തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

എവിടെ ഈ യുവാക്കള്‍

ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കേണ്ടത് ആരൊക്കെ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പില്‍ കേരളീയര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പത്രങ്ങളും ടെലിവിഷനും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം എന്ന് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു. അസഹനീയമാംവിധം വേനല്‍ച്ചൂടിലായിരുന്നു കേരളം എന്നത് വാസ്തവം. ഇപ്പോഴും ആ ചൂട് തുടരുന്നു. മഴക്കാലം തുടങ്ങുന്നതുവരെ അത് തുടരുകതന്നെ ചെയ്യും. പക്ഷെ വോട്ടിടലിലൂടെ തെരഞ്ഞെടുപ്പിന്റെ ചൂട് ഇല്ലാതായോ? അതിനെന്തു പറ്റി? ആ തെരഞ്ഞെടുപ്പ് ചൂട് വോട്ടിനാല്‍ ശമിക്കുന്ന ഒന്നാണോ, അതോ തെരഞ്ഞെടുപ്പ്ഫലം വന്നാലേ അത് അവസാനിക്കൂ എന്നാണോ? ആലങ്കാരികമായ ഭാഷാപ്രയോഗങ്ങളെ യുക്തിവാദംകൊണ്ട് നേരിടുന്നത് ശരിയാവില്ലെന്ന് അറിയാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പ്പോലെ ഒരു കാര്യം ആലങ്കാരികമാവുന്നതിലെ അസംബന്ധതയെക്കുറിച്ച് സൂചിപ്പിക്കാനാണ് ശ്രമിച്ചത്.

കേരളത്തെ ആര് പ്രതിനിധാനം ചെയ്യുന്നുവെന്നത് നിശ്ചയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണല്ലോ പറഞ്ഞുതുടങ്ങിയത്. വാസ്തവത്തില്‍ കേരളത്തില്‍ നിന്നുള്ള ഇരുപത് പാര്‍ലമെന്റേറിയന്മാര്‍ കേരളത്തെയാണോ അതോ അവരുടെ പാര്‍ട്ടിയെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്ന ഒരു സംശയമുണ്ട്. റെയില്‍വേ ബജറ്റ് വരമ്പോള്‍ കാലാകാലമായി നാം കേള്‍ക്കാറുള്ളതാണ് കേരത്തോട് അവഗണനയെന്ന്. കേരളത്തില്‍ നിന്നുള്ള ഇരുപത്പേരും കേന്ദ്ര സര്‍ക്കാരിനെ താങ്ങിനിറുത്തിയ കാലത്തും കേരളത്തോട് അവഗണന എന്നതായിരുന്നു ഇവിടെ പറഞ്ഞുകേട്ടത്. കേന്ദ്രസര്‍ക്കാരിന് ജീവശ്വാസം നല്കി നിന്ന ഇരുപത് പാര്‍ലമെന്റേറിയന്മാരെയും അവഗണിച്ച് വേറെ ചിലരെ പരിഗണിക്കുന്നത് എന്തുകൊണ്ടായിരിക്കാം? കേരളത്തിലെ സാമാജികന്മാര്‍ക്ക് അവരുടെ ആവശ്യങ്ങളും പരാതികളും നേരാംവണ്ണം പറയാന്‍ കഴിയാഞ്ഞിട്ടാണോ? സഭയില്‍ കോട്ടുവായിടാനല്ലാതെ വായതുറക്കാത്തവര്‍പോലും കാര്യം നേടിയെടുക്കുന്ന സാഹചര്യത്തില്‍ കേരളക്കാര്‍ക്ക് അത് സാധിക്കാതെ വരുന്നതിനുള്ള കാരണം അവര്‍ വിലപേശലുകള്‍ക്ക് ശേഷിയില്ലാത്തവരാണ് എന്നതിനാലാണ്. അവരെല്ലാം അവരവരുടെ പാര്‍ട്ടികളുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആരും സ്വന്തം താല്പര്യം സ്ഥാപിച്ചുകിട്ടാന്‍ ശ്രമിച്ചില്ലെങ്കിലും കുഴപ്പമില്ല. ചിലര്‍ വിലപേശലുകള്‍ നടത്തി എല്ലാവര്‍ക്കുമായി ലഭിക്കേണ്ടത് സ്വന്തമാക്കുന്ന അനീതി ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ പരാജയമാണെന്ന് പറയേണ്ടിവരും.തമിഴന്മാരും തെലുങ്കന്മാരും ഔത്തരാഹന്മാരും അവരവര്‍ക്ക് വേണ്ടത് കണക്കുപറഞ്ഞ് ചോദിച്ച് വാങ്ങിക്കൊണ്ടുപോവുമ്പോള്‍ പാര്‍ട്ടിവിധേയത്വം കാരണം വാ തുറക്കാനാവാതെ ഇവര്‍ നിന്നുവെങ്കില്‍ അവര്‍ പാര്‍ട്ടിയെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്ന് വേണം പറയാന്‍.

ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിനെ താങ്ങിനിറുത്തിയിരുന്ന കാലം. കേരളത്തിന്റെ ഇരുപതും ആവശ്യപ്പെട്ടിട്ടും നമ്മുടെ ആവശ്യങ്ങള്‍ക്ക് വലിയ പരിഗണനകിട്ടിയിരുന്നില്ലെന്ന് ബജറ്റ് വരുമ്പോഴും റെയില്‍വേ ബജറ്റ് വരുമ്പോഴും പാനല്‍ ചര്‍ച്ചനടത്തി കരഞ്ഞു തീര്‍ക്കുകയായിരുന്നു നമ്മള്‍. ഒടുവില്‍ ആണവകരാര്‍ വിഷയത്തില്‍ തര്‍ക്കം വന്നപ്പോഴാണ് ഇടതുപക്ഷം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഒരു തര്‍ക്കത്തില്‍ സ്വന്തം പക്ഷം പരിഗണിക്കാതെ വരികയാണെങ്കില്‍ പിന്‍വലിക്കാവുന്നതാണ് പിന്തുണയെങ്കില്‍ കേരളത്തോടുള്ള അവഗണനയും വിവേചനവും തര്‍ക്കവിഷയമാവാതിരിക്കുന്നതെന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതല്ലേ? സംസ്ഥാനങ്ങള്‍ വിലപേശല്‍ നടത്തി കാര്യങ്ങള്‍ നേടിയെടുക്കുന്ന അവസ്ഥ ശരിയല്ലെന്ന് പറയാനെങ്കിലും നമ്മുക്ക് കഴിയേണ്ടതായിരുന്നില്ലേ? നിയമനിര്‍മ്മാണം നടത്തുകയും ഭരണഘടനാസംബന്ധിയായ കാര്യങ്ങള്‍ ആലോചിചിച്ച് തീര്‍പ്പാക്കുകയും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും ചെയ്യേണ്ടുന്ന പാര്‍ലമെന്റ് തന്‍കാര്യവും സ്വന്തം നിയോജകമണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റെയും കാര്യം തരപ്പെടുത്താനുള്ള സംവിധാനമായി അധഃപതിച്ചിട്ട് നാളുകള്‍ ഏറെയായി. ഇടതുപക്ഷത്തിന് ചരിത്രത്തില്‍ ഒരിക്കലും കൈവന്നിട്ടില്ല്ലാത്തവിധം അധികാരത്തിനുമേല്‍ നിയന്ത്രണം കിട്ടിയ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് ഈ അധഃപതനത്തിന് എതിരെ സംസാരിക്കാനും നിലപാട് കൈക്കൊള്ളാനും സാധിക്കാതെ പോയത്?

പാര്‍ലമെന്ററിവ്യാമോഹം എന്നത് ഇടതുപക്ഷത്തിന്റെ ഒരു അധിക്ഷേപവാക്കാണ്. ഒരാള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമാണ് എന്ന് പറയാവുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുത്താല്‍ അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാം. പാര്‍ട്ടി വിപ്ലവം നടത്തുവാനുള്ള സംവിധാനമാണ്. ഇപ്പോഴും അത് അങ്ങനെയാണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറംഉനിന്ന് കാണുന്ന ഈ ലേഖകന്റെ ബോദ്ധ്യം. വിപ്ലവം എന്ന പരിപാടി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചോ എന്ന് അറിയില്ല എന്ന കാര്യം വായനക്കാരുടെ മുന്നില്‍ തുറന്ന് സമ്മതിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല. പാര്‍ട്ടി സംവിധാനത്തിനകത്ത് കാറ്റും വെളിച്ചവും കടക്കുന്നത് അപകടമാണ് എന്ന് പറഞ്ഞ എം. എന്‍. വിജയന്‍ ഇടക്കാലത്ത് കേരളത്തിന്റെ ധൈഷണികനേതൃത്വമായിരുന്നല്ലോ. കാറ്റ് കേറിയാല്‍ പാറിപ്പോവുന്നതാണ് വിപ്ലവം എന്ന് എം. എന്‍.വിജയന്‍ ധരിച്ചിരുന്നിരിക്കാം. പാര്‍ട്ടിയെ സേവിക്കുക എന്നത് പാര്‍ട്ടി അംഗങ്ങളുടെ പണിയാണ് എന്ന് പറഞ്ഞാല്‍ എതിര്‍ക്കേണ്ട കാര്യമില്ല. ആ പണിയില്‍ താല്പര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ ചേരാതിരിക്കാം. അബദ്ധവശാല്‍ ചേര്‍ന്നുപോയെങ്കില്‍ അതില്‍ നിന്നും പിരിഞ്ഞുപോരാം. എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് നേരെ നടക്കാനാവുന്നവിധം സ്വാതന്ത്ര്യമുള്ള സ്ഥലത്തെ ജനങ്ങളെല്ലാം പാര്‍ട്ടിയെ സേവിക്കുകയോ പാര്‍ട്ടിതാല്പര്യത്തിന് പാകത്തില്‍ പെരുമാറുകയോ ചെയ്യണമെന്ന് പറയുന്നത് അഡോള്‍ഫ് ഹിറ്റ് ലറും മുസോലിനിയും നടപ്പില്‍ വരുത്തിയ രാഷ്ട്രീയത്തിന്റേയും ഭരണത്തിന്റെയും ചിട്ടയില്‍ വരുന്ന ഇടപാടാണ്. ഫാസിസം എന്നാണ് അതിന്റെ ചെല്ലപ്പേര്. അമിതാധികാരപ്രവണത എന്നതാണ് അതിന്റെ സഹജസ്വഭാവം. ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിക്കുകയും എല്ലാവരും തന്റെ അധികാരത്തിന് വിധേയരായിരിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുകയാണ് അതിന്റെ രീതി. വിധേയരാവാന്‍ കൂട്ടാക്കാതിരിക്കുന്നവരെയും കൂട്ടാക്കാനിടയില്ല എന്ന് തോന്നുന്നവരെയും ഉന്മൂലനാശം വരുത്തുക എന്നതാണ് അതിന്റെ അനുബന്ധപരിപാടി. ജൂതന്മാരെ കൊന്നൊടുക്കുന്നതിന് ഇതല്ലാതെ വേറെ ന്യായമൊന്നും ഉണ്ടായിരുന്നില്ലല്ലോ.

അങ്ങനെ വിപ്ലവത്തില്‍ വിശ്വസിക്കുകയും എല്ലാവരും വിപ്ലവത്തില്‍ വിശ്വസിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇടതുപക്ഷം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നത് ഉത്തരം പറയാന്‍ എളുപ്പമുള്ള ചോദ്യമല്ല. ജനങ്ങളെയാണോ? ജനങ്ങളില്‍ത്തന്നെ പാര്‍ട്ടി അണികളെയും അനുഭാവികളെയും മാത്രമാണോ? പാര്‍ട്ടി സംഘടനയെയാണോ? പാര്‍ട്ടിസംഘടനയെ നിയന്ത്രിക്കുന്ന നേതാക്കളെയാണോ? അതോ നേതാക്കളുടെ താല്പര്യങ്ങളെയാണോ?.... ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പല ഉദാഹരണങ്ങള്‍ കാണിച്ച് വാദങ്ങള്‍ ഉന്നയിക്കാം. പക്ഷെ, ഒരു കാര്യം വ്യക്തമാണ്, ജനാധിപത്യത്തിന്റെ വിശാലവും ആരോഗ്യകരവുമായ സങ്കല്പത്തില്‍ വിഭാവനം ചെയ്യപ്പെടുന്ന ജനസമൂഹത്തെ അവര്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയാനാവില്ല. കേരളത്തില്‍ രണ്ട് തവണ, വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി അംഗങ്ങളും അണികളും പൊതുജനവും പരസ്യമായി പറഞ്ഞ് രംഗത്ത് വന്നത്, പാര്‍ട്ടി നേതൃത്വവും ജനങ്ങളും തമ്മിലുള്ള അകലം എത്രത്തോളും വലുതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് ഒരു പാര്‍ട്ടിയെന്ന നിലയില്‍ പരിതാപകരമായ രാഷ്ട്രീയനിലപാട് ഉള്ളതാണെന്ന് ചര്‍ച്ചചെയ്ത് സ്ഥാപിക്കേണ്ടതില്ലാത്ത കാര്യമാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് സോഷ്യലിസ്റ്റ് വക്താവായി, അതിന്റെ പതാകാവാഹകനായി നിന്ന ജവഹര്‍ലാല്‍ നെഹ്രു സ്വന്തം കാലശേഷം അനന്തരാവകാശിയായി മകളെ നയിച്ചുകൊണ്ടുവന്നതും, അതിന് ശേഷം വംശാധിപത്യത്തിന്റെ രാഷ്ട്രീയം നിര്‍ല്ലജ്ജം സ്വീകരിച്ച് സഞ്ജയ് ഗാന്ധിയേയും പിന്നെ രാജീവ് ഗാന്ധിയേയും അദ്ദേഹത്തിന്റെ വിധവ സോണിയ എന്ന പരദേശിയേയും ഇപ്പോള്‍ അവരുടെ പുത്രന്‍ രാഹുലിനേയും തങ്ങളെ ഭരിക്കാനായിസര്‍വ്വാത്മനാ കൊണ്ടുനടക്കുന്നവരുടെ രാഷ്ട്രീയം ആരോഗ്യമില്ലാത്തതാണ്. അഴിമതിയുടെ ഉര്‍ജ്ജത്തിലാണ് ആ സംവിധാനം ആകെ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേട്ട അഴിമതിക്കഥകള്‍ മാത്ര ഓര്‍ക്കുക, ട ജി സ്പെക്ട്രം, ആദര്‍ശ് ഫ്ലാറ്റ്, കല്‍ക്കരിപ്പാടം ഇടപാട് .... ആയിരം നാവുള്ള അനന്തനും പറഞ്ഞുതീര്‍ക്കാനാവാത്ത അത്ര വൈചിത്ര്യഴും വൈവിദ്ധ്യവുമുള്ള അഴിമതിയുടെ കഥകള്‍ കേട്ട് അഴിമതിയേ ജീവിതം, അഴിമതിയേ ഭരണം എന്ന് ഇന്നാട്ടിലെ സാധാരണക്കാരന്‍പോലും നിശ്ചയിച്ചു. ഇതിനിടയില്‍ പൊറുതിമുട്ടിയിട്ടാണ് ജനങ്ങള്‍ ദില്ലിയില്‍ ആം ആദ്മിക്ക് പിറകെ പോയത്.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ജ്യോത്സന്മാരും തെരഞ്ഞെടുപ്പ് പ്രവചനക്കാരും രംഗത്ത് സജീവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവചനം കാശുകൊടുത്ത് നടത്തിക്കുന്ന ഇടപാടാണെന്നും അതിനിടയില്‍ തെളിയിക്കപ്പെട്ടു. അവരെല്ലാം ശതമാനക്കണക്ക് പറഞ്ഞും പലതരം പ്രശ്നങ്ങള്‍ കാരണം ഉണ്ടാകാവുന്ന ചാഞ്ചാട്ടത്തെക്കുറിച്ചും പറഞ്ഞ് പലതരം കണക്കുകള്‍ പറയുകയുണ്ടായി. അതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ വോട്ടുനിലയും മറ്റും കണക്കാക്കി പ്രവചനത്തെ ഏറ്റവും ശാസ്ത്രീയമാക്കാനും ശ്രമിക്കുന്നതായി കണ്ടു. പക്ഷെ, അവര്‍ പറഞ്ഞതും, എന്നാല്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടതായി തോന്നിയിട്ടില്ലാത്തതുമായ ഘടകം പുതിയ വോട്ടര്‍മാര്‍ എന്ന കാര്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മരിച്ചുപോയവരുടെ എണ്ണത്തെക്കാള്‍ എത്രയോ ഇരട്ടിയാണ് പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടവര്‍. അവര്‍ എന്തു തീരുമാനിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാവും ജയപരാജയങ്ങള്‍. ഇക്കുറി നാം കണ്ടത്, പാര്‍ട്ടികള്‍ക്കുവേണ്ടി സന്നദ്ധസേവനം നടത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും തൊഴില്‍ എന്ന നിലയില്‍ പ്രചരണപ്രവര്‍ത്തനം നടത്തുന്നവര്‍ രംഗം കയ്യടക്കുന്നതാണ്. അതാണ് അവസ്ഥ. പുതിയ യുവതീയുവാക്കള്‍ പാര്‍ട്ടി ആവേശമോ വിധേയത്വമോ ഇല്ലാത്തവരാണ്. അവര്‍ അവരുടെ നീതിബോധത്തിനും രാഷ്ട്രീയബോധത്തിനും നിരക്കാത്ത കാര്യങ്ങളോട് വിയോജിക്കുന്നു. രാഷ്ട്രീയം അഴിമതിക്കാരുടേയും തട്ടിപ്പുകാരുടേയും തന്‍കാര്യക്കാരുടേയും താവളമാണെന്ന് അവര്‍ കരുതുന്നു. അതിനാല്‍ അവര്‍ ഒരു പാര്‍ട്ടിക്കുവേണ്ടിയും വിയര്‍പ്പൊഴുക്കുവാന്‍ വരില്ല. അവരെ നാം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കണ്ടില്ല. പക്ഷെ അവരായിരിക്കും തെരഞ്ഞെടുപ്പിന്റെ വിധി തീരുമാനിക്കുക.

Subscribe Tharjani |