തര്‍ജ്ജനി

വി. കെ. പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

ഓര്‍മ്മ

ഭഗവാന്‍ പുലിയോട് സംസാരിക്കുന്നു

ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം ഒരുപാടുകാലം ഒഞ്ചിയം വാര്‍ത്താമാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഒഞ്ചിയത്തിന്റെ അയല്‍ഗ്രാമക്കാരായ ഞങ്ങള്‍ ജില്ലയുടെ പുറത്തുപോയാല്‍ ഞങ്ങളുടെ നാടിനെ പരിചയപ്പെടുത്തുക ഒഞ്ചിയത്തിനടുത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ടായി മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങിനെയിരിക്കെയാണ് ഒഞ്ചിയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഒരു പുലി പ്രത്യക്ഷപ്പെടുന്നത്. രാവിലെ വെള്ളം കോരിക്കൊണ്ടിരുന്ന അയല്‍വീട്ടിലെ സ്ത്രീയാണ് പുലിയെ ആദ്യം കാണുന്നത്. അവര്‍ കിണറ്റിലേക്കിട്ട ഇരുമ്പ് ബക്കറ്റ് പുലിയുടെ വാലില്‍ ചെന്നുകൊണ്ടു. പുലി ചീറ്റിക്കൊണ്ട് സ്ത്രീക്ക് നേരെ ചാടാന്‍ ഓങ്ങി. പക്ഷേ നല്ല ആഴമുള്ള കിണറായത്‌കൊണ്ട് അവര്‍ രക്ഷപ്പെട്ടു. പിന്നെ കണ്ണൂക്കരയിലെ പൊടിക്കളം പറമ്പിലേക്ക് പുലിയെക്കാണാനുള്ള ജനപ്രവാഹമായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ലഭ്യമായ വാഹനങ്ങളില്‍ അങ്ങോട്ടേക്ക് കുതിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലീസുകാര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു. ഇരുചക്രവാഹനങ്ങളുടേയും കാറുകളുടേയും ഓട്ടോറിക്ഷകളുടേയും ഒരു പ്രളയം തന്നെയായിരുന്നു. നാഷണല്‍ ഹൈവേയില്‍പോലും ഗതാഗതസ്തംഭനമുണ്ടായി. ഒടുവില്‍ വനംവകുപ്പില്‍ നിന്നും മൃഗസംരക്ഷണവകുപ്പില്‍നിന്നും ഉദ്യോഗസ്ഥന്മാരെത്തി പുലിയെ മയക്കുവെടിവെച്ച് മയക്കി കിണറ്റില്‍നിന്ന് പുറത്തെടുത്തു. വാഹനത്തിലേക്ക് കയറ്റുന്നതിനിടയില്‍ മയക്കംവിട്ട പുലി ഒന്നു തല ഉയര്‍ത്തി. ആളുകള്‍ ഭയന്നുപോയി. ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ആളുകള്‍ക്ക് ഓടാനായില്ല. എന്നാലും ചെറിയൊരു പരക്കംപാച്ചിലുണ്ടായി. സ്ത്രീകളടക്കം കുറച്ചുപേര്‍ക്ക് പരിക്കുപറ്റി. വനംവകുപ്പുകാര്‍ പുലിയെ നെല്ലിയാമ്പതിയിലെ നിബിഡവനമേഖലയില്‍ കൊണ്ടുപോയി വിട്ടയച്ചു. മടിച്ചുമടിച്ചു പുലി കാടിനുള്ളിലേക്ക് നടന്നുമറഞ്ഞു.

പുലി പോയ് മറഞ്ഞെങ്കിലും പുലിപ്പേടി ഒരു പുലിവാലായി ഒഞ്ചിയത്തുകാരുടെ മനസ്സില്‍ കടന്നുകൂടി. രാത്രി ഇടവഴികളിലൂടെ തനിയെ സഞ്ചരിക്കുവാന്‍ ആളുകള്‍ മടിച്ചു. ഏതൊരു വളവുതിരിയുമ്പോഴായിരിക്കും പുലി പ്രത്യക്ഷപ്പെടുക! ഏതൊരു കിണറ്റില്‍ നിന്നാണ് പുലി ഉയര്‍ന്നുവരിക! ഏതൊരു മരത്തിന്റെ തുഞ്ചത്തുനിന്നാണ് പുലി ചാടിവീഴുക! ഒരു ജനവാസകേന്ദ്രത്തിലെ കിണറ്റില്‍ പുലി എങ്ങിനെ എത്തി എന്നതാണ് ആളുകളുടെ മനസ്സിലെ പ്രധാനചോദ്യം. വയനാടന്‍ കാടുകള്‍ക്ക് സമീപത്തുകൂടെ കടന്നുപോയ ഏതോ ലോറിപ്പുറത്ത് കയറി യാദൃശ്ചികമായി എത്തിപ്പെട്ടതാണെന്നു പൊതുവേ ആളുകള്‍ വിശ്വസിച്ചു. എങ്കിലും ചിലരുടെ മനസ്സിലെങ്കിലും ഒരു സംശയം ബാക്കിയായി. പുലി നേരത്തേ ഇവിടെ ഉണ്ടായിരുന്നോ? ഉയരം കൂടിയ വൃക്ഷത്തലപ്പുകളിലും പൊട്ടക്കിണറുകളിലും കല്ലുവെട്ടിയെടുത്തുണ്ടായ കക്കുഴികളിലോ പൊടിക്കളത്തിലേയും കുയ്യാലക്കുന്നിലേയും കുറ്റിക്കാടുകളിലോ പുലി ആരുടേയും ശ്രദ്ധയില്‍ പെടാതെ ജീവിച്ചുപോന്നതാണെങ്കിലോ? പോരെങ്കില്‍ സമീപവാസിയായ ഒരദ്ധ്യാപകന്‍ ഒരു വിചിത്രജീവിയുടെ സാന്നിദ്ധ്യം ആ പ്രദേശത്തുണ്ട് എന്നൊരു പരാതിയുമായി വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മറ്റൊരു തെളിവും അയാള്‍ക്ക് നിരത്താന്‍ സാധിക്കാഞ്ഞതിനാല്‍ ആരും കൂടുതല്‍ അന്വേഷണമൊന്നും നടത്തിയില്ല.

അപ്പോഴാണ് ഞങ്ങള്‍ കുറുമ്പ്രനാട്ടുകാരുടെ പ്രിയപ്പെട്ട കഥാപാത്രം ഭഗവാന്‍ രവി തനിക്ക് സ്വാഭാവികമെന്നും മറ്റുള്ളവര്‍ക്ക് വിചിത്രമെന്നും തോന്നുന്ന ചില വെളിപാടുകളുമായി രംഗത്തെത്തുന്നത്. രവിയെ അറിയാത്ത കുറുമ്പ്രനാട്ടുകാര്‍ ഉണ്ടാകില്ല. കണ്ണൂക്കരയിലും ഊരാളുങ്കലിലും നാദാപുരം റോഡിലും വെള്ളികുളങ്ങരയിലും വള്ളിക്കാട്ടും, മുക്കാളി ടൗണിലും എന്തിന് വടകര താലൂക്ക് ആഫീസിലുമെല്ലാം ഭഗവാന്‍ ഇടക്കിടെ അവതരിക്കും. ലോകത്തെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും കണ്ടെത്തലുകളും തനിക്കുണ്ടാകുന്ന ചില വെളിപാടുകളും കടലാസിലേക്ക് പകര്‍ത്തി ചിലപ്പോള്‍ അധികാരസ്ഥാനങ്ങളിലും മറ്റുചിലപ്പോള്‍ തനിക്കിഷ്ടപ്പെട്ട ചില വ്യക്തികളെയും ഏല്പിക്കും. ഭഗവാന്റെ ഭാഷ വളരെ പ്രസിദ്ധമാണ്. രവി ഒരിക്കല്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടപെട്ട് ഒരു നോട്ടീസ് ഇറക്കി. തികച്ചും അനന്യപ്യവ്യഘൃതം എന്നായിരുന്നു നോട്ടീസിന്റെ തലവാചകം. നോട്ടീസില്‍ അധികം വാക്കുകളൊന്നും ഇല്ല. അതിങ്ങനെ വായിക്കാം. ആന ഒരു സാധു മൃഗം. ആനയെ സ്നേഹിക്കുന്ന കലന്തന്‍ ഹാജി അതിലേറെ സാധു. അതുകൊണ്ട് രാഷ്ട്രീയ അക്രൂഡികള്‍ക്കും അമ്രൂഡികള്‍ക്കും എതിരായി തികച്ചും അനന്യപ്യവ്യഘൃതനായ കലന്തന്‍ ഹാജിക്ക് ത്രാസ് അടയാളത്തില്‍ വോട്ട് ചെയ്യുക. ഒരു ദിവസം രവിയുടെ ശത്രുവായിരുന്ന ഒരു ഭ്രാന്തന്‍ രാത്രി മുഴുവന്‍ കനത്ത മഴ കൊണ്ടതിന്റെ ഫലമായി തെരുവോരത്ത് വിറങ്ങലിച്ച് മരിച്ചുകിടന്നു. അതില്‍ അതീവ ദു:ഖിതനായ രവി തന്റെ കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് വന്നു എന്നും കൊടും പീഢനങ്ങള്‍ സഹിച്ച് ശരീരത്തൊലികള്‍ പൊളിഞ്ഞ് ഇങ്ങനെ കിടക്കേണ്ടിയും വന്നിരിക്കുന്നു എന്ന ശബ്ദീയ മരണ പരിവേഷത്തോടെ അവിടെ കിടന്നിരുന്നു അയാള്‍ എന്നാണ്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ രവിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. അസരപ്രസചിതചിത്തര്‍ ആയ എന്നെപ്പോലെയുള്ളവര്‍ ഇതൊന്നും ശ്രദ്ധിക്കേണ്ടതായിട്ടില്ല.

രവി ഒഞ്ചിയത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി താമസിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു. മാടാക്കര റോഡില്‍ ചെറിയൊരു കട നടത്തിയിരുന്നു. ആ കടയുടെ മുമ്പിലൂടെ സുലൈഖാ ബീവി എന്ന അതിസുന്ദരിയായ ഒരു മുസ്ലിം യുവതി രാവിലേയും വൈകുന്നേരവും പോകാറുണ്ട്. രവി ഈ പെണ്‍കുട്ടിയില്‍ അനുരക്തനായി. ഈ പെണ്‍കുട്ടി കടന്നുപോകുമ്പോള്‍ രവി മറ്റൊന്നും കാണുകയില്ല. ആ സമയത്തു ആര്‍ക്കുവേണമെങ്കിലും രവിയുടെ പീടികയില്‍ നിന്ന് ബീഡി, സിഗററ്റ്, മിഠായി എന്നുവേണ്ട എന്തും എടുക്കാം. പണം കൊടുക്കണമെന്നില്ല. രവി അതൊന്നും കാണുന്നുണ്ടാകില്ല. രവിയുടെ ദിവ്യാനുരാഗത്തെക്കുറിച്ചൊന്നുമറിയാതെ സുലൈഖാ ബീവി രാവിലെ കിഴിക്കോട്ടും വൈകീട്ട് പടിഞ്ഞാറോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു ദിവസം സുലൈഖാ ബീവിയുടെ അകന്നൊരു ബന്ധുവിനെ രവി കണ്ടുമുട്ടി. ചില സുഹൃത്തുക്കളുടെ പ്രേരണയില്‍ അയാളുമായി കല്ല്യാണാലോചന നടത്തി. അതു സാരമില്ല. നമുക്ക് വഴിയുണ്ടാക്കാം. നീ പൊന്നാനിയില്‍ പോയി തോപ്പിയിട്ട് വാ. അയാള്‍ രവിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു. പക്ഷേ രവി അത് ഗൗരവമായിത്തന്നെ എടുത്തു. പിറ്റേന്ന് തന്നെ തന്റെ പീടികയുടെ താക്കോല്‍ പിതാവിനെ ഏല്പിച്ച് പൊന്നാനിക്കു തിരിച്ചു. അറബി പഠിച്ചു. തൊപ്പിയിട്ടു. അഷറഫ് എന്ന പേരു സ്വീകരിച്ച് നാട്ടിലെത്തി. അപ്പോഴേക്കും സുലൈഖാ ബീവിയുടെ കല്ല്യാണം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ കൂടെ ബോംബെയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. അഷറഫ് ആയി അലഞ്ഞുതിരിഞ്ഞ രവിയെ ചില ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി മാല ഇടുവിച്ച് ശബരിമലയ്ക്ക് അയച്ചു. തിരിച്ചുവരുമ്പോഴേക്കും രവി ഒരു മാനസികരോഗിയായിത്തീര്‍ന്നിരുന്നു. അര്‍ത്ഥമില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ തികച്ചും സ്വാഭാവികമായി ഉച്ചരിക്കുക എന്ന സ്കിസോഫ്രാനിയയുടെ ലക്ഷണം രവിയില്‍ പ്രകടമായിരുന്നു. ഇടയ്ക്ക് കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ ബീഡി, രവിയുടെ ഭാഷയില്‍ ശിവമൂലി വലിയ്ക്കും. അതിന്റെ ലഹരിയില്‍ തന്റെ വെളിപാടുകളും സുന്ദരമായ ഭാഷാപ്രയോഗങ്ങളുമായി രവി എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടും. താന്‍ ഭഗവാനാണ് എന്ന അവകാശവാദത്തോടെ.

എല്ലാ കാര്യത്തിലും രവിക്ക് അഭിപ്രായമുണ്ടാകും. അത് ഇന്ദിരാഗാന്ധിയും മേനകാ ഗാന്ധിയുമായുള്ള തര്‍ക്കമായാലും പാക്കിസ്ഥാനുമായുള്ള കാശ്മീര്‍ പ്രശ്നമായാലും കൂറുമാറ്റമായാലും നാളീകേരത്തിന്റെ വിലയിടിവായാലും രവി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കും. വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ പറഞ്ഞ അഭിപ്രായം പലപ്പോഴും രവിക്ക് തല്ല് മേടിച്ചുകൊടുത്തിട്ടുണ്ട്. തല്ലിനെ രവിക്ക് ഭയമില്ല. തല്ലുകിട്ടുമ്പോള്‍ എഴുത്തിനേക്കാള്‍ രൂക്ഷമായ വാക്കുകള്‍ കൊരുത്തുള്ള പ്രഭാഷണമാകും. ഇതിനെല്ലാമിടയില്‍ വര്‍ഷത്തില്‍ കുറച്ചുകാലം രവി ജോലി ചെയ്യും. നല്ല ഒരു പടക്കനിര്‍മ്മാണത്തൊഴിലാളി കൂടിയാണ് രവി. യാതൊരു അതിഭാവുകത്വവുമില്ലാതെ. തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ പടക്കം ചുരുട്ടും. മറ്റുള്ളവരെക്കാള്‍ വേഗതയോടെ കൃത്യതയോടെ.

പുലി പ്രത്യക്ഷപ്പെട്ടതിനു ശേഷം കുറേ ദിവസം രവിയെ കാണാനില്ലായിരുന്നു. ഒടുവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെ മരുന്നുപീടികയില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ രവിയുടെ കയ്യില്‍ തന്റെ കുറച്ചധികം കുറിപ്പുകളുണ്ട്. ഇത്തരം കുറിപ്പുകളുടെ ഒരു സ്ഥിരം വായനക്കാരന്‍ ഞാനായതുകൊണ്ട് അതെല്ലാം എന്നെ ഏല്പിച്ചു. അവിടെവെച്ചുതന്നെ ഞാനത് വായിച്ചു. ഏങ്കോണിപ്പില്ലാത്ത മഹാവ്യക്തിത്വങ്ങളേ ശ്രദ്ധിച്ചുകേള്‍ക്കുവിന്‍ എന്നാണ് ഒരു കുറിപ്പ് ആരംഭിക്കുന്നത്. രവിയും പുലിയും തമ്മിലുള്ള ദീര്‍ഘസംവാദമാണ് മറ്റൊരു കുറിപ്പില്‍. പുലി രണ്ടുവര്‍ഷത്തിലധികമായി ഒഞ്ചിയത്ത് ഒളിച്ചുതാമസിക്കുന്നു. ഒരു പ്രത്യേകതരം മനുഷ്യരെ തിന്നുവാനാണ് പുലിവന്നിരിക്കുന്നത്. പുലിയെ രവി ഉപദേശിച്ചു. നീ നന്നായി ശ്രദ്ധിക്കണം. പകല്‍ പുറത്തിറങ്ങരുത്. പേടിക്കേണ്ട. സഖാവ് ഇ.എം.എസ് വരെ ഒളിവില്‍ കഴിഞ്ഞ സ്ഥലമാണ്. എന്നാലും ശ്രദ്ധിക്കുന്നത് നിനക്കു നന്ന്. വളര്‍ത്തുമൃഗങ്ങളെ തിന്നരുത്. പുലി ആരെയൊക്കെയാണ് തിന്നേണ്ടത് എന്നാണ് രവിയുടെ അടുത്ത ഉപദേശം. ഇവിടെ മനുഷ്യര്‍ ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുകയാണ്. നാശത്തിന്റെ ആദ്യപടിയായി അവര്‍ അക്രൂഡികളാകുന്നു. അക്രൂഡിത്തരം കൂടുമ്പോള്‍ അമ്രൂഡികളാകുന്നു. അമ്രൂഡികള്‍ വീണ്ടും നശിക്കുമ്പോള്‍ അക്കലികളാകുന്നു. ഈ അക്കലികള്‍ ആന്തരിക അക്കലികളും പിന്നീട് അന്തരീകനായ്ക്കളുമാകുന്നു. രവി പുലിയോട് ശക്തമായി പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ മാനസികമായ തകര്‍ച്ചയുടെ അവസാന പടിയില്‍ നില്ക്കുന്ന ആന്തരികഅക്കലികളേയും ആന്തരികനായ്ക്കളേയും മാത്രമേ തിന്നാവൂ എന്ന്. പുലി അതിനോട് യോജിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു അക്രൂഡികളും അമ്രൂഡികളും അക്കലികളും ആന്തരികഅക്കലികളും ആന്തരികനായ്ക്കളുമാകാതെ തികച്ചും അനന്യപ്യവ്യഘൃതരും അസരപ്രസചിതചിത്തരുമായി ജീവിക്കുന്നവര്‍ ഒരു പുലിയേയും പേടിക്കേണ്ടതില്ല എന്ന സന്ദേശത്തോടെയാണ് ഭഗവാന്‍ രവിയും പുലിയും തമ്മിലുള്ള സംവാദം അവസാനിക്കുന്നത്. പുലിയെ നെല്ലിയാമ്പതിയിലേക്ക് അയച്ചതിനു ശേഷം രവി വളരെ ദു:ഖിതനായാണ് കാണപ്പെട്ടത്. ഇപ്പോള്‍ കുറേ നാളുകളായി രവിയെ തീരെ കാണാറില്ല. രവിയെ പുലിപിടിച്ചു എന്നൊരു കഥ ചില ആന്തരികഅക്കലികള്‍ ഇവിടെ പ്രചരിപ്പിക്കുന്നുണ്ട്. അത് ആരും വിശ്വസിക്കരുത് എന്ന അഭ്യര്‍ത്ഥനയോടെ ഞാന്‍ എന്റെ വിവരണത്തില്‍ നിന്നും താത്ക്കാലികമായി വിരമിക്കുന്നു.

പക്ഷേ, ഒഞ്ചിയത്തെ മനുഷ്യരെക്കുറിച്ചുള്ള വിലയിരുത്തലുകളും വെളിപാടുകളുമായി ഭഗവാന്‍ രവി വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

Subscribe Tharjani |