തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

സവർണ്ണൻ

ഓരോ കടന്നുവരവിലും ഓർമ്മിപ്പിയ്ക്കാറുണ്ട്;
ഇതാദ്യത്തേയെന്ന്!
ഇത്തരം യാത്രകൾ...
തേടലുകൾ...
ഇത്തരം പാനങ്ങൾ...
സംഭോഗങ്ങൾ...

നിനക്കുമാത്രം നിന്നോടുമാത്രമെന്ന്
അടിമപ്പെണ്ണിനോടു മനസ്സു തുറക്കുന്ന
ഷഹസാദ്...
നിന്റെ വേഗങ്ങളിൽ
ഒഴുക്കറ്റ മറ്റൊരു പുഴ!

എനിയ്ക്കു പ്രവേശിയ്ക്കാനരുതാത്ത
നിന്റെ വിളക്കുമാടങ്ങൾ...
വിലക്കിന്റെ നാലുകെട്ട്...
മതിൽ ക്കെട്ടുകൾ...
കോട്ടകൊത്തളങ്ങൾ...

ആശുപത്രിക്കിടക്കയിൽ
നീ ഞരമ്പു പൊട്ടിക്കിടന്നപ്പോഴാണു
അരുതായ്മകളുടെ ഈ അയിത്തം
എനിയ്ക്കുമിതാദ്യമെന്ന്
ഞാനാദ്യമായി പറഞ്ഞത്.

നിന്റെ താപത്തിന്റെ കനലാറ്റാൻ
എന്റെ കൃഷ്ണമണിയിലെ
കറുപ്പു മാത്രം മതി...
നിന്റെ കാമത്തിന്റെ ഉഷ്ണമകറ്റാൻ
എന്റെ ദേഹത്തിന്റെ
പച്ച മാത്രം മതി...

എന്നിട്ടും
ഏതു പുണ്യാഹശുദ്ധിയിലും
കറ വറ്റാത്ത എന്റെ നിറം...
ഒരഗ്നിയും മായ്ച്ചുകളയാത്ത
സിരകളിലെ കറുപ്പ് ...

കാലമെത്ര ചവച്ചുതുപ്പിയാലാവും
നിന്റെ ഭൂമികയിലൊരു
വേലിത്തലപ്പിലെങ്കിലും
എനിയ്ക്കൊന്നു പൂക്കാനാവുക...??!!!

Subscribe Tharjani |