തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

അനന്തരം അവൾ...

കുന്നിടിച്ചു പണിത വീടായിരുന്നു
അവളുടേത്.

ശീമക്കൊന്നത്തണ്ടുകൾ കൊണ്ടാണപ്പൻ
വേലി പണിതത്.
നൂണുകടന്ന്
മൈലാഞ്ചി മുള്ളുകൾക്കിടയിലെ
ചോന്നാടികളിലേയ്ക്കു പോകാൻ കൂട്ടുവന്നത്
അവൾ പിറക്കുംമുമ്പെ
കുടിയേറിവന്ന കുഞ്ഞോനായിരുന്നു.

വെറ്റില മണമുള്ളവൻ!
അവന്റപ്പൻ
വെറ്റിലക്കൊടിയാണു നട്ടുനനച്ചത്.
ഒന്നുമേ നടാതെ നനയ്ക്കാതെ
പൂത്തതും കായ്ച്ചതും അവൾ മാത്രമായിരുന്നു.

‘ഇല്ലികൾ പൂത്താൽ മരിച്ചുപോകും‘,
‘കല്ലെരട്ടിക്കുന്നിൽ പെറ്റുപെരുകുന്ന കല്ലുകൾ
മരണപ്പെട്ടോര്ടെ ആത്മാക്കളാണ്‘,
‘ഗോപ്യേട്ടന്റെ ചായക്കടയിലെ പിന്നാമ്പുറ വൈകുന്നേരങ്ങൾക്ക്
മൌനിയെ വായാടിയും വായാടിയെ മൌനിയുമാക്കുന്ന
അത്ഭുതപാനീയത്തിന്റെ ഗന്ധമുണ്ട്‘,
‘അച്ഛനുമമ്മയും ഉമ്മവച്ചുമ്മവച്ചാണ്
അവളുണ്ടായത്‘,
‘കുന്നിന്റെ പച്ച തീണ്ടിയാൽ
ആയിരം ചക്രങ്ങളുള്ള ചൂളം വിളിയ്ക്കുന്ന പുകവണ്ടികളുണ്ട്‘..

നാട്ടറിവുകളുടെ തമ്പുരാനെ കണ്ട്
കണ്ണിൽ കൌതുകം കോരിനിറച്ചു അവൾ.
കുന്നിനപ്പുറത്തെ കാണാക്കുന്നുകളിൽ
കന്മദം പൂക്കുന്ന കരിമ്പാറകളുണ്ടെന്നറിഞ്ഞതും
മറ്റെങ്ങനെയാണ്…?!!

…..

Subscribe Tharjani |