തര്‍ജ്ജനി

നോട്ടീസ് ബോര്‍ഡ്

യൂനിക്കോഡ് മലയാളപ്രസാധനത്തിന്റെ പത്തു് വര്‍ഷങ്ങള്‍


തര്‍ജ്ജനി മാസികയുടെ ആദ്യലക്കത്തിന്റെ കവര്‍

2014 ജനവരിമാസത്തെ തര്‍ജ്ജനി ഓണ്‍ലൈനാവുന്നതോടെ ഡിജിറ്റല്‍ മലയാളം പ്രസാധനത്തില്‍, യൂനിക്കോഡ് എന്‍കോഡിംഗിലുള്ള പ്രസാധനത്തിന് പത്തുവയസ്സ് തികയുന്നു. ഇത് ചിന്ത ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെയും തര്‍ജ്ജനി മാസികയുടെയും പ്രസാധനത്തിന്റെ പത്താം വര്‍ഷത്തിലേക്കുള്ള പ്രവേശനമാണ്. ഇതൊരു ധന്യമുഹൂര്‍ത്തമായി ചിന്ത.കോം ടീം കണക്കാക്കുന്നു. ചിന്ത.കോം പോര്‍ട്ടലിലും തര്‍ജ്ജനി മാസികയിലും താല്പര്യം പ്രകടിപ്പിക്കുകയും അതില്‍ എഴുതുകയും അതിന്റെ വായനക്കാരും പ്രചാരകരുമാവാന്‍ സ്വയം സന്നദ്ധരാവുകയും ചെയ്ത സഹൃദയസുഹൃത്തുക്കളാണ് ഈ ചരിത്രനേട്ടം കൈവരിക്കുവാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നത്.

ആസ്കി എന്‍കോഡിംഗില്‍ പ്രസിദ്ധീകരിക്കുന്ന വെബ്ബ് പേജുകള്‍ കാണാന്‍ ഓരോ സൈറ്റും തയ്യാറാക്കാനായി ഉപയോഗിച്ച ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ചുന്ന ഒരു കാലം വിദൂരഭൂതകാലത്തിലേതല്ല. ബ്ലോഗ് പോലെയുള്ള നവമാദ്ധ്യമങ്ങള്‍ പാശ്ചാത്യലോകത്ത് രൂപപ്പെടുന്ന കാലത്ത് നാം ആസ്കി എന്‍കോഡിംഗില്‍ പിച്ചവെച്ച് നടക്കുകയായിരുന്നു. അച്ചടിക്കുവേണ്ടിയായിരുന്നു അക്കാലത്ത് മുഖ്യമായും കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചിരുന്നത്. പത്രങ്ങളും വലിയ പുസ്തകപ്രസാധകരുമായിരുന്നു ഈ രംഗത്ത് ഉണ്ടായിരുന്നത്. ഓഫ് സെറ്റ് അച്ചടി വ്യാപകമായതോടെ കേരളത്തില്‍ വളരാന്‍ തുടങ്ങിയ ഡി.ടി.പി സെന്ററുകളായിരുന്നു മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിത്തിരുന്ന ആസ്കികാലഘട്ടത്തിലെ ഏറ്റവും വിയ സമൂഹം. പക്ഷെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്ലോഗ് എഴുതുവാനോ വിക്കിപീഡിയ എഡിറ്റ് ചെയ്യാനോ സാദ്ധ്യമാകുമായിരുന്നില്ല. കാരണം ബ്ലോഗ് സേവനദാതാക്കളാരും ആസ്കി എന്‍കോഡിംഗിലുള്ള ഫോണ്ടിന് പിന്തുണ നല്കിയിരുന്നില്ല. അക്കാലത്തുതന്നെയാണ്, അതും ആസ്കി ഫോണ്ടിലാണ് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് പിറന്നുവീണതെന്നതും കൌതുകകരാമായ കാര്യമാണ്. അക്കാലത്ത് വിദേഷത്ത് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന എം.കെ. പോള്‍ ജാലകം എന്ന ബ്ലോഗ് ആസ്കി എന്‍കോജിംഗിലുള്ള കേരളൈറ്റ് എന്ന ഫോണ്ട് ഉപയോഗിച്ച് രൂപപ്പെടുത്തി, ഫ്രീഷെല്‍ ഡോട്ട് ഓര്‍ഗ് എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇക്കാലത്താണ് യൂനിക്കോഡ് കണ്‍സോര്‍ഷ്യം മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള പിന്തുണ നല്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഫോണ്ട് ആശ്രിതമായ ആസ്കി എന്‍കോഡിംഗിലൂടെയല്ലാതെ മലയാളം ടൈപ്പ് ചെയ്യാനും വായിക്കുവാനും ബ്ലോഗ് ചെയ്യുവാനും വിക്കിപീഡിയ എഡിറ്റ് ചെയ്യാനുമുള്ള അവസരമാണ് അതോടെ തുറന്നുവന്നത്. ഈ സാഹചര്യത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുള്ള ആഗ്രഹമാണ് ചിന്ത ഡോട്ട് കോം എന്ന പോര്‍ട്ടല്‍ ആരംഭിക്കുന്നതിന് പിന്നില്‍ ഉണ്ടായിരുന്നത്. കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും നമ്മുടെ സാഹിത്യത്തെക്കുറിച്ചും വെബ്ബില്‍ നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുകയെന്നതായിരുന്നു ചിന്ത ഡോട്ട് കോമിന്റെ ഉദ്ദേശ്യം.

ചിന്ത ഡോട്ട് കോമിന്റെ ഹോം പേജില്‍ കാണുന്ന ലിങ്കുകള്‍ മലയാളത്തിന്റെ വെബ്ബ് സാന്നിദ്ധ്യത്തെക്കുറിച്ച് ചിന്ത ഡോട്ട് കോം പുലര്‍ത്തുന്ന സങ്കല്പങ്ങളാണ് സൂചിപ്പിക്കുന്നത്. തികച്ചും സന്നദ്ധപ്രവര്‍ത്തനമെന്ന നിലയില്‍ ഒരു സംഘം സുഹൃത്തുക്കള്‍ നടത്തുന്ന പ്രവര്‍ത്തനമാണത്. ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ സമഗ്രമായ വിവരശേഖരം കേരളത്തെക്കുറിച്ചോ മലയാളസാഹിത്യത്തെക്കുറിച്ചോ സൃഷ്ടിച്ചെടുക്കുവാന്‍ സാധിച്ചുവെന്ന് ഞങ്ങള്‍ നടിക്കുന്നില്ല. സമഗ്രവും ആധികാരികവുമായ വെബ്ബ് ഉള്ളടക്കം കേരളത്തെക്കുറിച്ചും മലയാളത്തെക്കുരിച്ചും സൃഷ്ടിക്കുകയെന്നത് ഇപ്പോഴും ഞങ്ങളുടെ ആഗ്രഹമായി തുടരുന്നത്, ഇക്കാലയളവിനിടയില്‍ പ്രസ്തുതദൌത്യം ഏറ്റെടുക്കുവാന്‍ തയ്യാറായി ആരും രംഗത്തുവന്നില്ലെന്നതിനാലാണ്.

തര്‍ജ്ജനി മാസികയും ചിന്ത ബ്ലോഗ് അഗ്രിഗേറ്ററും അത് ആരംഭിച്ച കാലത്തെ അതേ അനുപാതത്തിലുള്ള ജനപ്രിയതയോടെ തുടരുന്നുവെന്നത് ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യം നല്കുന്നു. ഞങ്ങളുടേത് ഒരു ചെറിയ കൂട്ടായ്മയാണ്. സ്വതന്ത്രവും ഭാവനാപൂര്‍ണ്ണവുമായ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ കൂട്ടായ്മയുടെ ഭാഗമാവാം. സാങ്കേതികവിദ്യയുടെ കാര്യത്തിലും പ്രസാധനരീതിയിലും ഞങ്ങള്‍ പുലര്‍ത്തുന്ന വ്യത്യസ്തതയാണ് ഇടമുറിയാതെ, ഒരു ലക്കം പോലും മുടങ്ങാതെ തര്‍ജ്ജനി മാസിക പ്രസിദ്ധീകരിക്കാനും ബ്ലോഗ് അഗ്രിഗേറ്റര്‍ നിലനിറുത്തുവാനും ചിന്ത ഡോട്ട് കോമിനെ നിരന്തരം വിപുലീകരിക്കുവാനും സഹായിച്ചത്. അതോടൊപ്പം മലയാളത്തെ നിരുപാധികമായി സ്നേഹിക്കുന്ന സഹൃദയസുഹൃത്തുക്കളുടെ പിന്തുണയും.

ഏവര്‍ക്കും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.

ടീം ചിന്ത ഡോട്ട് കോം.

ആര്‍. പി. ശിവകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്, കുമാര്‍ മുരുകന്‍, ഹരി പി. ജി, രജനീഷ്, കെ. പി. ഗിരിജ, മഹേഷ് മംഗലാട്ട്, കെ. ആര്‍. വിനയന്‍, സുനില്‍ ചിലമ്പശ്ശേരില്‍, എം. കെ. പോള്‍, അനസ്, ബെന്നി, കലേഷ്, ശ്രീകല, ഉല്ലാസ്, ബാബു ശങ്കര്‍.

തര്‍ജ്ജനിയുടെ പഴയ ലക്കങ്ങള്‍ വായിക്കാന്‍: തര്‍ജ്ജനി മാസിക

Subscribe Tharjani |
Submitted by -സു- (not verified) on Thu, 2014-01-09 10:45.

മധുരിക്കുന്ന ഓര്‍മ്മകള്‍...

ഒരു ടീമായി പണിയെടുത്ത കാലം. എല്ലാം സ്കാന്‍ ചെയ്ത് അയക്കും എല്ലാവര്‍ക്കും. എന്നിട്ട് ഓരോരുത്തര്‍ ഓരോന്ന് എടുത്ത് ടൈപ്പ് ചെയ്ത് തുടങ്ങും.. പിന്നെ പ്രൂഫ് റീഡിങ്ങ്..

ഏറ്റവും വിഷമം ആര്‍ട്ടിക്കിള്‍ കളക്ഷന്‍ തന്നെ.

ടീമിലെ ആരും പര്‍സ്പരം കണ്ടിട്ടുപോലും ഇല്ലായിരുന്നു.

ഇടയില്‍ എവിടേയോ എങ്ങനേയോ വഴി വേറെ ആയി.

പത്ത് കൊല്ലമായി!

ഇടയില്‍ വയനാട്ടിലെ 'കനവ്'ല്‍ ഒരു കൂടിച്ചേരല്‍..

അഭിവാദ്യങ്ങള്‍...

Submitted by viswaprabha (not verified) on Thu, 2014-01-09 11:43.

കടിഞ്ഞൂൽ‌പ്പൊട്ടനായി ജനിക്കുകയും ജീവിക്കുകയുമെന്നതു് ഒരേ സമയം ഭാഗ്യവും നിർഭാഗ്യവുമാണു്. അനുഗമിക്കാൻ മുൻപിൽ മാതൃകകളില്ലാത്ത വനഭൂമികളിലൂടെ അവനാണു് ആദ്യം ഒറ്റയടിപ്പാതകളെങ്കിലും വെട്ടിത്തെളിക്കേണ്ടി വരിക. അവ പിന്നൊരിക്കൽ മഹാപഥങ്ങളായിത്തീരേണ്ടവയാണെന്നറിയുകപോലും ചെയ്യാതെ....

അനന്തമായ കാലം,
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടാവണം
ജീവിതമാണ്‌ ഏറ്റവും വലുതെന്ന്‌
ചിലപ്പോള്‍ തോന്നുന്നത്‌.
ജനനത്തിനു മുന്‍പും
മരണത്തിനു ശേഷവും
എന്തായിരുന്നിരിക്കണം?
നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.....

പുതിയ നിർവ്വചനങ്ങൾ നിർമ്മിക്കാൻ
ജീവിതം ചിന്തയാവട്ടെ....
ചിന്ത ജീവിതമാവട്ടെ...

നമുക്കീ അനന്തമായ കാലത്തിലൂടെ വഴിത്താരകൾ വെട്ടിവെളുപ്പിച്ചു നീങ്ങാം.

നന്ദി, ഭാവുകങ്ങൾ!