തര്‍ജ്ജനി

മുഖമൊഴി

പിന്നോട്ട് നടക്കുന്നവര്‍

മതവും അനുബന്ധസ്ഥാപനങ്ങളും വളരെയൊന്നും മാറ്റമില്ലാതെ തുടര്‍ന്നു പോരുന്ന ഒരു തട്ടിപ്പായിരിക്കെ ഒറ്റയാള്‍ ദൈവങ്ങളും ആശ്രമങ്ങളും അതില്‍ നിന്നും വ്യത്യസ്ഥമായൊന്നും തന്നെ നിര്‍മ്മിക്കുന്നില്ലെന്നത് പകല്‍ പോലെ വ്യക്തമാകുന്ന വസ്തുതയാണ്. എന്നാലും പൊതുജനം പിന്നെയും പിന്നെയും പണം പെരുപ്പിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതികള്‍ക്ക് പിന്നാലെയെന്ന പോലെ ഈ കപടദൈവങ്ങളുടെ പിന്നാലെ പോകുന്നത് എന്തു കൊണ്ടാണ്? പണത്തിനോടുള്ള ആര്‍ത്തിക്കു പകരം ആത്മശാന്തിയെന്ന മരീചികയാവണം ഭൂരിപക്ഷത്തെയും വഴിപിഴപ്പിക്കുന്നതെന്നു തന്നെ കരുതണം.

വളരെ മെച്ചപ്പെട്ട സ്കൂളുകളും ഉയര്‍ന്ന സാക്ഷരതയും ഭേദപ്പെട്ട വായനാനിലവാരവുമൊക്കെയുള്ള സംസ്ഥനമാണല്ലോ കേരളം. എല്ലാ കുട്ടികളും വിവിധ ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നുമുണ്ട്, പരീക്ഷകളില്‍ പാസാകുന്നുമുണ്ട്. പക്ഷെ ശാസ്ത്രാന്വേഷണത്തിനുള്ള പ്രാഥമിക ശിക്ഷണം പോലും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രപഠനം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ട്. സ്വയം ചോദ്യങ്ങളെ നേരിടാനും തെറ്റെന്ന് കണ്ടെത്തിയാല്‍ അവയെ തിരുത്താനും ഉത്തരമില്ലാതെയാകുമ്പോള്‍ തിരിഞ്ഞു നിന്ന് ചോദ്യകര്‍ത്താവിനു നേരെ കൊഞ്ഞനം കുത്താതെ പുതിയ മാര്‍ഗ്ഗങ്ങള്‍ തിരയാനും കുട്ടികള്‍ പഠിക്കേണ്ടത് നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നാണ്. ഈ ചോദ്യങ്ങള്‍ മുളയിലേ നുള്ളാതിരുന്നാല്‍ മതി നമ്മുടെ നാട്ടിലെ ആത്മീയവ്യവസായത്തിന്റെ അടിത്തറ ഇളക്കുവാന്‍. അന്വേഷണത്തിനുപകരം അന്ധമായ വിശ്വാസം, അത് പാഠപുസ്തകം ആണെങ്കില്‍ പോലും, വരുത്തി വയ്ക്കുന്ന അപകടം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ആര്‍ക്കാണിതിന്റെ ഉത്തരവാദിത്തം - അദ്ധാപകര്‍, രക്ഷിതാക്കള്‍, പൊതുസമൂഹം എന്ന മൂന്നു മതിലുകള്‍ക്കുള്ളില്‍ ആര്‍ക്കും ആരെയും പഴിചാരാനാവില്ല.

വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന മറ്റു പല ഉത്പന്നങ്ങള്‍ പോലെയൊന്നാണ് ആത്മീയത. പലരും പല രീതിയില്‍ പൊതിഞ്ഞും നിറം കൊടുത്തും അവതരിപ്പിക്കുന്നുവെന്നു മാത്രം. ഒരു ഉത്പന്നമെന്ന നിലയില്‍ ഉപഭോക്താവിന്റെ ചില ആവശ്യങ്ങളൊക്കെ തൃപ്തിപ്പെടുത്തുന്നുമുണ്ട് ഇവ. പക്ഷേ പുറമേ കാഴ്ചയ്ക്ക് കാണാത്ത പലതും ഈ ആത്മീയ കച്ചവടത്തില്‍ ഒളിച്ചിരിക്കുന്നെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഉപഭോക്താവിന് ഈ വിപണിയില്‍ പ്രത്യേകിച്ച് അവകാശങ്ങളൊന്നും ഇല്ലെന്നതാണ് ആരും തിരിച്ചറിയാതെ പോകുന്ന വസ്തുത. അര്‍ദ്ധബോധത്തിലോ അബോധത്തിലോ ജീവിച്ചിരിക്കുന്നെന്ന പോലെ നടിക്കുന്നവര്‍ക്ക് അവകാശബോധം ഉണ്ടാവില്ലല്ലോ! ചില നിര്‍ദ്ദോഷകരമായ കൊടുക്കല്‍ വാങ്ങലുകളെന്ന് വിചാരിക്കുമ്പോഴും, വളരെയധികം ആസൂത്രിതമായി നടത്തപ്പെടുന്ന ഒരു കച്ചവടമാണിതെന്ന സത്യം മറച്ചു പിടിക്കുന്നതിലാണ് ഈ വിപണിയുടെയും ഉത്പന്നങ്ങളുടെയും പരമമായ വിജയം. ഈ ഉത്പന്നം വ്യക്തിയുടെ നിലനില്പിനുതന്നെ ആവശ്യമാണേന്ന് വരുത്തിത്തീര്‍ക്കുകയും ഒരു തരം അടിമബോധം കുത്തിവയ്ക്കുകയും ചെയ്തുകൊണ്ട് മുക്കിനു മുക്കിനു ആശ്രമങ്ങളും ആള്‍ദൈവങ്ങളും തഴച്ചു വളരുന്നത് ഒരു പിന്നോട്ട് നടത്തം തന്നെയാണ്.

ഏതു വിപണിയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്, നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. സോപ്പായാലും വാക്സിനായാലും മന്ത്രമായാലും ഒരു നിയന്ത്രണവുമില്ലാത്ത വിപണി അപകടം തന്നെയാവും വിളിച്ചു വരുത്തുക. നികുതിപ്പണം തിന്നു കൊഴുത്ത ചില സര്‍ക്കാര്‍ സ്ഥാപങ്ങള്‍ ഉറങ്ങിയും ഉറക്കം നടിച്ചും സമയം കളയുമ്പോള്‍, ഒളിച്ചും ഒളിക്കാതെയും ത്ഴച്ചു വളരുന്ന എല്ലാ വ്യവസായങ്ങളും തട്ടിപ്പുകളായി തീരുന്നതിന് അധികം കാലതാമസം ഉണ്ടാവില്ല.

Subscribe Tharjani |