തര്‍ജ്ജനി

മനോജ് മേനോന്‍

Visit Home Page ...

കവിത

മൂന്നു ജന്മങ്ങള്‍

1

കഴിഞ്ഞ ജന്മത്തില്‍..

ഞാനൊരു പൂച്ചയായിരുന്നു
എന്നിട്ടും നിന്നെ പ്രണയിച്ചു
നീയൊരു എലിയായിരുന്നു
എന്നിട്ടും എന്നെയും
കണ്ണടച്ചിരുട്ടാക്കി
എത്ര ഉമ്മകള്‍ ഞാന്‍
നിനക്ക് തന്നിട്ടുണ്ടെന്നോ..
വിശന്നു വലഞ്ഞ ഒരു ദിവസം
"വിശപ്പിനേക്കാള്‍ വലുതല്ലല്ലോ പ്രണയം"
എന്നൊരു കവിത എഴുതിവെച്ച്
ഞാന്‍ നിന്നെ പിടിച്ചു തിന്നു
വയറുനിറഞ്ഞപ്പോള്‍
നിന്റെ വേര്‍പാടില്‍
ഏങ്ങിയേങ്ങിക്കരഞ്ഞു
പിറ്റേ ദിവസം വീട്ടുകാര്‍
കലക്കിവെച്ച വിഷംചേര്‍ത്ത
പാലു കുടിച്ച് ഞാന്‍
ആത്മഹത്യ ചെയ്തു

2

ഈ ജന്മത്തില്‍...

നമ്മള്‍ മനുഷ്യരാകുന്നു.
രണ്ട് ദേശങ്ങളില്‍ വളര്‍ന്നു
രണ്ട് ദേശങ്ങളിലേക്ക്
പറിച്ച് നടപ്പെട്ടു
ഒരിക്കലും കണ്ടു മുട്ടിയില്ല
എന്നിട്ടും പ്രണയിച്ചു
കല്യാണം കഴിച്ചില്ല
എന്നിട്ടും വേര്‍പിരിഞ്ഞു
ഉളുപ്പോ ചളിപ്പോ
നോവോ വേവോ ഇല്ലാതെ
ശിഷ്ടകാലം ....

3

അടുത്ത ജന്മത്തില്‍...

നമ്മള്‍ മത്സ്യങ്ങളാകും
2112 ഡിസംബര്‍ 20നു
പുലര്‍ച്ച,
ബൊളീവിയയിലെ
ബേനി നദിയില്‍ച്ചാടി
ആത്മഹത്യ ചെയ്യുന്ന
ബ്രയാന്‍ എന്നും ലൂസിയെന്നും
പേരുകള്‍ ഉള്ള
കമിതാക്കളുടെ
കണ്ണുകള്‍ കൊത്തി തിന്നുന്നതിനിടയില്‍
നമ്മള്‍ കണ്ടുമുട്ടും
ബ്രയാന്റെ തുറന്ന വായിക്കുള്ളില്‍
വെച്ച് നാം ഇണചേരും
ലൂസിയുടെ പൊക്കിള്‍ച്ചുഴിയില്‍
നീയെന്റെ കുഞ്ഞുങ്ങളെ
പെറ്റുകൂട്ടും
ബ്രയാന്റെ പാതി അയഞ്ഞ കൈക്കുള്ളില്‍
നിന്നു പുറത്ത് കടക്കാനാവാതെ
നീയും
ലൂസിയുടെ ജനനേന്ദ്രിയത്തില്‍
തല കുടുങ്ങി ഞാനും
ചത്ത് മലയ്ക്കും ....

Subscribe Tharjani |