തര്‍ജ്ജനി

ഗൌതമന്‍

ക്രാന്തി,
കുമാരപുരം (പി. ഒ.),
ഹരിപ്പാട്.

Visit Home Page ...

കവിത

റെമഡിയോസ്, മാർകേസിന്റെ പൂച്ച

ഒരു കാറ്റിന്റെ
ഇടത്തെ തോളിൽ ചവിട്ടി,
ആകാശത്തിലേക്ക് ചാടുന്ന ആ പൂച്ചയ്ക്ക്,
ചിറകുകൾ മുളയ്ക്കുന്നതിനു തൊട്ടുമുൻപുള്ള
മാന്ത്രികനിമിഷത്തിൽ
തീർച്ചയായും അതൊന്നു തിരിഞ്ഞുനോക്കും.

സദാ തീപിടിച്ച ആ തവിട്ടു കണ്ണിൽ,
അപ്പോൾമാത്രം, ഒരു നനവുണ്ടായിരിക്കും.
സ്ഫടികക്കണ്ണുകളിൽ അന്നേരം പ്രതിഫലിക്കും,
വേണ്ടെന്നുവെച്ചതെല്ലാം.

അനന്തരം, ദൈവങ്ങൾ പൂച്ചയെ
സ്വർഗത്തിലേക്കുയർത്തുകയും
അതിന്റെ ത്യാഗമനോഭാവത്തെ
വാനോളം വാഴ്ത്തുകയും ചെയ്യും.

ഭൂമിയിൽ,
പുതിയ പൂവുകൾ വിരിയുകയും
നമ്മളിലാരെങ്കിലും,
വേറൊരു പൂച്ചയെ
ചോറും മീനും നല്കി
വളർത്തുകയുംചെയ്യും.

എല്ലാം, പണ്ടേക്കുപണ്ടേ, പ്രളയപുസ്തകത്തിൽ
എഴുതപ്പെട്ടതാണോ
എന്നൊരു നെടുവീർപ്പ്
ഓരോ ആകാശത്തിൽ നിന്നും
പെയ്യുന്നുണ്ട്.

നനഞ്ഞുതിരുന്ന നമ്മൾ
ഇല്ലാത്ത കുടകളെ ആഗ്രഹിക്കുന്നുണ്ട്.

Subscribe Tharjani |