തര്‍ജ്ജനി

കണ്ണോര്‍ക്കരുത്‌

!< files/pictures/tharjani/kannorkaruthu.jpg (alt malayalam poem illustration)!

തിരികെട്ട മണ്‍വിളക്കിലെ
തീ നാളം പോലെ
കലങ്ങിയ കണ്ണില്‍ നിന്നുമിറ്റുവീണ
കനല്‍ത്തുള്ളിപോലെ
തെരുവിലിന്നലെ
ജീവനോടെ ഒരു കിനാവ്‌
വെന്തുവീഴുന്നത്‌
ഞാന്‍ കണ്ടതാണ്‌.
അന്തിക്ക്‌ ചുരുണ്ടുകൂടാന്‍ കൂരയില്ലാതെ,
എരിയുന്ന വയറിന്‌ അത്താഴമില്ലാതെ,
നീറിപ്പുകയുന്ന ജന്‍മങ്ങള്‍
സ്വന്തം ശവങ്ങള്‍ താങ്ങി
സഹനത്തിന്റെ വലിയ മലകള്‍
കയറുന്നത്‌
ഇന്നലെ ഞാന്‍ കണ്ടതാണ്‌.
തലമുറകള്‍ വഴിതെറ്റിയലയുന്നതും
തെരുവു വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍
വിശപ്പ്‌ വിലപേശി വിലപിക്കുന്നതും
വെളിച്ചത്തിന്റെ മുനമ്പിലൂടെ
ഒരാള്‍
ഇരുട്ടിലേയ്ക്ക്‌ ഓടിമറയുന്നതും
ഞാന്‍
കണ്ണുകൊണ്ട്‌ കണ്ടതാണ്‌.
ദൈവമേ!
എനിക്കു വെറുപ്പാണ്‌
നിന്റെ ഭാഷയോട്‌
വേഷങ്ങളോട്‌
മിനുക്കു വെച്ചു വിളയിക്കുന്ന
നിന്റെ ഭാവങ്ങളോട്‌
നിന്റെയീ മുഷിഞ്ഞ പ്രമാണങ്ങള്‍,
വൃത്തികെട്ട മൂടുപടം
മനസ്സിലെ മാറാലകള്‍.
പ്രവാചകന്റെ ശിരസ്സിലെ
ഉണങ്ങിയ മരക്കൊമ്പില്‍
തൂങ്ങിമരിച്ചത്‌
എന്റെ വര്‍ത്തമാനമാണ്‌.
പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍
പറഞ്ഞതിങ്ങനെ:
"ചിരിയ്ക്കാന്‍ കൊതിച്ചു
കരഞ്ഞു കറുത്ത ഒരു കരള്‍,
ഇരുട്ടിലേയ്ക്ക്‌ വളര്‍ന്നിറങ്ങിയ
രണ്ടു കണ്ണുകള്‍,
രുചിഭേദങ്ങള്‍ മറന്നുപോയ
മസ്തിഷ്കം.
തലച്ചോറിലെ ചാരദ്രവങ്ങളില്‍
സ്വപ്നങ്ങളടിഞ്ഞു
രക്തസഞ്ചാരം തടസ്സപ്പെട്ടാണ്‌
മരണം സംഭവിച്ചത്‌."

സലി കോയിവിള
III BSc Botany, S.N.C.for women, Kollam

Submitted by വിശ്വം (not verified) on Fri, 2005-03-04 18:20.

ഉദാത്തം! അത്യുല്‍കൃഷ്ടം!

ഇനിയും കൂടുതല്‍ പോസ്റ്റുമോര്‍ട്ടെം റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുന്നു....

Submitted by sunil krishnan (not verified) on Thu, 2005-04-14 16:41.

Dear Poet,
Good poem. new images and sights are there. But not conquering mind. You may write very good poems in future. We are waiting.
Sunil Krishnan