തര്‍ജ്ജനി

മുഖമൊഴി

ആരെയാണ് തൂക്കിലേറ്റേണ്ടത്?

ബലാത്സംഗം ചെയ്തവനെ മാത്രമല്ല ബലാത്സംഗത്തിന് ഇരയായ പെണ്ണിനെയും തൂക്കിലേറ്റണമെന്ന പ്രസ്താവനയുമായി ഉത്തരേന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് രംഗത്തുവന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ്, പുരുഷന് പറ്റിപ്പോയ അബദ്ധത്തിന് തൂക്കിലേറ്റുന്നത് ശരിയല്ലെന്ന് പറയുന്നു. പണ്ടൊരിക്കല്‍ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.കെ.നായനാര്‍ അമേരിക്കയില്‍ ബലാത്സംഗം ചായകുടിക്കുന്നതുപോലെയാണ് എന്ന് പറയുകയുണ്ടായി. അത്രത്തോളം സാധാരണമാണെന്നോ നിസ്സാരമെന്നോ ധരിക്കാം.സോഷ്യലിസ്റ്റായ മുലായം സിംഗ് യാദവ് ഈ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവുമായി ഒരു ബന്ധവും കല്പിക്കുവാനാവില്ല. നായനാരുടെ പറച്ചിലിന്റെ കാര്യവും അങ്ങനെത്തന്നെ. മുലായത്തിന്റെ അനുയായിയാണ് ബലാത്സംഗത്തിന് ഇരയായവളേയും തൂക്കിക്കൊല്ലണമെന്ന് പറഞ്ഞത്. ഒരു പെണ്ണ് അന്യപുരുഷനോടൊപ്പം സമ്മതത്തോടെയോ അല്ലാതെയോ "ഇടപെട്ടാല്‍" അവളെ തൂക്കിലേറ്റണമെന്നാണ് നമ്മളെ ഭരിക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുയും ഭരണം കൈക്കലാക്കുകയും ചെയ്യുന്ന ഈ നേതാവിന്റെ അഭിപ്രായം.

തെമ്മാടികളുടെ അവസാനത്തെ അഭയസ്ഥാനമാണ് രാഷ്ട്രീയമെന്ന് പറഞ്ഞത് രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു മതിപ്പും ഇല്ലാത്തയാള്‍ ആണെന്ന് സമ്മതിക്കുക. പക്ഷെ, വിവരദോഷികളും, തട്ടിപ്പുകാരും, കള്ളന്മാരും, കള്ളത്തരത്തിന് ഒത്താശ ചെയ്യുന്നവരും സ്വൈരവിഹാരം ചെയ്യുന്ന രംഗമാണ് രാഷ്ട്രീയം എന്ന് ഇന്ന് ഇന്ത്യന്‍ അവസ്ഥയില്‍ ആരും സമ്മതിക്കും. സഹിച്ച് മടുത്താണ് പൊതുജനം രാജ്യത്തിന്റെ തലസ്ഥാനനഗരത്തിന്റെ ഭരണം ആം ആദ്മി പാര്‍ട്ടി എന്ന പുത്തന്‍പാര്‍ട്ടിക്ക് ഏല്പിച്ചുകൊടുത്തത്. തൊഴിലാളികളുടെയും സാധാരണക്കാരന്റെയും പാര്‍ട്ടിയെന്ന് ഉണ്ടായകാലം മുതല്‍ പറഞ്ഞുവരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരിക്കലും നേടാനാവാത്ത പിന്തുണ എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ആം ആദ്മികള്‍ നേടിയതെന്ന് കുറഞ്ഞപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയെങ്കിലും അന്വേഷിക്കേണ്ടതാണ്. ആം ആദ്മി മുതലാളിത്ത-ആഗോളവത്കരണ പ്രത്യയശാസ്തത്തിന്റെ ആളുകളാണെന്ന ഗീര്‍വാണം പറയാന്‍ എളുപ്പമാണ്. ജനങ്ങളുടെ വിശ്വാസം നേടുകയെന്നതാണ് പ്രയാസം.

മുലായം സിംഗ് യാദവനേയും മമത ബാനര്‍ജിയേയും ജയലളിതയേയും അതുപോലെയുള്ളവരെയെല്ലാം കൂട്ടുപിടിച്ച് മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് വലിയ വര്‍ത്തമാനം പറയുകയും നടക്കില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പുള്ള കാര്യം നടക്കുമെന്ന് വെറുതെ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സോഷ്യലിസ്റ്റുകളില്‍ നിന്നും അതല്ലാത്ത കാര്യസാദ്ധ്യപാര്‍ട്ടികളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് ഇന്ന് ജനങ്ങള്‍ക്ക് അറിയാം. അതിനാലാണ് അവര്‍ ആകാവുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ തേടുന്നത്. ആം ആദ്മി ഭരിച്ചാലും ഇല്ലെങ്കിലും പൊതുഖജനാവിലെ നികുതിപ്പണം കട്ടുകൊണ്ടുപോവില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ സ്വജനപക്ഷപാതവും അഴിമതിയും നടത്തില്ലെന്നും അവര്‍ കരുതുന്നു.

നമ്മുടെ വ്യവസ്ഥാപിത പാര്‍ട്ടികള്‍ എല്ലാം മുലായവും അദ്ദേഹത്തിന്റെ ശിഷ്യനും ബലാത്സംഗവിഷയത്തില്‍ പ്രകടിപ്പിച്ച നിലപാട് എല്ലാ കാര്യങ്ങളിലും കൈക്കൊള്ളുന്നവരാണ്. എല്ലാ വമ്പന്‍ അഴിമതിയും ഭരിക്കുന്നവര്‍ എന്ന നിലയില്‍ തങ്ങളുടെ അവകാശമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അഴിമതി നടത്താനായി മാത്രമാണ് അധികാരത്തില്‍ വരുന്നത്. അധികാരം ഉള്ളിടത്തോളംകാലം ആകാവുന്നത്ര അഴിമതികള്‍ നടത്തുക. പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നത്, അഴിമതി ചെയ്യാന്‍ തങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നതിനാല്‍ മാത്രമാണ്.വിമര്‍ശനങ്ങള്‍ പുകമറ മാത്രമാണ്. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നില്ല. എല്ലാം നീതിയുടേയും നിയമത്തിന്റെയും വഴിയീലൂടെയാണെന്ന് കാണിക്കാന്‍ ഒരു എ.രാജ തിഹാര്‍ ജയിലില്‍ കിടക്കും. ജയിലുകള്‍ പരമമായ സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിതത്വത്തിന്റെയും സ്ഥലമാണെന്ന് കേരളത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ നാം കണ്ടതാണ്.

നീതിയും നിയമവും തലകീഴായി നില്ക്കുന്ന ഒരു അവസ്ഥ, അതിന്റെ എല്ലാ ഹീനഭാവത്തോടെയും നമ്മുക്ക് അഭിമുഖമായി നില്ക്കുന്നുവെന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് മുലായം യാദവന്റേയും ശിഷ്യന്റേയും വാക്കുകള്‍. ബലാത്സംഗം എന്ന കുറ്റകൃത്യം ചെയ്യുന്നവനെ സംരക്ഷിക്കാനാണ് അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗം നിലക്കൊള്ളുന്നത്. അതിന് ഇരയായവളാണ് ശിക്ഷിക്കപ്പെടേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. വിവരദോഷിയായ ഒരു സമാജ് വാദിയുടെ അതിവാദമാണ് ഇതെന്ന് കരുതരുത്. ഇതാണ് അവരുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ സമാജിനെക്കുറിച്ചുള്ള ബോധത്തിന്റെ നിലവാരം. കുറ്റവാളികള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും പൊതുജനത്തിന് ശിക്ഷയെന്നതാണ് അവരുടെ സമാജ് വാദം. നമ്മുടെ ഭരണാധികാരിവര്‍ഗ്ഗം ഈ യാദവകുലത്തില്‍ പെട്ടവരുടേതാണ്. പാര്‍ട്ടിയേതായാലും ഇത്തരം യാദവന്മാരാണ് എവിടെയും.

Subscribe Tharjani |