തര്‍ജ്ജനി

വി. കെ. പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

ലേഖനം

വിസ കിട്ടിയ പരേതാത്മാക്കള്‍

ഒരു പുലര്‍ച്ചെ ആറു മണിക്കാണ് വിമാനത്താവളത്തില്‍ നിന്നും വിളിച്ച ടാക്സി കാറില്‍ ആ ചെറുപ്പക്കാരന്‍ ഒഞ്ചിയത്ത് തിരിച്ചെത്തിയത്. നാലഞ്ചു വര്‍ഷമായി ദുബായിയില്‍ ജോലിനോക്കുകയായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ നിന്നും സമ്പാദിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് തരക്കേടില്ലാത്ത ഒരു ജോലി ദുബായിയിലെ പേരുകേട്ട കമ്പനിയില്‍ സമ്പാദിച്ചുകൊടുത്തിരുന്നു. ദുബായിക്കാരന്റെ വരവ് അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഒരാഘോഷമായി. ക്ഷേമാന്വേഷണങ്ങള്‍ക്കും വിസയുടെ ലഭ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുമായി അയല്‍വാസികളും ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരുന്നു. ആരെയും വെറുപ്പിച്ചില്ല ഒഞ്ചിയം രക്തസാക്ഷികളില്‍ ഒരാളുടെ ആ പേരക്കിടാവ്.

അവന്‍ പണ്ടും അങ്ങിനെയായിരുന്നു. ആരെയും വെറുപ്പിക്കില്ല. ജാഥയ്ക്കും സമ്മേളനത്തിനും വിളിക്കുന്ന പാര്‍ട്ടി സെക്രട്ടറിയെപ്പോലും. വന്നവര്‍ക്കെല്ലാം ടൈഗര്‍ബാമും ബോള്‍ പോയിന്റ് പെന്നുകളും റോത്ത്മാന്‍സ് സിഗരറ്റും നല്‍കി സന്തോഷിപ്പിച്ചു. രണ്ടുപേരുടെ ചികിത്സാസഹായഫണ്ടിലേക്കും, അടുത്തുള്ള മേനോന്‍ കണാരന്‍ സ്മാരക വായനശാലയ്ക്കും, പിന്നെ പാര്‍ട്ടി സെക്രട്ടറിക്ക് പാര്‍ട്ടി ഫണ്ടിലേക്കും തരക്കേടില്ലാത്ത ഒരു തുക സംഭാവനയും നല്‍കി. അടുത്ത സുഹൃത്തുക്കളോട് മാത്രം പറഞ്ഞു രാത്രി കാണണം ഒരു പയങ്കുറ്റി. അപ്പേരില്‍ നമുക്കൊന്ന് കൂടാം.
അയല്‍വാസിയായ കാരണവരുടെ കാര്‍മ്മികത്വത്തില്‍ പയങ്കുറ്റി നന്നായി നടന്നു. ഒരു പാത്രം തെങ്ങിന്‍ കള്ളും കടലയും പൂളയും ചേര്‍ത്തുള്ള പുഴുക്കും ഉണക്ക് മുള്ളന്‍ ചുട്ടതും പറശ്ശിനിക്കടവിലെ മുത്തപ്പന്‍ ദൈവത്തിനു നിവേദിച്ചു. ബാക്കിയുള്ള കള്ളും പുഴുക്കും ഉണക്ക് മീനും അവിടെക്കൂടിയവര്‍ക്കെല്ലാം വിളമ്പി. തലമൂത്തവര്‍ക്ക് ആദ്യം. പിന്നെ യുവാക്കള്‍ക്ക്. കുട്ടികള്‍ക്ക് കാരണവര്‍തന്നെ ചിരട്ടയില്‍ അല്‍പം കള്ള് ഒഴിച്ചുകൊടുത്തു. നമുക്ക് ശേഷം ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ആരെങ്കിലും വേണ്ടേ എന്ന ആത്മഗതത്തോടെ. പറശ്ശിനിക്കടവിലെ മുത്തപ്പന്റെ അമ്പലത്തിലെ പ്രസാദം പോലെ എല്ലാവരും പയങ്കുറ്റിയുടെ വിഭവങ്ങള്‍ കഴിച്ചു. കുറച്ച് കള്ള് ഒന്നു രുചിച്ചുനോക്കാനും വെള്ളാപ്പത്തിന്റെ കൂട്ട് പുളിപ്പിക്കാനും വേണ്ടി അടുക്കളയിലേക്കും നല്‍കി. അയല്‍ക്കാരും കാരണവന്മാരും പിരിഞ്ഞുപോയി. ദുബായിക്കാരന്‍ മകനും അടുത്ത സുഹൃത്തുക്കളും അകത്തെ മുറിയില്‍ ഒത്തുകൂടി. ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയ യഥാര്‍ത്ഥ വിദേശമദ്യം പുറത്തെടുത്തു. ഇന്ത്യന്‍ ഉറുപ്പികയില്‍ ഈ അതിവിശിഷ്ട മദ്യത്തിന്റെ വിലകണക്കാക്കിക്കൊണ്ട് അവര്‍ മദ്യം നുണഞ്ഞു. രക്തസാക്ഷിയുടെ കര്‍ഷകത്തൊഴിലാളിയായ മകന്‍ തന്റെ മകനും സുഹൃത്തുക്കളും വിദേശമദ്യം നുണയുന്നത് അഭിമാനത്തോടെ നോക്കിനിന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ രണ്ടുപ്രാവശ്യമായി ഓരോ ഗ്ലാസ് അയാള്‍ക്കും കൊടുത്തു. അതയാള്‍ റാക്ക് കുടിക്കുമ്പോലെ പിള്ളേര്‍ കാണുന്നില്ല എന്ന ഭാവത്തില്‍ വായിലേക്ക് കമിഴ്ത്തി ചുണ്ട് തുടച്ച് കാറിത്തുപ്പി തന്റെ കിടക്കയിലേക്ക് പോയി.

മകന് പെണ്ണന്വേഷിച്ച് പോകുന്നതും..... അവന്റെ കല്ല്യാണം ഘോഷമാക്കി നാട്ടുകാരെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ നടത്തുന്നതും. ഇപ്പോള്‍ പിള്ളേര്‍ തന്ന മദ്യം തന്റെ സുഹൃത്തുക്കള്‍ക്ക് സ്വകാര്യമായി വിളമ്പുന്നതിനെപ്പറ്റിയും മറ്റും സങ്കല്‍പിച്ചുകൊണ്ട് അയാള്‍ സ്വപ്നങ്ങളുടെ പായലുകള്‍ തട്ടിനീക്കി പതിയെ ഉറക്കത്തിന്റെ കയങ്ങളിലേക്ക് ആണ്ടുപോയി.

പാതിരാത്രി കഴിഞ്ഞപ്പോള്‍ എന്തോ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. തന്റെ ദുബായിക്കാരന്‍ മകനുണ്ട് അടുക്കളയില്‍ പോയി വെള്ളമെടുത്ത് കുടിക്കുന്നു. എന്താ മോനേ കിടക്കുന്ന സ്ഥലം മാറിയതുകൊണ്ടാ നിനക്ക് ഉറക്കം വരാത്തത്? ഒന്നൂല്ലച്ഛാ...... എന്തോ സ്വപ്നംകണ്ട് ഉറക്കം ഞെട്ടിയതാ. മകന്‍ ബഹുമാനപുരസ്സരം പ്രതിവചിച്ചു. തന്റെ കിടപ്പുമുറിയിലേക്ക് നടന്ന മകന്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന് അച്ഛാച്ഛനെ സ്വപ്നം കണ്ടതാ. ഓറെങ്ങനേനും മരിച്ചത്? അച്ഛന് ഓര്‍മ്മയുണ്ടോ? മറവിയുടെ ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ അയാള്‍ പതിയെ പുറത്തെടുത്തു. ഞാനന്നു ചെറിയ കുട്ട്യാ അഞ്ചെട്ടു വയസ്സുണ്ടാകും. എന്റെ അമ്മ പറഞ്ഞതാ..... പൊലച്ചയ്ക്ക് ആരോ എന്തോ വിളിച്ചുപറയുന്നതും ഇടവഴീക്കൂടി ആളുകള് വിളീം തെളീം കൂട്ടി പായുന്നതും കണ്ട് എന്താകാര്യംന്ന് അന്വേഷിക്കാന്‍ പോയതല്ലെ അച്ഛന്‍. അച്ഛന്‍ ചെന്നാട്ട്താഴകുനിയിലെത്തുമ്പഴേക്കും വെടിപൊട്ടി. എന്താ സംഗതി, എന്തിനാ വെടിവെക്കുന്നത് എന്നൊന്നും അറിയാണ്ടാ അച്ഛന്‍ മരിച്ചത്. ഒരു നടുവീര്‍പ്പോടെ...... അച്ഛന്‍ പറഞ്ഞുനിര്‍ത്തി. ആ നെടുവീര്‍പ്പ് ഏറ്റെടുത്തുകൊണ്ട് മകന്‍ വീണ്ടും ഉറങ്ങാന്‍ പോയി.

മകന്റെ ഉറക്കം പാതിരാത്രിയില്‍ ഞെട്ടുന്നതും വെള്ളം കുടിക്കുന്നതും രണ്ടുമൂന്നു ദിവസം ആവര്‍ത്തിച്ചു. രക്തസാക്ഷിയുടെ മകന് ആകെ വേവലാതിയായി. പണ്ടത്തെ പട്ടിണിയും പരിവട്ടവും മാറി രണ്ടു പെണ്‍കുട്ടികളെ മാനം മര്യാദയ്ക്ക് നല്ല ഭര്‍ത്താക്കന്മാരുടെ കൂടെ അയച്ചു. എല്ലാം ചെക്കന്റെ ഒരൊറ്റ കഴിവുകൊണ്ടാ..... എന്നിറ്റ് ചെക്കന്റെ മനസിനു ഒരു സമാധാനം ഇല്ലാന്നുവെച്ചാല്‍ എന്താചെയ്യാ. മൂന്നാല് ദിവസം അയാള്‍ക്കും മകനും പകല്‍ നല്ല തിരക്കായിരുന്നു. മകന്‍ ദുബായിയിലെ സുഹൃത്തുക്കള്‍ തന്നുവിട്ട കത്തുകളും സാധനങ്ങളും അതത് സ്ഥലത്തെത്തിക്കാന്‍ പോയി. അച്ഛന് ടെലിഫോണ്‍ സ്ഥാപിക്കാന്‍ വന്ന പണിക്കാരെ പരിചരിക്കാനും മുറ്റവും നടയും നന്നാക്കാനും വിടീന് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താനുമായി പണിക്കാരെ തേടിനടന്നും തിരക്കോടു തിരക്കുതന്നെ.

കുറച്ചൊരു സാവകാശം കിട്ടിയപ്പോള്‍ അയാള്‍ അടുത്തവീട്ടിലെ പെന്‍ഷന്‍പറ്റി പിരിഞ്ഞ അച്യുതന്‍ മാഷ്‌ടെ മുമ്പില്‍ പ്രശ്നം അവതരിപ്പിച്ചു. ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു സ്ഥലത്ത് ഒത്തുചേര്‍ന്ന് മാഷിന്റെ മുമ്പില്‍ അനന്തവും അജ്ഞാതവുമായി കറങ്ങിക്കൊണ്ടിരുന്നു. അതയാള്‍ രക്തസാക്ഷിയുടെ മകന്റെ മുമ്പില്‍ ആകാവുന്ന രീതിയില്‍ അവതരിപ്പിച്ചു. ഒടുവില്‍ പരിഹാരം നിര്‍ദ്ദേശിച്ചു. നമുക്ക് നല്ലൊരു പ്രശ്നക്കാരനെക്കണ്ട് കവടി നിരത്തിക്കാം..... കവടികള്‍ക്ക് ഒരുപക്ഷേ അനന്തവും അജ്ഞാതവുമായ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ പറ്റിയേക്കും. എടച്ചേരിയും ചിറയിലെപീടികയിലും മറ്റും ഉള്ള പ്രസിദ്ധരായ ചില ജ്യോതിഷികളുടെ പേര് അയാള്‍ പറഞ്ഞു. അത്രദൂരെയൊന്നും പോകണ്ട, ഇവിടെ അടുത്തുതന്നെ പറ്റിയ ആളുണ്ട്. നമ്മുടെ കുഞ്ഞിരാമപണിക്കുരുടെ മകന്‍ സദാനന്ദന്‍. മാഷ് വിശദീകരിച്ചു. ങ്‌ഹേ! നമ്മുടെ ആ കഥാപ്രസംഗക്കാരനോ .... അതൊക്കെ പണ്ട്. ഇപ്പം അവന്‍ പട്ടാമ്പിയോ കൊടുങ്ങല്ലൂരോ മറ്റോ പോയി ചില ജ്യോതിഷപണ്ഡിതന്മാര്‍ക്ക് ശിഷ്യപ്പെട്ട്..... അറിയപ്പെടുന്ന ജ്യോതിഷിയാണ് രാവിലെ അവന്റെ വീട്ടില് വലിയ തെരക്കാ..... ടോക്കണ്‍ എടുക്കണം കാണാന്‍. കാര്യങ്ങള്‍ ബോധ്യപ്പെട്ട ആ അച്ഛന്‍ അത് തന്റെ മകന്റെ മുമ്പില്‍ അവതരിപ്പിച്ചു. തന്റെ പഴയ സുഹൃത്തായ സദാനന്ദന്റെ കാര്യം കേട്ടപ്പോള്‍ അവന് അത്ഭുതം തോന്നി. ഏതായാലും അവനെ ഒന്നു വിളിക്കുക തന്നെ.... ഡയറക്ടറിയില്‍ നിന്നും നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. അങ്ങേ തലക്കല്‍ സദാനന്ദന്‍ അത്ഭുതം കൂറി. നീയോ! നീയെപ്പോവന്നു..... എന്താ കാര്യം? പേരക്കിടാവ് വിഷയം അവതരിപ്പിച്ചു. നീയെന്നെ വിളിച്ചകാര്യം അധികം ആരും അറിയേണ്ട. ഞാന്‍ നാളെ രാത്രിയങ്ങ് വരാം. വേണ്ട, ഞാന്‍ ടാക്‌സി അയക്കാം.

പിറ്റേന്ന് രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ ശുദ്ധോധനന്‍ ഡ്രൈവറുടെ ടാക്‌സിയില്‍ സദാനന്ദന്‍ വന്നിറങ്ങി. നെറ്റിയില്‍ ചന്ദനക്കുറി. കൈയില്‍ വിലകൂടിയ വാച്ച്. ചന്ദന നിറമുള്ള സില്‍ക്ക് ജുബ്ബ. കഴുത്തില്‍ സ്വര്‍ണ്ണത്തില്‍ കെട്ടിച്ച രുദ്രാക്ഷമാല. കക്ഷത്ത് ഏതോ പ്രവാസി സമ്മാനിച്ച ഒരു ഫോറിന്‍ ഹാന്‍ഡ്ബാഗ്. പേരക്കിടാവും അച്ഛനും ചേര്‍ന്ന് സ്വീകരിച്ചിരുത്തി. നേരത്തെ കരുതിവെച്ച ഇളനീര്‍ പൊട്ടിച്ച് സല്‍ക്കരിച്ചു. അവര്‍ വീടിന്റെ തെക്കേമുറിയിലേക്ക് പ്രവേശിച്ചു. സദാനന്ദനെ ദുബായിയില്‍ നിന്നു കൊണ്ടുവന്ന സിന്തറ്റിക്ക് പുല്‍പ്പായയില്‍ ഇരുത്തി. സദാനന്ദന്‍ കവടിസഞ്ചിയെടുത്ത് ധ്യാനിച്ചു. നിലത്തു കളംവരഞ്ഞ് കവടി നിരത്തി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍, സംസ്‌കൃതശ്ലോകശകലങ്ങള്‍ ഇടക്കിടെ ഉരുവിട്ടുകൊണ്ടു കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ തുടങ്ങി. ശുക്രദശയാണ്. രാഹുവിന്റെ ചെറിയ അപഹാരം. ശത്രുദോഷപരിഹാരവും വ്രതശുദ്ധിയും ക്ഷേത്രദര്‍ശനവും നടത്തി ഈ അപഹാരത്തെ ശമിപ്പിക്കാം.
തന്റെയും മകന്റെയും ഭാവിയും വര്‍ത്തമാനവും വിലയിരുത്തപ്പെട്ടതിനു ശേഷം രക്തസാക്ഷിയുടെ മകന്‍ തന്റെ അച്ഛന്റെ ആത്മാവിനെക്കുറിച്ച് അറിയുവാനുള്ള തന്റെ ആത്മാര്‍ത്ഥമായ ആകാംക്ഷ പുറത്തെടുത്തു. ഒന്നുകൂടി പ്രാര്‍ത്ഥിച്ചു കവടി നിരത്തിയശേഷം ഒന്നും മിണ്ടാതെ സദാനന്ദന്‍ ഒരു കുറിപ്പെഴുതാന്‍ തുടങ്ങി.
തിരുവാതിര നക്ഷത്രം ശ്രാദ്ധനക്ഷത്രമായി അപമൃത്യുവടഞ്ഞ പ്രേതത്തെപ്പറ്റി പ്രാര്‍ത്ഥിച്ചുവെച്ച രാശി കര്‍ക്കിടകം കൊണ്ടും മറ്റും ചിന്തിച്ചതില്‍ മരണപൂര്‍വ്വവും മരണാനന്തരവും പ്രേതദേഹത്തില്‍ ബാധിച്ചുകാണുന്ന ശവഭൂതഗണങ്ങളും പിശാചീയ യക്ഷി അപസ്മാരഭൂതം ഭദ്രകാളി അന്യപുരുഷപ്രേതം ഈ ബാധകളെ ഇംപ്രതാകര്‍ഷണ പുരസ്സരം - തെക്ക് ഭാഗത്ത് ഹോമകുണ്ഡമൊരുക്കി നാക്കിലയും കരിക്കും വെച്ച് - ആവാഹിച്ച് ഈ ഭവനത്തില്‍ സങ്കല്‍പ്പിച്ച് മേല്‍പറഞ്ഞ ബാധാപരിഹാരം വരുത്തി പ്രേതസംശുദ്ധിക്ക് ശേഷം മാര്‍ഗ്ഗശുദ്ധി വരുത്തി നിവേദ്യം ആരംഭിച്ച് തൃപ്തിപ്പെടുത്തി - പ്രേതമന:സ്സിലെ ആഗ്രഹസന്നിധാനമായ തിരുനെല്ലിയില്‍ പാപനാശിനിയില്‍ സങ്കല്‍പ്പിച്ച് യഥാന്യായം കര്‍മ്മം ചെയ്കയും മറ്റുമായാല്‍ പ്രേതം സംപ്രീതനായി അനുഗ്രഹിക്കുമെന്നും കാണുന്നു. ഇതിന്നായി ആവാഹനം താഴെ പറയുന്ന തിയ്യതിയില്‍ നടത്താവുന്നതും തത്സമയം പരിശുദ്ധ ഗണപതി ഹോമം ചെയ്യേണ്ടതുമാണ്.
ഈ കുറിപ്പ് പ്രാര്‍ത്ഥനാപൂര്‍വ്വം തന്റെ സുഹൃത്തിന് കൈമാറി അയാള്‍ നീട്ടിയ അഞ്ഞൂറ് രൂപ നോട്ട് സ്‌നേഹപുരസ്സരം തിരസ്‌കരിച്ച് ഒന്നുകൂടി കവടി നിരത്തി പെരളശ്ശേരിയിലുള്ള ഒരു പ്രഗത്ഭമന്ത്രവാദിക്ക് ഒഴിവ് കാണുന്ന വിവരം തെര്യപ്പെടുത്തി ധൃതിയില്‍ പുറപ്പെട്ട് ടാക്‌സിയിലേക്ക് കയറാന്‍ തുടങ്ങി. പുറകെവന്ന ദുബായിക്കാരന്‍ സുഹൃത്തിനോട് തിരഞ്ഞുനോക്കാതെ പതിയെ മന്ത്രിച്ചു. മരുമകന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നീ പോകുന്നതിനു മുമ്പ് കൊടുത്തയക്കാം. എങ്ങിനെയെങ്കിലും ഒരു വിസ ശരിപ്പെടുത്തണം. ഇവിടെ നിന്നാല്‍ ചെക്കന്‍ അലമ്പായിപ്പോകും. കാറ് ദൃഷ്ടിയില്‍നിന്നു മറഞ്ഞപ്പോള്‍ മനസ്സിലെ വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസത്തോടെ തിരിഞ്ഞു നടന്നു. അന്ന് സമാധാനമായി ഉറങ്ങി.

പെരളശ്ശേരിയിലെ പേരുകേട്ട മന്ത്രവാദി കൃത്യസമയത്തുതന്നെ കാറില്‍ വന്നിറങ്ങി ക്രിയകള്‍ ആരംഭിച്ചു. ക്രിയകള്‍ക്ക് അകമ്പടിയായി ഒരു ചെണ്ടക്കാരനും ഉണ്ടായിരുന്നു. ചെണ്ടമേളമാണ് അയല്‍വാസികളെയെല്ലാം ഉണര്‍ത്തിയത്. ക്രിയകള്‍ തീരുമ്പോഴേക്കും അര്‍ദ്ധരാത്രിയായി. വിരസമായ ക്രിയകള്‍ കണ്ട് മടുത്ത അയല്‍വാസികള്‍ അവരവരുടെ വീടുകളില്‍ പോയി ഉറങ്ങി.... അര്‍ദ്ധരാത്രിയോടെ ചെന്നാട്ട്താഴകുനിയില്‍ നിന്ന് കുറച്ച് മണ്ണ് ക്രിയകള്‍ നടത്തി അരിയും തെച്ചിപ്പൂവും നുരിച്ച് അടര്‍ത്തിയെടുത്ത് ഒരു മണ്‍പാത്രത്തില്‍ വെച്ച് വായമൂടിക്കെട്ടി വീട്ടുകാരെ ഏല്‍പ്പിച്ച്, മന്ത്രവാദിയുടെ സഹായി വീട്ടുകാരന്റെ ചെവിയില്‍ പറഞ്ഞ വലിയൊരു തുക പ്രതിഫലമായി കൈപ്പറ്റി മുരണ്ടുനിന്ന കാറില്‍ കയറി യാത്രയായി. മറ്റൊരു കാറില്‍ അച്ഛനും മകനും അച്ഛാച്ഛന്റെ ആത്മാവിനെ വഹിക്കുന്ന മണ്‍പാത്രവുമായി തിരുനെല്ലിക്കും. ദുബായിയിലെക്കുള്ള വിസ കിട്ടുന്നതിനു മുമ്പുള്ള ആറുമാസത്തെ അലച്ചിലും വീര്‍പ്പുമുട്ടലും അയാളുടെ മനസ്സില്‍ തേട്ടിവന്നു. ഒടുവില്‍ പോസ്റ്റ്മാന്‍ വസന്തന്‍ വിസയുള്ള റജിസ്‌ട്രേഡ് കവറുമായി വീടിന്റെ പടികയറിവന്നപ്പോഴുള്ള സന്തോഷവും പ്രശാന്തതയുമായിരുന്നു ആ മനസ്സിലപ്പോള്‍.

സദാനന്ദന്റെ കവടിയില്‍ വീണ്ടും അലഞ്ഞു തിരിയുന്ന ആത്മാക്കള്‍ പ്രതിബിംബിച്ചുകൊണ്ടിരുന്നു. പാപനാശിനിയിലും തിരുന്നാവായയിലും വരക്കലും ആത്മാക്കള്‍ രഹസ്യമായി ആവാഹിച്ചയക്കപ്പെട്ടുകൊണ്ടിരുന്നു. അതൊരു സ്വാഭാവിക സംഭവമായി ഒഞ്ചിയത്തുകാര്‍ പൊരുത്തപ്പെട്ടു. ഞങ്ങള്‍ ചോമ്പാലക്കാരെ സംബന്ധിച്ച് ഈ ആവാഹനങ്ങള്‍ തികച്ചും സാധാരണവും ഒരു പ്രത്യേകതയുമില്ലാത്ത സംഭവങ്ങളായിരുന്നു. ഒഞ്ചിയത്തെ എന്റെ സുഹൃക്കളായ രവീന്ദ്രനും ചന്ദ്രനും ഈ സംഭവങ്ങളെക്കുറിച്ച് എന്നോട് വിവരിക്കുമ്പോള്‍ ഒരു അതിശയോക്തിയുമില്ലാതെ ചില കേട്ടുകേള്‍വികളെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

Subscribe Tharjani |