തര്‍ജ്ജനി

സി. പി. കൃഷ്ണകുമാര്‍.

ഫ്ലാറ്റ് നമ്പര്‍ 905 & 906 എക്സലന്‍സി,
എസ്. വി.പി.നഗര്‍,
അന്ധേരി വെസ്റ്റ് , മുംബൈ 400 053.
മെയില്‍ :cpkkumar@yahoo.co.in.

Visit Home Page ...

കഥ

പഠനസാമഗ്രികള്‍

നിരപ്പില്ലാത്ത ചെമ്മണ്‍പാതയിലൂടെ ആംബുലന്‍സിന് സാവകാശം മാത്രമേ സഞ്ചരിക്കാനാവൂ. ചാക്കോച്ചിയുടെ കുടിലിലേക്ക് തിരിയുന്ന വളവുകഴിഞ്ഞപ്പോള്‍ വീണ്ടും വേഗത കുറയ്ക്കണ്ടിവന്നു. ഇതുവരെ ഒരിക്കല്‍പ്പോലും റബ്ബര്‍ടയറുകള്‍ ഉരുണ്ടിട്ടില്ലാത്ത പാത. നിരപ്പില്ല. മുട്ടറ്റം ഉള്ള ചില കുഴികള്‍ കാല്‍നടപോലും ദുഷ്കരം ആക്കുന്നു. പാതയിലേക്ക് ചരിഞ്ഞുവളരുന്ന, ഇരുവശത്തെയും വേലികളിലെ പത്തലുകള്‍ ആംബുലന്‍സിന്റെ വേഗത പിന്നെയും കുറയ്ക്കുന്നു.

വണ്ടി മുമ്പോട്ടു നീങ്ങുന്നതിനൊപ്പം, അതിനു പിന്നില്‍ കൂടുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കുടിലില്‍നിന്നും കുറച്ചുദൂരെവരെ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി, പുറത്ത് ഇറങ്ങി. വണ്ടിയുടെ പിന്നില്‍വന്ന് വാതില്‍ തുറന്നിട്ട്‌ അകത്തേക്ക് നോക്കി പറഞ്ഞു.

“ഇനി മുമ്പോട്ടു എടുക്കാന്‍ പറ്റില്ല. വഴിനീളെ വല്ലാത്ത കുഴികളാണ്.”

വണ്ടിയില്‍നിന്നും മൈഥിലി വാസുദേവ് എന്ന മദ്ധ്യവയസ്ക ആദ്യം ഇറങ്ങി. സാരിക്ക് മുകളില്‍ ധരിച്ചിരിക്കുന്ന വെള്ളക്കോട്ടും കോട്ടിന്റെ പോക്കറ്റില്‍നിന്നും പുറത്തേക്ക് തള്ളിനില്ക്കുന്ന സ്റ്റെതസ്കോപ്പും, അവര്‍ ഒരു ഡോക്ടറാണ് എന്ന പരിചയപ്പെടുത്തല്‍ നടത്തി. തൊട്ടു പിന്നാലെ മൂന്നു സഹായികളും പുറത്തേക്കുവന്നു. അവര്‍ ചാക്കോച്ചിയുടെ കുടിലിലേക്ക് നടന്നു.

ആള്‍ക്കൂട്ടം അവരെ പിന്‍തുടര്‍ന്നു. ചുറ്റുവട്ടത്തെ പുരുഷന്മാര്‍ എല്ലാവരും ചാക്കോച്ചിയുടെ കുടിലിനു ചുറ്റും. അയല്‍പക്കങ്ങളിലെ പുരയിടങ്ങളില്‍ സ്ത്രീകള്‍ കൂട്ടംകൂട്ടമായി നിന്നു. പാടത്ത് കൃഷിപ്പണികള്‍ക്ക് ഇറങ്ങിയിരുന്നവരും, തേങ്ങ ഇടുകയായിരുന്ന മരക്കയറ്റക്കാരനും പണിനിര്‍ത്തി കാഴ്ചക്കാരായി എത്തി.

ഡോക്ടര്‍ മൈഥിലി, ചാക്കോച്ചിയുടെ കുടിലിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും പരമു എന്നൊരാള്‍ തന്റെ അധികാരസ്വരം മുഴക്കി. “

ഞങ്ങളുടെ അനുവാദം ഇല്ലാതെ ചാക്കോച്ചിയുടെ കുടിലില്‍ പോവാന്‍ പറ്റില്ല”.

ഡോക്ടര്‍ പ്രതികരിച്ചില്ല. അല്പംപോലും അനങ്ങാന്‍ ആവാത്തവണ്ണം ചുറ്റും ആളുകള്‍
ആള്‍ക്കൂട്ടത്തെ ഇരുവശത്തേക്കും തള്ളിമാറ്റിക്കൊണ്ട് ഏതാനും മീറ്റര്‍ അകലത്ത് നിന്നും, തിടുക്കത്തില്‍ രണ്ടുസ്ത്രീകള്‍, ഡോക്ടര്‍ക്ക് തൊട്ടുമുമ്പില്‍ വന്നുനിന്നു.

“ചാക്കോച്ചിക്കും കുടുംബത്തിനും ഊരുവിലക്കുണ്ട് എന്ന് അറിഞ്ഞുതന്നാണോ ഡോക്ടര്‍ വന്നത്.?”
“അല്ല”.
“ എങ്കില്‍ മടങ്ങി പൊയ്ക്കോളൂ. ആരും ഡോക്ടറെ ഒന്നും ചെയ്യില്ല.”
മൈഥിലി നിശ്ശബ്ദ.

ഒപ്പം എത്തിയ മൂന്നു സഹായികള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കാത്തുനിന്നു.
ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍.
ബഹളത്തിനിടയില്‍ നിന്നും ചിലതൊക്കെ വേറിട്ട്‌ കേള്‍ക്കാനാവുന്നുണ്ട്.
“ആരെ ചികിത്സിക്കാനാണ് വന്നത്. അപ്പനെയോ മോളെയോ?”.
“കിഴവന്‍ ചത്തു പോയാല്‍ ആര്‍ക്കാണ് ചേതം?”.
“മാത്തപ്പനെ അഴി എണ്ണിക്കണംന്ന് അവള്‍ക്കു എന്തൊരു വാശിയായിരുന്നു”.
“അവള്‍ക്കാണ് വയ്യാത്തത് എങ്കില്‍ ചികിത്സിക്കാന്‍ ഞങ്ങള് ഒട്ടും സമ്മതിക്കില്ല “.
“രണ്ടു ദിവസം കൂടൊന്നു കഴിഞ്ഞോട്ടെ. മാത്തപ്പന്‍ പരോളില്‍ വരുമ്പോള്‍ അവളെ കാണിച്ചു കൊടുക്കുന്നുണ്ട് “

മൈഥിലി ആള്‍ക്കൂട്ടത്തിലൂടെ പിന്നോക്കം നോക്കി. പൊടി പറത്തിക്കൊണ്ട് പോലീസ് ജീപ്പ് വരുന്നു. ആരും പറയാതെതന്നെ ആളുകള്‍ ജീപ്പിനു വഴി മാറിക്കൊടുത്തു. ആംബുലന്‍സു കിടക്കുന്നതിലും കുറേക്കൂടി മുമ്പോട്ടുവന്ന് കുടിലിനോട് ചേര്‍ത്ത് ജീപ്പ് നിര്‍ത്തി. നാല് പോലീസുകാര്‍ ഡോക്ടറുടെ അടുത്തേക്ക് വന്നു.

“ഇത്തിരി വൈകിപ്പോയി ഡോക്ടര്‍” .
“നിങ്ങള്‍ മൃതദേഹത്തിനു അടുത്ത് ഉണ്ടെന്നു അറിയിച്ചതിനാലാണ് ഞങ്ങള്‍ എത്തിയത്. നാട്ടുകാര്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ വീടിന് അകത്തു കടന്നേനെ”.
“സാരമില്ല. ഞങ്ങള്‍ പെട്ടെന്ന് ജോലി തീര്‍ക്കാം.”
പോലീസുകാര്‍ കുടിലിനുള്ളില്‍ കടന്നു. വളരെ പെട്ടെന്ന് പുറത്തേക്ക് വരികയും ചെയ്തു.
“ഡോക്ടര്‍ ഇനി അകത്തുപോയി നോക്കിക്കൊള്ളു.”

ഡോക്ടര്‍ മൈഥിലിയും സഹായികളും കുടിലിനുള്ളില്‍ കടന്നു. പുറത്ത് ഇറങ്ങിയ സഹായികള്‍ ആംബുലന്‍സില്‍ നിന്നും സ്ട്രെചര്‍ കുടിലിനുള്ളിലേക്ക് കൊണ്ടുവന്നു.
ജനക്കൂട്ടത്തിന്റെ ആരവം വളരെ ഉച്ചത്തിലായി. മത്സരിച്ചു ഒച്ച എടുക്കുന്നതിനാല്‍ ആര് പറയുന്നതും കേള്‍ക്കാന്‍ ആവില്ല. സ്ട്രെച്ചറില്‍ ഒരു ശരീരവുമായി മൈഥിലിയുടെ സഹായികള്‍ കുടിലില്‍നിന്നും ഇറങ്ങിയപ്പോള്‍ കുടിലിനു പുറത്തെ രോഷവും പ്രതിഷേധവും നിയന്ത്രണാതീതമായി. അപ്പോഴേക്കും മറ്റൊരു വണ്ടിയില്‍ കുറച്ചു കൂടുതല്‍ പോലീസുകാര്‍ വന്നു. പോലീസുകാര്‍ ലാത്തി വീശി. പത്തലും മടലും ഒക്കെ ഉപയോഗിച്ച് പ്രതികരിച്ചത് ചുരുക്കം പ്രതിഷേധക്കാര്‍. മറ്റെല്ലാവരും ആവേശം പരത്തുന്ന കാണികളായി.

സ്ട്രെച്ചറിലുള്ളത് ചാക്കോച്ചിയുടെ മൃതദേഹം ആണ് എന്ന് അറിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം നിശ്ശബ്ദമായി. പിന്നെ കുശുകുശുപ്പുകള്‍. ആരോ വിളിച്ചു കൂവി, “ശവം കൊണ്ടുപോവാന്‍ സമ്മതിക്കില്ല”. ഒരുപാടുപേര്‍ അത് ഏറ്റുപറഞ്ഞു. സ്ട്രെചര്‍ നിലത്തുവെച്ചു. കുറച്ചു പോലീസുകാര്‍ ചുറ്റുംനിന്നു.

“ജീവിക്കുമ്പോള്‍ മാത്രമല്ല ഊരുവിലക്ക്. മരിച്ച ചാക്കോച്ചിയും ഞങ്ങള്‍ക്ക് വെറുക്കപ്പെട്ടവന്‍ തന്നെ. ശവം അടക്കാന്‍ സമ്മതിക്കില്ല”. ആള്‍ക്കൂട്ടത്തിലെ പലരില്‍നിന്നും കേട്ടത് ഇങ്ങനെ സംഗ്രഹിക്കാം.

മൈഥിലിയും പോലീസുകാരുമായി ചര്‍ച്ച. ആളുകള്‍ കൂവിവിളിക്കല്‍ തുടര്‍ന്നു.

“നിങ്ങളുടെ നേതാവ് ആരാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കണം”. പോലീസ് സംഘത്തിന്റെ തലവന്‍ ഉച്ചത്തില്‍ പറഞ്ഞു.

“പരമു “ ആരോ നേതാവിന്റെ പേര് പറഞ്ഞു.
“ഞാനല്ല“എന്ന് പരമു പ്രതികരിച്ചു.
“ഗോവിന്ദന്‍” “ജോര്‍ജ്ജ്” ......പല പേരുകളും പറഞ്ഞു. “ഞാനല്ല“ എന്ന് അത്രതന്നെ പ്രതികരണങ്ങളും.

നേതാവില്ലാത്ത ആള്‍ക്കൂട്ടത്തോടായി പോലീസ് സംഘത്തലവന്‍ ഉച്ചത്തില്‍ പറഞ്ഞു.

“നാട്ടുകാരേ.... ചാക്കോച്ചി മരിച്ചിരിക്കുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുക്കുന്നു എന്ന് ചാക്കോച്ചിതന്നെ വില്പത്രം എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഈ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സ്വത്ത് ആണ്. ഞങ്ങള്‍ക്ക് ഇത് കൊണ്ടുപോയെ പറ്റൂ. പെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തണം. ദേഹം അഴുകാതിരിക്കാനുള്ള കാര്യങ്ങളും ചെയ്യണം. ഞങ്ങളെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തരുത്.”

ആളുകള്‍ കേട്ടകാര്യം മനസ്സില്‍ അയവിട്ടു നിന്നു.

മൈഥിലിയുടെ സഹായികള്‍, മൃതദേഹം ആംബുലന്‍സിന് അടുത്ത് കൊണ്ടുവച്ചു. ആംബുലന്‍സിന് ഉള്ളില്‍ ഇരിക്കുന്ന സ്ത്രീയോട് പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
ആംബുലന്‍സില്‍ നിന്നും ചാക്കോച്ചിയുടെ മകള്‍ മറിയാമ്മ പുറത്തിറങ്ങി. ആള്‍ക്കൂട്ടത്തെ ഭയത്തോടെ നോക്കിനിന്ന അവളോടു മൈഥിലി പറഞ്ഞു. “ഭയപ്പെടേണ്ട, ഈ മൃതദേഹം, നാട്ടുകാര്‍ ഊരുവിലക്ക് കല്പിച്ച ചാക്കോച്ചി അല്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പഠനസാമഗ്രികളില്‍ ഒന്നാണ്. കേടുവരാതെ ഞങ്ങള്‍ ഇത് കൊണ്ടുപോവും”.

ചാക്കോച്ചിയുടെ മൃതശരീരം ആംബുലന്‍സിന് ഉള്ളില്‍ വച്ചു. മറിയാമ്മ ചുറ്റുമുള്ള ആളുകളെ വീണ്ടും ഭയത്തോടെ നോക്കി. ആംബുലന്‍സിന്റെ വാതില്‍ അടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മൈഥിലിയോട് ചോദിച്ചു. “ഡോക്ടര്‍, മരിച്ചാല്‍ മാത്രമേ ഒരാളെ മെഡിക്കല്‍ കോളേജിന്റെ പഠനസാമഗ്രി ആയി എടുത്തു സംരക്ഷിക്കാന്‍ ആവുള്ളൂ. അല്ലെ?”

Subscribe Tharjani |
Submitted by ജീ ആര്‍ കവിയൂര്‍ (not verified) on Tue, 2014-02-18 20:43.

മരണത്തിനു മാത്രം ഉരുവിലക്ക് കല്‍പ്പിക്കാന്‍ ആവില്ലല്ലോ
കാലികമായ കഥ ,ജീവിച്ചിരിക്കുന്നവരെ പഠന സഹായി ആക്കാന്‍ ആവില്ലല്ലോ
നല്ല പ്രമേയം

Submitted by C.P.Krishnakumar (not verified) on Wed, 2014-02-19 07:35.

THANKS TO SRI.G.R.Kaviyoor for reading and commenting.

Submitted by joseph sebastianPallippuram (not verified) on Thu, 2014-02-20 18:46.

“ഡോക്ടര്‍, മരിച്ചാല്‍ മാത്രമേ ഒരാളെ മെഡിക്കല്‍ കോളേജിന്റെ പഠനസാമഗ്രി ആയി എടുത്തു സംരക്ഷിക്കാന്‍ ആവുള്ളൂ. അല്ലെ?”....living like a dead and dead to the living...the story is new in its theme!!

Submitted by Niranam Karunakaran (not verified) on Sat, 2014-02-22 07:33.

Priyapetta Krishnakumar Sir,
Ee cheru katha valare vyathyasthamaya oru shristiyanu. Aasaya gambheeryavum rachana soushtavavum ee kathaye unnatha thalathil ethikunnu. Kathayude anthyam varnana atheethamayirikunnu.

Kathayude sheershakam uchithamayi theliyunnathu avasana khandikayilanu. Churukkathil ee katha cheru katha prasthanathinu oru deepasthambhamayi margadarsanam nalkum ennathil samsayam illa.

Snehapoorvam,
Niranam

Submitted by devan tharapil (not verified) on Sun, 2014-02-23 12:59.

മനുഷ്യനായ് ജനിച്ചിട്ടും മനുഷ്യരിൽ നിന്നുപോലും വെല്ലുവിളിയുണർത്തുന്ന കഥ തികച്ചും ചെറുതെങ്കിലും,"ഹൃദയഭേദം"സമുഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങൾ ചോരുന്നതിന്റെ ദൃഷ്ടാന്തമാണു ഈ കഥ നമ്മോടു പറയുന്നതു .സമുഹം എവിടെയെത്തിയെന്നു ചിന്തിക്കാൻ സാധിക്കുന്ന രചനശൈലി .ആശംസകൾ കൃഷ്ണകുമാർ സാർ !!

Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Sun, 2014-02-23 22:42.

പഠിക്കാത്ത ജനത്തിനു മുന്നില്‍ പഠന സാമഗ്രിയാകേണ്ടി വരുന്നവരുടെ ചിത്രം നന്നായി വരച്ചു. ഭ്രഷ്ടിനെ മറികടക്കാനായിരുന്നുവോ സാമഗ്രിയായത്? അതോ സാമഗ്രിയാവുക എന്ന സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് മരണപ്പെടുക വഴി വിലക്കേര്‍പ്പെടുത്തിയവരില്‍ നിന്നും വളരെ ഉയരത്തിലേക്ക് സ്വയേച്ഛയാല്‍ വളരാനായതാണോ? അപ്പോഴും ജീവിച്ചിരിക്കുന്നവര്‍ക്ക് വിലക്കിനെ അഭിമുഖീകരിച്ചേ പറ്റൂ.വളരെ പ്രസക്തമായ വിഷയം, ഒതുക്കത്തോടെ അവതരിപ്പിച്ചു.

Submitted by C.P.Krishnakumar (not verified) on Wed, 2014-02-26 20:42.

നന്ദി .ശ്രീ.ജൊസഫ് സെബാസ്റ്യന്‍. ഈ ചെറുകഥ ധാരാളം വായനക്കാര്‍ ആസ്വദിച്ചു എന്നതില്‍ സന്തോഷിക്കുന്നു. താങ്കളെ പോലെ ചുരുക്കം പേര്‍ മാത്രം ഈ ബ്ലോഗില്‍ തന്നെ അഭിപ്രായം എഴുതി. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ ചില എഴുത്തുകാരും ഈ കഥ ശ്രദ്ധയോടെ വായിച്ചു എന്ന് അറിയുന്നു. താങ്കള്‍ക്കു പ്രത്യേകം നന്ദി.

Submitted by C.P.Krishnakumar (not verified) on Wed, 2014-02-26 20:45.

പ്രിയപ്പെട്ട ശ്രീ.മോഹന്‍ പുത്തന്ചിറ.
അനുവാചകന്‍ ആത്മാര്‍ഥമായി എഴുതുന്ന കുറിപ്പിന് , ഒരുപാടു പുരസ്കാരങ്ങളെക്കാള്‍ വിലയുണ്ട്. താങ്കളുടെ കുറിപ്പിന് നന്ദി.
സി.പി.കൃഷ്ണകുമാര്‍

Submitted by C.P.Krishnakumar (not verified) on Wed, 2014-02-26 20:48.

Thanks Sri. Niranam Karunakaran.
Good readers are the blessing of a writer.
I feel privileged with good readers like you.

Submitted by C.P.Krishnakumar (not verified) on Wed, 2014-02-26 20:53.

നന്ദി ശ്രീ.ദേവന്‍.
കഥയുടെ ആഴങ്ങള്‍ അനുഭവിക്കാന്‍ തയ്യാറുള്ള വായനക്കാര്‍, എഴുത്തുകാരന്‍റെ മഹാ ഭാഗ്യങ്ങളില്‍ ഒന്ന്. ഞാന്‍ കൃതാര്‍ത്ഥന്‍. അനുവാചക ഹൃദയങ്ങളില്‍ ഈ കഥയ്ക്ക് സ്ഥാനം നേടാന്‍ ആയല്ലോ. സന്തോഷം. പലരും ഒരു കുറിപ്പ് എഴുതാന്‍ മാറി കാട്ടുമ്പോള്‍ അതിനു സമയം കണ്ടെത്തിയ താങ്കള്‍ക്കു നന്ദി .