തര്‍ജ്ജനി

ഇയ്യ വളപട്ടണം

പി.ഒ. ചിറക്കല്‍,
കണ്ണൂര്‍ 11.

Visit Home Page ...

കഥ

ജിന്ന് ഹംസയുടെ വിരല്‍

ആരുടെ മരണവും നിശ്ചയിക്കാനാവില്ല.

അതങ്ങനെ സംഭവിക്കുന്നു. ഒരേ ഒരു നിമിഷം കൊണ്ട് മുന്നില്‍ കണ്ട മനുഷ്യന്‍ മുറിച്ച മരത്തടിയുടെ മൗനം പോലെ നീണ്ടുനിവര്‍ന്നു കിടക്കുന്നു.
ഉപ്പയാണ് മരിച്ചിരിക്കുന്നത്.


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

ഇന്നലെ രാത്രി ഉറങ്ങുന്ന എന്നെ ഉപ്പ വിളിച്ചുണര്‍ത്തി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, കട്ടിലിന്റെ അടിയില്‍നിന്നും ഇരുമ്പുപെട്ടി വലിച്ചുതുറന്നു. പച്ചയും നീലയും മഞ്ഞയും വെള്ളയും നിറത്തിലുള്ള രസീതുകള്‍ കട്ടിലിന്റെ മേല്‍ നിവര്‍ത്തിവെച്ച് ഉപ്പ കഥ പറയുവാന്‍ തുടങ്ങി.

കുട്ടിക്കാലത്ത് കാക്കയുടെയും പൂച്ചയുടെയും മുയലിന്റെയും ജിന്നിന്റെയും കഥകളാണ് ഉപ്പ പറഞ്ഞുതന്നിരുന്നത്. തീ തുപ്പുന്ന ജിന്നിന്റെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാകുമായിരുന്നു. ഉപ്പ എന്നെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ചുംബിച്ച്, ''പേടിക്കേണ്ട മോനേ.. ഞാനില്ലേയെന്ന്'' പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു.

ചില മരണങ്ങള്‍ ചിലര്‍ മുന്‍കൂട്ടി അറിയുന്നു. ഉപ്പയുടെ മരണം ഉപ്പ അറിഞ്ഞിട്ടുണ്ടായിരിക്കണം. അതായിരിക്കാം രാത്രിതന്നെ ഉറങ്ങുന്ന എന്നെ വിളിച്ചുണര്‍ത്തി കഥ പറഞ്ഞത്.

കട്ടിലിന്റെ അടിയില്‍നിന്നും ഇരുമ്പുപെട്ടി വലിക്കുന്ന ഒച്ച കേട്ടിട്ടാണ് ഉമ്മ ഞെട്ടി ഉണര്‍ന്നത്.
ഉപ്പയേയും എന്നെയും നോക്കി എന്താ കാര്യമെന്ന് ചോദിച്ചു.
''നീ ഉറങ്ങിക്കോ ജമീലാ...''
ഉപ്പയാണ് മറുപടി പറഞ്ഞത്.
''നിങ്ങളെന്താ നട്ടപ്പാതിരക്ക് മോന് കാണിച്ചുകൊടുക്കുന്നത്''
''നിധി. നിന്നെ കാണിക്കാതെ മോന് കൊടുക്കുകയാ''
''നിധിയല്ല മണ്ണാങ്കട്ട... നിങ്ങള്‍ക്കെന്താ നേരം വെളുക്കാന്‍ സമയമില്ലേ?''
''പറയാന്‍ തോന്നിയ കാര്യം അന്നേരം പറഞ്ഞേക്കണം ജമീലാ. അല്ലെങ്കില്‍ പറയാന്‍ കഴിഞ്ഞില്ലെങ്കിലോ...''
''നാളെ നിങ്ങളെന്താ തീവണ്ടി കയറുന്നുണ്ടോ?''
ഉപ്പ ചിരിച്ചു.
''ഇവളിങ്ങനെയാ. എന്ത് പറഞ്ഞാലും മനസ്സിലാവില്ല. ഒരു തരം മരപ്പോത്തിന്റെ കളി.''
''എടാ നീ പോയി ഉറങ്ങിക്കോ... നിന്റുപ്പാക്ക് നട്ടപ്പാതിരാക്ക് പിരാന്തായെന്നാ തോന്നുന്നത്.''
ഉമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനും ഉപ്പയും ചിരിച്ചു.

ചുരുട്ടിക്കൂട്ടിയ പുതപ്പ് വലിച്ച് ശരീരമാകെ മൂടി തേരട്ടയെപ്പോലെ ചുരുണ്ട്, കൈപ്പത്തി മുഖത്ത് ചേര്‍ത്ത് വെച്ച് ചെരിഞ്ഞു കിടന്ന് ഉമ്മ കണ്ണുകള്‍ പൂട്ടി.
ഇരുമ്പുപെട്ടിയില്‍ നിന്നും വീണ്ടും പല നിറത്തിലുള്ള രസീതുകള്‍ മായാജാലക്കാരന്‍ പുറത്തേക്കെടുക്കുന്നത് പോലെ ഉപ്പ ഉയര്‍ത്തിക്കാട്ടി. എന്നിട്ട് പറഞ്ഞു.
''ഈ മാസത്തിനുള്ളില്‍ ലോണ്‍ അടച്ചു തീര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വീട് ജപ്തി ചെയ്ത്‌കൊണ്ട് പോകും.'' ഒറ്റ വീര്‍പ്പോടെയാണ് ഉപ്പ പറഞ്ഞത്.

താമസിക്കുന്നവരുടെ ഉയിരാണ് സ്വന്തം വീട്. വീടിന്റെ പടികടന്ന് അകത്ത് കയറുമ്പോള്‍ ആല്‍മരത്തിന്റെ കൈവിരലുകള്‍ തലയില്‍ വിരലുകളോടിച്ച് സാന്ത്വനം ഓതുന്നു. ചെവിയില്‍ തണുത്ത കാറ്റൂതുന്നു. തൊട്ട് തലോടുന്നു.
വീട് നഷ്ടപ്പെടുമ്പോഴാണ് വീടിന്റെ വില അറിയുക.
ലേലത്തിന് വീട് വെച്ചാല് ഓരോരുത്തരായി വീട് നോക്കാന്‍ വരും. എത്ര കൊടുക്കാമെന്ന് നോക്കും. തൊട്ടും തലോടിയും മാന്തിയും നോക്കും. എന്നിട്ട് വിലയിടും. അപ്പോള്‍ ഉമ്മ കിളിവാതിലിലൂടെ നെടുവീര്‍പ്പും വായില്‍ അടക്കിപ്പിടിച്ച് കരച്ചിലോടെ എല്ലാവരെയും നോക്കുന്നുണ്ടാകും.

''നിന്റുമ്മയെ ഇത്‌വരെ അറിയിച്ചിട്ടില്ല.'' ഉപ്പ തുടര്‍ന്നു.
''അങ്ങാടിയില്‍ പണിയെടുത്ത് കിട്ടുന്ന കൂലി കൊണ്ട് അന്നന്ന് ജീവിക്കാനേ കഴിയൂ. കൂടെ നിന്റെ പഠിത്തവും. ഒരു രോഗം വന്നാല്‍ താളംതെറ്റും. പിന്നെയെങ്ങനാ ബാങ്കില് പണം അടക്കുക. ഒരു മാസം പോലും അടച്ചിട്ടില്ല. കൊല്ലമാകുമ്പോള്‍ പ്രസിഡണ്ട് വന്ന് പലിശയും പിഴപ്പലിശയും അടക്കാന്‍ പറയും. കൈമലര്‍ത്തിയപ്പോഴാണ് ജിന്ന് ഹംസയുടെ അടുക്കലേക്ക് കൂട്ടി കൊണ്ടുപോയത്. ജിന്ന് ഹംസ പറഞ്ഞയിടത്തൊക്കെ ഒപ്പിട്ട് കൊടുത്തു. പണം വാങ്ങി പ്രസിഡണ്ടിന് കൊടുത്തു. ഇങ്ങനെ അഞ്ചാറ് കൊല്ലം തുടര്‍ന്നു. ഇപ്പോള്‍ ജിന്ന് ഹംസയും പശിലക്ക് തരാറില്ല. ഇന്നലെ രാത്രി ജിന്ന് ഹംസ കഴുത്തിന് പിടിച്ചു. ഹംസക്ക് പണമല്ല വേണ്ടത്. വേറെയാണ്...

''വേറെന്താണ്''
ഉപ്പ മറുപടി പറയാതെ കരഞ്ഞു.
രാവിലെ ഉമ്മയുടെ നീണ്ട കരച്ചില്‍ കേട്ടിട്ടാണ് ഞെട്ടി എഴുന്നേറ്റത്. നിസ്‌കാരപ്പായയില്‍ ഉപ്പ നിവര്‍ന്നുകിടക്കുകയാണ്. തൊട്ട് നോക്കി.
പിന്നെ ആള്‍ക്കാരൊക്കെ വന്നു. അങ്ങാടി മുഴുവന്‍. അങ്ങാടിയിലെ ആള്‍ക്കാരാണ് പിന്നെ കാര്യങ്ങളൊക്കെ ചെയ്തത്.

മയ്യത്ത് കട്ടിലിന് പിന്നാലെ പള്ളിയിലേക്ക് നടന്നു. മയ്യത്ത് നിസ്‌കാരത്തിന്.
പള്ളിക്കുളത്തില്‍ ഇറങ്ങി. കാലടിയില്‍നിന്നും തണുപ്പുകയറിയപ്പോള്‍ ശരീരത്തിനും മനസ്സിനും സമാധാനം പോലെ. വുളു എടുത്ത് പള്ളിയങ്കണത്തിലേക്ക് കയറുമ്പോഴാണ് തടിച്ച കൈപ്പത്തി എന്റെ ചുമലില്‍ അമര്‍ത്തിപ്പിടിച്ച് മയ്യത്തിന്റെ കടബാദ്ധ്യത ആരാ ഏറ്റെടുക്കുന്നതെന്ന് ചോദിച്ചത്.

തല ഉയര്‍ത്തിയില്ല.
ഇന്നലെ രാത്രി ജിന്ന് ഹംസയുടെ കണക്ക് പുസ്തകവും ഉപ്പ കാണിച്ചുതന്നിരുന്നു.
വേഗത്തില്‍ നടന്ന് മയ്യത്ത് നമസ്‌കാരത്തിന് അണിചേര്‍ന്നു.
''ഈ മയ്യത്തിന്റെ കടബാദ്ധ്യതയെല്ലാം അയാള്‌ടെ മകനായ മുനവര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാക്കിലും പ്രവര്‍ത്തിയിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ മയ്യ്ത്ത് വിട്ട് പൊറുത്ത് മാപ്പാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.''
ഇമാം മൈക്കിലൂടെ പറയുന്നത് കേട്ടു.
കടബാദ്ധ്യതയുടെ കാവല്‍ക്കാരനായിട്ടാണ് ഉപ്പ പടിയിറങ്ങിപ്പോയത്. ഇനി തല പിരാന്തായിരിക്കും ജീവിതം.

മയ്യത്ത് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്നും ഇറങ്ങുമ്പോഴാണ് ഹാജീക്ക ചേര്‍ത്ത് പിടിച്ചത്. എന്റെ പുറംതടവി കൂടെനടന്നു. ഖബര്‍സ്ഥാനിലേക്ക്.
''ഞങ്ങളൊക്കെ കൊതിക്കുന്ന മരണമാണ് നിന്റെ ഉപ്പയുടേത്. ഉറക്കത്തീല്. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള മരണം. ആശുപത്രിയും ഡോക്ടറും കിടത്തവും ആള്‍ക്കാരെ ബുദ്ധിമുട്ടിക്കലുമില്ലാതെ അത് മൊയ്തൂന് കിട്ടി.''
''അല്ലെങ്കീല് മൊയ്തൂക്ക ഒരാളോട് പോലും കയര്‍ത്ത് സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മനസ്സാ അവരുടെയത്...''
അങ്ങാടിയിലെ കച്ചവടക്കാരന്‍ പറഞ്ഞു.
ഹാജിയുടെ കൂടെയുള്ള നടത്തത്തിന് വേഗത കുറച്ചു. ഏറ്റവും പിറകിലായി നടന്നു.
മീസാന്‍ കല്ലുകള്‍ക്കിടയിലൂടെ നടക്കുമ്പോഴാണ് ഉപ്പയുടെ വിളി പിറകില്‍നിന്നും കേട്ടത്.
''ഖബറിനു മുന്നില്‍ ചവിട്ടാതെ ശ്രദ്ധയോടെ നടക്കണം. അറിയാതെ ചവിട്ടിപ്പോയാല്‍ അകത്തുള്ളവര്‍ക്ക് വേദനിക്കും. അവര് ഉറക്കെ കരയും. അവരുടെ കരയുന്ന ഒച്ച നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലോ നമ്മള്‍ പറയുന്നതൊക്കെ അവര്‍ക്ക് കേള്‍ക്കാനാകും...''

ഒരു ദിവസം ഖബറില്‍ കിടക്കുന്ന ഉമ്മാമ്മയോട് സംസാരിക്കാന്‍ വന്നപ്പോഴാണ് ഉപ്പ പറഞ്ഞത്.
-തിരിച്ചു കിട്ടാത്ത സംസാരമാണോ മരണം.
മീസാന്‍കല്ലുകള്‍ക്കിടയിലൂടെ ശ്രദ്ധാപൂര്‍വ്വം നടന്നു.


ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്

മയ്യത്ത് കട്ടിലിന്റെ വാതില്‍ തുറക്കുന്നത് കണ്ടു. നീണ്ടു കിടക്കുന്ന ഉപ്പയെ അരുമയോടെ എടുക്കുന്നതും ഖബറിനുള്ളിലേക്ക് നീട്ടി കിടത്തുന്നതും ദൂരെനിന്നും നോക്കിനിന്നു. ചുറ്റുമുള്ളവര്‍ ഒരു പിടിമണ്ണ് വാരി ഖബറിലിടുന്നുണ്ട്. പച്ചിലക്കൊമ്പുകള്‍ പൊട്ടിച്ച് ഖബറിനുള്ളില്‍ അമര്‍ത്തിവെക്കുന്നുണ്ട്. ഉപ്പയുടെ ശേഷിപ്പുകള്‍ ഇനി മണ്ണിനടിയിലാണ്.

''നീയെന്താ മോനേ ഇങ്ങനെ ദൂരെ മാറി നില്ക്കുന്നത്''
ഹാജിക്ക വീണ്ടും ചേര്‍ത്ത് പിടിച്ച് ചോദിച്ചു.
''വാ...'' ഹാജീക്ക വിളിച്ചു.
''വരാം''

ഉപ്പയുടെ അടുത്തേക്ക് നടക്കുന്നതിനിടയിലാണ് ചുമലില്‍ തടിച്ച കൈപ്പത്തി അമര്‍ത്തിവെച്ച് ജിന്ന് ഹംസ വീണ്ടും മുരണ്ടത്.
''നിന്റുപ്പ തരാനുള്ള കടം എപ്പോഴാ തരിക''
തല ഉയര്‍ത്തിയില്ല
''നിന്നോടാ ചോദിച്ചത്''
''ജപ്തി ചെയ്ത് ബാക്കി കിട്ടുന്ന കാശ് നിങ്ങള്‍ക്ക് തരാം''
അത് കേട്ട് ഹംസ ഉറക്കെ ചിരിച്ചു.
''ജപ്തി ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഒന്നും ഉണ്ടാകില്ലേന്ന് പ്രസിഡണ്ട് പറഞ്ഞിരുന്നു. എനിക്ക് കിട്ടാനുള്ളത് അഞ്ച് ലക്ഷമാ... മുദ്രപ്പത്രത്തില് നിന്റുപ്പ ഒപ്പിട്ടു തന്നത് കയ്യിലുണ്ട്. അല്ലെങ്കില് നീ ജയിലില്‍ കിടക്കേണ്ടിവരും''
ജിന്ന് ഹംസ പുറംതടവി. എന്നിട്ട് ചുറ്റുപാടും നോക്കി. രഹസ്യം പറയുന്നത് പോലെ ഒച്ചതാഴ്ത്തി പറഞ്ഞു.
''എന്നാല് നീ ഒന്നും തരേണ്ട''
അങ്ങനെ ജിന്ന് ഹംസ പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ അയാളെ നോക്കിപ്പോയി. ഹംസ ചിരിച്ചു.
''വഴീണ്ട്. എല്ലാറ്റിനും വഴീണ്ട്. അടഞ്ഞുപോയ വഴികള്‍ തുറക്കാനുള്ള സൂത്രപ്പണിയുണ്ട്. അതാണ് പറയുന്നത്. ശ്രദ്ധിച്ചു കേള്‍ക്കണം. നിന്റെ പെങ്ങളെ കെട്ടിച്ചയക്കുവാനാണ് ഇക്കണ്ട കടങ്ങളൊക്കെ മൊയ്തൂക്ക ഉണ്ടാക്കിയത്. മൊയ്തൂക്ക പാവമാണ്. നല്ല മനസ്സുള്ളവര്‍ ഒരിക്കലും കടം വാങ്ങരുത്. അതും പലിശക്കടം.''
ജിന്ന് ഹംസ ചുണ്ടുകള്‍ നനച്ചു. എന്നെ ചേര്‍ത്ത് പിടിച്ച് ഒച്ചതാഴ്ത്തി തുടര്‍ന്നു.
''ഇനി കാര്യത്തിലേക്ക് കടക്കാം. നിന്റെ പെങ്ങളെ ഒരു ദിവസം രാത്രി ബംഗ്ലാവില് അയച്ചാല്‍ മതി. മറ്റൊരു രാത്രി പ്രസിഡണ്ടിനും. രണ്ടു കടവും തീര്‍ന്നു. ബാക്കിയുള്ളോരുടെ കടത്തിന് മറ്റൊരു രാത്രി. മൂന്ന് രാത്രി കൊണ്ട് നിനക്കും ഉമ്മാക്കും പെങ്ങള്‍ക്കും സമാധാനമായിട്ട് ഉറങ്ങാം. നീ ആലോചിച്ച് നോക്ക്. ആര്‍ക്കും ഒരു നഷ്ടവുമില്ലാതെ സംഗതി എളുപ്പമായി തീരും.''

ജിന്ന് ഹംസയുടെ നാവ് ചുണ്ടുകള്‍ക്ക് മീതെ പാമ്പ് പോലെ ഇഴയുന്നത് കണ്ടപ്പോള്‍ ദേഷ്യം ഇരച്ച് കയറി. ജിന്ന് ഹംസയുടെ കഴുത്തുപിടിച്ച് വലിച്ച് താഴേക്കിട്ടു. നെഞ്ചിന്റെ മുകളില്‍ കയറിയിരുന്ന് കഴുത്ത് പിടിച്ചുഞെരിച്ചു.

''നായിന്റെ മോനേ... നിനക്കെന്റെ പെങ്ങളെ കൂട്ടിത്തരണോ...''
കരച്ചിലോടെ പറയുന്ന ഒച്ച കേട്ടിട്ടാണ് ഖബറിന് ചുറ്റും കൂടി നില്‍ക്കുന്നവര്‍ തിരിഞ്ഞുനോക്കിയത്.
''നിന്റുപ്പാന്റെ മയ്യത്തല്ലേ ഖബറടക്കുന്നത്. എന്നിട്ടാ ഈ നേരത്ത് അടിയുണ്ടാക്കുന്നത്...''
പള്ളിയുസ്താദ് ചോദിച്ചതിന് മറുപടി പറയാതെ തലകുനിച്ചു.

ഖബറടക്കിയശേഷം എല്ലാവരും പിരിഞ്ഞുപോയി. ഉപ്പയുടെ ഖബറിനു മുന്നില്‍ ഇരുന്നു. പച്ചമണ്ണ് എടുത്ത് നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഉപ്പയുടെ തമാശ പറഞ്ഞ് ചിരിക്കുന്ന മുഖം മനസ്സില്‍ തെളിഞ്ഞു. ചിരിക്കുന്ന ഉപ്പയെ നോക്കി കരഞ്ഞു.
''ഇനി ഞാനെന്താ ചെയ്യേണ്ടതുപ്പാ...''
വാവിട്ടു കരയുന്ന എന്നെ ഉപ്പ ചേര്‍ത്ത് പിടിച്ചു. പച്ച മണ്ണിന്റെ മുകളില്‍ നട്ട പച്ചിലക്കൊമ്പ് ചെരിഞ്ഞത് ഞങ്ങള്‍ ശരിയാക്കി വെച്ചു.
''ഞാനും കിടക്കട്ടെ ഉപ്പയുടെ കൂടെ''
ഉപ്പയോട് ഞാന്‍ ചോദിച്ചു.
''അപ്പോള്‍ നിന്റുമ്മ ഒറ്റക്കാകില്ലേ...''
ഞാന്‍ തലകുനിച്ചു.
''പെങ്ങളെ ജിന്ന് ഹംസ കടന്നു പിടിക്കില്ലേ''
''പിന്നെ ഞാനെന്താ ചെയ്യേണ്ടത്.. ഉപ്പ പറയൂ''
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ എന്നെ ഉറ്റുനോക്കി.
ഉത്തരം കിട്ടാത്ത എന്റെ ജീവിതം ഇനി ആരാണ് പൂരിപ്പിക്കുക.
ഉപ്പ എന്നെ ചേര്‍ത്ത് പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. തണുപ്പ്. ഒരു വിറയല്‍ പടര്‍ന്നു കയറി.
''ഒരു കാര്യം ചെയ്യ്... നിന്റുമ്മയേയും പെങ്ങളെയും കൂട്ടി ഇങ്ങോട്ട് വാ...''
അപ്പോള്‍ ഉപ്പയുടെ മുഖത്ത് വല്ലാത്ത കാര്‍ക്കശ്യമുണ്ടായിരുന്നു.
ഞാന്‍ തലയനക്കി.
''വേഗത്തില് വരണം. ആരും ഇക്കാര്യം അറിയരുത്.''

ഖബറുകള്‍ക്ക് മുകളില്‍ ചവിട്ടാതെ, ശ്രദ്ധിച്ച് വേഗതയോടെ നടന്നു.
ജിന്ന് ഹംസയും പ്രസിഡണ്ടും ചുകന്ന നാവുകള്‍ നീട്ടി പിടിച്ച് പുറത്ത് കാത്തുനില്ക്കുന്നുണ്ടെന്ന് അറിയാം.
അവര്‍ കാണാതെ ഉമ്മയേയും പെങ്ങളെയും കൂട്ടി ഉപ്പയുടെ അടുക്കലേക്ക് വരണം...
എങ്ങനെയാണ് അവരുടെ കണ്ണില്‍പ്പെടാതെ ഒളിപ്പിച്ച് ഉപ്പയുടെ അടുക്കലേക്ക് കൊണ്ടുവരിക?
എല്ലാ വഴികളും അടുക്കുമ്പോള്‍ എപ്പോഴും തുറന്നുകിടക്കുന്ന വഴി അതാണല്ലോ...

Subscribe Tharjani |