തര്‍ജ്ജനി

സുനില്‍ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

കഥ

രണ്ടേ നാല്

രാവിലെ ആറരക്ക് കുട്ടികളുടെ സ്‌കൂള്‍വാനും അവളുടെ ഭര്‍ത്താവിന്‍റെ കമ്പനിവണ്ടിയും പോയിക്കഴിഞ്ഞ് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് അയാള്‍ അവളുടെ ഫ്‌ളാറ്റില്‍ കയറുക. കൊടുംരാത്രിയിലെന്നപോലെ നിശബ്‌ദമായിരിക്കും ആ പഴയ ബില്‍ഡിങ്ങിലെ രണ്ടാമത്തെ നില അപ്പോള്‍. രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റുകളുടെ ഒരു പഴയ കെട്ടിടമായിരുന്നു അത്.

സ്‌റ്റെയര്‍കെയ്‌സായിരുന്നു അയാള്‍ എപ്പോഴും ഉപയോഗിച്ചത്. അടഞ്ഞുകിടക്കുന്ന നാലു വാതിലുകള്‍ ഉറങ്ങിയ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്ന വരാന്തയില്‍ അയാള്‍ കുറച്ചുനേരം നില്‍ക്കും. നിശബ്‌ദതക്ക്മ തിയായ കനമാണെന്ന ഉറപ്പില്‍. അല്‍പം വിയര്‍ത്ത താക്കോല്‍ തിരിയുന്നതും നാല് എന്നെഴുതിയ ഡോറിന്‍റെ ഹാന്‍ഡ്‌ല്‍ താഴോട്ടു പോവുന്നതും വാതില്‍ തുറന്നടയുന്നതും അയാളുടെ കൃതഹസ്തങ്ങളാല്‍ അതിവിദഗ്ധമായാണ് സംഭവിക്കുക.

താഴ്‌ന്ന ഹാന്‍ഡ്‌ല്‍ പൊങ്ങുന്നതും സദാ മുരളുന്ന എയര്‍കണ്ടീഷനോടൊപ്പം അയാളുടെ ഹൃദയമിടിപ്പും കൂടും. വെളിച്ചവും വായുവും തീര്‍ത്തും കൊട്ടിയടക്കേണ്ട എന്നമട്ടില്‍ അവള്‍ മുക്കാലും ചാരിയ കതകിന് മുന്നിലേക്ക് പൂച്ചപാദങ്ങളാല്‍ അയാള്‍ ഒഴുകുന്നത് ആ മിടിപ്പിന്‍റെയും മുരളലിന്‍റെയും താളത്തിലാണ്. ആ വാതില്‍ക്കീറ് അവള്‍ അനുവദിച്ചു തന്നിട്ടുള്ള ഇടമായി അയാള്‍ കരുതിപ്പോന്നു.

മലര്‍ന്ന് കഴുത്തറ്റം ബ്‌ളാങ്കറ്റ് കൊണ്ട് മൂടി, മുഖം സ്വപ്‌നങ്ങളെ ആവാഹിക്കാനെന്നപോലെ, കണ്‍പീലികളെ എഴുന്നേറ്റ് നില്‍പ്പിച്ച്, മൂക്ക് വായുവിന്‍റെ ഉയര്‍ന്നൊരു പാളിയെ തൊട്ട് - മനസില്‍ വരച്ചിട്ട പൊസിഷനില്‍
തന്നെയാവും അവളുടെ കിടപ്പ്.

സുന്ദരമായി വിരിച്ച കിടക്കക്കും ബ്‌ളാങ്കറ്റില്‍ പൊതിഞ്ഞ അവളുടെ കിടപ്പിനും പശ്‌ചാത്തലമായി
പൊളിഞ്ഞുതുടങ്ങിയ ചുമരും അയാളുടെ കാഴ്‌ചപ്പഴുതില്‍ പെട്ടിരുന്നു. അവിടെ കാണാമായിരുന്നവയില്‍ ആ നനഞ്ഞ ഭിത്തി മാത്രമായിരുന്നു അയാള്‍ക്ക് അനുരൂപമായി ഉണ്ടായിരുന്നത്. അല്ലെങ്കില്‍ അയാളെ അവിടെ അപരിചിതനാക്കാതിരുന്നത്.

അവള്‍ ഉറങ്ങുന്ന കാഴ്‌ച അയാളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നായിരുന്നു. പകുത്ത തലമുടിയുടെ എണ്ണമയം, മാര്‍ബിള്‍നെറ്റിയിലെ തൊട്ടുകൊള്ളൂ എന്നമട്ടില്‍ എഴുന്നു നിന്ന സിന്ദൂരപ്പൊട്ട്, മുഖത്തെ ആഴങ്ങളിലുള്ള ശാന്തത ഒക്കെയും അയാളെ ആഹ്‌ളാദിപ്പിച്ചു. അവളുടെ ഉറക്കം ഗാഢമാകുന്തോറും അയാളുടെ ആനന്ദവും ആഴത്തിലേക്കിറങ്ങി. അപ്പോഴൊക്കെയും കല്യാണം കഴിക്കാനുള്ള അയാളുടെ ആഗ്രഹം കുതിച്ചു പൊങ്ങുകയും ചെയ്തു.

പുറത്തെ ലോകം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പെന്ന പോലെ അകലത്തിലായിരുന്നു. നാലു ദിവസം മുന്‍പ് സ്‌റ്റോറില്‍ ‍വച്ച് കൈയില്‍ പാല്‍പ്പാക്കറ്റുമായി അവളെ ആദ്യമായി കണ്ടതും അനുഗമിച്ചതും പുറത്ത് കാത്ത് നിന്നതും സിബാല കളയാന്‍ അവള്‍ ലിഫ്‌റ്റില്‍ കയറി താഴെ പോയപ്പോള് അകത്തു കടന്നതും തിരികെ
വന്നപ്പോള്‍ ടീവി സ്‌റ്റാന്‍ഡിന് പിറകില്‍‍ ഏതോ ഒരു പുരുഷന്‍റെയും സ്ത്രീയുടെയും കല്യാണഫോട്ടോ ഫ്രെയിം ചെയ്ത് വച്ചതും നോക്കി ഒളിച്ചിരുന്നതും അവളുടെ ഉറക്കത്തിനിടയില്‍ കള്ളത്താക്കോലുണ്ടാക്കി തിരിച്ചുവന്നതും അയാളുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.

അവളുടെ ഉറക്കം കാണുക എന്ന വലിയ സാഹസികത എല്ലാ പഴയ കഥകളെയും മൂടിയപ്പോള്‍. വെയില്‍ തിളച്ച് അതിന്‍റെ നാളങ്ങള്‍ അവളുടെ മുറിയിലേക്കും അവിടെനിന്ന് അയാള്‍ നിന്നിരുന്ന ഇടനാഴിയിലേക്കും പരക്കുമ്പോള്‍ മാത്രം തുളുമ്പിയ സന്തോഷവും കോരിയെടുത്ത് അയാള്‍ പതിയെ പിന്‍വലിഞ്ഞു. അതു കഴിഞ്ഞേ
പെയിന്‍റ്പണിക്കാരെയും നിറച്ച വണ്ടിയും കാത്ത്നില്‍ക്കാന്‍ അയാള്‍ ബസ്‌സ്‌റ്റോപ്പിലേക്ക് പോകുമായിരുന്നുള്ളൂ.

ഇന്നും ആറരക്ക് കുട്ടികളുടെ വാന്‍ പോയതിന് ശേഷം അവളുടെ ഭര്‍ത്താവ്ബ സ്‌സ്‌റ്റോപ്പില്‍ കമ്പനിവണ്ടി കാത്ത് നില്‍ക്കുന്നത് കണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞാണ് അയാള്‍ രണ്ടാം നിലയിലേക്ക് പടികള്‍ കയറിയത്.
കള്ളത്താക്കോല്‍ തിരിയുകയും, ഹാന്‍ഡ്‌ല്‍ താഴ്‌ന്ന് പൊങ്ങുകയും, ഭദ്രമായി അടഞ്ഞ് കിടന്ന അടുക്കളവാതില്‍ കടന്ന് അയാളുടെ രൂപം ഇടനാഴിയിലൂടെ നീങ്ങുകയും ചെയ്തതിന്‍റെ അവസാനം അവളുടെ വാതില്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നത് ഞെട്ടലോടെ അയാള്‍ കണ്ടു. നാലുനാള്‍ അവിടെ നിന്നതിന്‍റെ സ്വാതന്ത്ര്യത്തിലാലെന്ന പോലെ ആ വാതില്‍ തുറന്ന് അയാള്‍ക്കനുവദിച്ചിടത്തോളം വെളിച്ചക്കീറുണ്ടാക്കുവാന്‍ അയാള്‍ക്ക് തോന്നി. തീര്‍ത്തും ദരിദ്രനായി അവിടെ നില്‍ക്കുമ്പോഴാണ് അകത്ത് നിന്ന് അയാളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് സീല്‍ക്കാരശബ്‌ദങ്ങള്‍ കേട്ടുതുടങ്ങിയത്. അത് ഒരു പുരുഷന്‍റെയും സ്ത്രീയുടെയും സ്വകാര്യനിമിഷങ്ങള്‍ തന്നെയാണെന്ന് കേട്ടുറപ്പിച്ച അയാള്‍ അത്ഭുദത്തിന്‍റേതായ ഒരു ശ്വാസം ബദ്ധപ്പെട്ട്
ഇറക്കിവിട്ടു. അകത്തെ പുരുഷസ്വരവും കമ്പനിവണ്ടിയില്‍ ഉറക്കംതൂങ്ങി പോകുന്ന അവളുടെ ഭര്‍ത്താവിന്‍റെയും മുഖങ്ങള്‍ അയാള്‍ കണ്ട പഴയകാല സിനിമകളിലെന്ന പോലെ മിന്നിമാഞ്ഞു. ഇടക്ക് അടഞ്ഞകണ്ണുകളോടെയുള്ള അവളുടെ മുഖവും ഇടയില്‍ അയാളുടെ കണ്ണുകളില്‍ ഇരുട്ട് വീഴ്‌ത്തിക്കൊണ്ട്
തിളങ്ങിമായുകയും ചെയ്തു.

അവളെ ആദ്യമായി കണ്ടതിന്‍റെ പിറ്റേന്ന് ബസ്‌സ്‌റ്റോപ്പില്‍ അവള്‍ കുട്ടികളോടും ഭര്‍ത്താവിനുമൊപ്പം നിന്നപ്പോള്‍ തൊട്ടടുത്ത് അയാളുമുണ്ടായിരുന്നു. അവളുടെ ഭര്‍ത്താവ് ഒരു നിഷ്‌കളങ്കനെപ്പോലെ
തോന്നിച്ചു. അവര്‍ തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നില്ലെങ്കിലും വര്‍ത്തമാനത്തിന്‍റെ ഒരു കലപിലാഹ്‌ളാദം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ വാന്‍ വന്ന് പോയ ഉടനെ ഭര്‍ത്താവിന്‍റെ കമ്പനിവണ്ടിയും
വരികയും അവള്‍ വേഗത്തില്‍ അവരുടെ ഫ്‌ളാറ്റിലേക്ക് നടക്കുകയും ചെയ്ത കാഴ്‌ച അയാളില്‍ ഇരുട്ടിലും വ്യക്തതയോടെ കണ്ടെടുത്തു.

അടഞ്ഞ വാതിലിന് പിറകില്‍ സീല്‍ക്കാരശബ്‌ദങ്ങള്‍ കൂടിയപ്പോള്‍ പിടിക്കപ്പെട്ടെന്ന പോലെ അയാള്‍ തളരുകയായിരുന്നു. പിടിക്കപ്പെട്ടത് അവളാണെന്ന് അയാളുടെ മനസ് കൂടെക്കൂടെ പറയുന്നുണ്ടായിരുന്നെങ്കിലും. അടുത്ത നിമിഷം അയാള്‍ അവിടെ നിന്ന് നിഷ്‌ക്രമിച്ചു. ഇടനാഴിയില്‍ ഇളവെയില്‍ എത്തുന്നതിന് മുന്‍പായി ഉണ്ടാകാറുള്ള ഇരുട്ടിനെയും കടന്ന്, അവരുടെ ഇടുങ്ങിയ സ്വീകരണമുറിയും, ഭദ്രമായി അടഞ്ഞു കിടന്ന അടുക്കള വാതിലും കടന്ന് അയാളുടെ കള്ളത്താക്കോല്‍ തിരിയുകയും അയാള്‍ സ്വയം ഭ്രഷ്‌ടനാവുകയും ചെയ്തു.

അവസാനത്തെ സ്‌റ്റെയര്‍കെയ്‌സും താണ്ടി മുഷിഞ്ഞ മണം വമിക്കുന്ന തൂണുകളും കടന്ന് റോഡിലേക്കിറങ്ങുമ്പോഴാണ് അയാളുടെ ഹൃദയം സ്തംഭിച്ചു പോയത്. അവളുടെ ഭര്‍ത്താവ് തിരികെ വരുന്നു. അയാളെ കടന്ന് അവരുടെ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലേക്ക് പോകുന്നു. അവളെ പരീക്ഷിക്കാന്‍ അയാള്‍ കമ്പനിയിലേക്കെന്നും പറഞ്ഞ് ഇറങ്ങിയതാവാം. അല്ലെങ്കില്‍ നിഷ്‌കളങ്കനായ അയാള്‍ എന്തെങ്കിലും മറന്നതാവാം. രണ്ടായാലും അവള്‍ പിടിക്കപ്പെടും. അവളുടെ ജാരനും. അവളുടെ നിഷ്‌കളങ്ക ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കും എന്നതിനേക്കാള്‍ അവള്‍ എങ്ങനെ ഈ സന്ദര്‍ഭത്തിന് മുഖം കൊടുക്കും എന്നത് അയാളെ ഭ്രാന്തമായി നോവിച്ചു.

യാന്ത്രികമായാണ് അയാള്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറിയത്. ലിഫ്‌റ്റിനും സ്‌റ്റെയര്‍കെയ്‌സിനും ഇടക്കുള്ള വാതിലിന് പിറകില്‍ അയാള്‍ എത്തിയതും ലിഫ്‌റ്റിന്‍റെ ഡോര്‍ തുറക്കുന്നത് കണ്ട് കച്ചറബോക്‌സ്
ഇരിക്കുന്ന മൂലയിലേക്ക് അയാള്‍ നീങ്ങി. ലിഫ്‌റ്റ് തുറന്നതും അയാള്‍ എത്തിനോക്കിയതും അയാളുടെ അടിവയറ്റില്‍ തീ കോരിയിട്ടുകൊണ്ട് അത്ഭുതപരമ്പരകളിലെ അവസാനകാഴ്‌ച അയാള്‍ കണ്ടു. ലിഫ്‌റ്റില്‍ നിന്നിറങ്ങിയ നിഷ്‌ക്കളങ്കഭര്‍ത്താവിനൊപ്പം അവള്‍. കൈയില്‍ പാല്‍പ്പാക്കറ്റ്. അവര്‍ മറഞ്ഞിട്ടും വാതില്‍ തുറന്നടഞ്ഞിട്ടും അയാള്‍ കച്ചറബോക്‌സിലെ പിടി വിടാതെ നിന്നു. ഉടനെ ആ കെട്ടിടം ഇടിഞ്ഞു വീഴുമെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു..

Subscribe Tharjani |