തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

ഒരു ഭക്തയും ആരാധനാമൂര്‍ത്തിയും പിന്നെ ഒരു ആശ്രമവും

മാതാ അമൃതാനന്ദമയിയെക്കുറിച്ച് അവരുടെ മുന്‍കാലസഹചാരി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോടെ പുറത്തിറങ്ങിയ പുസ്തകം എന്നാണ് പരക്കെ ഈ പുസ്തകത്തെക്കുറിച്ച് കാണുന്ന വിശേഷണം. ആരെ ഞെട്ടിക്കുന്നതാണ് ഈ പുസ്തകം എന്നതാണ് അതേക്കുറിച്ചുള്ള ആദ്യചോദ്യം. ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഏത് കാര്യമാണ് ഞെട്ടിപ്പിക്കുന്നത് എന്നത് രണ്ടാമത്തെ ചോദ്യം. അതിനുള്ള ഉത്തരങ്ങള്‍ അതീവലളിതമാണ് എന്നതാണ് അതിലേറെ പ്രധാനം.

ഹഗ്ഗിംങ് സെയിന്റ് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയുടെ വളര്‍ച്ച സമകാലികമലയാളികളുടെ കണ്‍മുന്നില്‍ സംഭവിച്ച ഒരു കാര്യമാണ്. അതിന്റെ ഓരോ ഘട്ടവും ശ്രദ്ധാലുവായ മലയാളിയുടെ ഓര്‍മ്മയില്‍ ഉള്ളതാണ്. ഭക്തസമൂഹം രൂപപ്പെട്ടതും പിന്നെ അത് വന്‍ ആശുപത്രിയും വിദ്യാലയങ്ങളും സര്‍വ്വകലാശാലയും എല്ലാം ഉള്‍പ്പെടുന്ന വന്‍ വ്യവസായ-സേവനസാമ്രാജ്യമായി വളര്‍ന്നതും സമകാലികകേരളീയരുടെ കണ്‍മുന്നിലൂടെ തന്നെയാണ്. അങ്ങനെയൊരു വളര്‍ച്ച ദൈവാനുഗ്രഹംകൊണ്ട് സംഭവിക്കന്നതാണെന്ന് സമസ്തവും ദൈവകാരുണ്യത്താല്‍ സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഭക്തര്‍പോലും കരുതുകയില്ല. ഈ നാട്ടില്‍ ജോലിചെയ്ത് ജീവിച്ചുപോകാനാവില്ലെന്ന് മനസ്സിലാക്കി അന്യദേശത്ത് ചേക്കേറിയവരാണ് നമ്മുടെ നാട്ടിലെ പലരും. തൊഴിലില്ലായ്മ കാരണം പ്രവാസികള്‍ ആയവര്‍. അനാരോഗ്യകരവും അമിതവുമായ രാഷ്ട്രീയവത്കരണം കാരണം തൊഴിലവസരങ്ങള്‍ ഉണ്ടാവാനിടയുള്ള സംരംഭങ്ങളൊന്നും ഈ നാട്ടില്‍ പച്ചപിടിച്ചില്ല. ആകെ വളര്‍ന്നതും വികസിച്ചതും രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളുമാണ്. രാഷ്ട്രീയക്കാരന്റെ പിന്‍ബലത്തോടെയാണ് പ്രവാസികളായവര്‍പോലും ഇവിടെ പിന്നീട് മുതല്‍മുടക്ക് നടത്തിയത്. അല്ലാത്തവര്‍ക്ക് ദൈവകാരുണ്യമുണ്ടായാലും ഇവിടെ വ്യവസായം നടത്താനോ ജീവിച്ചുപോവാനോ കഴിയുമായിരുന്നില്ല. അങ്ങനെയുള്ള ഒരു കേരളത്തിലാണ് വള്ളിക്കാട്ടെ കടല്‍ത്തീരത്തുനിന്നും അമൃതാനന്ദമയി എന്ന ആശ്ലേഷമാതൃബിംബം ഉയര്‍ന്നുവന്നത്.

ആള്‍ബലം കുറവാണെങ്കിലും കേരളത്തിലെ യുക്തിവാദികള്‍ക്ക് പൊതുസമൂഹത്തില്‍ മറ്റു പലര്‍ക്കും ഇല്ലാത്ത വിശ്വാസ്യതയുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെ മകരജ്യോതി മനുഷ്യര്‍ കത്തിക്കുന്നതാണെന്ന് കേരളീയരോട് വിളിച്ചുപറഞ്ഞവരാണ് അവര്‍. എ. ടി. കോവൂരിന്റെ കാലം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അനന്തരഗാമികള്‍ അയവില്ലാത്ത യുക്തിബോധവും ശാസ്ത്രീയതയും പ്രചരിപ്പിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ആശ്ലേഷമാതൃബിംബം വളര്‍ന്നുവന്നത്. ആകാശവാണി റണ്ണിംഗ് കമന്ററി പ്രക്ഷേപണം ചെയ്ത് പ്രചരിപ്പിച്ച അന്ധവിശ്വാസമാണ് ശബരിമലയിലെ മകരജ്യോതി താനേ തെളിയുന്നതാണെന്ന്. പൊന്നബലമേട്ടിലെ ഒരു പാറയുടെ മേല്‍ കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായിരുന്ന ഒരു വിശ്വാസിയായിരുന്നു അത് കത്തിച്ചിരുന്നതെന്ന് യുക്തിവാദികള്‍ അവിടെ ചെന്ന് കണ്ടെത്തിയത് ഫോട്ടോസഹിതം അവരുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ അക്കാരണംകൊണ്ട് ശബരിമലയിലേക്കുള്ള ഭക്തജനപ്രവാഹം ദുര്‍ബ്ബലമാവുകയല്ല, ശക്തമാവുകയാണ് ചെയ്തത്. അത് മലയാളികളുടെയും കേരളീയസമൂഹത്തിന്റെയും ഒരു സവിശേഷതയാണ്. തെറ്റാണ്, അസംബന്ധമാണ് എന്നെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ പലതരം വിഡ്ഢിന്യായങ്ങള്‍ പറഞ്ഞ് ചെയ്യുകയെന്നത് മലയാളികളുടെ ട്രേഡ് മാര്‍ക്ക് രീതിയാണല്ലോ. അമൃതാനന്ദമയിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പണ്ടേ യുക്തിവാദികള്‍ അവരെക്കുറിച്ച് പറഞ്ഞിരുന്നു. കൌശലം കാണിച്ച് തന്‍കാര്യംനേടി ജീവിക്കാനറിയാത്ത യുക്തിവാദി ആദര്‍ശവാദികളുടെ എതിര്‍വഴിക്ക് പോയാലാണല്ലോ നമ്മുക്ക് നമ്മുടെ കാര്യങ്ങള്‍ ഭദ്രമാക്കാനാവുക. അതിനാല്‍ നാള്‍തോറും അമൃതാനന്ദമയീഭക്തരാല്‍ കേരളം നിറഞ്ഞു,

അമൃതാനന്ദമയീഭക്തിയെ നീതീകരിക്കാന്‍ ശരാശരി മലയാളികള്‍ക്ക് എടുത്തുകാണിക്കാനുണ്ടായ ന്യായങ്ങളിലൊന്ന് എണ്ണംപറഞ്ഞ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും അമ്മയുടെ ഭക്തരായത് വെറുതെയാണോ എന്നതാണ്. ഒ. രാജഗോപാല്‍, എം. പി. വിരേന്ദ്രകുമാര്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കന്മാര്‍, അക്കിത്തം മുതലുള്ള എഴുത്തുകാര്‍, പേരുപറഞ്ഞാല്‍ തീരാത്ത അത്രയും സിനിമാക്കാര്‍.... ഇവരെല്ലാമാണല്ലോ മലയാളിയുടെ സാംസ്കാരിക-പൊതുജീവിതത്തിന്‍റെ നാണം മറക്കുന്നത്. അപ്പോള്‍ അവര്‍പോകും വഴി തന്നെ നമ്മുടെ വഴി. ശരാശരിയാണ് നമ്മുടെ ശരി. സുധാമണിയന്ന പെണ്‍കുട്ടിക്ക് ദൈവദര്‍ശനം ഉണ്ടായി എന്നതുമുതല്‍ പലതരം ഐതിഹ്യങ്ങള്‍ പ്രചരിപ്പിച്ചും സ്വയം വിശ്വസിച്ചും മറ്റഉള്ളവരെ വിശ്വസിപ്പിച്ചും ശാസ്ത്രീയതയിലും പുരോഗമനത്തിലും വിശ്വസിക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന മലയാളികള്‍ ഒരു ആള്‍ദൈവത്തെ വളര്‍ത്തിയെടുത്തു. അങ്ങനെ ഒരു ആള്‍ദൈവം ഉണ്ടാവേണ്ടത് മലയാളികളുടെ ആവശ്യമായിരുന്നു. അമൃതാനന്ദമയിയുടെ ആവശ്യമായിരുന്നില്ല എന്നു പറഞ്ഞാല്‍ തെറ്റല്ല. ശബരിമലയില്‍ പോകുന്നതില്‍ ഭൂരിപക്ഷവും ഞങ്ങളുടെ പാര്‍ട്ടിക്കാരായ ചെറുപ്പക്കാരാണ് എന്ന് അവകാശപ്പെട്ടത് മുന്‍മന്ത്രിയായ പുരോഗമനകവി, ജീവത്സാഹിത്യകാര്ന്‍ ജി. സുധാകരനായിരുന്നല്ലോ. ഭൌതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാരുടെ വര്‍ത്തമാനമാണത്. ഭൌതികവാദജാഡകളില്ലാത്തവരുടെ കാര്യം പിന്നെ പറയാനുണ്ടോ?

ആശ്രമവുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങളില്‍ പലതും സംശയാസ്പദമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പക്ഷെ എല്ലാ വിമര്‍ശനവും ആക്ഷേപവും ആരോപണവും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങിപ്പോയി. പണത്തിന്റെ മേല്‍ പരുന്തും പറക്കില്ലെന്ന് പണ്ടേ മലയാളികള്‍ക്കറിയാം. അതോടൊപ്പം ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നതുമായ രാഷ്ട്രീയക്കാരുടെ പിന്തുണയുമായി അരങ്ങുവാഴുന്ന ആശ്രമത്തെ തൊടാന്‍ ആരാണ് ധെെര്യപ്പെടുക? ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ ആള്‍ദൈവത്തെ തള്ളിപ്പറയുമോ? അങ്ങനെ ഇക്കാലമത്രയും സര്‍വ്വതന്ത്രസ്വതന്ത്രമായി വിഹരിച്ച ഒരു സ്ഥാപനത്തിന് നേരെയാണ് ഇപ്പോള്‍ നിഴല്‍ വീഴുന്നത്. അതില്‍ ലൈംഗികതയുടെ ഇക്കിളിതന്നെയാണ് മലയാളിയെ ഹരംകൊള്ളിക്കുന്നത്. ആശ്രമത്തിലെ ഒരു അന്തേവാസിക്ക് വേറൊരാളാട് പ്രണയമോ രതിയോ തോന്നിയാല്‍ അത് അവരുടെ കാര്യം. അതില്‍ അതിക്രമമുണ്ടായാല്‍ നിയമാനുസൃതമായി പരിഹാരം നേടാം. എന്നാല്‍ അവിടെ നടന്ന മരണങ്ങള്‍ അങ്ങനെയല്ല. അത് തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റകൃത്യം തന്നെയാണ്. അത് സത് നാം സിംഗിന്റേതായാലും മലയാളിയായ അന്തേവാസിയുടേതായാലും. പക്ഷെ അത്തരം കുറ്റകൃത്യങ്ങളൊന്നും തന്നെ നേരാംവണ്ണം അന്വേഷിക്കപ്പെട്ടോ? എന്താണ് അതിന് കാരണം? ഏതാനും വോട്ടിന് അന്തസ്സാരശൂന്യരായ ജാതിക്കോമരങ്ങളുടെ മുന്നില്‍ ഏത്തമിടുകയും കുറ്റവാളികളായ മതപുരോഹിതരുടെ ദാസ്യം സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ സംരക്ഷണം ഉള്ളിടത്തോളം കാലം ഏത് പോലീസാണ് അവിടെ സത്യസന്ധമായ അന്വേഷണം നടത്തുക? ഓര്‍ക്കുക, അമൃത ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തെ "ആശ്രമമൃഗങ്ങള്‍" എങ്ങനെയാണ് നേരിട്ടതെന്ന്.

സ്വാമിമാരുടേയും സന്യാസിമാരുടെയും ലൈംഗികതയും സ്വകാര്യജീവിതവും അവരുടെ മാത്രം കാര്യമാണ്, അതില്‍ വേറെ ആളുകളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അന്തസ്സും അതിക്രമിക്കപ്പെടുന്നില്ലെങ്കില്‍. എന്നാല്‍ ഓരു രാജ്യത്തെ നിയമവ്യവസ്ഥയെ പണത്തിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ ലംഘിച്ച് അരാജകത്വം സൃഷ്ടിക്കുന്നത് ഗൌരവമായി കാണേണ്ട കാര്യമാണ്. മലയാളികളുടെ സഹജമായ ഇരട്ടത്താപ്പ്, തന്‍കാര്യം കാണാനുള്ള വ്യഗ്രത എന്നിവയെല്ല്ലാം ചില ഇക്കിളികളില്‍ എല്ലാറ്റിനേയും ഒതുക്കിക്കളയും. ഇവിടെയും അങ്ങനെ തന്നെ സംഭവിക്കുന്നത് നമ്മുക്ക് കാണാനാവുന്നില്ലേ?

Subscribe Tharjani |