തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ആമ

ഉള്ളിലുണ്ട്
ഏതു നിമിഷവും
ഓട്ടം നിലച്ചേയ്ക്കാവുന്ന
ഒരിഴയല്‍
വലിഞ്ഞു വലിഞ്ഞു
വെറും തോടുമാത്രമാകുന്ന
ഒരു ജീവന്‍.

ഇതിപ്പോള്‍
കിതപ്പിന്റെ കാലമാണ്.
കാഴ്ചയുടെ ചക്രത്തില്‍
കാണാലോകം കറങ്ങുമ്പോള്‍
പരന്നപാദങ്ങളുടെ
ഇല്ലാവേഗങ്ങളില്‍
താങ്ങിയോടുന്ന
ലോകത്തിന്റെ കിതപ്പ്.

ഇതിപ്പോള്‍
വിശപ്പിന്റെ കാലമാണ്.
ഉരുകിത്തീരുന്ന തപോവനങ്ങളില്‍
മഹാമൌനം
അരിച്ചെത്തുമ്പോള്‍
ശിശിരനിദ്രയിലേയ്ക്ക്
ഒഴുകിയൊതുങ്ങാനൊരുങ്ങുന്ന
മനസ്സിന്റെ വിശപ്പ്.

ഇതിപ്പോള്‍
തണുപ്പിന്റെ കാലമാണ്.
ഉഷ്ണം വലിച്ചെടുക്കുന്ന
ശ്വാസനിറവുകളില്‍
ഗതിവേഗങ്ങളുടെ താളം മുറുകുമ്പോള്‍
ഇരുട്ടിന്റെ താഴ്വാരങ്ങളിലേയ്ക്ക്
ഉറഞ്ഞമരുന്ന
രക്തത്തിന്റെ തണുപ്പ്.

Subscribe Tharjani |