യം വാങ്ങി സര്‍ക്കാരിന് നികുതിപ്പണം നല്കുന്ന ഉപഭോക്താവിന് ബീവറേജസ് കോര്‍പ്പറേഷന്‍ നല്കന്ന സേവനത്തിന്റെ നിലവാരം എന്താണ്? പൊരിവെയിലത്തും മഴയത്തും തെരുവോരത്ത് ക്യൂ നിന്നാണ് ബീവറേജസ് കോര്‍പ്പറേഷനിലെ ഉപഭോക്താവ് മദ്യം വാങ്ങുന്നത്. തിക്കിത്തിരക്കി കൌണ്ടറിലെത്തി ഒറ്റ ശ്വാസത്തിന് തനിക്ക് വേണ്ടത് എന്തെന്ന് പറഞ്ഞ് കാശുകൊടുത്ത് ബില്ലടിച്ച് ഉപഭോക്താവ് കുപ്പിയും വാങ്ങി പുറത്തുകടക്കണം. ഒരാള്‍ക്ക് നൂണുകടക്കാനുള്ള ഇടം മാത്രമുള്ള കമ്പിവേലികളാണ് എല്ലാ ബീവറേജസ് വില്പനശാലകള്‍ക്കുമുള്ളത്. മികച്ച സൌകര്യമാണല്ലോ അത്. ഈ നാട്ടിലെ ഏത് കടയില്‍ നിന്ന് സാധനം വാങ്ങിയാലും അത് പൊതിഞ്ഞ് കൊണ്ടുപോകാന്‍ സഞ്ചി നല്കും. പലേടത്തും അതിന് കാശ് വാങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ കാശുകൊടുത്താലും സഞ്ചി കിട്ടില്ല. ബീവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ സംരഭത്തിന്റെ സേവനത്തിന്റെ കഥയാണ് പറയുന്നത്.

സ്വകാര്യസംരഭകര്‍ പ്രവര്‍ത്തിക്കുന്ന പല മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. മിശ്രസമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലയും സ്വകാര്യമേഖലയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നാണല്ലോ. പക്ഷെ, എങ്ങനെയാവും ആ പ്രവര്‍ത്തനം എന്ന് ഇപ്പോള്‍ നമ്മുക്ക് അറിയാം. കെ. എസ്. ആര്‍. ടി സി മുതല്‍ സര്‍ക്കാര്‍ ആശുപത്രിയും വിദ്യാലയവും വരെ നമ്മുടെ മുന്നില്‍ മാതൃകകളായുണ്ട്. പിടിപ്പുകേടിന്റെയും നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിന്റെയും ഉത്തമമാതൃകകള്‍. സര്‍വ്വീസ് സംഘടനകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ദല്ലാളികളുടെ ഒരു സംഘം എല്ലാ പിടിപ്പുകേടുകള്‍ക്കും നേതൃത്വം നല്കിക്കൊണ്ട് മറുപുറത്തു നില്ക്കുന്ന സ്വകാര്യസംരഭകരുടെ താല്പര്യം സംരക്ഷിക്കുന്നുണ്ടാവും. സ്വകാര്യമേഖലയിലാവട്ടെ പണിയെടുക്കുന്നവര്‍ക്ക് വ്യവസ്ഥയനുസരിച്ച് വേതനം പോലും നല്കില്ല. അത്തരം അനീതികള്‍ ചോദ്യം ചെയ്യാന്‍ പ്രബുദ്ധത അവകാശപ്പെടുകയും വ്പ്ലവകാരികളാണെന്ന് നടിക്കുന്നവര്‍ പോലും തയ്യാറാവില്ല. കാരണം, അവരുടെ സഹകരണസ്ഥാപനങ്ങളും നഗ്നമായ തൊഴില്‍ചൂഷണം നടത്തുന്നവരാണ്. വളരെ മോശം സേവന-വേതന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബീവറേജസിന്റെ കാര്യത്തിലും അതു തന്നെ അവസ്ഥ. സ്വകാര്യബാറുകളില്‍ രാവിലെ മുതല്‍ രാത്രിവരെ പണിയെടുക്കുന്നവര്‍.. അവര്‍ക്ക് കിട്ടുന്ന വേതനം എന്ത്? എന്താണ് അവരുടെ സേവനവ്യവസ്ഥകള്‍? ആരും എന്താണ് ബാര്‍ മുതലാളിമാര്‍ കാണിക്കുന്ന തൊഴിലാളിദ്രോഹത്തിനെതിരെ സംസാരിക്കാത്തത്? അങ്ങനെ കടുത്ത ചൂഷണത്തിന്റെയും അനീതിയുടെയും എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംരഭം ഉത്തരവാദിത്തത്തോടെ മാതൃകാപരമായ സേവനമല്ലേ കാഴ്ച വെക്കേണ്ടത്? എന്താണ് അതിന് തടസ്സം?

Subscribe Tharjani |