തര്‍ജ്ജനി

കല ജനകീയമാകണം

കല ജനകീയമാകുമ്പോള്‍ അത്‌ കാലാതീതമാകുകയും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്‌ കൈമാറപ്പെടുകയും ചെയ്യുന്നു. ഓരോ ദേശത്തും ഓരോ കാലത്തും അത്‌ സംവേദനത്തിന്റെ പുതിയ മാനങ്ങള്‍ കൈവരിച്ച്‌ ഓരോ ജനതയുടെയും തലച്ചോറില്‍ ചേക്കേറുന്നു. ഇങ്ങനെ വ്യത്യസ്ത കാലദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന ജനതയുടെ ജീവിതത്തിലേയ്ക്കു കുടിയേറി പാര്‍ക്കുവാനും അവരെ സംസ്കൃതരാക്കുവാനും കരുത്തുള്ള സര്‍ഗ്ഗാത്മക രചനകളെ നാം കാലാതീതമെന്ന് തിരിച്ചറിയുന്നു. ഇത്തരം രചനകള്‍ ഇതിഹാസങ്ങലെപ്പോലെ വാക്കുകളായും പ്രവൃത്തികളായും ജീവിതവൃത്തികളായും രൂപാന്തരം പ്രാപിച്ച്‌ കാലത്തോടൊപ്പം ജനങ്ങളോടൊപ്പവും സഞ്ചരിക്കുന്നു. വില്ല്യം ഷേക്സ്പിയര്‍, ഇബ്സന്‍, ലിയോ ടോള്‍സ്റ്റോയ്‌, രബീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ ലോകം വായിക്കുന്നതിന്റെ കാരണവും ഈ ജനകീയത തന്നെ. അനുഭവിക്കലിന്റെ ശരിയായ മനസ്സിലാകലും ഭാവനയും രചനയുടെ ജൈവഘടകങ്ങളാകുമ്പോള്‍ കല അസഹ്യമായ അപൂര്‍ണ്ണതകളില്‍ നിന്നും മോചനം നേടുന്നു. മനസ്സിലാകലിന്റെ വ്യാകരണം സമ്പുഷ്ടവും സംശുദ്ധവുമാകുന്നു; ലളിതവും പുതുമയുള്ളതുമായിത്തീരുന്നു. ജനകീയകലയുടെ അടിത്തറയും ഈ മനസ്സിലാകലാണ്‌.

ചിന്ത.കോം പ്രവര്‍ത്തകര്‍