തര്‍ജ്ജനി

ഡി.യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

ഡെസ്ക്കെഴുത്തുകള്‍

ഡെസ്ക്കില്‍
പേരുകള്‍ മുറിവേറ്റുകിടന്നു
ആരോ കാണാന്‍ നിലവിളിക്കുമ്പോലെ.

ക്ലാസ്സിനിടക്കെപ്പൊഴോ
പൂവ് പെണ്മേനികള്‍ ചുണ്ടുകള്‍
ഡെസ്ക്കില്‍ പൂത്തു

അസ്വസ്ഥതയുടെ ഒരേ ഇരിപ്പുകള്‍
ജീവിതത്തിനു നേരെ വച്ച കുറ്റപത്രംപോലെ.

‘ഠോ…എന്നെഴുതിയത്
ആരുടെ നെഞ്ചിലേക്കാവും?

വിറകാകും വരെ
ഇറങ്ങിപ്പോകാന്‍ കഴിയാതെ
കുത്തിത്തുളയ്ക്കട്ടുകിടന്നു,ഓരോന്നും.

നക്ഷത്രങ്ങളായ്
ചാടിക്കയറിയ മുദ്രാവാക്യങ്ങള്‍
മുഴങ്ങുന്നുണ്ട് പിന്നെയും.

സമരസപ്പെട്ടുവോ സമരങ്ങള്‍?
ആരുവിജയിച്ചിരിക്കും
കുത്തിക്കുറിച്ചിട്ട ഉത്തരങ്ങള്‍ കൊണ്ട് ?

മച്ചാന്‍ കള്ളന്‍ കാകളി
കാട്ടാളന്‍ ഇട്ടിച്ചിറ കുട്ടിമാളു
വട്ടപ്പേരിന്റെ വസന്തങ്ങള്‍
എവിടെയായിരിക്കും?

ഡെസ്ക്കിലും ചുവരിലും കൊത്തിവച്ച
വ്യാമോഹങ്ങളും പിടച്ചിലുകളും ആസക്തികളും
അതിന്റെ മരച്ച കിടപ്പുകള്‍ കുടഞ്ഞെറിഞ്ഞ്
വേനല്‍ക്കാലത്തെ ആളൊഴിഞ്ഞ ഉച്ചകളിലും മറ്റും
ആര്‍ത്തലച്ചു പ്രസ്ഥാനപ്പെടുന്നുണ്ടാവുമോ?

Subscribe Tharjani |