തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

നാറാണത്ത് ഭ്രാന്തന്‍

ക്ലിപ്... ക്ലോപ്... ക്ലിപ് ... ക്ലോപ്... ക്ലിപ്... ക്ലോപ് എന്ന്
കടല്‍ക്കരയില്‍ സവാരിക്കുതിര നടക്കുമ്പോള്‍
ക്ലി ക്ലി ക്ലി, ക്ലു ക്ലു ക്ലു... അതാ മുറ്റത്തൊരു മൈന
എന്നാ പാഠഭാഗം ഓര്‍മ്മവരും

ടപ്‌... ടപ്‌.... ടപ്‌... ടപ്‌.. ടപ്‌.. ടപ്‌.. ശബ്ദത്തില്‍
ഹീലുള്ള ചെരുപ്പിട്ട്
കോളേജ് വരാന്തയിലെ മാര്‍ബിളിലൂടെ
നടക്കുന്നവരെ കാണുമ്പോള്‍
ലാടം വെച്ച കുതിരയെ ഓര്‍മ്മവരും
പുല്ലു മിഠയിയുമായി ഓട്ടുമണി മുട്ടിയെത്തുന്ന
ഉന്തുവണ്ടി എത്തുമ്പോള്‍
പിളര്‍ന്ന ഉന്നക്കായ ഓര്‍മ്മിക്കും

വലക്കാരന്‍ മീനിനെ കോരിയിടുമ്പോലെ
ഒരുതിര കുറേ പിരിയന്‍ശംഖിനെ കോരിയിട്ട്
വലയാഴ്ത്തുവാന്‍ പോയി
ബീച്ചിലെ കാഴ്ചകാണാന്‍
ബാച്ചിലേഴ്സിന്റെ ബീച്ചല് കാണാന്‍

മോഹത്തിന്റെ കല്ലുരുട്ടുന്ന
നാറാണത്ത് ഭ്രാന്തന്‍ ഞാന്‍
എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാകുമ്പോള്‍
കുന്നിന്റെ ഉച്ചിയില്‍നിന്നും
കല്ലുരുട്ടിയിടുന്ന പോലെ
ദാ.... എന്ന് പോക്ക് മുടങ്ങുന്നു
അല്ലെങ്കില്‍ നമ്മളെല്ലാം
ഒരു കണക്കിന്
നാറാണത്ത് ഭ്രാന്തന്മാര്‍തന്നെ
ഉരുട്ടി,യുരുട്ടി കയറ്റിയ ജീവിതം
ഒരു നിമിഷം കൊണ്ട് ദാ.....!
...................................................
ബീച്ചല് : മദ്യം കഴിച്ചുള്ള ആടിയാടി നടത്തം

Subscribe Tharjani |