തര്‍ജ്ജനി

മുഖമൊഴി

നീതിമാന്റെ രക്തം


ഗോയയുടെ പ്രശസ്തമായ പെയിന്റിംഗ്

നീതിമാന്റെ രക്തം എന്ന പ്രയോഗം മലയാളത്തില്‍ കടന്നെത്തിയത് ബൈബിള്‍വഴിയാണ്. നീതിപാലകനായ പിലാത്തോസ് കൈകഴുകിയത് ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ടാണ്. അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക എന്ന് ജനാരവം കനത്തുനില്ക്കെ ബാറബ്ബാസിനെ കുറ്റവിമുക്തനാക്കി യേശുവിനെ കുരിശിലേറ്റിയ സന്ദര്‍ഭം പകര്‍ന്നുതന്ന പദപ്രയോഗമാണത്.

പ്രതികാരത്തിന്റേയും ചാവേര്‍പോരാട്ടങ്ങളുടേയും വടക്കന്‍പാട്ടുകള്‍, മലയാളിക്ക് നല്കാത്ത നീതിബോധവും മൂല്യപരിഗണനയും രക്തത്തെക്കുറിച്ചുള്ള പറച്ചിലുകളില്‍ സമകാലികമലയാളിയുടെ ബോധത്തിലുണ്ട്. രക്തസാക്ഷിത്വം ഉന്നതമായ ആത്മസമര്‍പ്പണമായി നാം കണക്കാക്കുന്നു. സ്വന്തം വിശ്വാസത്തിനായി ജീവന്‍ പകരം നല്കിയവനാണ് രക്തസാക്ഷി. കേരളത്തിന്റെ ഒരറ്റം മുതല്‍ സഞ്ചരിക്കുന്ന ഒരാള്‍ കടന്നുപോകേണ്ടത് എണ്ണമറ്റ രക്തസാക്ഷിസ്മാരകങ്ങള്‍ പിന്നിട്ടുകൊണ്ടാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ രക്തസാക്ഷികള്‍ക്ക് സ്മാരകം പണിതിട്ടുണ്ട്. രക്തസാക്ഷികള്‍ അമരന്മാരാണെന്ന് അവര്‍ പ്രതിജ്ഞ ചെയ്യുന്നു. രക്തസാക്ഷികളുടെ ജീവിതദൌത്യം സ്വന്തം പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരെന്ന് അവര്‍ ആണയിടുന്നു.

ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എതിരാളിയുടെ കത്തിക്കോ ബോംബിനോ ഇരയായി ജീവന്‍ വെടിയേണ്ടിവന്നാല്‍ ഒരു രക്തസാക്ഷിപിറക്കുന്നു. പലപ്പോഴും നിരായുധനായി മറ്റൊരാള്‍ രക്ഷയ്ക്കെത്താന്‍ ഇല്ലാത്ത സാഹചര്യത്തില്‍ പതിയിരുന്ന് കൊലപ്പെടുത്തപ്പെട്ടവരാണ് മഹാഭൂരിപക്ഷം രക്തസാക്ഷികളും. ആസൂത്രണം ചെയ്തുനടപ്പിലാക്കപ്പെടുന്ന കൊടിയ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഓരോ രക്തസാക്ഷ്യത്തിന്റേയും മറുവശത്ത് കാണേണ്ടത്. എതിരാളിയെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന, ആയുധസംഭരണം, കൊല നടത്താനും സുരക്ഷിതരായി തിരിച്ചെത്തുവാനുമായി നടത്തുന്ന, നിരവധി പേര്‍ ഉള്‍ക്കൊള്ളുന്ന മുന്നൊരുക്കങ്ങള്‍... ഇതെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന കൊലക്കത്തി രാഷ്ട്രീയത്തിന്റെ പാരമ്പര്യം കേരളത്തില്‍ വേരുറച്ച് കഴിഞ്ഞിട്ട് കാലമേറെയായി.

രാഷ്ട്രീയത്തിലെ എതിരാളിയെ ജയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ വകവരുത്താന്‍ നിശ്ചയിക്കുന്ന പ്രവര്‍ത്തനം ഏത് ന്യായം വെച്ച് പറഞ്ഞാലും രാഷ്ട്രീയമാണെന്ന് അംഗീകരിക്കാനാവില്ല. ആശയത്തെ ആശയംകൊണ്ടും അഭിപ്രയത്തെ അഭിപ്രായംകൊണ്ടും നേരിടാനാവാത്തവന്‍ പരാജയം സമ്മതിക്കുന്നതിന് പകരം ആയുധം കയ്യിലെടുക്കുന്നത് കുറ്റം തന്നെയാണ്. സംസ്കാരശൂന്യതയാണ്. പ്രാകൃതത്വവും ക്രിമിനല്‍കുറ്റവും രാഷ്ട്രീയമാണെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയത്തെക്കുറിച്ച് ധരിച്ചിരിക്കുന്നത് എന്തെന്നുകൂടി വ്യക്തമാക്കേണ്ടിവരും.സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുവാന്‍ ജീവന്‍ ത്യജിച്ച രക്തസാക്ഷിയെക്കുറിച്ച് പറയുന്ന അതേ നാവുകൊണ്ട് ക്രിമിനല്‍ ഗൂഡാലോചനയും കുറ്റകൃത്യവും നടത്തിയവനെ വാഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ നമ്മുടെ രാഷ്ട്രീയബോധത്തെപ്പെറ്റി സ്വയംവിമര്‍ശനാത്മകമായി ആലോചിക്കുവാന്‍ ഒരാള്‍ സന്നദ്ധനാവുന്നില്ലെങ്കില്‍ അയാള്‍ ക്രമിനലുകളുടെ സംരക്ഷകരോടൊപ്പം തന്നെയെന്ന് പറയേണ്ടിവരും.

സ്വന്തംചേരിയില്‍പ്പെട്ടവന്റെ മരണം മഹത്വപൂര്‍ണ്ണവും എതിര്‍ചേരിയിലുള്ളവന്റെ മരണം ന്യായീകരിക്കാവുന്നതും ആണെന്ന് കണക്കാക്കുന്നവന്‍ ആരോഗ്യമില്ലാത്ത മാനസികാവസ്ഥയുള്ളവനാണെന്നേ പറയാവൂ. എത്രയോ പതിറ്റാണ്ടുകളായി ഈ മാനസികനിലയുള്ളവര്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളില്‍ നീതിനടത്തിപ്പുകാരായി വര്‍ത്തിക്കുന്നു. അവര്‍ സ്വന്തം അണികളില്‍ നിന്ന് രക്തസാക്ഷികളെ പടച്ചെടുക്കുന്നു. തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും കാണണമെന്നത് ബൈബിള്‍വചനമാണ്. അതിനാലാവാം അവര്‍ എതിരാളിക്കും രക്തസാക്ഷികളെ സൃഷ്ടിച്ചുകൊടുക്കുന്നു.ഇതെല്ലാം പ്രാദേശികതലത്തിലെ വൈകാരികപ്രതികരണത്തിന്റെ ഫലമായി ഉണ്ടാവുന്നതാണെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണ്. പാര്‍ട്ടികളുടെ ഔദ്യോഗികഭാരവാഹികളുടെ അറിവും ആശംസയും പിന്തുണയും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടെന്ന് അറിയാത്തവര്‍ ഈ നാട്ടില്‍ കാണില്ല. പക്ഷെ ഒരു പാര്‍ട്ടിയും പരസ്യമായി ഇത് ഏറ്റുപറയില്ല. എം.എം.മണിയെപ്പോലെ ചിലര്‍ ആവേശം കേറി പ്രസംഗവേദിയില്‍ പറഞ്ഞത് ഇതിനൊരു അപവാദമാണ്. താന്‍ പറഞ്ഞത് കേട്ട് കൈകൊട്ടുകയും ആവേശംകേറുകയും ചെയ്യുന്ന അണികളെ മാത്രമേ മണി കണ്ടുള്ളൂ. അത് റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവര്‍ കേട്ടാല്‍ എന്തുതോന്നും എന്ന് മണി ആലോചിച്ചില്ല. ആങ്ങനെ ഒരു അബദ്ധം പറ്റിയെന്നേയുള്ളൂ.

തെരുവുകള്‍ ചോരക്കളമാക്കിയും സാമാന്യജനത്തിന്റെ ജീവിതം ഭയാശങ്കകള്‍ നിറഞ്ഞതുമാക്കിമാറ്റി നടത്തുന്ന ഈ ഭീകരപ്രവര്‍ത്തനം നടത്താത്ത ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് കേരളത്തിലുള്ളത്? സംഘബലമുള്ളിടത്ത് എതിരാളിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയസംസ്കാരം. അത് പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന അവസ്ഥവരെ ചെന്നെത്തിയെന്നത് നമ്മുക്ക് അറിയാവുന്നതാണ്. സാക്ഷരതയിലും പൊതുവിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും ഇന്ത്യയിലെ ഇതരദേശങ്ങളേക്കാള്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിലെ ജനങ്ങളെ പ്രാകൃതരാക്കി മാറ്റുന്നത് ഈ രാഷ്ട്രീയമാണ്. നീതിമാന്മാരുടെ ചോരയ്ക്ക് ദാഹിക്കുകയും നീതിപാലകനെക്കൊണ്ട് കുറ്റവാളിയെ മോചിപ്പിച്ച് നീതിമാനെ കുരിശേറ്റുന്ന പ്രകൃതത്വം.

കേഴുക പ്രിയ നാടേ...

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2014-02-19 06:09.

ടി.പി.ചന്ദ്രശേഖരന്‍വധക്കേസ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയില്‍ ഇവിടെ അവതരിപ്പിച്ച പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് തോന്നുന്നു. സി.പി.എമ്മിന് വധത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടിനേതൃത്വം. കേസില്‍ പിടിയിലായവരെ രക്ഷിക്കാന്‍ എളമരം കരീമിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിസംവിധാനം രംഗത്ത്. കേസ് പാര്‍ട്ടി നടത്തി. പ്രതികളെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെല്ലാം മറുപടി പറയുന്നതും പാര്‍ട്ടി!!!

ടി.പി വധത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതാണ്. കോടതിയിലെ കേസിന്റെ വിധി വന്നു. എന്നിട്ടും അന്വേഷണം കഴിഞ്ഞിട്ടില്ല. മുത്തൂറ്റ് പോളിന്റെ കേസില്‍ എസ് മോഡല്‍ കത്തി അന്വേഷിച്ച് കണ്ടെത്തി പത്രസമ്മേളനം നടത്തിയ പിണറായി തന്നെ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി!!!