തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

അകത്തെട്ടുകാലി നടുക്കുമ്മറപ്പടി ചൂല് പുറത്തും!

കണ്ണടക്കാലിലെ വിയര്‍പ്പൂറ്റി-
ത്തുന്നിയ കൂറും പുതച്ചു
കാറ്റിന്‍ വിടവിലൂടനങ്ങിയ
നിഴല് തിരഞ്ഞു പോകവേ,

ചിതലുപോല്‍ നനഞ്ഞു ഞെട്ടി-
വെളുത്താ പതിത ചകോരം
ഉറപൊഴിച്ചിണചുറ്റും ശീതം
ചൂഴ്ന്നങ്ങനെ നില്‍പ്പത് കണ്ടൂ!

തൂക്കുപലക മൌനത്തില്‍ തെന്നി
യെന്നോ ഉരുകൊണ്ടുറവയെ,
കപ്പിയാലാഴം കൊളുത്തിയൊപ്പം
കൂട്ടി വെട്ടമൂതി, തിണ്ണയിലിരുത്തി,

കുഴിയൊന്നിലുമിനി, മാനം
മഴയാല്‍ തെളിയാതിരിക്കാനാ
അമ്പിളിച്ചകോരത്തെ നാവരിഞ്ഞ-
ച്ചുരുളാക്കി വായൊട്ടിച്ച താളിലടച്ചൂ.

കഥ ചത്ത ശൂന്യപാത്രമായ്
ചട്ടയിലുണങ്ങീ, ചെഞ്ചിലന്തി;

പുതപ്പുണക്കാന്‍ നവസൂര്യനെക്കാ-
ത്തകം പുറം തിരിയാതുമ്മറപ്പടി;

ചൂല് തിരയുന്നു വഴികള്‍ നീളേ
ശീലക്കുളിര് ചൂടിയ മാറാലക്കുടകള്‍.

Subscribe Tharjani |