തര്‍ജ്ജനി

കെ. വി. സിന്ധു

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

Visit Home Page ...

കവിത

ഒരമ്പിളിക്കീറ് തന്നിട്ടുപോ

ഞാനാദ്യമല്ല, എനിക്കുമുന്നെ
നിരയായി നടക്കുന്ന കുറേ മരങ്ങളുണ്ടായിരുന്നു
അവരങ്ങനെ, തണലിലൂടെ
നിറയെ വർത്തമാനം പറയുന്നുണ്ടായിരുന്നു
അവർക്ക് പിന്നിൽ തണലിലൂടെ
അപ്പോൾ ഞാനുമുണ്ടായിരുന്നു

ഞാനും മരങ്ങളും തണലുമങ്ങനെ നടക്കുകയായിരുന്നു

ഒന്നാം മരം രണ്ടാം മരം മൂന്നാം മരം എന്നിങ്ങനെ
മരങ്ങളെല്ലാം നടത്ത നിർത്തി
ഇനിയങ്ങോട്ട് തണലില്ലെന്ന്
മരങ്ങളൊക്കെ തളർന്നുപോയി

(മുന്നിലും പിന്നിലും ഞാനായി
ഗെയിം ഒന്നാം റൌണ്ട് കടന്നിരിക്കുകയാണ്)

മുന്നിലിപ്പോൾ
കാലുപൊള്ളുംപോലെ
ഓടുന്ന ലോകമാണ്.
അവർക്കൊപ്പം പൊള്ളലേറ്റ്
ഞാനും കുതിക്കുന്നുണ്ട്

ആവിപൊങ്ങുന്ന കടൽത്തീരത്തോളം ചെന്ന്
കാറ്റും വെയിലും കുളിച്ചുകയറുന്നുണ്ട്
തിരയ്ക്കുപിന്നിൽ കടലാസുകൊണ്ട്
ഞാനൊരു തോണിപണിയുന്നുണ്ട്
അളവുതെറ്റി തോണികൾ
മറിഞ്ഞുവീഴുന്നുണ്ട്

(രണ്ടാം റൌണ്ടിനുപശ്ചാത്തലമായി)

കപ്പലണ്ടിക്കാരൻ അതുകൊണ്ട്
കുമ്പിളുകുത്തുന്നുണ്ട്

നിങ്ങളൊക്കെ കപ്പലണ്ടിതിന്നുന്നവരോ
കടലിനൊപ്പം മീനൊപ്പം നീന്തുന്നവരോ ആണ്

(മൂന്നാം റൌണ്ടിൽ നമ്മളെല്ലാരും
തിരകളിലാണ്)

മുങ്ങിപ്പോകാത്തൊരു തോണിയുണ്ടാക്കാനെന്നെ
ഒന്നു സഹായിക്കണേ സഹായിക്കണേയെന്ന്
കടലിലാഴ്ന്നുപോകുന്ന
ആശകളിൽ മുങ്ങിപ്പോകുന്ന തോണിയിൽ
ഒരാളുണ്ടായിരുന്നു

Subscribe Tharjani |