തര്‍ജ്ജനി

കലഹിക്കുന്നവരുടെ സുവിശേഷം

ചരിത്രപുരുഷന്‍മാര്‍ കഥാവശേഷരാകുമ്പോള്‍ ചരിത്രം ജനിക്കുന്നു. ചരിത്രത്തില്‍ ഇടം കിട്ടാതെ പോകുന്ന സാധാരണക്കാര്‍ക്ക്‌ അതിനാല്‍ കഥകളില്ല. ഷൊര്‍ണ്ണൂര്‍ക്കാരന്‍ ഗോപിനാഥമേനോന്റെ ആത്മഹത്യ രേഖപ്പെടുത്താന്‍ മാത്രം അര്‍ത്ഥവത്തായ ഒരു ജീവിതം അവശേഷിപ്പിക്കുന്നില്ല. അയാള്‍ ഒരു സാധാരണ എന്‍ജിനീയറാണു്‌. അഹമ്മദാബാദിലും കല്‍ക്കത്തയിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തു് മദ്യപാനിയായി ജീവിച്ച ചെറുപ്പക്കാരന്‍ . ഇടയ്ക്കിടെ പലതും പലരുമായി കലഹിച്ച വികാരജീവി. ഗുജറാത്ത്‌ കലാപത്തില്‍ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ പത്രത്തില്‍ കണ്ടപ്പോള്‍ സങ്കടം സഹിക്കവയ്യാതെ അയാള്‍ ആത്മഹത്യ പോലും ചെയ്യുകയുണ്ടായി.

!files/pictures/tharjani/kathavaseshan_2.jpg(kathavaseshan tv chandran dileep jyothirmayi)!

ഈ യുവതിയെ, നസീമയെ അയാള്‍ക്കറിയാം. ഗുജറാത്തില്‍ ജോലി ചെയ്യുമ്പോള്‍ അയാള്‍ താമസിച്ച ബംഗ്ലാവിന്റെ സൂക്ഷിപ്പുകാരന്‍ കലാമിന്റെ മൂത്തമകളാണവള്‍ . മരണം നിഴല്‍ പടര്‍ത്തി അന്ധകാരം കനക്കുന്നു, ഈ ലോകം എന്റേതല്ലാതായി മാറുകയാണു് - എന്നു് അവള്‍ പാടുമായിരുന്നു. ഭുവണ്‍ഷോമിലെ ഗ്രാമീണ കന്യകയായി ഊഞ്ഞാലിലിരുന്നവള്‍ പാടുമ്പോള്‍ ഗോപിനാഥമേനോന്‍ മുകളിലത്തെ മുറിയില്‍ നിന്നും അവളെ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുമായിരുന്നു. അവളെ കയറിപ്പിടിക്കാന്‍ ഒരുമ്പെട്ടെന്നു് തെറ്റിദ്ധരിച്ചു് ഒരുനാള്‍ അയാള്‍ സഹപ്രവര്‍ത്തകനായ തമിഴനെ ആക്രമിക്കുകപോലും ഉണ്ടായിട്ടുണ്ടു്‌. പിന്നീടു് അയാളും തമിഴനും 'ഇവളെന്റെ അനിയത്തി' എന്നു് പരസ്പരം പറഞ്ഞു് സന്ധിയാകുകയും ചെയ്തു. ഗുജറാത്ത്‌ കലാപത്തില്‍ അവള്‍ ക്രൂരമായി വധിക്കപ്പെട്ടതു് അറിയുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റെന്താണു് വഴി?

ഗുജറാത്ത്‌ തീരാനൊമ്പരമായിത്തീര്‍ന്ന പല മനുഷ്യരുമുണ്ടാകും. അവരൊക്കെ പക്ഷെ പൊടുന്നനവെ പ്രതികരിക്കുന്ന, വിചാരശീലരല്ലാത്ത മനുഷ്യരാണു്‌. പ്രശ്നങ്ങളെ തന്ത്രപരമായി സമീപിക്കുകയും നീക്കുപോക്കുണ്ടാക്കുകയും ചെയ്യുമ്പോഴേ ഗുജറാത്ത്‌ പോലുള്ളൊരു കലാപമോ, പ്രതിരോധമോ, പ്രതിരോധമില്ലായ്മയോ രൂപപ്പെടുകയുള്ളൂ. വേദനപ്പെട്ടു് നെഞ്ചും തടവി നടക്കുന്നവര്‍ ഇന്നിന്റെ അളവുകോലില്‍ ചരിത്രത്തിനൊരു ഭാരമാണു്‌.

പ്രതികരണശേഷി ഇനിയും വറ്റിപ്പോകാത്ത ഒരു മനുഷ്യന്റെ കഥ ചിത്രീകരിക്കുന്നതിലൂടെ ടി.വി.ചന്ദ്രന്‍ രേഖപ്പെടുത്തുന്നതു് അന്യംനിന്നു പോകുന്ന നന്‍മയുടെ ഒരു ഒറ്റത്തുരുത്താണു്‌. ഇങ്ങനെയുള്ള മനുഷ്യര്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ ഒരു കള്ളന്‍ കരയുന്നതു കണ്ടു് അടുത്തു ചെന്നു് സാന്ത്വനപ്പെടുത്തുകയും ചങ്ങാത്തം കൂടി കള്ളുകുടിയ്ക്കുകയും രാത്രിയുടെ ഏകാന്തതകളില്‍ ഒരുമിച്ചിരുന്നു് പാട്ടുപാടുകയും ചെയ്യുന്നവരാകാം. ആനന്ദിന്റെ ആള്‍ക്കൂട്ടത്തില്‍ ഇത്തരക്കാരെ നാം കണ്ടുമുട്ടിയിട്ടുണ്ടു്‌. നിസ്സഹായരായ അച്ഛനമ്മമാരുടെ മുന്നില്‍വെച്ചു് ആക്രമിക്കപ്പെടുന്ന ബാലികയെ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ ഗുണ്ടകള്‍ക്കു് നടുവിലേക്കെടുത്തു ചാടുന്ന വിഡ്ഢികളാണവര്‍ . രാഷ്ട്രീയത്തില്‍ നിന്നും സാമുഹ്യവിചാരങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുന്ന കഥയില്ലാ ഡാനിമാരിലൂടെ നമ്മുടെ ധാര്‍മ്മികതകളുടെ, മൂല്യങ്ങളുടെ കഥയില്ലായ്മകള്‍ ചോദ്യം ചെയ്യുകയാണു് ടി.വി. ചന്ദ്രന്‍ . കള്ളന്റെ ഹാര്‍മ്മോണിയം കട്ടെടുക്കുന്ന പോലീസുകാരന്‍ അതിനാല്‍ നമ്മുടെ നൈതിക വ്യവസ്ഥയുടെ അസംബന്ധമായി മാറുന്നു. കൊച്ചുമോളുടെ ശവം ഹോട്ടല്‍മുറിയില്‍ വച്ചു പൂട്ടി വിരുന്നാഘോഷിക്കാന്‍ പോകുന്ന അച്ഛന്‍ നമ്മുടെ രക്തബന്ധത്തിന്റെ അസംബന്ധമായി മാറുന്നു. തിരക്കില്‍ നഷ്ടപ്പെട്ട കുട്ടിയെ രക്ഷിച്ചു് അച്ഛനമ്മമാരെ ഏല്‍പ്പിക്കുമ്പോള്‍ ഏല്‍ക്കേണ്ടിവരുന്ന ആള്‍ക്കൂട്ടത്തിന്റെ അക്രമം നമ്മുടെ അംഗീകാരങ്ങളുടെ അസംബന്ധമായി മാറുന്നു.

!files/pictures/tharjani/kathavaseshan_1.jpg(kathavaseshan tv chandran dileep jyothirmayi)!

മനുസ്മൃതിയില്‍ പറഞ്ഞു വച്ചതിനും അപ്പുറം ഇന്ത്യന്‍ സ്ത്രീത്വം പേരക്കുട്ടികളുടെകൂടി അടിമത്തം പേറാന്‍ വിധിക്കപ്പെടുമ്പോള്‍ , ജീവിതത്തിന്റെ എല്ല അമര്‍ഷങ്ങളും പ്രകടിപ്പിക്കുന്ന വൃദ്ധയുടെ പുലഭ്യങ്ങള്‍ ഗോപിനാഥന്‍ സസന്തോഷം ഏറ്റു വാങ്ങുന്നു. ശൂദ്രനു നേരെ ഒളിയമ്പെയ്യുന്ന പുത്തന്‍ ബ്രാഹ്മണ്യത്തെ അടിയ്ക്കാന്‍ അതുകൊണ്ടു് അയാള്‍ക്കു് കഴിയുന്നു. ചുറ്റുപാടും കുമിഞ്ഞുകൂടുന്ന വൃത്തികേടുകളോട്‌ നിരന്തരം കലഹിക്കുമ്പോഴും അയാള്‍ ഒരു പൊങ്ങുതടിയായി ഒഴുകുകയാണു്‌. നിരാഹാരങ്ങളില്‍ പ്രതിഷേധങ്ങള്‍ ഒതുക്കാന്‍ അയാള്‍ക്കു് വയ്യ. മരണത്തിന്റെ വില്ലീസുപടുതകള്‍ തേടിപ്പോകുന്ന മുങ്ങാങ്കോഴിയാണയാള്‍ ‍. "ജീവിച്ചിരിക്കുന്നതിന്റെ നാണക്കേടു് ‌" എന്നു് അയാള്‍ എഴുതി കെട്ടിത്തൂക്കുന്നു. കഴുത്തില്‍ വേറെയും കുരുക്കുകളുണ്ടു്‌.

അഗണ്യമായ ഗോപിനാഥമേനോന്റെ ജീവിതത്തിലെ ഏടുകള്‍ സുഹൃത്തുക്കളിലൂടെ ഏച്ചുകെട്ടാന്‍ ശ്രമിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതു് ഇതിവൃത്തത്തിലും ഘടനയിലും കാലിഡോസ്കോപ്പിക്കായ മറ്റൊരു ചലച്ചിത്ര ഔന്നത്യമാണു്‌. കേന്ദ്രബിന്ദുവില്‍ നിന്നു് ചിതറിപ്പോകുകയും എവിടെക്കെയോ വച്ചു് വീണ്ടും ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥലകാലഗണന ഇത്രയ്ക്കു് പൂര്‍ണ്ണമായി ഇന്ത്യന്‍ സിനിമയില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. കഥാവശേഷന്‍ ഒരേ സമയം നിസ്സാരമായ ഒരു ജീവിതത്തിന്റെ സാരങ്ങളുടെയും സാരവത്തായ ഒരു ചലച്ചിത്ര സപര്യയുടെയും പൂര്‍ത്തീകരണമാണു്‌.

പുനഃസൃഷ്ടി ആവശ്യപ്പെടുന്ന നമ്മുടെ സമൂഹം, അല്ലെങ്കില്‍ നാം തന്നെ, കെട്ടിപ്പടുക്കേണ്ടതു് ഏതൊക്കെ നിസ്സാരതകളില്‍ നിന്നാണെന്നു് ഈ അരാജകവാദി, ടി.വി.ചന്ദ്രന്‍ നമ്മെ കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുന്നു. നൊമ്പരങ്ങള്‍ കൈമോശം വന്ന ഒരു ജനതയ്ക്കു് വംശഹത്യകള്‍ ഇനിയും പേറേണ്ടി വരും എന്നതാണു് ഗോപിനാഥമേനോന്‍ അവശേഷിപ്പിച്ചു് പോകുന്ന ഒന്നാമത്തെയും അവസാനത്തെയും പാഠം.

കെ. എച്ച്‌. ഹുസൈന്‍, hussain@kfri.org, രചന അക്ഷരവേദി