തര്‍ജ്ജനി

കെ.ടി ബാബുരാജ്

Visit Home Page ...

നിരൂപണം

കേണലിന്റെ കവിതകള്‍ക്ക് ജീവിതത്തിന്റെ സല്യൂട്ട്

അനുഭവങ്ങളുടെ മഹാഖനികള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവരുണ്ട് ഒരുപാടുപേര്‍ നമുക്കിടയില്‍. ഈ അനുഭവഖനികളില്‍നിന്നും സര്‍ഗ്ഗാത്മകതയുടെ സ്വര്‍ണ്ണം കുഴിച്ചെടുക്കാറില്ല, ഏറിയപേരും. ആഗ്രഹമുള്ള ചിലര്‍ക്കാവട്ടെ അതിന് സാധിക്കാറുമില്ല. അനുഭവങ്ങളെ എഴുത്താക്കി മാറ്റുന്ന/വരകളാക്കി തീര്‍ക്കുന്ന സര്‍ഗ്ഗപ്രക്രിയ ചിലര്‍ക്കുമാത്രം സാധിക്കുന്ന ഒന്നുമാണ്.

പട്ടാളക്കഥകള്‍ നമുക്ക് പരിചിതമാണ്. പാറപ്പുറത്തും നന്തനാരും കോവിലനുമൊക്കെ പട്ടാളക്കാരുടെ ജീവിതം കഥകളിലും നോവലിലുമൊക്കെയായി ഒരുപാട് പറഞ്ഞുതന്നതുമാണ്. എന്നാല്‍ കവിതയിലും ചിത്രകലയിലും അഭിരമിച്ച പട്ടാളക്കാരെ നമ്മള്‍ മലയാളികള്‍ അത്രയൊന്നും പരിചയപ്പെട്ടിട്ടില്ല. കേണല്‍ സുരേശന്റെ 'കുട്ടികള്‍ അച്ഛനുമമ്മയും കളിക്കുമ്പോള്‍' എന്ന കാവ്യസമാഹാരത്തെ മുമ്പില്‍ വെച്ചാണ് ഞാനിത്രയും പറഞ്ഞത്. അമ്പത് കവിതകളും അതിന് കവിതന്നെ വരച്ച അമ്പത് ചിത്രങ്ങളുമടങ്ങിയ ഈ ഗ്രന്ഥത്തെ കാവ്യസമാഹാരം എന്ന് വിളിക്കുന്നത് ശരിയാണോ എന്നുമറിയില്ല. വരികളും വരകളും കൊണ്ട് ജീവിതാനുഭവങ്ങളുടെ വന്‍കരകളെ ആര്‍ദ്രമാക്കി മുന്നേറുന്നുണ്ട് ഈ കവി.

മുപ്പത്താറ് വര്‍ഷത്തെ സൈനികസേവനം... കാലദേശങ്ങളും അവിടുത്തെ ജനസഞ്ചയങ്ങളും, മഞ്ഞുറയുന്ന അതിര്‍ത്തികളും യുദ്ധമുഖങ്ങളും കുറച്ചൊന്നുമായിരിക്കില്ല ഈ പട്ടാളക്കാരന് ജീവിതം പറഞ്ഞുകൊടുത്തിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ പട്ടാളക്കാരന്റെ കവിതക്ക് വെടിയുപ്പിന്റെ മണമായിരിക്കും എന്നാരെങ്കിലും സന്ദേഹിച്ചുപോയെങ്കില്‍ തെറ്റി. ഇവിടെ പട്ടാളജീവിതം ചുരുക്കം കവിതകളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ. പ്രണയത്തേയും ജീവിതത്തേയും മാനുഷികമൂല്യങ്ങളേയും മനുഷ്യബന്ധങ്ങളേയും പ്രകൃതിയേയുമൊക്കെ നനച്ചുകൊണ്ടൊഴുകുകയാണ് ഇവിടെ കവിത.
'ആധുനിക മലയാളകവിതയ്ക്കുശേഷം മലയാളത്തിലുണ്ടായ കവിതകളില്‍ ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിച്ച കവിതകള്‍ അപൂവ്വമാണെ'ന്ന് കവി സെബാസ്റ്റ്യന്‍ ഈ സമാഹാരത്തിന് ഹൃദയംകൊണ്ട് കുറിച്ചിട്ട ആമുഖത്തില്‍ പറയുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യംവന്നുപോകുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍തന്നെയാണ് കേണലിന്റെ കവിതകള്‍ പ്രധാനമായും പങ്കുവയ്ക്കുന്നത്.
'അമ്മമണം' എന്ന ശീര്‍ഷകത്തില്‍ ഒരു കവിതയുണ്ടിതില്‍. ഗൃഹാതുരത്വത്തിന്റെ ഒരു മണംവന്ന് ഭൂതകാലത്തിന്റെ മാഞ്ചുവട്ടിലും കരിപിടിച്ച തറവാടിന്റെ അടുക്കളയിലേക്കും നമ്മെ പിടിച്ചുവലിച്ചുകൊണ്ടുപോകുമത്. പുത്തന്‍ രുചികളില്‍ മദിക്കുമ്പോള്‍ പഴയ രുചികളിലേക്കും ഇല്ലായ്മകളുടെ ആഢ്യത്തത്തിലേക്കുമൊക്കെ വായനക്കാരനെ വലിച്ചിഴക്കുന്നത് കവിതയുടെ ഒരു കുസൃതിതന്നെ. കയ്യിലെടുത്തപ്പോഴൊക്കെ ഈ സമാഹാരത്തിലെ അവസാനത്തെ പേജിലാണ് ആദ്യം കണ്ണുടക്കിയത്. അവിടെ കോറിയിട്ട ശീര്‍ഷകമില്ലാത്ത നാലുവരികളില്‍ അഞ്ചുവാക്കുകളേയുള്ളൂ.

''മരിച്ചു മടുത്തു.
അനുവദിക്കുമോ
ജീവിക്കുവാന്‍
ഒരിക്കലെങ്കിലും''

ജീവിതത്തെക്കുറിച്ച്/മരണത്തെക്കുറിച്ച്/രണ്ടിന്റെയും അര്‍ത്ഥശൂന്യതയെക്കുറിച്ച്/ ഒരിക്കലെങ്കിലും ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്/ആത്യന്തികമായി മനുഷ്യജന്മത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നു ഈ കവിത.

പുതുകവിത ഏറെ പ്രതിസന്ധിനേരിടുന്ന ഒരു കാലംകൂടിയാണിത്. വാക്കുകളുടെ കസര്‍ത്താക്കി കവിതയെ പരിണമിപ്പിക്കാന്‍ വൃഥാവ്യായാമംനടത്തുന്ന കവികളില്‍ പലരും അറിഞ്ഞിട്ടും അറിയുന്നില്ല അത്തരം എഴുത്തുകള്‍ വായനക്കാരനെ വല്ലാതെ അകറ്റുന്നുണ്ടെന്ന്. സ്വയം തത്വജ്ഞാനികളെന്ന് വിശ്വസിക്കുന്ന ഇവരില്‍ പലരും കവിതയുടെ പുറന്തോടിനെ പ്രണയിക്കുന്നവരാണെന്നും ഉള്ള് പൊള്ളയാണെന്നും നല്ല വായനക്കാരന് തിരിച്ചറിയാം. കവിതയില്‍ നിന്നും ജീവിതത്തെ, ആ ജീവിതമുയര്‍ത്തുന്ന ദര്‍ശനത്തെ, ദര്‍ശനങ്ങള്‍ നല്കുന്ന വെളിപാടുകളെ സഹൃദയന്‍ ഇപ്പോഴും കൊതിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള ഔചിത്യമെങ്കിലും ഈ എഴുത്തുകാര്‍ക്കുണ്ടാവേണ്ടതല്ലേ...

ജീവിതത്തെ തിരിച്ചുപിടിക്കുകയും അവ അനുഭൂതികളാക്കി പകര്‍ന്നുതരികയും ചെയ്യുന്നതുകൊണ്ടാവണം ഈ വായനക്കാരന്‍ കേണലിന്റെ കവിതകളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നത്...

Subscribe Tharjani |