തര്‍ജ്ജനി

പ്രസി. കെ

പുളിക്കല്‍ വീട്,
തെക്കേപ്പൊറ്റ പോസ്റ്റ്,
പുതുക്കോട്,
പാലക്കാട്. പിന്‍: 678687

Visit Home Page ...

വര്‍ത്തമാനം

ചുവപ്പ് ഒരു കവിത എഴുതുമ്പോള്‍

കെ. വി. സുമിത്രയുമായി അഭിമുഖസംഭാഷണം

പുരുഷനാവട്ടെ, സ്ത്രീയാവട്ടെ
എന്നും തനിച്ചാണ്!
എന്നാല്‍ ആത്മാവുകള്‍
ഒന്നിക്കുമ്പോള്‍ ഒരു കമിതാവ്
രൂപപ്പെടുന്നു.

-ബാവുല്‍ മിസ്റ്റിക്കുകള്‍

തനിച്ചായിപ്പോകുന്നവരുടെ മതഗ്രന്ഥങ്ങളാണ് കവിതകള്‍. നിന്ദയുടെയും പീഡയുടെയും അവഹേളനത്തിന്റെയും ലോകത്തില്‍നിന്നുള്ള ഉയിര്‍പ്പുകള്‍ അവര്‍ കവിതകളില്‍ തേടുന്നു. സാന്ത്വനം തേടുന്നവന്റെ സാന്ത്വനം, സ്‌നേഹം തേടുന്നവന്റെ സ്‌നേഹം--കവിതയുടെ വഴികള്‍ പലതാണ്. ചിലപ്പോള്‍ പ്രത്യാശാനിര്‍ഭരമായ നേര്‍രേഖപോലെ, മറ്റു ചിലപ്പോള്‍ സങ്കീര്‍ണ്ണമായ പക്ഷിപാതാളംപോലെ അവ വായനക്കാരന്റെ മുമ്പില്‍ വിസ്മയം തീര്‍ക്കുന്നു.

? ഈ വിസ്മയങ്ങള്‍ സ്വപ്നം കണ്ടാണോ എഴുതിത്തുടങ്ങിയത്?
= എന്ന് കൃത്യമായി പറയുക വയ്യ. തുടക്കത്തില്‍ മനസ്സിനെ ആകാശവുമായി ചേര്‍ക്കുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. മനസ്സിലെ അമാവാസികള്‍ക്കിടയിലൂടെ സ്വപ്നംകണ്ട പൗര്‍ണ്ണമികളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കവിത. ഇതിനിടയില്‍ വായനക്കാരനെ സങ്കല്പിക്കുന്നതെങ്ങനെ?

? ആദ്യകവിതയുടെ, ആദ്യവായനക്കാരന്റെ ഓര്‍മ്മ?
= ഇരട്ടവരയിട്ട നോട്ടുപുസ്തകത്തിലെ വെട്ടിയും തിരുത്തിയും എഴുതിയ വരികള്‍ക്കിടയില്‍ അവന്‍ തിരഞ്ഞത് കവിതയായിരുന്നില്ല; എന്നെത്തന്നെയായിരുന്നു. ഇതിലെവിടെയാണ് നീ എന്ന അവന്റെ ചോദ്യം എന്നിലെ അഹങ്കാരത്തിന്റെ ആകാശങ്ങളെ ചോര്‍ത്തിക്കളയാന്‍ പാകത്തിലുള്ളതായിരുന്നു. വേണ്ടത് കവിതയല്ല, കവിയെത്തന്നെയാണ് എന്ന തിരിച്ചറിവ് എന്നെ അവന്റെ മുമ്പില്‍ അധീരയാക്കി. പിന്നീടുള്ള എന്റെ ഓരോ ശ്രമങ്ങളും എന്നെത്തന്നെ പകര്‍ത്തിവയ്ക്കാനുള്ളതായി. പകര്‍ത്തിവയ്ക്കുന്നതിനെക്കാള്‍ എളുപ്പമാണ് പകുത്തുവയ്ക്കല്‍ എന്ന കണ്ടെത്തലില്‍ പിന്നെയും ഞാന്‍ ഭീരുവായി. എന്റെ പേടികളെ ഓടിച്ചുകളയാന്‍ പാകത്തില്‍ ഒരു കവിത പിറവികൊള്ളുമെന്ന വിശ്വാസത്തില്‍ എഴുതിക്കൊണ്ടേയിരുന്നു. കവിത എന്നെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസമാണ്; ചിലപ്പോഴെങ്കിലും ആശ്വാസവും.

? തീക്ഷ്ണമായ പ്രണയം, രതി--ഇവ രണ്ടും ഒഴിച്ചുകൂടാനാവാത്തതാണോ ഈ പ്രായത്തിലുള്ള ഒരു കവിക്ക്?
= പ്രണയം ഒഴിച്ചുകളയുമ്പോള്‍ ഒഴുകിപ്പോകുന്നത് അവനവന്‍തന്നെയെന്ന സത്യം എത്ര വേദനാത്മകമാണ്. ഒരാള്‍ ഒരാളെ പ്രണയിക്കുന്നു; ഒരാളെമാത്രം. ബാക്കിയുള്ളവരില്‍ അയാളെത്തിരയുന്നു. കവിതപോലെതന്നെയാണ് പ്രണയവും. ഓരോ പ്രണയവും ഓരോ കവിതയാണ്. ഹ്രസ്വം; തീവ്രം. രതിയുടെ മാനങ്ങള്‍ പക്ഷേ, വിപുലമാണ്, കുറെക്കൂടി സ്വകാര്യവും. ഇവ രണ്ടും പക്ഷേ, കവിതയുടെ കണ്ണുകളാവുന്നില്ല. കവിതയുടെ മഷിപ്പേനകളില്‍ നിറയുന്നത് പ്രണയത്തിന്റെയും രതിയുടെയും നീലമഷിയല്ല, മറിച്ച്, ഹൃദയം കീറിമുറിക്കുമ്പോള്‍ പടരുന്ന ചുവന്ന മഷിയാണ്. ഈ ചുവപ്പുതന്നെയാണ് നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പും, പട്ടടയിലെ തീയുടെ ചുവപ്പും.

? പരിസ്ഥിതിമൗലികവാദം ശക്തമാണ്?
= നഗ്നനായ മനുഷ്യന്‍ നഗ്നത മറച്ചു. മഴയെ ചെറുക്കാന്‍ വീട്, കുട. അവന്‍ മുന്നേറുന്നു. നല്ലതല്ലേ? പക്ഷേ, നിലനില്പ് അപകടത്തിലാവുംവിധം വിഷണ്ണനാവുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിച്ചു. ഇതിന്റെ ഉത്തരം അന്വേഷിക്കേണ്ട ബാധ്യത ഒരു റിയല്‍ എസ്റ്റേറ്റുകാരനുണ്ടാവുന്നില്ല; പ്രതിഫലം കിട്ടില്ല എന്നറിഞ്ഞിട്ടും ആ ദൗത്യമേറ്റെടുക്കുന്നത് ഒരു കവിയാണ്. കവി കാലവുംകൂടിയാണ്. കാലം ജനങ്ങളോടു സംവദിക്കുന്നത് കവിയില്‍ക്കൂടിയും കവിതയില്‍ക്കൂടിയും. പരിസ്ഥിതി വിഷയമാക്കുന്നത് മനഃപൂര്‍വ്വമല്ല. പരിസ്ഥിതിയെ ഞാനല്ല, പരിസ്ഥിതി എന്നെയാണ് വിഷയമാക്കുന്നത്. എന്നെ നിലനിര്‍ത്താനുള്ള പരിസ്ഥിതിയുടെ ശ്രമം. പ്രകൃതി കവിയിലൂടെ കരയുന്നു. കവി വെറുമൊരു മാധ്യമം മാത്രം.

? മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ സഹായങ്ങള്‍?
= ചില വലിയ പരിചയങ്ങള്‍; അതിന്റെ മഹത്ത്വം. ജോലിയിലും കൂടെ അക്ഷരങ്ങള്‍തന്നെ എന്ന ആശ്വാസം. പിന്നെ സമകാലീനത്വത്തിന്റെ ഹരം. പക്ഷേ, നഷ്ടം ചില പ്രതിഷേധങ്ങള്‍ ഗദ്യത്തിലൂടെ നഷ്ടമാവുന്നു എന്നതാണ്. കവിതയായി കുറുകേണ്ട ചില വിഷയങ്ങളെങ്കിലും വാര്‍ത്തകളായി ചോര്‍ന്നുപോവുന്നതിന്റെ ഖിന്നത. വേദന ആശ്വാസം. ആശ്വാസം വേദന. ഇതിലേത് മുമ്പില്‍ ഏതു പിന്നില്‍? ഉത്തരം തരാത്ത ഗണിതപ്രശ്‌നംപോലെ മാധ്യമരംഗം.

ഇത് രണ്ടാമത്തെ പുസ്തകമാണ്. ആദ്യപുസ്തകം വായനക്കാര്‍ ഏറ്റെടുത്തതിലുള്ള സന്തോഷം വാക്കുകളില്‍. ഒപ്പം ഒരു തിരുത്തും. എനിക്കു വായനക്കാരെയല്ല വേണ്ടത്; സഹൃദയരെ. എന്റെ കവിത ഇഷ്ടപ്പെടുന്ന ഓരോ വായനക്കാരനും ഞാന്‍തന്നെയാണ്. എന്റെ മറുപാതി. അവരിലൂടെ ഞാന്‍ എന്നെക്കാണുന്നു.

? കവിത എഴുതുന്നു, വേദനിക്കുന്നു, പക്ഷേ, പ്രവര്‍ത്തിക്കുന്നില്ല. ആക്റ്റിവിസത്തില്‍നിന്നും രക്ഷപ്പെട്ടുനില്ക്കാനുള്ള സേഫ് സോണാണോ കവിത?
= കവിത എഴുത്തും ആക്റ്റിവിസമാണ്. എഴുതാനറിയാത്തവര്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നു, മുന്‍നിരയില്‍ വരുന്നു, രക്തസാക്ഷിത്വം വരിക്കുന്നു. സ്വയം സന്ദേശത്തിന്റെ ഉദാത്ത മാതൃകകള്‍. കവിതാരചനയും മാതൃകയാണ്. രക്തരൂഷിതമായ രക്തസാക്ഷിത്വത്തിന്റേതല്ല, രക്തം ചീന്താത്ത വിപ്ലവത്തിന്റെ. രക്തത്തിനു പകരം മഷിയൊഴുക്കുന്നു. മഷിയിലൂടെയും പ്രതിരോധങ്ങള്‍ തീര്‍ക്കപ്പെടുന്നുണ്ട്. സമരത്തിലൂടെയും തീര്‍ക്കപ്പെടുന്നുണ്ട്. രണ്ടും പരസ്പരപൂരകങ്ങളാണ്. പ്രക്ഷുബ്ധതയുടെ അച്ചടിച്ച സമരമുഖമാണ് കവിത. പിന്നെ സേഫ് സോണിന്റെ വസ്തുത. സ്വാസ്ഥ്യത്തില്‍നിന്നും അസ്വാസ്ഥ്യത്തിലേക്കുള്ള വീടുമാറ്റമാണ് എഴുത്ത്. ഡേഞ്ചര്‍ സോണിന്റെ മഞ്ഞവരകള്‍ മുറിച്ചുകൊണ്ടുള്ള സ്വയം ബലിദാനത്തിന്റെ വിറകടുപ്പ്.

? സമൂഹം എങ്ങനെയാണ് ബാധിക്കുന്നത്?
= വ്യവസ്ഥിതിയെ മാറ്റണമെന്ന് മാര്‍ക്‌സ് പറഞ്ഞു. വ്യക്തിയെ മാറ്റുന്നതാണ് നല്ലതെന്ന് ബുദ്ധന്‍ പറഞ്ഞു. ബുദ്ധന്റെ വഴിയാണ് ശരി. ക്രിസ്തുവിന്റെ വഴിയും ഇതുതന്നെ. സമൂഹം എന്നെയല്ല ഞാന്‍ സമൂഹത്തെയാണ് ബാധിക്കുന്നത്. ഒരുതരം ഉറഞ്ഞുതുള്ളല്‍. ഭ്രാന്താണോ? ടി.പി. ചന്ദ്രശേഖരന്‍ 51 വെട്ടേറ്റു കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയവൈരത്തിന്റെ ബീഭത്സത മുന്നില്‍ ചോരതെറിച്ചുനിന്നു. 51 അക്ഷരങ്ങളെയാണ് നിങ്ങള്‍ വെട്ടിയതെന്ന് കവി കവിതയിലൂടെ വിലപിച്ചപ്പോള്‍ അക്ഷരമാലയില്‍ മുഖം പൊത്തി കരഞ്ഞു. കരയുകയല്ല വേണ്ടത് പ്രതിഷേധിക്കുകയാണ് വേണ്ടതെന്ന് സര്‍വ്വരും ഉദ്‌ബോധിപ്പിച്ചപ്പോള്‍ കവിത എഴുതി. മഹാരാജാസിന്റെ സമരമരത്തിനു താഴെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് എന്ന് ഉറക്കെ വിളിക്കുന്ന ഡിഗ്രിക്കാരിയില്‍നിന്ന് മാനവികതയുടെ വിശാലമായ ആകാശത്തില്‍ വിരിയുന്ന മഴവില്ലിലേക്കുള്ള ദൂരം തന്നത് കവിതയാണ്. രാഷ്ട്രീയം തടവറ തരുമ്പോള്‍ കവിത സ്വാതന്ത്ര്യം തരുന്നു.
? രാഷ്ട്രീയം പാടില്ലെന്നാണോ?
= രാഷ്ട്രീയം പലതാണ്. ഈയടുത്ത് കിടപ്പറ പൂട്ടി ചിലര്‍ സമരംചെയ്തു, ഭര്‍ത്താക്കന്മാര്‍ക്കെതിരെ. ഏതു രാജ്യമായാലും ഉഗ്രമായ സ്ത്രീസമരം. വികസിക്കേണ്ടവയാണ് യോനികള്‍ എന്ന ബോധത്തിന്റെ പൊളിച്ചെഴുത്ത്. ഇതിനും രാഷ്ട്രീയമുണ്ട്. ശമ്പളവര്‍ദ്ധനയ്ക്കുവേണ്ടി ഒരു കക്ഷിയിലും പെടാതെ തൊണ്ട പൊട്ടി അലറി, നിരാഹാരം കിടന്നു വിഷമിച്ച നേഴ്‌സുമാരുടെ പോരാട്ടത്തിനുമുണ്ട് രാഷ്ട്രീയം. അത് ഒത്തുതീര്‍പ്പിന്റെ കലയല്ല. അവസരങ്ങളുടെ മുതലാക്കലില്‍നിന്നു കിട്ടുന്ന ഊറ്റംകൊള്ളലിന്റെയും കലയല്ല. കനലാണ് രാഷ്ട്രീയം. നീറിനീറിക്കിടക്കണം. അങ്ങനെ വരുമ്പോള്‍ നിശ്ശബ്ദതയും രാഷ്ട്രീയമാണ്. കവിത എഴുതുന്നതിനു മുമ്പുള്ള നിശ്ശബ്ദത. അഗ്നിപര്‍വ്വതം പൊട്ടാന്‍ പോവുന്നതിനു മുമ്പുള്ള നിശ്ശബ്ദത. കൊച്ചിയിലെ ഒരു പൂമ്പാറ്റയുടെ ചിറകടി കാലിഫോര്‍ണിയയിലെ വലിയ ചുഴലിക്കൊടുങ്കാറ്റാവുന്നതിന്റെ പരിണാമരഹസ്യത്തിന്റെ പേരുംകൂടിയാണ് രാഷ്ട്രീയം.

? പുരസ്‌കാരങ്ങള്‍?
= വായനയുടെ പുരസ്‌കാരലബ്ധിതന്നെ ഏറ്റവും വലിയ സന്തോഷം. ആദ്യ കവിതാസമാഹാരം വിറ്റുതീരുന്നു എന്ന തിരിച്ചറിവിന്റെ നിമിഷം, ആദ്യകവിത അച്ചടിച്ചുകാണുമ്പോഴുള്ള തീവ്രതയോടുകൂടിത്തന്നെ മനസ്സില്‍ ഉരുള്‍പൊട്ടുന്നു. പുരസ്‌കാരങ്ങള്‍ അംഗീകാരമാണ്. ആവേശവും.

? യാത്രകള്‍?
= എറണാകുളം ഒരു റിപ്പബ്ലിക്കാണ്. അടുക്കിവച്ച നഗരം. ഉയരമുള്ള നഗരം. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മുകളില്‍നിന്ന് കവിതപോലെ ഹ്രസ്വം, തീവ്രം--ഷണ്മുഖം റോഡിന്റെ വിശാലതയില്‍നിന്ന് മറൈന്‍ഡ്രൈവോളം ഊഷ്മളം, ഹൃദ്യം--യാത്രകള്‍ ജീവിതത്തിലൂടെയാണ്. രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടില്ല എന്നറിഞ്ഞിട്ടുതന്നെ കൂട്ടിമുട്ടാന്‍ വെമ്പിയോടുന്ന തീവണ്ടിപോലെ അവ തുടരുന്നു. കൊച്ചിയാണ് പ്രിയപ്പെട്ട ഇടം. കൊച്ചിയെ ഞാന്‍ പ്രണയിക്കുന്നു. അല്ലെങ്കില്‍ എല്ലാ പ്രണയങ്ങളിലും ഞാന്‍ കൊച്ചിയെ തിരയുന്നു.

Subscribe Tharjani |