തര്‍ജ്ജനി

രാഹുല്‍ ഗോവിന്ദ്

Visit Home Page ...

സാഹിതീയം

സൈബര്‍ ഇടത്തിലെ പുതുകവിത


സൈബര്‍ഇടത്തിലെ കവിത സെമിനാറില്‍ വിഷ്ണുപ്രസാദ് സംസാരിക്കുന്നു

ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജിലെ മലയാളവിഭാഗത്തിന്റെ സാംസ്കാരികകൂട്ടാഴ്മയായ പ്രജ്ഞാപഥത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടാം തീയതി സൈബര്‍ ഇടത്തിലെ പുതുകവിത എന്ന വിഷയത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പുതുതലമുറയിലെ ഏറെ പ്രശസ്തരായ നിരവധി കവികള്‍ ഈ ഒത്തുചേരലില്‍ പങ്കുചേര്‍ന്നു. വിഷ്ണുപ്രസാദ്, കുഴൂര്‍ വില്‍സണ്‍, നിരഞ്ജന്‍, സെറീന റാഫി, ഹരിശങ്കര്‍ കര്‍ത്ത, എം. ആര്‍ വിഷ്ണുപ്രസാദ്, എം. ജി. രവികുമാര്‍, ഉമ രാജീവ്, എസ്. കലേഷ്, സിന്ധു കെ. വി, സുധീഷ് കൊട്ടേമ്പ്രം എന്നിവര്‍ പരിപാടിയില്‍ സജീവമായി ഇടപെടുകയും തങ്ങളുടെ കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു, വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധിക്കപ്പെട്ടു.

പരിപാടിയുടെ അദ്ധ്യക്ഷന്‍ പ്രശസ്തകവിയും,എന്‍ എസ് എസ് ഹിന്ദു കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനുമായ ശ്രീ.മനോജ് കുറൂരായിരുന്നു, ആദ്യമായി സംസാരിച്ച വിഷ്ണുപ്രസാദ് സൈബര്‍കവിതയുടെ ഒരു ചെറിയചരിത്രം അവതരിപ്പിച്ചു, എഴുപതുകളും, അതിനെ പിന്തുടര്‍ന്നുവന്ന തൊണ്ണൂറുകളും അവസാനമായി കവിത എത്തിനില്ക്കുന്ന വര്‍ത്തമാനകാലത്തേയുംകുറിച്ച് വളരെ വിജ്ഞാനപ്രദമായ രീതിയില്‍ത്തന്നെ അദ്ദേഹം തന്റെ പ്രബന്ധം അവതരിപ്പിച്ചു. ഫോണ്ടുകള്‍ വികസിപ്പിച്ചെടുക്കുന്നതുമുതല്‍ ആദ്യകാല ബ്ലോഗുകളെപ്പറ്റിയും അതിനെ പിന്തുടര്‍ന്നുവന്ന ഫേസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ്-വര്‍ക്കിങ്ങ് സൈറ്റുകളിലെ കവിതയുടെ കടന്നുവരവിനേയും കുറിച്ച് അദ്ദേഹം വാചാലനായി. സൈബര്‍കവിതയില്‍ അടുത്തകാലത്തായി നടക്കുന്ന ചില പരീക്ഷണങ്ങളേപ്പറ്റിയും കവി സംസാരിച്ചു.

വിഷ്ണുപ്രസാദിനു ശേഷം സംസാരിച്ച നാവികന്‍കൂടിയായ നിരഞ്ജന്‍ സൈബര്‍കവിതയിലെ രാഷ്ട്രീയത്തെപ്പറ്റിയാണു സംസാരിച്ചത്, സൈബര്‍ലോകം തരുന്ന സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് എഴുതുന്ന അനേകം പേരില്‍നിന്ന് പത്തുപന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് വേദിയില്‍ ഇരുത്തിയത് ഇമ്മാതിരിയെഴുത്തിന്റെ സ്പെസിമനുകള്‍ അഥവാ ദൃഷ്ടാന്തങ്ങള്‍ എന്ന നിലയ്ക്കായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യ വിഭജനശേഷം കടന്നുപോയ ഏറ്റവും സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയസംഭവമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ബാല്യത്തിലെ ഓര്‍മ്മയായി ബാക്കി നില്ക്കുന്നതിനെപ്പറ്റിയും ആ കാലഘട്ടത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണു താന്‍ തന്റെ സൈബര്‍ലോകത്തിലെ സര്‍ഗ്ഗാത്മകമായ ഇടപെടലുകളെ കണക്കാക്കുന്നതെന്നും നിരഞ്ജന്‍ പറഞ്ഞു,ജോര്‍ജ്ജ് ഓര്‍വലിന്റെ 1984 എന്ന നോവലിനെപ്പറ്റിയും അദ്ദേഹം അനുസ്മരിച്ചു.അതില്‍ ഓരോരുത്തരും നിരന്തരം നിരീക്ഷിക്കപ്പെടുന്ന ഒരവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. നിങ്ങള്‍ കാണുന്ന ടെലിവിഷന്‍ നിങ്ങളെയും കണ്ടുകൊണ്ടിരിക്കുന്നു. ബിഗ് ബ്രദര്‍ ഈസ് ആള്‍വേയ്സ് വാച്ചിങ് എന്ന ഭീഷണിയും മുന്നറിയിപ്പും നമുക്ക് നേരിട്ടറിയാവുന്ന ഒരു സത്യമായി അനുഭവപ്പെടുന്ന ഒരു കാലത്താണ് നമ്മളിപ്പോള്‍ സൈബര്‍ കവിതയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു, പുറത്തുനിന്നുള്ള അനേകം നിയന്ത്രണങ്ങള്‍,സ്വാധീനങ്ങള്‍ എന്നിവ സൈബര്‍ ഇടത്തേയും ഭരിക്കുന്നു എന്നും അഭിരുചികളും താല്പര്യങ്ങളും ശീലങ്ങളുമൊക്കെ നിരന്തരം നിരീക്ഷിക്കപ്പെടുകയും അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളും സൗഹൃദങ്ങളും ഉല്പന്നങ്ങളുമൊക്കെ നിരന്തരം നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന, നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ബിഗ് ബ്രദര്‍ ആയി സൈബര്‍ലോകവും അതിനെ പൂര്‍ണ്ണമായും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ലോകസമ്പദ്വ്യവസ്ഥയുടെ മുഖ്യമൂലധനനിക്ഷേപകരുമൊക്കെ മാറിക്കഴിഞ്ഞ അവസ്ഥയാണ് ഇന്നുള്ളത് എന്നും നിരഞ്ജന്‍ പറഞ്ഞു. സൈബര്‍കവിതക്ക് അതിന്റേതായ ഒരു നിയോഗം ഉണ്ടെന്നുതന്നെയായിരുന്നു അദ്ദേഹം പറഞ്ഞുവെച്ചത്,എന്തായാലും കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും ഒക്കെ കവിതയെഴുതുന്ന ഒരു കാലം പിന്നിട്ട് ഭാവിയില്‍ പ്രഷര്‍കുക്കറിലോ ഗാസ് സ്റ്റൗവിലോ ഒക്കെ കവിതകള്‍ എഴുതപ്പെടുന്ന ഒരു കാലവും വന്നുചേര്‍ന്നേക്കാം എന്നുതന്നെയാണു താന്‍ കരുതുന്നതെന്നും. ഒരു ഗ്യാസ് കുറ്റിക്ക് ആയിരത്തി ഇരുനൂറ്റിച്ചില്ല്വാനം രൂപ കൊടുക്കുന്ന സ്ഥിതിക്ക് എല്ലാ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളും ഒരു ഗ്യാസ് കുറ്റികൊണ്ടുതന്നെ സാധിച്ചെടുക്കാവുന്ന ഒരു ടെക് നോളജി ധിഷണാശാലികകളായ മലയാളികളാരെങ്കിലും കണ്ടുപിടിക്കും എന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സെമിനാറില്‍ കുഴൂര്‍ വിത്സന്‍ സംസാരിക്കുന്നു

കുഴൂര്‍ വില്‍സന്‍ തന്റെ പതിവുരീതിയില്‍ ഇടപെടുകയും സംസാരിക്കുകയും കവിത ചൊല്ലുകയും മാത്രമല്ല പരിപാടിയുടെ മോഡറേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.

സൈബര്‍കവിതയെപ്പറ്റി ഗവേഷണം നടത്തുന്ന കണ്ണൂര്‍ മാടായി കോളേജിലെ അദ്ധ്യാപിക സിന്ധു കെ. വി., ഈ ഇടത്തിലെ സ്ത്രീസാന്നിദ്ധ്യത്തെയും സൌഹൃദങ്ങളെയും പറ്റി സ്വാനുഭവത്തിന് ഊന്നല്‍ നല്കി വിവരിച്ചു. താന്‍ സൈബര്‍കവിതയിലേക്കു വരാനുള്ള സാഹചര്യങ്ങളെപ്പറ്റിയും അവിടെ പരിചയപ്പെട്ട സ്ത്രീകളെപ്പറ്റിയും കവയത്രി സംസാരിച്ചു, ഈ മാദ്ധ്യമം നല്കുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും, സ്ത്രീയ്ക്കു നല്കുന്ന വിശാലമായ ആകശത്തെപ്പറ്റിയും അവര്‍ സംസാരിച്ചു. സ്ഥലവും കാലവും മാറുമ്പോള്‍ കവിതയ്ക്കും മാറ്റമുണ്ടാകുന്നുവെന്നത് കവിതയെ ഒരു ഉല്പന്നമായി കാണേണ്ടതിനുമപ്പുറം ഒരു പ്രക്രിയയായി കാണേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ സംസ്കാരം/ ജീവിതം അതിന്റേതായ കവിതാരൂപം ആവശ്യപ്പെടുന്നു. അത്തരത്തിലുള്ള കവിതകളുണ്ടാവുന്നു. സ്ഥലവും കാലവും മാറുന്നതിനനുസരിച്ച് കാവ്യരൂപവും ചലനാത്മകമാകുന്നു എന്നു വരുമ്പോള്‍ കവിതയെക്കുറിച്ചുള്ള ചില ധാരണകളും പുനരാലോചിക്കേണ്ടി വരുന്നു. കവികളുടെ ലിസ്റ്റെടുപ്പ്, ലൈക്കുകളുടെ എണ്ണം, പുകഴ്ത്തല്‍ തുടങ്ങിയ ബാഹ്യകാര്യങ്ങള്‍ക്കപ്പുറം, നൈമിഷികമായ എഴുത്ത്/ നിരന്തരം എഡിറ്റ് ചെയ്തുള്ള എഴുത്ത് എന്നിങ്ങനെ മറ്റുള്ളവര്‍ക്ക് തീരുമാനമെടുക്കാനാവാത്ത കാര്യങ്ങള്‍ക്കപ്പുറം ലഭ്യമാവുന്നു കവിത. കവിതയെ അതുണ്ടാവുന്ന ഇടവുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉണ്ടാവുന്ന കുറേക്കൂടി സാര്‍ത്ഥകമായ വായനകള്‍ കവിതയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമപ്രക്രിയയെ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുന്നതാണ്. യാഥാര്‍ത്ഥ്യത്തെയും മിഥ്യയെയും സ്വാഭാവികതയെയും കൃത്രിമത്വത്തെയും വേര്‍പിരിക്കാനാവാത്ത വിധം ഇഴചേര്‍ക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിലുമുള്ളവര്‍ ഏറ്റവുമടുപ്പമുള്ളവരും അടുത്ത് ഇടപഴകുന്നവരുമാകുമ്പോള്‍ത്തന്നെ അവര്‍ യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നറിയാനാവാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. സൌഹൃദങ്ങളും പ്രണയങ്ങളും ലോകബോധവും ഇത്തരത്തില്‍ നിര്‍ണ്ണയിക്കാവുന്ന ഈ കാലത്തെ ജീവിതവും കവിത പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമവും ഒന്നുതന്നെയാകുമ്പോള്‍ ആ ജീവിതചിഹ്നങ്ങള്‍ മാത്രമല്ല കവിതയുടെ രചനാസങ്കേതങ്ങളും പ്രസിദ്ധീകരണരീതിയും വായനയുംതന്നെ സ്വാഭാവികമായും പരിവര്‍ത്തനവിധേയമാവുന്നുവെന്ന് കവയത്രി അഭിപ്രായപ്പെട്ടു. കവിതയുടെ ജനാധിപത്യത്തെ അവര്‍ സ്വാഗതം ചെയ്തു. അനശ്വരതയെപ്പറ്റി ആലോചിച്ച് തല പുകയ്ക്കാത്ത ആയിരങ്ങള്‍ക്ക് ഒരു തണല്‍മരമാകുന്നു സൈബര്‍ഇടമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.


സെമിനാറിലെ പ്രഭാഷകര്‍, കവികള്‍

പിന്നീടു സംസാരിച്ച എസ്.കലേഷ് തന്റെ വ്യക്തമായ നിലപാടുകളാൽ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി,കവിത എഴുതുന്നത് ഏറെ അധ്വാനം അവശ്യമുള്ള പണിയാണെന്നും അതു വളരെ ലാഘവത്തോടെ ഇന്നു സൈബർ ഇടത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുന്നണ്ടൊ എന്നൊരാശങ്കയും കവി പങ്കുവെച്ചു,കവിത ഒരു ധ്യാനമാണെന്ന തന്റെ അഭിപ്രായം അതേ വികാരതീവ്രതയോടെ സദസ്സിലേക്കുപകരാൻ കലേഷിനായി.

സെറീന റാഫി ബ്ലോഗുകള്‍ മുതല്‍ ഫേസ്‌ബുക്ക് വരെ സ്ത്രീകള്‍ക്കു തുറന്നുകൊടുത്ത വിശാലമായ ആവിഷ്കാരപരിസരത്തെപ്പറ്റിയും സ്ത്രീകവിതയുടെ പ്രസക്തിയെപ്പറ്റിയുമാണു സംസാരിച്ചത്.

ജീവിതകാലം മുഴുവൻ ആന്തരികമായ പ്രവാസത്തിൽ കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ വിപ്ലവകരമായവിമോചനത്തിനു സൈബർ ലോകം നിമിത്തമായി എന്നവർ പറഞ്ഞു.

കവിയും,ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം വളരെ അപ്രതീക്ഷിതമായായിരുന്നു പരിപാടിയിൽ എത്തിച്ചേർന്നത് കവിതയുടെ ജൈവികതയെപ്പറ്റിയും മലയാളി കവിതയിൽവെച്ചു പുലർത്തുന്ന വിചിത്രമായ കപട സദാചാരബോധത്തെപ്പറ്റിയുമെല്ലാം സുധീഷ് ആവേശത്തോടെ സംസാരിച്ചു.

ഭാഷയുടെ അലങ്കാരങ്ങൾ എല്ലാം ഉരിഞ്ഞെറിഞ്ഞ് തീർത്തും ലളിതമായി സദസ്സിനോടു സംവദിച്ച ഉമാ രാജീവ് ഏവരുടെയും സ്നേഹം പിടിച്ചു പറ്റി,ഏകാന്തതയുടെ നീണ്ട രാത്രികൾക്കു ശേഷം എങ്ങനെ താൻ തന്റെ സൈബർ ഇടത്തിൽ ഏത്തിച്ചേർന്നെന്നും അവർ സരസമായി വിശദീകരിച്ചു.

തന്റെ കവിതയെക്കാൾ സൈബർ ഇടത്തിൽ കണ്ടെത്തിയ കവിതകളെപ്പറ്റി എം ജി രവികുമാര്‍ സംസാരിച്ചു,പുതിയ കവിതയുടെ സാധ്യതകളും,പ്രതിസന്ധികളും അദ്ദേഹം വിശദമായിത്തന്നെ ചർച്ചക്കു വിധേയമാക്കി,പുതിയ കാലത്തെ കവിതകൾ ഒരു സിദ്ധാന്തത്തിനു പിറകേയും പോകുന്നില്ലെന്നും,അവ തങ്ങളിൽ തന്നെ തുടങ്ങുന്ന സ്വതന്ത്രമായ ജൈവവിത്തുകളാണെന്നും രവികുമാര്‍ അഭിപ്രായപ്പെട്ടു.

തൊണ്ണൂറുകളിൽ നിന്നും പുതു കവിതയിലേക്കുള്ള യാത്രയെപ്പറ്റിയാണു എം ആര്‍ വിഷ്ണുപ്രസാദ് അന്വേഷിച്ചത്.തൊണ്ണൂറുകളിലെ കവിത അതിനു മുൻപു നില നിന്നിരുന്ന കവിതാ രീതിയോടു കലഹിച്ചാണു കടന്നുവന്നതു,എന്നാൽ അവരെ പിന്തുടർന്നു വന്ന കവിതയിലെ അടുത്ത തലമുറ പുതിയൊരു വിപ്ലവത്തിനായിരുന്നു തുടക്കം കുറിച്ചത് എന്നു വിഷ്ണു അഭിപ്രായപ്പെട്ടു, അതിനു കാരണം പേനയുടെ സ്ഥാനത്ത് മൗസ് എന്ന ഉപകരണം വന്നു. കടലാസിന്റെ സ്ഥാനത്ത് മോണിട്ടരുകള്‍ വന്നു. കടലാസില്‍ എഴുതുമ്പോള്‍ തലച്ചോറിലുള്ള ഭാഷയും ലിപിയും പേനയുടെ തുമ്പിലേക്ക്‌ വരുന്നു. എന്നാല്‍ മൗസ് ഉപയോഗിക്കുമ്പോള്‍ മനുഷ്യന്‍റെ ഓര്‍മ്മകള്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. അവിടെ നമ്മള്‍ യന്ത്രത്തിന്റെ ഓര്‍മ്മയെക്കൂടി ആശ്രയിച്ചു കൊണ്ടുള്ള ഒരു വിനിമയതിലാണ് ഏര്‍പ്പെടുന്നത്. അപ്പോള്‍ മലയാളം ടൈപ്പ് ചെയ്യണമെങ്കില്‍ യന്ത്രത്തിന്റെ തലയ്ക്കുള്ളില്‍ ലിപികള്‍ നിറയ്ക്കണം. യന്ത്രത്തിനുള്ളില്‍ ലിപികള്‍ നിറയ്ക്കുമ്പോള്‍ അത് ഭാഷയെ പുനപ്രതിഷ്ഠിക്കുന്ന മറ്റൊരു ചരിത്ര കര്‍മ്മം കൂടിയാണ്. എല്ലാ അതിര്‍ത്തികളും ഭേദിച്ച് സമയകാലങ്ങളെ തോല്‍പ്പിച്ച് ഒരു പ്രാദേശിക ഭാഷ ഇന്റര്‍നെറ്റിലൂടെ ലോകം ചുറ്റാന്‍ തുടങ്ങുകയായിരുന്നു. ഇതിന് പിന്നില്‍ കുറെ മനുഷ്യരുടെ പ്രയത്നമുണ്ട്. അവര്‍ തുടങ്ങിവെച്ച ബൂലോകമലയാള ലിപിയില്‍ നിന്നാണ് രണ്ടായിരത്തി അഞ്ചിനു ശേഷമുള്ള കേരളകവിതയില്‍ ഒരു പുതിയ സംഘകാലം രൂപപ്പെടുന്നത് എന്നുമെല്ലാം വളരെ ആധികാരികമായിത്തന്നെ വിഷ്ണുപ്രസാദ് പുതു കവിതയുടെ രണ്ടാംതലമുറയെപ്പറ്റി സംസാരിച്ചു,

സൈബർ മലയാളത്തിന്റെ വളർച്ച ഏതാണ്ട് ഇരട്ടിച്ച ഈ കാലത്ത് അതു സാധ്യമാക്കിയവരേയും,അതിനു വേണ്ടി ത്യാഗങ്ങൾ സഹിച്ചവരേയും വിഷ്ണു തന്റെ സംഭാഷണത്തി സ്നേഹത്തോടെ സ്മരിച്ചു.

നാട്യങ്ങളില്ലാത്ത ഭാഷയിലാണു എ.ഹരിശങ്കര്‍ കര്‍ത്താ തന്റെ സൈബർ അനുഭവങ്ങൾ പങ്കുവെച്ചു,വാരികകളിലും മറ്റും നല്ല കവിതകൾ നോക്കി,നോക്കി നിരാശനായ കാലത്താണു താൻ സൈബർ ലോകത്തേക്കെത്തിയതെന്നു അയാൾ പറഞ്ഞു അപ്പോഴാണ് ആർക്കും എന്തും പ്രചരിപ്പിക്കാമെന്ന സാധ്യതയോടെ സൈബറിടത്തിൽ ബ്ലോഗുകൾ, ഓർക്കുട്ട്, എഫ് ബി തുടങ്ങിയ കോപ്പറേറ്റ് ഉല്പന്നങ്ങൾ അവതരിക്കുന്നത്. പ്രാചീന ഗോത്ര വഴക്കങ്ങളുടെ സ്മരണകളിലേക്ക് ഒളിച്ചോടുകയായിരുന്ന മലയാളസമൂഹത്തിൽ അങ്ങനെ ഒരു ഇല്ലാലോകത്ത് (വിർച്വൽ സ്പേസിൽ) ഒരു മതേതര കക്ഷിരാഷ്ട്രീയാതീത സമാന്തരവഴക്കം പരുവപ്പെട്ടു വന്നു എന്നും എന്നാൽ അതേ സമയം വാരികകളുടെ പേജുകളിൽ കയറിക്കൂടുന്ന വേഷമാറിയ കുമ്പിടിമാർ (കടപ്പാട്: നന്ദനം സിനിമ) ഏറിവരുന്നു എന്നുമൊക്കെയാണു ഹരിയുടെ അഭിപ്രായം,എന്തയാലും അയാൾ ഭാവിയേപ്പറ്റി ശുഭാപ്തിവിശ്വാസിയാണു (ഒരെ സമയം കുമ്പിടിയെ നിങ്ങൾക്ക് പലയിടങ്ങളും കാണാം. എല്ലാവരും കുമ്പിടിയുടെ ആളുകളാണ്)എന്നും അയാൾ പാക്ഷെ പറയാതിരിക്കുന്നില്ല

രാഷ്ട്രദീപികയുടെ എഡിറ്ററും കവിയുമായ സന്ദീപ് സലിമും സജീവമായി പരിപാടികളിൽ സഹകരിച്ചു. പങ്കെടുത്തവരെല്ലാം സ്വന്തം കവിതകള്‍ ചൊല്ലിയത് പുതുകവിതയുടെ സ്വഭാവവും അതിന്റെ വൈവിധ്യവുമെന്തെന്നറിയാന്‍ ഏറെ സഹായകമായി. യാദൃച്ഛികമായി എത്തിച്ചേര്‍ന്ന എസ് കണ്ണനും സ്വന്തം കവിത അവതരിപ്പിച്ചു. മലയാളവിഭാഗം മേധാവി എസ്. രാജലക്ഷ്മി നന്ദി പറഞ്ഞു.

ഡി സി ബുക്സ് പ്രസിദ്ധീകരണവിഭാഗം മാനേജര്‍ എ വി ശ്രീകുമാര്‍, സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായ ജിക്കു വര്‍ഗീസ്, എസ്. ബി കോളേജില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ പരിപാടിയെക്കുറിച്ചറിഞ്ഞ് എത്തിച്ചേര്‍ന്നവര്‍ പലരുമുണ്ട്. കിലുക്കാംപെട്ടി എന്ന ബ്ലോഗിലൂടെ ഇ ഇടത്തിൽ ശ്രദ്ധേയയായ ഉഷാശ്രീയുടെ മുഴുവൻ സമയ സാന്നിധ്യവും ഉണ്ടായിരുന്നു. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകരും പരിപാടിയില്‍ പലപ്പോഴായി പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ജഗദീഷ് ചന്ദ്രന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

സൈബർ ഇടത്തിന്റെ സാധ്യതകളെ പരിചയപ്പെടാനും, വൈവിധ്യത്തെ മനസ്സിലാക്കാനും, പുതു കവിതയിലെ പ്രതിഭാധനരെ അടുത്തറിയാനുമുള്ളൊരു വേദിയായിരുന്നു ജനുവരി എട്ടാം തീയതി ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജ്

Subscribe Tharjani |