തര്‍ജ്ജനി

മുഖമൊഴി

ഈ ശ്രേഷ്ഠഭാഷയുടെ ലിപിചിഹ്നങ്ങള്‍

മലയാളം ഇപ്പോള്‍ ക്സാസ്സിക്കല്‍ ഭാഷാപദവി ലഭിച്ച ഭാരതീയഭാഷകളിലൊന്നാണ്. തമിഴിനും തെലുങ്കിനും കന്നടയ്ക്കും സംസ്കൃതത്തിനുമെല്ലാം ഉള്ളതുപോലെ ഭാഷയുടെ പേരില്‍ നമ്മുക്ക് ഇപ്പോള്‍ ഒരു സര്‍വ്വകലാശാലയുമുണ്ട്. ഈ രണ്ട് കാര്യങ്ങളും കേരളീയസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരുന്നപ്പോള്‍ ചിന്ത. കോം, തര്‍ജ്ജനി മാസികയുടെ രണ്ട് ലക്കങ്ങളില്‍ മുഖമൊഴികളില്‍ പ്രസ്തുതവിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ആര്‍ക്കു വേണം ക്ലാസ്സിക്കല്‍ പദവി?, മലയാളത്തിനും വേണോ ഒരു ശങ്കരസര്‍വ്വകലാശാല? എന്നിവയാണ് ആ മുഖലേഖനങ്ങള്‍. മലയാളത്തിന്റെ ലിപി പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. പലപ്പോഴും ചര്‍ച്ചയെന്നതില്‍ കവിഞ്ഞ് തര്‍ക്കത്തിന് വിഷയമായിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു തര്‍ക്കം നടക്കുകയാണ്. തര്‍ജ്ജനി മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ നേര്‍രേഖ എന്ന പംക്തിയില്‍ പ്രസ്തുതവിഷയത്തില്‍ ഒരു ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പാഠപുസ്തകങ്ങള്‍ എങ്ങനെ അച്ചടിക്കണം? എന്നതാണ് ആ ലേഖനം. പ്രസ്തുതവിഷയത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രണ്ട് ലക്കങ്ങളിലായി രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പും തര്‍ജ്ജനി മാസികയും എന്ത് പ്രസിദ്ധീകരിച്ചു, പ്രസിദ്ധീകരിക്കുന്നുവെന്നതല്ല പ്രശ്നം. മലയാളഭാഷയെ സംബന്ധിക്കുന്ന വളരെ ഗൌരവപൂര്‍ണ്ണമായ ഒരു പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നു. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും തര്‍ജ്ജനിയിലും മാത്രമല്ല, മലയാളത്തിലെ പ്രമുഖപത്രങ്ങളില്‍ പലതിലും വാര്‍ത്താരൂപേണ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഭാഷാവിഷയത്തില്‍ തല്പരരായവര്‍ അക്കാര്യത്തില്‍ എന്ത് നിലപാടാണ് എടുത്തത് എന്നതിനെക്കുറിച്ചാണ് ഈ മുഖമൊഴിയില്‍ ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.

നേരത്തെ സൂചിപ്പിച്ച രണ്ട് മുഖമൊഴികളിലും ചര്‍ച്ചാവിഷയത്തെക്കുറിച്ച് വിമര്‍ശനാത്മകവും പ്രതികൂലവുമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ക്ലാസ്സിക്കല്‍പദവിക്കുവേണ്ടി വാദിക്കുന്നത് മലയാളം ക്ലാസ്സിക്കല്‍ഭാഷയായതിനാലല്ല, മറിച്ച് ക്ലാസ്സിക്കല്‍പദവി കിട്ടിയാല്‍ കിട്ടുന്ന കാശിന് വേണ്ടിയാണെന്നും, മലയാള സര്‍വ്വകലാശാല, കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളെപ്പോലെ പാര്‍ട്ടിയാപ്പീസുകളുടെ തുടര്‍ച്ചയാവുമെന്നും ഞങ്ങള്‍ എഴുതി. ഇത് വാസ്തവം തന്നെ എന്ന് പകല്‍പോലെ വ്യക്തമായിരിക്കയാണ്. ക്ലാസ്സിക്കല്‍പദവിയെക്കുറിച്ച് വാദിച്ച്, അതിനായി സംഘടിച്ച്, സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചവരാരും ഇപ്പോള്‍ കത്തിനില്ക്കുന്ന ലിപിപ്രശ്നത്തില്‍ പ്രതികരിച്ചതായി കാണുന്നില്ല. ഒരു ഭാഷ മറ്റുള്ളവരുടെ മുന്നില്‍ ദൃശ്യമാവുക അതിന്റെ ലിപിരൂപങ്ങളിലൂടെയാണ്. ആ ലിപിരൂപങ്ങള്‍ എന്തായിരിക്കണമെന്ന് ക്ലാസ്സിക്കല്‍ഭാഷാവാദികള്‍ക്ക് അഭിപ്രായമൊന്നുമില്ലേ?

മലയാളത്തിന്റെ സമസ്തവിജ്ഞാനത്തിന്റേയും ആസ്ഥാനമാവേണ്ടതാണ് മലയാളസര്‍വ്വകലാശാല. അത് അങ്ങനെ ആവില്ലെന്ന് ഉറപ്പാണെന്നതിനാലാണ്, അത് വേറൊരു ശങ്കരസര്‍വ്വകലാശാലയായിത്തീരും എന്നതിനാലാണ് ഞങ്ങള്‍ അതിനെ എതിര്‍ത്തത്. ആ എതിര്‍പ്പ് നീതീകരിക്കത്തക്കതാണെന്ന് ഇതാ മലയാളസര്‍വ്വകലാശാലയും തെളിയിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ അവര്‍ക്ക് ഒന്നും പറയാനില്ല!!! മലയാളത്തെ കമ്പ്യൂട്ടര്‍ഭാഷയാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്ന് വീമ്പിളക്കിയ വൈസ് ചാന്‍സിലര്‍ ഇപ്പോഴും അവിടെയുണ്ട്. ഇപ്പോഴത്തെ ലിപിപ്രശ്നം കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. എന്നിട്ടും ഇക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ഗാഢമൌനം അപ്രതീക്ഷിതമായതല്ല. ലിപിപ്രശ്നം ചര്‍ച്ചയാവുന്ന ഘട്ടത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്, ക്ലാസ്സിക്കല്‍ മലയാളത്തില്‍ എം. എ കോഴ്സ് തുടങ്ങും എന്നാണ്. ഭാഷ, ക്ലാസ്സിക്കലോ ആധുനികമോ എന്തോ ആവട്ടെ, എന്തായിരുന്നാലും അതിന് ഒരു നിശ്ചിതമായ ലിപിവ്യവസ്ഥ വേണ്ടേ? എഴുത്തുവിദ്യ നിലവില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ ഭാഷയെക്കുറിച്ചാവുമോ അദ്ദേഹം സ്വപ്നപദ്ധതി തയ്യാറാക്കുന്നത്? വൈസ് ചാന്‍സിലര്‍ മുമ്പ് പ്രഖ്യാപിച്ച മലയാളത്തിലെ ചെറുകഥ, നോവല്‍, കവിത, നാടകം, നിരൂപണം എന്നിവയിലുള്ള എം. എ കോഴ്സുകള്‍ എന്തായി എന്നറിയില്ല!!! കമ്പ്യൂട്ടര്‍ഭാഷയാക്കാനായുള്ള നടപടിയും എവിടെവരെ എത്തി എന്നും അറിയില്ല. ആരോ ഉപദേശിച്ചുകൊടുക്കുന്നത് ശരിയോ തെറ്റോ എന്ന് നോക്കാതെ, അര്‍ത്ഥമറിയാതെ, വിളിച്ചുപറയുന്ന പണിക്ക് ഇപ്പോള്‍ വൈസ് ചാന്‍സിലര്‍ എന്നാണോ പേര്?

മലയാളഭാഷാ കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിഘട്ടമായിരുന്നു യൂനിക്കോഡില്‍ ചില്ല് അടിസ്ഥാനാക്ഷരമായി എന്‍കോഡ് ചെയ്യപ്പെടണം എന്ന വാദം ഉയര്‍ന്ന കാലയളവ്. അക്കാലത്ത് കേരളത്തിലെ സാംസ്കാരികനായകന്മാര്‍, സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരൊന്നും പ്രതികരിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മലയാളികള്‍ക്കിടയില്‍ കമ്പ്യൂട്ടര്‍ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. അപ്പോഴും കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നവര്‍ വളരെ കുറവ്. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ട ഒരാള്‍ സര്‍വ്വകലാശാലയില്‍ ഭാഷാശാസ്ത്രം പഠിപ്പിച്ചയാളാണ്. വന്യവനിക, കണ്വലയം എന്നിങ്ങനെയുള്ള വിചിത്രവാക്കുകളുമായി ഇറങ്ങിയ ഇദ്ദേഹം മലയാളഭാഷയെ അലങ്കോലമാക്കാനുള്ള മാസ്റ്റര്‍പ്ലാനുമായാണ് രംഗത്തിറങ്ങിയത്. പക്ഷെ ഇപ്പോള്‍ അദ്ദേഹം ഒന്നും പറയുന്നില്ല. ചില്ല് അടിസ്ഥാനാക്ഷരമായി എന്‍കോഡ് ചെയ്യപ്പെട്ടു. അതിന്റെ പ്രശ്നങ്ങള്‍ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നവരെല്ലാം അനുഭവിക്കും എന്ന് ഉറപ്പായി. അവതാരലക്ഷ്യം പൂര്‍ത്തീകരിച്ച ധന്യതയോടെ പുലര്‍ത്തുന്ന ആ ഗാഢമൌനത്തിന് നന്ദി പറയുകയല്ലാതെ എന്തു ചെയ്യാന്‍. ചില്ല് പ്രശ്നത്തില്‍ സ്വയം നേതൃത്വപരമായ പങ്ക് ഏറ്റെടുത്ത് രംഗത്തെത്തിയ വേറെയും ചിലരുണ്ട്. അവരെ ആരെയും ഇപ്പോള്‍ കാണാനില്ല. അവര്‍ക്കും തൃപ്തിയായിക്കാണും.

ക്ലാസ്സിക്കല്‍ ഭാഷയാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ എന്താണ് ലിപിപ്രശ്നത്തില്‍ മൌനം പാലിക്കുന്നത്? ലിപി എങ്ങനെയായാലും ഭാഷ ക്ലാസ്സിക്കലായാല്‍ മതി എന്നാണോ? ഭാഷ മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം എന്നതാണോ അവരുടെ നിലപാട്? ചില്ലക്ഷരത്തിന് വാദിക്കാന്‍ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അവര്‍ അവരുടെ അധികാരം ഉപയോഗിച്ചാണ് ചില്ലക്ഷരത്തെ അടിസ്ഥാനാക്ഷരമാക്കി തീരുമാനം ഉണ്ടാക്കിയെടുത്തത്. എന്നാല്‍ ക്ലാസ്സിക്കല്‍വാദികള്‍, സര്‍വ്വകാലാശാലാവാദികള്‍ എന്നിവര്‍ അങ്ങനെയല്ല. അവര്‍ അഖിലകേരളാടിസ്ഥാനത്തില്‍ സമ്മേളനം നടത്തിയും സമരം നടത്തിയും സംഘടന കെട്ടിപ്പടുത്തും ബഹുജനങ്ങളെ സംഘടിപ്പിച്ചവരാണ്. അവര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലേ? അവരുടെ സംഘടനയുടെ ഒരു ഘടകത്തിനും ഇതില്‍ ഒന്നും പറയാനില്ലേ? നമ്മുക്ക് കിട്ടാനുള്ളതെന്തോ, അത് കിട്ടട്ടെ എന്നാണോ അവരുടെയെല്ലാം നിലപാട്?

ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം പാഠപുസ്തകം അച്ചടിയുമായി ബന്ധപ്പെട്ടതാണ്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച കാര്യം അതില്‍ ഒരംഗമായ, സി.പി.എം അനുഭാവിയായ അദ്ധ്യാപകസംഘടനാനേതാവ് ചില വിപ്രതിപത്തികള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണത്രെ വേണ്ടെന്ന് വെച്ചത്. അത്ഭുതമായിരിക്കുന്നു. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ച ശരിയായ ഒരു കാര്യം ഒരേയൊരാളുടെ അഭിപ്രായം കേട്ട് പിന്‍വലിക്കുകയോ? അസാധാരണമായ ഈ നടപടിക്ക് എന്താണ് കാരണം? മനസ്സിലാക്കാന്‍ പ്രയാസമാണ്. പക്ഷെ ഊഹിക്കാന്‍ എളുപ്പമാണ്. അത് ഇതാണ്. മലയാളത്തിന്റെ ലിപി ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ തനതുലിപിയിലേക്ക് മാറിയാല്‍ നമ്മുക്കെന്താ ലാഭം? ലാഭം എന്ന് ചോദിച്ചാല്‍, കൃത്യമായി പറയാം, നമ്മുക്കെന്ത് കിട്ടും? സ്വതന്ത്രസോഫ്റ്റ് വേറില്‍ ചെയ്തിട്ട് നമ്മുക്കെന്ത് കിട്ടാനാണ്. അഡോബ് ലബോറട്ടറീസ് ഉണ്ടാക്കി വില്ക്കുന്ന സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് പണിയെങ്കില്‍ അവരില്‍നിന്ന് വല്ലതും കിട്ടിയേക്കാം. കിട്ടാനുള്ളത് വേണ്ടെന്ന് വെച്ചിട്ട് മലയാളത്തെ നന്നാക്കിയിട്ട് നമ്മുക്കെന്തിനാ? നല്ല ചോദ്യം തന്നെ. പക്ഷെ ആരും അത് നേരെ, പരസ്യമായി ചോദിക്കില്ലെന്ന് മാത്രം.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2014-01-12 06:09.

കരിക്കുലം കമ്മിറ്റി അംഗീകരിച്ച കാര്യം അതില്‍ ഒരംഗമായ, സി.പി.എം അനുഭാവിയായ അദ്ധ്യാപകസംഘടനാനേതാവ് ചില വിപ്രതിപത്തികള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണത്രെ വേണ്ടെന്ന് വെച്ചത്. അത്ഭുതമായിരിക്കുന്നു. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിച്ച ശരിയായ ഒരു കാര്യം ഒരേയൊരാളുടെ അഭിപ്രായം കേട്ട് പിന്‍വലിക്കുകയോ? അസാധാരണമായ ഈ നടപടിക്ക് എന്താണ് കാരണം? മനസ്സിലാക്കാന്‍ പ്രയാസമാണ്. പക്ഷെ ഊഹിക്കാന്‍ എളുപ്പമാണ്. അത് ഇതാണ്. മലയാളത്തിന്റെ ലിപി ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ തനതുലിപിയിലേക്ക് മാറിയാല്‍ നമ്മുക്കെന്താ ലാഭം? ലാഭം എന്ന് ചോദിച്ചാല്‍, കൃത്യമായി പറയാം, നമ്മുക്കെന്ത് കിട്ടും? സ്വതന്ത്രസോഫ്റ്റ് വേറില്‍ ചെയ്തിട്ട് നമ്മുക്കെന്ത് കിട്ടാനാണ്. അഡോബ് ലബോറട്ടറീസ് ഉണ്ടാക്കി വില്ക്കുന്ന സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് പണിയെങ്കില്‍ അവരില്‍നിന്ന് വല്ലതും കിട്ടിയേക്കാം. കിട്ടാനുള്ളത് വേണ്ടെന്ന് വെച്ചിട്ട് മലയാളത്തെ നന്നാക്കിയിട്ട് നമ്മുക്കെന്തിനാ? നല്ല ചോദ്യം തന്നെ. പക്ഷെ ആരും അത് നേരെ, പരസ്യമായി ചോദിക്കില്ലെന്ന് മാത്രം.

Right said..