തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ആത്മഹത്യ

ആഗ്രഹിച്ചിട്ടില്ലേ,
ഒരിയ്ക്കലെങ്കിലും
ഒറ്റനിമിഷംകൊണ്ട്
ജീവിതത്തിന്റെ അറ്റംകാണാന്‍?

ആശിച്ചിട്ടില്ലേ,
ശ്രാദ്ധക്കുടമെന്നപോലെ
സകല താപങ്ങളെയും
എറിഞ്ഞുടയ്ക്കാന്‍?

മോഹിച്ചിട്ടില്ലേ,
എല്ലാ അര്‍ത്ഥമില്ലായ്മകള്‍ക്കും
സകല നിരാസങ്ങള്‍ക്കും
അപമാനങ്ങള്‍ക്കും
ഒരു ഞൊടികൊണ്ട്
ഉത്തരമെത്തിയ്ക്കാന്‍?

ഒന്നു വിരലമര്‍ത്തിയാല്‍
വെളിച്ചമണയുന്ന പോലെ
ഒരു പൊട്ടിത്തെറിയില്‍
എരിഞ്ഞ മരണമെന്നൊരു
ഭ്രാന്തസ്വപ്നം കണ്ടിട്ടില്ലേ?

ചിന്തിച്ചിട്ടില്ലേ,
അസാന്നിദ്ധ്യത്തിന്റെ
വര്‍ത്തമാനത്തിലെങ്കിലും
തിരിച്ചെടുക്കലുകളുടെ
ഒരു നെടുവീര്‍പ്പ്
ആരെങ്കിലും ബാക്കി വെയ്ക്കുമെന്ന്?

ഇനി വേണ്ടാ
ഈ കണ്ണീര്‍ക്കനലെന്ന്,
ഇനിയില്ലാ
ഈ കറപുരണ്ട വാക്കെന്ന്,
ഇനിയുമെന്തിന്
ഈ ചൂണ്ടുവിരല്‍പ്പലകകളെന്ന്
ഒരിയ്ക്കല്‍പ്പോലുമോര്‍ത്തിട്ടില്ലേ?

തൂങ്ങിമരിയ്ക്കല്‍,
വിഷം കുടിയ്ക്കല്‍,
ഞരമ്പു മുറിയ്ക്കല്‍…
പഴകിയ ഓട്ടനാണയങ്ങള്‍!
പരാജയ സാദ്ധ്യതയേറുന്ന
പഴന്തുണികള്‍!

ഒന്നും വേണ്ട,
വിഷം, കീടനാശിനി,
കയര്‍, ബ്ലേഡ്..
ഇതൊന്നിന്റെയും ആവശ്യമില്ല
ഏറ്റം മികച്ചൊരാത്മഹത്യയ്ക്കെന്ന്
അറിയാറായില്ലേ
ഇനിയും?

Subscribe Tharjani |