തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

ബ്ലാക്ക് ഈസ് ബ്യൂട്ടിഫുള്‍

വംശീയാധിക്ഷേപങ്ങളുടെ കാലത്ത്
കറുത്തവളായിരിക്കുന്നത്
മാറിയണിയാന്‍ മറ്റൊന്നില്ലാത്തതുകൊണ്ട്
കീറിത്തുന്നിയ ഒറ്റയുടുപ്പിനെ
വെറുപ്പില്‍ കുഴച്ച സ്നേഹത്തോടെ
ശരീരത്തില്‍ ചേര്‍ത്തുപിടിപ്പിക്കുന്നതിലും
എത്രയോ എളുപ്പമാണെന്ന്
മകള്‍ക്കായൊരുത്തരം
കൊരുത്തെടുക്കുന്നു.

നീയൊരു കരിഞ്ഞ തന്തൂരിറൊട്ടി പോലെ !
നിന്റെ കണ്ണില്‍ മഷിയെഴുതിയാല്‍ കാണാനാവില്ലല്ലോ !
നിന്റെയമ്മയെന്താ ആഫ്രിക്കക്കാരിയാണോ?
നിന്റെ പല്ലുകള്‍ മാത്രമെങ്ങനെ വെളുത്തുപോയി?
ഇരുളിലാരും കാണാതൊളിച്ചിരിക്കാന്‍
നിനക്കെത്ര എളുപ്പമാണ്?
എന്നൊക്കെ സഹപാഠികള്‍ പരിഹസിക്കുമ്പോള്‍
എന്താമ്മേ നമ്മുടെ തൊലിയിങ്ങനെയെന്ന
സങ്കടത്തിനൊരുത്തരം വേണമല്ലോ.

വീണ്ടുമൊരു പരിഹാസവാക്കുകൂടി
അവള്‍ക്ക് കൈമാറേണ്ടതില്ലെന്നറിഞ്ഞ്
കറുപ്പിനേഴഴകെന്ന പഴമ്പതാകക്കീറ്
ചുരുട്ടിക്കൂട്ടി കുപ്പയിലിടുമ്പോള്‍
പുതിയതിതായെന്നു
ചായം പുരണ്ടൊരു കിളിമൊഴി,
"ബ്ലാക്ക് ഈസ് ബ്യൂട്ടിഫുള്‍"

Subscribe Tharjani |