തര്‍ജ്ജനി

കുഴൂര്‍ വിത്സന്‍

ഇ-മെയില്‍: kuzhoor@gmail.com
വെബ്: വിശാഖം
www.kuzhur.com

Visit Home Page ...

കവിത

വയലറ്റിനുള്ള കത്തുകളില്‍ നിന്ന് ഒരു ഭാഗം

അങ്ങനെയിരിക്കെ
പതിനാറാമത്തെ ജന്മത്തില്‍
നീയെന്റെ ശവമടക്കിനു വന്നു
വെള്ളയില്‍ നല്ല ജോറായിട്ടുണ്ടെന്ന്
നീ കണ്ണിറുക്കി.

മഞ്ചപ്പെട്ടിയില്‍ കിടന്ന് എനിക്ക് നാണം വന്നു
(അതെ മഞ്ചപ്പെട്ടിയില്‍ കിടന്ന്
നാണിച്ച ആദ്യത്തെ ആള്‍)
നിന്റെ ഉടുപ്പിലെ
വയലറ്റുപ്പൂക്കളെക്കണ്ട്
പതിവുപോലെ എനിക്ക് വട്ടായി
എന്റെ മേത്ത് കിടന്ന
വെള്ള, ചോപ്പ, കറുപ്പുപൂക്കൾക്കൊക്കെ
ആ വയലറ്റുപൂക്കളോട് ദേഷ്യമായി
ഹും, ഒരു വയലറ്റുപ്പൂക്കൾ
മരിച്ചാലെങ്കിലും
നിങ്ങടെ വയലറ്റു വട്ട് തീരുമെന്നോർത്ത
ഞങ്ങളിപ്പം ആരായി
എന്ന് അവറ്റകൾ കാതിൽ കരഞ്ഞു
ചിരിയടക്കാൻ വയ്യാതെ
ഞാൻ പിടഞ്ഞു
എന്റെ ശവമടക്കിനു വന്ന ആളുകൾ
ഒന്ന് ഞെട്ടി
ദാ ചിരിക്കുന്ന ശവം
പിടക്കുന്ന ശവമെന്നൊക്കെ
അടക്കം പറഞ്ഞു
അവരാകെ കുഴപ്പത്തിലായി
ഞാനെണീറ്റ് വന്ന് നിന്റെ കയ്യും പിടിച്ച്
പാടവരമ്പിലേക്ക് പോയി
ഒരു കവിത കൂടെ ചൊല്ലിയിട്ട്
മരിച്ചാൽ മതിയെന്ന് നീ കൊഞ്ചി
മരിച്ചവർ കവിത ചൊല്ലിയാൽ
ആകാശം ഇടിഞ്ഞുവീഴുമെന്ന്
ഞാൻ പറഞ്ഞു
നീയില്ലാതെ എന്തിനു ഒരാകാശമെന്ന്
നീ കരഞ്ഞു
എനിക്കും സങ്കടം വന്നു
ഞാനും കരഞ്ഞു
മരിച്ചവർ കരയാൻ പാടില്ലെന്ന് നീ പറഞ്ഞു
ഞാൻ ചിരിച്ചു മരിച്ചവർക്ക് ചിരിക്കാമല്ലോ?

------------------------------------------------------------------------------------------------------------------

നിന്റെ മുലകള്‍ കുടിച്ച്
ഉറങ്ങുന്നതായി
ഞാനിന്നലെ സ്വപ്നം കണ്ടു.
സ്വപ്നം മുഴുവന്‍
മുലപ്പാല്‍ കൊണ്ടുനിറഞ്ഞു.
പുല്പായ
മുലപ്പാലിന്റെ കാളിന്ദിയായി.
എന്നിട്ടും നിന്നെ കൊല്ലാന്‍
പറ്റാതിരുന്ന ഒരു കണ്ണന്‍
നിന്ന് ചിരിക്കുകയാണു
അടുത്ത ജന്മം
നിന്റെ മുലകളില്‍ പറ്റിപ്പിടിക്കുന്ന
ഒരട്ടയായി ജനിക്കും ഞാന്‍
അന്ന് നിനക്കെന്നെ മനസ്സിലാകും.

Subscribe Tharjani |