തര്‍ജ്ജനി

എസ്. കലാദേവി

സഖില,
അമ്പലത്തറ,
തിരുവനന്തപുരം
മെയില്‍ :kaladevi639@gmail.com

Visit Home Page ...

കവിത

അക്വേറിയത്തിലെ ആത്മഭാഷണങ്ങള്‍

നമ്മളുടെ പൂര്‍വ്വികര്‍
കടുംനീലനിറത്തിലുള്ള ഏതോ
കടലിലുള്ളവരായിക്കണം

മെയ്യിലെ
പുള്ളികളും തിളക്കങ്ങളുമൊക്കെ
ആ ജലനഗരത്തിലെ
ജന്മരഹസ്യങ്ങളാണ്

കപ്പലോട്ടക്കാരുടെ നിഗൂഢവഴികളില്‍
വലക്കണ്ണികളുടെ
ഇറുക്കിപ്പിടുത്തത്തില്‍നിന്ന്
പേരാടി ജയിച്ച മീനമ്മാന്‍

പവിഴപുറ്റുകള്‍ക്കിടയിലേക്ക്
ഇടിവാളുപോലെ മിന്നിപ്പാഞ്ഞ്
തീറ്റതേടിയൂട്ടിയ മീനച്ഛന്‍

നക്ഷത്രക്കണ്ണന്മാരോട്
ചോദിച്ചു വാങ്ങിയ തൊട്ടിലില്‍
താരാട്ടു പാടിയുറക്കിയ മീനമ്മ

ഉള്ളിലെ
ഓര്‍മ്മകള്‍ക്കെല്ലാം
ഖരരൂപമാണ്

ചുരുക്കി ഒരുക്കിവെച്ച കടലില്‍
ഒരേ വഴിയിലൂടെ നീന്തീ മടുത്തെങ്കിലും
നാം പ്രണയിക്കാറുണ്ട്

ചില്ലുകളുടെ വെള്ളവീട്ടില്‍
വെള്ളാരങ്കല്ലുകള്‍ക്കിടയിലെ
തടവറയില്‍ നമ്മളുണ്ടെന്ന്
കാറ്റിന്റെ കയ്യിലൊരു സന്ദേശം
കടലിന് കൊടുത്തുവിട്ടാലോ?
കരക്കേറിവന്ന് കൊണ്ടുപോവില്ലേ
നമ്മളെ!

നോക്കു
അക്വേറിയങ്ങളിലെ ഭാഷണങ്ങള്‍
ഒരിക്കല്‍ പുറംങ്കടലിലെത്തും
മീനുകളുടെ മീഡീയ
അതിനെ
വാനത്തോളമുയര്‍ത്തുന്ന വാര്‍ത്തയാക്കും

അന്നായിരിക്കും
ചെറുതെങ്കിലും,വലിയ സ്വപ്നങ്ങളുള്ള
നമ്മുടെ സ്വതന്ത്ര്യദിനം

ചില്ലുകടലേ
അപ്പോള്‍
ബാക്കിയാവുന്ന
നിന്നിലെ വെള്ളത്തില്‍
നിന്റെ തന്നെ
ഹൃദയത്തെ തടവിലിട്ട്
അലങ്കാരമാക്കിക്കൊള്ളുക

Subscribe Tharjani |