തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

കടലില്‍

കടലിലേക്കിറങ്ങുംമ്പോള്‍
കൈയും കാലും ഊരിവെക്കണം
തിരകള്‍ക്കുമേലെ ഊയലാടാന്‍
കടലാഴത്തിലേക്ക് ഊളിയിടാന്‍.

കടല്‍ കാടാണ്, മഹാവനമാണ്
അവിടെ കാണാം
കടലാന, കടലാമ, കടല്‍ക്കുതിര,
കടല്‍പ്പന്നി
പവിഴപ്പുറ്റുകള്‍, പാറക്കൂട്ടങ്ങള്‍.

നമുക്ക് രാത്രിയാകുമ്പോള്‍
കടലില്‍ പകലായിരിക്കും
കാരണം;സൂര്യന്‍ കടലിലേക്കാണല്ലോ
താഴ്ന്നുപോകുന്നത്.

കടലിലേക്കിറങ്ങുമ്പോള്‍ ശിരസ്സിലൊരു -
കവചം വേണം
ശിരസ്സിടിച്ച് ചിന്തകള്‍ ചിതറാതിരിക്കാന്‍
ചിന്തകള്‍ ചിതറിപ്പോയവരാണ്
ജലകന്യകളായി മാറിയവര്‍.
ചിന്തകള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക്
തിരിച്ചുവരേണ്ട ആവശ്യവുമില്ല.

മത-ജാതികളെക്കുറിച്ചു പഠിക്കേണ്ടവരാണ്
കടലിലേക്ക് പോകേണ്ടത്
അവിടെ കാണാം
'ജാതി ബേദം മത ദ്വേഷ'മില്ലാതെ
ബോധത്തിന്റെ വേരുകള്‍ ഒന്നോടോന്നായ് -
ച്ചേര്‍ന്നു
കൂടിച്ചേര്‍ന്ന് വളരുന്നത്‌.

Subscribe Tharjani |