തര്‍ജ്ജനി

കൃഷ്ണ ദീപക്

ഇ മെയില്‍ : krishnamaliyeckel@gmail.com

Visit Home Page ...

കവിത

നിന്റെ(എന്റെ) കൊളാഷുകളുടെ നിറവസന്തം

വെളുത്ത ചായം പടർത്തി
തൂവെള്ള ക്യാൻവാസിലേക്ക്
അടക്കിപ്പിടിച്ച നിശ്ശബ്ദതയിൽ,
ഇടയ്ക്കിടെ നീയിങ്ങനെ ഇറങ്ങിവരും

വെള്ളം തൊട്ട് തൊട്ട് അപ്പോഴൊക്കെ നിന്നെ,
പ്രണയച്ചുവപ്പിലേക്ക് ഞാൻ
ലയിപ്പിച്ചെടുക്കും

ശ്വാസം മുട്ടിക്കുന്ന,
ആഴത്തിന്റെ കുത്തിയൊലിപ്പിലേക്കുള്ള വഴി
'ഫര്‍ എലൈസ്' മൂളിക്കൊണ്ട്
ബ്രൌണ്‍ നിറത്തിൽ ഒച്ചയില്ലാതെ വരച്ചുചേര്‍ത്ത്
നിനക്ക് കാണിച്ചുതരും

നോക്കി നോക്കി നിൽക്കേ
ഓരോ ബ്രഷ് സ്ട്രോക്കിനുമിടയിലെ
നിശ്ശബ്ദതയിലൂടെ,
വഴിതെറ്റി,
വഴിതെറ്റി വലുതായി
പലതായി
വളഞ്ഞും തിരിഞ്ഞും നീയപ്പോൾ
നെഞ്ചിലേക്കടർന്ന്, പടര്‍ന്ന്‌.
ഇരമ്പിയാർത്ത് പുളഞ്ഞു കയറും

ഒറ്റയൊറ്റയായ ഘാഫ് മരങ്ങള്‍ക്കിടയിലേക്ക്
ചൂളമടിച്ച് , ഉഷ്ണ കാറ്റ് വിതറി
കറങ്ങി മറിഞ്ഞ് മണൽക്കുന്നുകൾ കയറി ഇറങ്ങി
വെള്ളയിൽ, ചിതറുന്ന ചുവപ്പിൽ
ഇടകലർന്ന്... കലർന്ന്
നിറപ്പെരുക്കങ്ങളുടെ അടിത്തട്ടിലേക്ക്

തിരയിളക്കത്തില്‍ മുങ്ങിക്കിതച്ച്
അഗാധതയിൽ
നിന്റെ(എന്റെ) കൊളാഷുകളുടെ നിറവസന്തം.

Subscribe Tharjani |