തര്‍ജ്ജനി

ഡോ. അപര്‍ണ്ണ നായര്‍

മെയില്‍ : cheruaparna@gmail.com

Visit Home Page ...

കഥ

മോളിക്കുട്ടിയുടെ ട്രോളി

'നില്ക്കൂ ............... നില്ക്കൂ ...... ദാറ്റ്‌സ് മൈന്‍‍'.......... മോളിയുടെ ബഹളംകേട്ട് ഡോ.ഫ്രാന്‍സിസ് അവളെ തട്ടിവിളിച്ചു.
'എന്താണ് സ്വപ്നം കണ്ടോ?'......... അയാള്‍ ചോദിച്ചതും മോളി പറഞ്ഞുകൊണ്ടേയിരുന്നു. 'ദേ ... ആ സായിപ്പ്എന്റെ ട്രോളി എടുത്തു കൊണ്ടുപോയി ... എന്റെ സാധനങ്ങള്‍... മുട്ടയും, മീനും, പയറുമെല്ലാം ഞാന്‍ എടുത്തുവച്ചതായിരുന്നു
.
'മോളീ...' അയാള്‍ അവളെ ഒന്നു കുലുക്കിവിളിച്ചു. ലജ്ജകൊണ്ടെന്നോണം അവള്‍ തലതാഴ്ത്തിയിരുന്നു.

'ശേ... നാണക്കേടായി... ഇനിയിപ്പോള്‍ അച്ചായന് എല്ലാവരോടും വിളിച്ചുപറഞ്ഞു കളിയാക്കാന്‍ ഒരു കാര്യംകൂടി ആയി. അവള്‍ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.

'എന്നാലും എന്തായിരുന്നു ആ സ്വപ്നം മോളൂസേ.'ഡോക്ടര്‍ വിടാന്‍ ഉദ്ദേശംഇല്ലെന്നു അവള്‍ക്കു പിടികിട്ടി.

'ഞാന്‍........ ഞാന്‍ ഒരുസായിപ്പിനെ സ്വപ്നംകണ്ടു. അയാള്‍ എന്റെ ട്രോളി മാറിയെടുത്തു കൊണ്ടുപോയി'. ഡോക്ടര്‍ സ്വതവേയുള്ള പരിഹാസച്ചുവയോടെ അവള്‍ പറഞ്ഞത് കേട്ടുനിന്നു.

പെട്ടെന്ന് ഡോക്ടര്‍ ഫോണ്‍ എടുത്തപ്പോഴേക്കും അവള്‍ക്കറിയാമായിരുന്നു, അത് പുതിയഫണ്ണി ന്യൂസ്‌ വിളമ്പാനാവും എന്ന്. ആ ചിന്ത തെറ്റിയില്ല. ഡോക്ടര്‍ എല്ലാംമറന്നു ചിരിക്കുന്നത് നാട്ടില്‍വരെ കേള്‍ക്കാം.'ഞാന്‍ ഇങ്ങനെ ആയിപ്പോയല്ലോ. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത കഴുത. ഡോക്ടര്‍മാരൊന്നും തനിക്കു ശരിയാവില്ലെന്നു അപ്പനോട് ഞാന്‍ പറഞ്ഞതാണ്‌.'സ്വന്തം ജന്മത്തെ അവള്‍ ശപിച്ചു. ഭാര്യയുടെ പരാജയങ്ങള്‍ ഇത്രയധികം ആഘോഷിക്കുന്ന ഒരു ഭര്‍ത്താവ്‌ ലോകത്തില്‍ വേറെ എങ്ങും കാണില്ല എന്നവള്‍ക്ക് തോന്നി.

മോളിക്കുട്ടി അങ്ങനെയാണ്. കടലും മലയുംതാണ്ടി ഈ മഞ്ഞുനാട്ടില്‍ എത്തുമ്പോള്‍ അവള്‍ ഒരിക്കലും കരുതിയില്ല, തനിക്കു ഇത്രയും വിലയില്ലാതാവുമെന്ന്. ഒമ്പത് മാസമാകുന്നു ഈ മഞ്ഞുനാട്ടില്‍ എത്തിയിട്ട്. ഇരുപത്തിനാലുമണിക്കൂര്‍ നീണ്ടയാത്ര.

പാല വിട്ട് ഇതുവരെയും എങ്ങും പോയിട്ടില്ലാത്ത തനിക്കു ആദ്യയാത്ര തന്നെ ഒരുപാട് ഓര്‍മ്മകള്‍ നല്കി. അവള്‍ക്ക് അമ്മച്ചിയെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. വിമാനത്താവളത്തില്‍ വെച്ചാണ്‌ അമ്മച്ചിയുടെ ചൂട് അവസാനം അവള്‍ അറിഞ്ഞത്‌. തന്നെ ചേര്‍ത്ത്നിര്‍ത്തി പൊട്ടിക്കരഞ്ഞ അമ്മച്ചിയെ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മോളിക്കുഞ്ഞേ എന്ന് വിളിച്ച് അലറിക്കരഞ്ഞ അപ്പച്ചനും, ഇച്ചായന്മാരും അവളില്‍ ഗൃഹാതുരത്വം ഉണ്ടാക്കി. കല്യാണം ഒന്നുംവേണ്ടായിരുന്നു എന്നവള്‍ക്ക് തോന്നിത്തുടങ്ങി.

മോളിക്കുട്ടി വീട്ടിലെ മാലാഖയായിരുന്നു. മൂന്നു ഇച്ചായന്മാരുടെ ഏകപെങ്ങള്‍; അപ്പന്റെയും അമ്മച്ചിയുടെയും ജീവനാഡി. കുടുംബത്തിലെ ഏകപെണ്‍തരി.

എല്ലാവരുടെയും ലാളനകള്‍മാത്രം ഏറ്റുവാങ്ങിയ കുട്ടി. അവളുടെ ജനനം അപ്പന്റെ ബിസിനസ്‌ പെട്ടെന്ന് ഉയരാന്‍ കാരണമായതിനാല്‍ അവള്‍ അവരുടെ ഭാഗ്യനക്ഷത്രമായിരുന്നു.അവള്‍ക്കു പതിനെട്ടുവയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു മേലേക്കല്‍ കുടുംബം. ഒരു വിവാഹമാമാങ്കത്തിന്. ഒരു വിദേശഡോക്ടര്‍ മേലേക്കല്‍ കുടുംബത്തെ മരുമകനായി വരുന്നതുംകാത്ത്‌ ഇരിക്കുകയായിരുന്നു അവരെല്ലാം. സത്യത്തില്‍ നാടിളക്കിയ ഒരു കല്യാണമായിരുന്നു മോളിക്കുട്ടിയുടേത്. പിശുക്കനായ അപ്പന്‍ പണംവാരിയെറിഞ്ഞ് നടത്തിയ കല്യാണം.

ഇന്നിപ്പോള്‍ ഈ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയി മോളിക്കുട്ടി. അച്ചായനുമൊത്ത് മാര്‍ക്കറ്റില്‍ പോകുന്നതും, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതും ഒഴിച്ചാല്‍ പുറംലോകം കാണുന്നതുതന്നെ ചുരുക്കം. അച്ചായനു നൈറ്റ്‌ഡ്യൂട്ടിഉള്ളപ്പോള്‍ തനിയെ മാര്‍ക്കറ്റില്‍പോകണം. ആദ്യം അവള്‍ക്കു അതൊരു പേടിസ്വപ്നം ആയിരുന്നു. മാര്‍ക്കറ്റില്‍ എത്തിയാല്‍ ആദ്യം ഒരു ട്രോളി എടുക്കും. ട്രോളി അവള്‍ക്ക് ഒരു അത്ഭുതവസ്തുവായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും ഒരു ട്രോളി അവള്‍ സംഘടിപ്പിക്കുമായിരുന്നു. അച്ചായന്‍ കളിയാക്കാറുണ്ടെങ്കിലും ട്രോളി ഉരുട്ടിനടക്കുന്നത് മോളിക്കുട്ടിക്ക് വലിയഇഷ്ടമായിരുന്നു. പിന്നെ കാണുന്ന സാധനങ്ങളുടെ വിലയെ മുപ്പതു (ഇന്ത്യന്‍രൂപയിലേക്ക് മാറ്റാന്‍)കൊണ്ട് ഗുണിച്ചുനോക്കും. അവസാനം ലാഭം എന്നുതോന്നുന്ന പയറും സവാളയും ഉരുളക്കിഴങ്ങും ഉണക്കമീനും വാങ്ങും. അപ്പന്റെ പിശുക്ക് അവള്‍ക്കു കിട്ടിയിട്ടുണ്ടെന്ന് അച്ചായന്‍ എപ്പോഴും പറയാറുണ്ട്.

മഞ്ഞു വാരാന്‍ വരുന്ന സായിപ്പും മഞ്ഞിനിടയിലെ പുല്ലുതിന്നുന്ന മുയലുകളും ഉണങ്ങിവരണ്ട മരച്ചില്ലകള്‍ തിന്നുന്ന മാനുകളും വേസ്റ്റ് വണ്ടിയുമൊക്കെ അവരറിയാതെ അവളുടെ ജനാലക്കൂട്ടുകാരായി. എന്നും വരാറുള്ള മുയല്‍ക്കുടുംബം അവരുടെ കുഞ്ഞുമായി എത്തിയപ്പോള്‍ അവളും ഒരു അമ്മയാവാന്‍ കൊതിച്ചു. തനിക്കും ഒരുകുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ക്കുതോന്നിയിരുന്നു. ഉടനെ കുഞ്ഞ് ആയാല്‍ എന്‍ജോയ് ചെയ്യാന്‍പറ്റില്ല, കൂട്ടുകാര്‍ കളിയാക്കും എന്നൊക്കെയാണ് അച്ചായന്‍ പറയാറ്. അതവള്‍ക്ക്‌ ഒട്ടും മനസ്സിലായില്ല.

യാ.. യാ.. ഓസം... എന്നിങ്ങനെ അത്യാവശ്യം ഇംഗ്ലീഷ് പ്രാവീണ്യം അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും അച്ചായന്‍ അതില്‍ തൃപ്തനായിരുന്നില്ല. അയാളുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി അവള്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിനുചേര്‍ന്നു. ഒരുപക്ഷേ നാണക്കേടില്‍നിന്നും രക്ഷപ്പെടാന്‍ അച്ചായന്‍ കണ്ടുപിടിച്ച പുതിയ വഴിയാവാം അതെന്ന് അവള്‍ക്കുതോന്നി. കഴിഞ്ഞ തവണ മാര്‍ക്കറ്റില്‍ പോയപ്പോള്‍ അച്ചായനും കൂടെവന്നു. താന്‍ ഉണ്ടാക്കിയിരുന്ന പയറും ഉരുളക്കിഴങ്ങും ഉണക്കമീനും കഴിച്ചു അച്ചായന്‍ മടുത്തുപോയതുകൊണ്ടാവാം. മീനുകളെ കൂട്ടംകൂട്ടിയിട്ടു വില്ക്കുന്നത് കണ്ടപ്പോള്‍ അച്ചായന്‍ അവിടെത്തന്നെ നിന്നു.

അമ്മച്ചി വെക്കുന്ന കുടംപുളിയിട്ട മീനിന്റെ രുചി വായിലെത്തിയെങ്കിലും അച്ചായനെ പിടിച്ചുവലിച്ചുകൊണ്ട് അവള്‍ പോകാന്‍ശ്രമിച്ചു.'ഇത് നെയ്മീന്‍

ആണെന്ന് തോന്നുന്നു, അച്ചായന്‍ തന്റെ ആഗ്രഹം പറഞ്ഞുകൊണ്ടേയിരുന്നു.'കൂട്ടത്തില്‍ മാന്യനായ ഒരു സായിപ്പിനോട്‌ അവര്‍ ചോദിച്ചു. 'ഓസം...

ഓസം... എത്രയാ കിലോയ്ക്ക്. ചോദ്യംകേട്ടതും അച്ചായന്‍ വിളറിവെളുത്തിരുന്നു. പിന്നീട് മാസങ്ങളോളം അവളുടെ 'മംഗ്ലീഷ്' സംസാരവിഷയമായിരുന്നു.

രണ്ടുവര്‍ഷം വേണ്ടത്ര മാറ്റം മോളിക്കുട്ടിയില്‍ ഉണ്ടാക്കിയിരുന്നു. ഇംഗ്ലീഷ് ഇപ്പോള്‍ അവള്‍ക്കൊരു പേടിസ്വപ്നം അല്ലാതായി. അവള്‍ സ്വയം ഡ്രൈവ്ചെയ്തുപോകാനും പിശുക്ക്കൂടാതെ ട്രോളിനിറയെ സാധനങ്ങള്‍ വാങ്ങാനും തുടങ്ങി. അവളൊരു അമ്മയാകാനും പോകുന്നു. നാട്ടില്‍

പ്രസവത്തിന് പോകണമെന്ന് എല്ലാവരും പറഞ്ഞെങ്കിലും അച്ചായന്റെ ആഗ്രഹപ്രകാരം എല്ലാം മഞ്ഞുനാട്ടില്‍ത്തന്നെ ആകട്ടെയെന്നു തീരുമാനിച്ചു. പ്രസവവാര്‍ഡിലേക്കു അച്ചായന്റെ കൈപിടിച്ചു നടന്നപ്പോള്‍ അവള്‍ ഏറ്റവുംഓര്‍ത്തത്‌ അമ്മച്ചിയേയായിരുന്നു. വിമാനത്തില്‍ കയറാന്‍ ഭയമായതിനാല്‍

അമ്മച്ചി മകളുടെ പ്രസവശുശ്രുഷയ്ക് വരാന്‍ വിസമ്മതിച്ചു.

ചെറിയ അസ്വസ്ഥതകള്‍ തോന്നിയെങ്കിലും നിരനിരയായി പോയിക്കൊണ്ടിരുന്ന ട്രോളികള്‍ അവളെ ഉന്മേഷഭരിതയാക്കി. ബാസ്കെറ്റ്‌ ട്രോളി, കട്ടില്‍ട്രോളി,

കസേരട്രോളി അവയുടെ പേരുകള്‍ മാറിമാറി വിളിച്ചുകൊണ്ട് അവള്‍ പ്രസവമുറിയിലെത്തി. അവളുടെ അടുത്തേക്ക് വന്ന കട്ടില്‍ട്രോളിയില്‍ അവള്‍

തെല്ലൊരു അഭിമാനത്തോടെ കയറി. അതില്‍നിന്നും വീണ്ടും അടുത്ത ട്രോളിയില്‍ എത്തിയപ്പോഴേക്കും കലശലായ വേദന അവള്‍ക്കു തുടങ്ങിയിരുന്നു.

പിന്നെയുണ്ടായതൊന്നും അവള്‍ക്കു വലിയ ഓര്‍മ്മയില്ല. ബോധംവീണപ്പോള്‍ അവള്‍ അച്ചായനോട് പുതിയ ആളെ തിരക്കി. 'നമ്മുടെ മകൾകുട്ടികളുടെ നഴ്സറിയില്‍ വിശ്രമത്തിലാണ്.' അച്ചായന്‍ പറഞ്ഞപ്പോഴും അവള്‍ അക്ഷമയായിരുന്നു. പാതിമയക്കത്തില്‍നിന്ന് ഉണര്‍ന്നപ്പോള്‍

കണ്ട കാഴ്ച മോളിക്കുട്ടിയുടെ കണ്ണ്നിറച്ചു. ഒരു തൊട്ടില്‍ ട്രോളിയില്‍ വെള്ളമാലാഖമാര്‍ ആനയിച്ചുകൊണ്ടുവരുന്ന തന്റെ മകൾ.

എന്റെ കുഞ്ഞിനും ഒരു ട്രോളി!!!! അവള്‍ ആവേശത്തോടെ കുഞ്ഞിനെ നെഞ്ചോടുചേര്‍ത്തുവച്ചു.

Subscribe Tharjani |