തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

ആം ആദ്മിയും കേരളീയരും

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദില്ലിയില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അവര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റിരിക്കുന്നു. പരസഹസ്രം ജനങ്ങള്‍ തിങ്ങിനിറഞ്ഞ രാം ലീല മൈതാനത്തില്‍, ദില്ലി മെട്രോവിന്റെ വണ്ടികളില്‍ ജനങ്ങളോടൊപ്പം സഞ്ചരിച്ച് വന്നെത്തിയ ഈ ജനപ്രതിനിധികള്‍ മുമ്പൊരിക്കലും നാം കണ്ടിട്ടില്ലാത്ത മാതൃകകള്‍ കാണിക്കുകയാണ്. അവര്‍ എന്നും മെട്രോവില്‍ത്തന്നെ സഞ്ചരിക്കും എന്ന് കരുതാനാവില്ല. എന്നിരുന്നാലും, ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച വാഹനങ്ങളും ബംഗ്ലാവുകളും ഉപേക്ഷിച്ച് സ്വന്തം പാര്‍പ്പിടത്തില്‍ത്തന്നെ മറ്റ് ജനങ്ങളോടൊപ്പം കഴിയുവാന്‍ അവര്‍ നിശ്ചയിച്ചിരിക്കുന്നു! ജനപ്രതിനിധികള്‍ എന്ന പേരില്‍ ജനങ്ങളുടെ യജമാനന്മാരായി പെരുമാറുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇതെല്ലാം വലിയ പൊല്ലാപ്പുകള്‍ സൃഷ്ടിക്കും.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതുതന്നെ വല്ലവിധത്തിലും അധികാരത്തില്‍ കേറാനാണ്. അധികാരത്തില്‍ കേറുന്നതോ, അതിന്റെ മറവില്‍ തട്ടിപ്പും തരികിടയും നടത്തി പണം സമ്പാദിക്കാനാണ്. അങ്ങനെയുള്ള പ്രവര്‍ത്തനത്തില്‍ ധാരാളംപേര്‍ തിക്കിത്തിരക്കി നടക്കുന്നതിനാല്‍ സ്വന്തം പാര്‍ട്ടിക്കാരെത്തന്നെ കുതികാല്‍ വെട്ടിയും പാരവെച്ചും പരാജയപ്പെടുത്തിവേണം അധികാരസ്ഥാനങ്ങളിലെത്താന്‍. വല്ല സര്‍ക്കാര്‍ജോലിയോ, സ്വകാര്യസ്ഥാപനത്തിലെ ജോലിയോ സ്വന്തം ബിസിനസ്സോ നടത്തുന്നതിനെക്കാള്‍ പ്രയാസകരമാണ് അധികാരസ്ഥാനത്ത് എത്തിച്ചേരുകയെന്നത്. കാല്‍ നൂറ്റാണ്ട് കാലം മുമ്പ്, കൊച്ചു പയ്യനായിരിക്കുമ്പോ ലീഡര്‍ കെ. കരുണാകരന്‍ സ്വന്തം മന്ത്രിസഭയില്‍ അംഗമാക്കിയ രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ മന്ത്രസഭയില്‍ അംഗമാവാന്‍ ഇക്കഴിഞ്ഞ കുറേനാളായി എന്തെല്ലാം കഷ്ടപ്പാടുകളും നാണക്കേടുകളും സഹിക്കേണ്ടി വന്നു!!! ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നു? ആരാണ് രമേശ് ചെന്നിത്തല മന്ത്രിയാവുന്നത് തടഞ്ഞത്? അത് നമ്മള്‍ പൊതുജനമല്ലല്ലോ. പ്രതിപക്ഷവുമല്ല. ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ പരസ്യമായി പറഞ്ഞിട്ടും നടന്നില്ല. ഇത്രത്തോളം പ്രയാസപ്പെട്ട് മന്ത്രിയാവുന്നത് എന്തിനാണ്? പൊതുജനസേവനം എന്നാണ് പണ്ടത്തെ പറച്ചില്‍. ഇപ്പോള്‍ അത് കേട്ട് വിശ്വസിക്കുന്നവരെ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍പോലും കണ്ടുകിട്ടില്ല.

എങ്ങനെയെങ്കിലും മന്ത്രിയാവാന്‍ കേരളത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇടമലയാര്‍ കേസില്‍ ജയില്‍വാസം അനുഷ്ഠിച്ച്, ഏതോ കഠിനരോഗങ്ങളുടെ പേര് പറഞ്ഞ് ശിക്ഷയില്‍ ഇളവുനേടി പുറത്തുവന്ന അദ്ദേഹം സമ്പൂര്‍ണ്ണ ആരോഗ്യവാനായി മന്ത്രിയാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി മകനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന് പറഞ്ഞു കോലാഹലം ഉണ്ടാക്കി. പെരുന്നയിലെ നായര്‍ സംഘടനയുടെ പിന്തുണ കാണിച്ച് ശ്രമിച്ചുനോക്കി. ഒടുവില്‍ ഗണേശന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ വീണ്ടും മന്ത്രിയാക്കണമെന്നായി പിള്ള. പറഞ്ഞേടത്ത് നില്ക്കാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ല എന്ന കടുത്തവാക്കും പറഞ്ഞ് നില്പാണ് അദ്ദേഹം. ഇതേ പറച്ചില്‍ ഇതിലും സ്റ്റൈലായി പറഞ്ഞ രമേശ് ചെന്നിത്തല മന്ത്രിയായ നിലയ്ക്ക് അവസരം കിട്ടിയാല്‍ മന്ത്രിയാവുന്നതിന് പറഞ്ഞുപോയ വാക്ക് തടസ്സമല്ല. വല്ല വിധേനയും മന്ത്രിയാവുകയാണ് കാര്യം.

ഇങ്ങനെ രാഷ്ട്രീയം കളിക്കുന്നതിനിടയിലാണ് ആം ആദ്മി ദില്ലിയില്‍ ഭരണത്തില്‍ കേറുന്നത്. അവര്‍ പുതിയ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത്. ആം ആദ്മിയെ അനുകരിച്ച് ഫണ്ട് പിരിവ് സുതാര്യമാക്കാന്‍ ബി.ജെ.പി പുറപ്പെട്ടു കഴിഞ്ഞു. പിരിച്ചതിന്റെ കണക്കുമാത്രം പോര, ചെലവാക്കിയതിന്റെ കണക്കുംകൂടി വേണം എന്നുപറഞ്ഞാല്‍ ചുറ്റിപ്പോവും. ആകെ പിരിച്ചത് ഇത്രയാണ്, അതിന്റെ കണക്ക് ഇങ്ങനെയാണെന്നെല്ലാം കാണിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിന്റെ ചെലവ് എങ്ങനെ നിര്‍വ്വഹിച്ചുവെന്ന് പറയേണ്ടിവന്നാല്‍ വിഷമമാണ്. ജില്ലാതലത്തില്‍ നടത്തുന്ന ഒരു ചെറുകിടസമരത്തിന്റെ ഉദാഹരണം നോക്കുക: സമരപ്രചരണത്തിന്റെ ഭാഗമായി വെക്കുന്ന പരസ്യബോര്‍ഡുകളുടെ എണ്ണം, ആകെ വെച്ച ബോര്‍ഡുകളുടെ എണ്ണം, ഒരെണ്ണം വെക്കാനുള്ള ചെലവ്.... അങ്ങനെ ബോര്‍ഡുകള്‍ വെച്ചതിന്റെ ആകെ ചെലവ്... വാഹനത്തില്‍ മൈക്ക് കെട്ടി പ്രചരണം നടത്തിയതിന്റെ ചെലവ്... ഒരു വാഹനത്തിന് ഒരു ദിവസത്തെ വാടക.. മൈക്ക് വാടക.. അതു പ്രവര്‍ത്തിപ്പിക്കുന്നവന് നല്കേണ്ട ബത്ത.. അങ്ങനെ മൊത്തം വാഹനങ്ങളുടെ ചെലവ്... കണക്കുകള്‍ ഇങ്ങനെ പറയേണ്ടിവന്നാല്‍ പ്രശ്നമാണ്. സെക്രട്ടറിയേറ്റ് ഉപരോധസമരം നടത്തിയിട്ട് സിപിഎമ്മിന് സാമ്പത്തികനേട്ടം ഉണ്ടാക്കാനായി എന്ന് ചിലര്‍ ആരോപിക്കുകയുണ്ടായല്ലോ. ഒരാഴ്ച സമരം നടത്താന്‍ കാശു പിരിച്ച് രണ്ടുദിവസത്തെ സമരം നടത്തിയാല്‍ അഞ്ചുദിവസത്തെ ചെലവിന് പിരിച്ച കാശ് പെട്ടിയില്‍ കിടക്കും. സമരം രാണ്ടുദിവസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞ് ബാക്കി പണം പിരിവ് നല്കിയവര്‍ക്ക് തിരിച്ചുകൊടുക്കുന്ന പതിവില്ലല്ലോ. നൂറ്റിനാല്പത് ദിവസത്തെ സമരം ഇങ്ങനെ കാല്‍ഭാഗം പോലും ആവാതെ നിറുത്തിയാല്‍ അതിലൂടെ ഉണ്ടാവുന്ന സാമ്പത്തികനേട്ടം എത്രയായിരിക്കും!!!

അങ്ങനെ നമ്മുടെ രാഷ്ട്രീയവും ഭരണ-പ്രതിപക്ഷങ്ങളും അഴിമതിയുടെ മഹോത്സവങ്ങള്‍ ആഘോഷിക്കുകയും ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഗീര്‍വാണം വീശുകയും ചെയ്യുമ്പോള്‍ ഗതികെട്ട പൊതുജനം പലപ്പോഴും ഇതിനെതിരെ സഞ്ചരിക്കുന്നവര്‍ എന്ന് കരുതുന്നവരെ സ്വന്തമെന്ന് കരുതി പിന്തുണയ്ക്കാറുണ്ട്. മുന്നാറിലെ അനധികൃതകുടിയേറ്റവും വ്യാജപട്ടയവും നിയമംലംഘിച്ചുള്ള നിര്‍മ്മാണവും തടയാന്‍ സുരേഷ് കുമാര്‍, രാജു നാരായണസ്വാമി എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരേയും ഋഷിരാജ് സിംഗ് എന്ന ഐ.പി.എസ് കാരനേയും മുഖ്യമന്ത്രിപദത്തിലിരുന്ന വി.എസ്.അച്യുതാനന്ദന്‍ നിയോഗിച്ചപ്പോള്‍ മലയാളി സമൂഹം സാമാന്യേന അവരോടൊപ്പം നിന്നു. സി.പി.എമ്മിന്റെയും സി.പി.ഐയുടേയും നിയമലംഘനങ്ങള്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിനെതിരെ പാര്‍ട്ടിക്കാര്‍ അരിശം പ്രകടിപ്പിക്കുമ്പോള്‍ അന്ധമായ പാര്‍ട്ടിവിധേയത്വമില്ലാത്തവരെല്ലാം മനസ്സുകൊണ്ട് മൂവര്‍സംഘത്തോടൊപ്പമായിരുന്നു. നഗ്നമായ നിയമലംഘനത്തെ ഒളിവില്‍ പിന്തുണച്ച് നിന്നവര്‍ക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നു!!! അവരോടൊപ്പം നില്ക്കാന്‍ നിയമലംഘനം ജീവിതരീതിയും മാര്‍ഗ്ഗവും ആക്കാത്ത സാധാരണക്കാരന് എന്ത് ബാദ്ധ്യതയാണുള്ളത്? ഇപ്പോള്‍ കേരളത്തില്‍ ഋഷിരാജ് സിംഗ് ട്രാഫിക് നിയമലംഘനത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍.ടി.ഒ ഓഫീസുകള്‍ കേരളത്തില്‍ കൈക്കൂലിയുടെ മൊത്തവ്യാപാരകേന്ദ്രമാണ് എന്ന് അറിയാത്തവര്‍ ആരുമില്ല. എന്തിനും ഏതിനും അവിടെ കൈക്കൂലികൊടുക്കണമെന്നാണ് കേള്‍വി. അതിന്റെ ഫലം പൊതുനിരത്തില്‍ കാണും. പൊതുനിരത്ത് നിയമലംഘനത്തിന്റെ വേദിയാവും, കൊലക്കളമാവും. അതിനെതിരെയാണ് ഋഷിരാജ് സിംഗ് വരുന്നത്. നമ്മുടെ റോഡില്‍ അനുവദനീയമായ വേഗതയെക്കാള്‍ വേഗത്തില്‍ പറക്കുന്ന മന്ത്രിവാഹനങ്ങളെ നിയമം അനുസരിക്കണമെന്ന് പറഞ്ഞ് അദ്ദേഹം നിലയ്ക്കുനിറുത്തുമോ? പ്രശ്നം പുതിയ നിയമം ഉണ്ടാക്കുന്നതിന്റേതല്ല. എത്രയോ കാലമായി നിലവിലുള്ള നിയമം പാലിക്കാത്തതും നിയമലംഘനം കണ്ടില്ലെന്ന് വെക്കലുമാണ്.

ടി. എന്‍. ശേഷന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് നാം അറിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും ശക്തിയുള്ള അധികാരമാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറുടേത് എന്ന് നാം മനസ്സിലാക്കി. എല്ലാ പദവികളും ശക്തിയുള്ള അധികാരങ്ങളുമായാണ് ഉണ്ടാവുന്നത്. അവിടെ ഇരിക്കുന്ന ദുര്‍ബ്ബലര്‍ സ്വന്തം ദൌര്‍ബ്ബല്യം കാശുണ്ടാക്കാനും യജമാനപ്രീതിക്കും വേണ്ടി ഉപയോഗിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ആം ആദ്മി പാര്‍ട്ടി വിജയിക്കുന്നത് ഇവിടെയാണ്, മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ നിയമലംഘനത്തിന്റെ ആനുകൂല്യത്തിനുമേല്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള നിയമം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷത്തോടൊപ്പം ആം ആദ്മി പാര്‍ട്ടിക്കാര്‍ നില്ക്കുന്നു. ജനലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നും അഴിമതിക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശക്തമായ സംവിധാനം വേണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന് സ്വരവും രൂപവും നല്കുകയാണ് കെജ്രിവാളും കൂട്ടുകാരും. അവര്‍ മറ്റ് പാര്‍ട്ടിക്കാരുടെ വഴിയെയാണ് പോകുന്നതെങ്കില്‍ ലോകര്‍ വേറെ വഴിയില്‍ പോകും.

ആദര്‍ശം പ്രസംഗിക്കുകയും തന്‍കാര്യം വരുമ്പോള്‍ പ്രസംഗിച്ച ആദര്‍ശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ മടിക്കാതിരിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. മാത്രമല്ല, അധികാരമുള്ളവനെയും നാളെ അധികാരം കിട്ടിയേക്കുമെന്ന് കരുതുന്നവനേയും സേവിക്കുകയെന്നതാണ് മലയാളിയുടെ രാഷ്ട്രീയം. പ്രത്യയശാസ്ത്രവും ആദര്‍ശവും പ്രസംഗിക്കാനുള്ളതാണ്, പ്രയോഗിക്കാനുള്ളത് തന്‍കാര്യത്തിന്റെ കൌശലമാണ്. അത് പലതവണ നാം കണ്ടതാണ്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പൌരസ്വാതന്ത്ര്യം നിരോധിച്ച് അമിതാധികാരശക്തിയായി മാറിയപ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവരെ അമ്പേ പരാജയപ്പെടുത്തി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ജനങ്ങള്‍ കാണിച്ചപ്പോള്‍ മലയാളികള്‍ യാതൊരു ഉളുപ്പുമില്ലാതെ അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. വലിയ വര്‍ത്തമാനം പറയുന്നതില്‍ എന്നിട്ടും അശേഷം ലജ്ജ മലയാളികള്‍ക്ക് തോന്നിയില്ല. ഇപ്പോള്‍ ആം ആദ്മി ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ കേരളീയര്‍ എന്തുചെയ്യുന്നുവെന്ന് നമ്മുക്ക് നിരീക്ഷിക്കാം.

Subscribe Tharjani |
Submitted by Anonymous (not verified) on Sat, 2014-01-11 09:46.

സാറ ജോസഫും മറ്റും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നാണ് പത്രങ്ങളില്‍ കാണുന്നത്. പ്രശസ്തരുടെ വരവും പോക്കും വാര്‍ത്തയാവുമെന്ന് മനസ്സിലാക്കാം. എന്നാല്‍ പ്രശസ്തര്‍ക്ക് പ്രാമുഖ്യം നല്കുന്ന രീതിയിലായാല്‍ ആം ആദ്മി, സാധാരണക്കാരന്‍, പുറത്തായിപ്പോവും. പ്രാദേശികമായ പ്രശ്നങ്ങള്‍ കണ്ടെത്തുകയും അതില്‍ കൈക്കൊള്ളുന്ന നിലപാട് പരിശോധിച്ചും വേണം ആം ആദ്മി അംഗങ്ങളെ ചേര്‍ക്കേണ്ടത്. നിലപാടുകളില്ലാത്തവരെയും തെറ്റായ നിലപാടുള്ളവരേയും അകറ്റിനിറുത്തണം. അല്ലെങ്കില്‍ ജയിക്കുന്ന പാര്‍ട്ടിയോടൊപ്പം നില്ക്കുന്ന മനസ്സുള്ളവരുടെ താവളമായി, ആനുകൂല്യം നേടല്‍-കൊടുക്കല്‍ രാഷ്ട്രീയത്തിലേക്ക് ആം ആദ്മിക്ക് അധികനേരം കാത്തിരിക്കേണ്ടിവരില്ല.