തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

മനുഷ്യപ്പച്ച

സുഹൃത്തേ,
എനിക്കൊരു
നല്ല മനസ്സ്
വാടകയക്ക് വേണം.

പ്രക്ടതം,
കവിത വിരിയുന്നതായിരിക്കണം
കഥകള്‍ നല്ലോണം ഉണ്ടായിരിക്കണം
വികാരവിക്ഷോഭങ്ങള്‍ ആവോളമാവാം

കന്മഷം, കലി, കലഹം,
കുതന്ത്രങ്ങള്‍, കൂട്ടിക്കൊടുപ്പ്,
ഇവയെല്ലാം മേമ്പൊടിക്കുണ്ടാവണം.
സൗന്ദര്യമില്ലെങ്കിലും സഹിക്കാം
സന്ധിയും സമാധാനവും
സമാസമം വേണം.

കുരങ്ങനെപ്പോലെ
ചാടിക്കളിക്കാനറിഞ്ഞിരിക്കണം.
പെണ്ണുപിടിയനോ
പൊണ്ണത്തടിയനോ ആവാം.
പെണ്ണുങ്ങള്‍ കാണുമ്പോള്‍
ചുള്ളനായിരിക്കണം
സ്വള്ളാനറിഞ്ഞിരിക്കണം.
വിദ്യാഭ്യാസമോ വിനയമോ
പണമോ വേണമെന്നില്ല.

കൊള്ളിവയപും
കുതികാല്‍ വെട്ടും കട്ടായം.
കലഹപ്രിയവും
സൗമനസ്യവും
വെണമെങ്കില്‍ ആവാം.
കണ്ണില്ലെങ്കിലും സാരമില്ല
കാഴ്ചയൊട്ടും കുറയരുത്.

എഴുത്താണിക്ക് മൂര്‍ച്ച
കുറഞ്ഞാലും
വാര്‍ന്നു വീഴുന്ന
അക്ഷരങ്ങള്‍ക്ക്
ചോരയുടെ മണം വേണം
പോരിന്റെ ഗുണം വേണം.

പേര് തീരെ വേണമെന്നില്ല
പെരുമ ആകാശത്തോളമുയരണം.
ആര്‍ത്തി വേണ്ട
അറപ്പും വെറുപ്പും
അത്യാവശ്യത്തിനാവാം.
നന്മ കുറഞ്ഞാലും
നല്ല നടപ്പ് നടിക്കണം.

എഴുത്താണി തേഞ്ഞാലും
കുത്തുന്ന കത്തിയോ
കൂരമ്പോ ആക്കി
പത്രാധിപശ്രേഷ്ഠന്മാരെ
സുഖിപ്പിച്ചിരിക്കണം.

കാവിയുടുത്തില്ലെങ്കിലും
ഹണ്ട്രഡ് പെര്‍സന്റ്
കവിയായിരിക്കണം.
മേല്‍വിലാസമില്ലെങ്കിലും
മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍
കുറഞ്ഞപക്ഷമുണ്ടായിരിക്കണം.

അവ പരിപാലിച്ചില്ലെങ്കിലും
കേമനെന്ന് മേനി നടിച്ചിരിക്കണം.
കാറും ടൂവീലറും
വേണമെന്നില്ല
വീടിന് ആധാരമുണ്ടായിരിക്കണം.

ഇ-മെയില്‍, ഇന്റര്‍നെറ്റ് ഇവ
നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
കാരണം,
കാലം അപ്‌ഡേറ്റായിരിക്കണം.

ഇതൊന്നുമില്ലെങ്കിലും
തീരെ സാരമില്ല.
പക്ഷേ, നിങ്ങള്‍
നൂറു ശതമാനം
ഒരു പച്ച മനുഷ്യനായിരിക്കണം !

Subscribe Tharjani |